ക്രിസ്ത്യാനിയും ന്യായപ്രമാണവും
 

ക്രിസ്ത്യാനികള്‍ ഇന്ന്‌ പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ അനുസരിക്കുവാന്‍ കടപ്പെട്ടവരാണോ?




ചോദ്യം: ക്രിസ്ത്യാനികള്‍ ഇന്ന്‌ പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ അനുസരിക്കുവാന്‍ കടപ്പെട്ടവരാണോ?

ഉത്തരം:
ഈ പ്രശ്നം മനസ്സിലാക്കുന്നതിന്റെ ആദ്യ പടിയായി പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കല്ല യിസ്രായേല്‍ ജാതിക്കാണ്‌ കൊടുക്കപ്പെട്ടത്‌ എന്ന്‌ അറിയേണ്ടതാണ്‌. ചില കല്‍പനകള്‍ യിസ്രായേല്‍ എങ്ങനെ ദൈവത്തെ അനുസരിച്ച്‌ അവനു പ്രീയമായി നടക്കണം എന്നുള്ളതിനു വേണ്ടിയുള്ളതാണ്‌ (ഉദ്ദാഹരണമായി പത്തു കല്‍പനകള്‍); മറ്റുചിലത്‌ യിസ്രായേല്‍ ജനം ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നതിനു വേണ്ടിയുള്ളതാണ്‌ (ബലികളെപ്പറ്റിയുള്ള നിയമങ്ങള്‍ അതിനുദ്ദാഹരണമാണ്‌). മറ്റുചിലതാകട്ടെ യിസ്രായേല്‍ പുറജാതികളില്‍ നിന്ന്‌ എങ്ങനെ വ്യത്യസ്തരായിരിക്കണം എന്ന്‌ കാണിക്കാനാണ്‌ (ആഹാരത്തേയും വസ്ത്രത്തേയും മറ്റുമുള്ള നിയമങ്ങള്‍). ഇന്ന്‌ പഴയനിയമത്തിലെ ഒരു നിയമങ്ങളും ഒരു ക്രിസ്ത്യാനിയെയും ബാധിക്കുന്നതല്ല. ക്രിസ്തു കാല്‍-വറിയില്‍ മരിച്ചപ്പോള്‍ അവന്‍ ന്യായപ്രമാണത്തിലെ നിയമങ്ങള്‍ക്ക്‌ അറുതി വരുത്തി എന്ന് നാം വായിക്കുന്നു(റോമ. 10:4; ഗലാ.3:23-25; എഫെ.2:15).

പഴയനിയമ ന്യായപ്രമാണത്തിനു പകരം ഇന്ന്‌ നാം ക്രിസ്തുവിന്റെ പ്രമാണത്തിനു കീഴിലാണ്‌ (ഗലാ.6:2). അതിങ്ങനെയാണ്‌: "നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം; ഇതാകുന്നു വലിയതും ഒന്നാമത്തേയുമായ കല്‍പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നേപ്പോലെ തന്നെ സ്നേഹിക്കേണം. ഈ രണ്ടു കല്‍പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്‍മാരും അടങ്ങിയിരിക്കുന്നു" (മത്താ.22:37-40). ഇതു രണ്ടും നാം ചെയ്യുമെങ്കില്‍ ക്രിസ്തുവിനു പ്രസാദമായി ജീവിക്കാവുന്നതാണ്‌. "അവന്റെ കല്‍പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്‍പനകള്‍ ഭാരമുള്ളവയല്ല" (1യോഹ.5:3). സാങ്കേതികമായി പറഞ്ഞാല്‍ പത്തു കല്‍പനകള്‍ ക്രിസ്ത്യാനികളെ ബാധിക്കുന്നതേയല്ല; എന്നിരുന്നാലും ശബത്തുനാളിനെപ്പറ്റിയുള്ളതല്ലാത്ത ബാക്കി ഒന്‍പതു കല്‍പനകളും പുതിയനിയമത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. വാസ്തവത്തില്‍ നാം ദൈവത്തെ സ്നേഹിച്ചാല്‍ നാം അന്യദൈവങ്ങളേയോ വിഗ്രഹങ്ങളേയോ ആരാധിക്കുകയില്ല. അതുപോലെ കൂട്ടുകാരനെ തന്നേപ്പോലെ സ്നേഹിക്കുന്ന ഒരാള്‍ കൊലചെയ്യുകയോ, കള്ളം പറയുകയോ, വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയോ അവന്റെ യാതൊന്നും മോഹിക്കുകയോ ചെയ്യുകയില്ല. നാം പഴയനിയമത്തിലെ ന്യായപ്രമാണത്തിന്‌ കീഴിലല്ല. എന്നാല്‍ നാം ദൈവത്തേയും കൂട്ടുകാരേയും സ്നേഹിക്കുവാന്‍ കടപ്പെട്ടവരാണ്‌. ഇവ രണ്ടും നാം ചെയ്യുമെങ്കില്‍ എല്ലാം ശരിയായി ചെയ്തു എന്നര്‍ത്ഥം.



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക



ക്രിസ്ത്യാനികള്‍ ഇന്ന്‌ പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ അനുസരിക്കുവാന്‍ കടപ്പെട്ടവരാണോ?