settings icon
share icon
ചോദ്യം

മോർമോൺസ് കൾടാണോ? അവര്‍ എന്തു വിശ്വസിക്കുന്നു?

ഉത്തരം


മോര്‍മൊണ്‍സ്‌ അഥവാ "ലാറ്റര്‍ ഡേ സെയ്ന്റ്സ്‌" (LDS) എന്ന്‌ വിളിക്കപ്പെടുന്ന മതവിഭാഗക്കാർ ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ജോസഫ്‌ സ്മിത്ത്‌ എന്ന ആളിനാൽ ആരംഭിക്കപ്പെട്ടതാണ്‌. പിതാവായ ദൈവവും പുത്രനായ ക്രിസ്തുവും തനിക്ക്‌ പ്രത്യക്ഷനായി ഇപ്പോഴുള്ള സഭകളെല്ലാം കളങ്കപ്പെട്ടുപോയി എന്ന്‌ പറഞ്ഞതായി താൻ അവകാശപ്പെട്ടു. അതിനു ശേഷം തന്റെ സഭ മാത്രമാണ്‌ ലോകത്തിലെ ഏക സത്യസഭ എന്ന്‌ താൻ പ്രസ്താവിച്ചു. വേദപുസ്തകത്തെ വിപുലപ്പെടുത്തി, തിരുത്തി എഴുതി വേദപുസ്തകത്തിനു നിരക്കാത്ത കാര്യങ്ങള്‍ അവര്‍ പഠിപ്പിക്കുന്നു എന്നാണ്‌ മോര്‍മൊണ്‍സ്‌ ചെയ്യുന്ന കുറ്റകൃത്യം. ബൈബിള്‍ മതിയായതല്ലെന്നും അതിനോട്‌ ആരെങ്കിലും ഏതെങ്കിലും എപ്പോഴെങ്കിലും ചേര്‍ക്കുവാൻ ആവശ്യമുണ്ട്‌ എന്നും ക്രിസ്ത്യാനികൾ വിശ്വസിക്കുന്നില്ല. ദൈവത്തെ വിശ്വസിക്കുക എന്നു പറഞ്ഞാല്‍ ദൈവനിശ്വാസിയമായ തിരുവചനത്തെ വിശ്വസിക്കുക എന്നാണ്‌ അതിനര്‍ത്ഥം (2 തിമൊത്തിയോസ് 3:16).

ദൈവീകസത്യങ്ങള്‍ മനുഷ്യന് ലഭ്യമാകുന്നത്‌ നാലു വഴികളിലാണെന്ന്‌ മോര്‍മൊണ്‍സ്‌ വിശ്വസിക്കുന്നു. 1) ശരിയായി തർജ്ജിമ ചെയ്യപ്പെട്ട വേദപുസ്തകം (ഏതൊക്കെ ഭാഗങ്ങളാണ്‌ തെറ്റായി തർജ്ജിമ ചെയ്യപ്പെട്ടത്‌ എന്നത്‌ വ്യക്തമല്ല). 2) 1830 ൽ പ്രസിദ്ധീകരിച്ച മോര്‍മൊൻസിന്റെ പുസ്തകം (The Book of Mormon) എന്നറിയപ്പെടുന്ന ജോസഫ്‌ സ്മിത്ത്‌ തർജ്ജിമ ചെയ്ത പുസ്തകം. ജോസഫ്‌ സ്മിത്തിന്റെ അഭിപ്രായത്തില്‍ മറ്റേതു പുസ്തകത്തേയും അപേക്ഷിച്ച്‌ ലോകത്തിലെ ഏറ്റവും ശരിയായ പുസ്തകം ഇതാണ്‌. ഈ പുസ്തകത്തെ ജീവിതത്തില്‍ പ്രായോഗികമാക്കിയാൽ ദൈവത്തോട്‌ ഏറ്റവും അടുത്ത്‌ ജീവിക്കാന്‍ സാധിക്കും എന്ന്‌ താൻ പറഞ്ഞു. 3) ഉപദേശവും ഉടമ്പടികളും (The Doctrine and Covenants) എന്ന്‌ അറിയപ്പെടുന്ന ആധുനീക വെളിപ്പാടുകള്‍ അടങ്ങിയ "പുനരുദ്ധരിക്കപ്പെട്ട ക്രിസ്തു സഭയുടെ" പുസ്തകം. 4) വലിയ വിലയുള്ള മുത്ത്‌ (The Pearl of Great Price) എന്ന അറിയപ്പെടുന്ന, വേദപുസ്തകത്തില്‍ നിന്നു നഷ്ടപ്പെട്ടിരുന്ന ഉപദേശങ്ങളും സത്യങ്ങളും എന്ന്‌ അവർ പറയുന്ന പുസ്തകം. ഇതില്‍ സൃഷ്ടിയെപ്പറ്റി പുതുതായ കാര്യങ്ങള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്‌.

ദൈവത്തെപ്പറ്റി മോര്‍മൊണ്‍സ്‌ പഠിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. ദൈവം സദാകാലവും ഈ അഖിലാണ്ഡത്തിന്റെ പരമാധികാരി ആയിരുന്നില്ല. ആ നിലയിലേയ്ക്ക്‌ ദൈവം ഉയര്‍ന്നത്‌ തന്റെ നീതിയുള്ള ജീവിതം കൊണ്ടും കഠിനമായ അദ്ധ്വാനം കൊണ്ടുമാണ്‌. മനുഷ്യന്റെ ശരീരം പോലെ ഒരു ശരീരം പിതാവായ ദൈവത്തിനുണ്ട്‌ എന്ന്‌ അവർ വിശ്വസിക്കുന്നു. ആദാം വാസ്തവത്തില്‍ ക്രിസ്തുവിന്റെ പിതാവായിരുന്നു എന്നും അവർ പഠിപ്പിച്ചിരുന്നു. എന്നാല്‍ വേദപുസ്തകം അനുസരിച്ച്‌ ഏകസത്യദൈവമേ ഉള്ളൂ (ആവർത്തനം 6:4; യെശയ്യാവ് 43:10; 44:6-8). അവന്‍ എപ്പോഴും ഉണ്ടായിരുന്നു; എപ്പോഴും ഉണ്ടായിരിക്കയും ചെയ്യും (ആവർത്തനം 33:27; സങ്കീർത്തനം 90:2; 1തിമൊത്തിയോസ് 1:17). അവന്‍ പരിപൂര്‍ണ്ണനാണ്‌; അവനൊപ്പം വേറാരുമില്ല (സങ്കീർത്തനം 86:8; യെശയ്യാവ് 40:25). പിതാവായ ദൈവം മനുഷ്യനല്ല; ഒരിക്കലും മനുഷ്യൻ ആകയും ഇല്ല (സംഖ്യ 23:19; 1ശമുവേൽ 15:19; ഹോശയ 11:9). ദൈവം ആത്മാവാണ്‌ (യോഹന്നാൻ 4:24). അത്മാവിന്‌ അസ്ഥിയും മാംസവും ഇല്ല (ലൂക്കോസ് 24:39).

മരണത്തിനു ശേഷമുള്ള അവസ്ഥയില്‍ പല പിരിവുകൾ ഉണ്ടെന്ന് മോര്‍മൊണ്‍സ്‌ വിശ്വസിക്കുന്നു. ഓരോ മനുഷ്യനും അവനവന്റെ പ്രവര്‍ത്തികൾ അനുസരിച്ച്‌ മൂന്നോ നാലോ ഇടങ്ങളിലേക്ക്‌ മാറ്റപ്പെടും എന്നവര്‍ പറയുന്നു. എന്നാല്‍ ബൈബിൾ പഠിപ്പിക്കുന്നത്‌ മരണശേഷം സ്വര്‍ഗ്ഗം അല്ലെങ്കിൽ നരകം എന്ന രണ്ട്‌ സ്ഥലങ്ങൾ മാത്രം ഉള്ളതായിട്ടാണ്‌. വിശ്വാസികള്‍ ശരീരം വിട്ടുപിരിഞ്ഞ്‌ ക്രിസ്തുവിനോടും (2 കൊരിന്ത്യർ 5:6-8) അവിശ്വാസികള്‍ യാതനാസ്ഥലത്തേക്കും (ലൂക്കോസ് 16:22-23) പോകുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ മടങ്ങിവരവില്‍ വിശ്വാസികൾ ഉയിര്‍ത്തെഴുന്നേറ്റ്‌ രൂപാന്തരപ്പെട്ട ശരീരം ഉള്ളവരായിത്തീരും (1കൊരിന്ത്യർ 15:50-54). വിശ്വാസികള്‍ക്കായി ഒരു പുതിയ ഭൂമിയും പുതിയ ആകാശവും സൃഷ്ടിക്കപ്പെടും. അവിശ്വാസികള്‍ പിശാചിനോടൊപ്പം അഗ്നിക്കടലിൽ ആയിരിക്കും (വെളിപ്പാട് 20:11-15). മരണത്തിനു ശേഷം ന്യായവിധി മാത്രമാണുളളത്‌ എന്ന് ബൈബിൾ പഠിപ്പിക്കുന്നു (എബ്രായർ 9:27).

മോര്‍മൊൺ നേതാക്കന്‍മാരുടെ അഭിപ്രായം അനുസരിച്ച്‌ ദൈവത്തിനു മറിയയുമായി ശരീരവേഴ്ച ഉണ്ടായതിന്റെ ഫലമായാണ്‌ യേശു ജനിച്ചത്‌ എന്നാണ്‌. യേശു ഒരു ദൈവം ആയിരുന്നു. അതുപോലെ മറ്റു മനുഷ്യര്‍ക്കും ദൈവമായി മാറുവാൻ കഴിയും എന്നവർ പഠിപ്പിക്കുന്നു. രക്ഷ വിശ്വാസത്താൽ മാത്രം സാധിക്കുന്ന കാര്യമല്ല, അതിനു നമ്മുടെ പ്രവര്‍ത്തികളും ആവശ്യമുണ്ട്‌ എന്ന് അവർ പഠിപ്പിക്കുന്നു.

ദൈവം മാത്രമാണ്‌ പരിശുദ്ധൻ എന്നും ദൈവമാകുവാൻ ഒരു മനുഷ്യനും ഒരിക്കലും സാധിക്കയില്ലെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (1ശമുവേൽ 2:2). ദൈവസന്നിധിയില്‍ നീതിമാനാകുന്നത്‌ വിശ്വാസത്താൽ മാത്രമാണെന്ന് വേദപുസ്തകം പറയുന്നു (1കൊരിന്ത്യർ 1:2). യേശുക്രിസ്തു മാത്രമാണ്‌ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ എന്നും (യോഹന്നാൻ 3:16) അവന്‍ മാത്രം പാപരഹിതനായി ജീവിച്ച്‌ ഇന്ന് സ്വര്‍ഗ്ഗത്തിൽ മഹിമയിൽ ജീവിക്കുന്നു എന്നും വേദപുസ്തകം പഠിപ്പിക്കുന്നു (എബ്രായർ 7:26). ദൈവത്വത്തിന്റെ പൂര്‍ണ്ണത ക്രിസ്തുവിൽ ഉണ്ടായിരുന്നെന്നും അവൻ മാത്രം ഈ ഭൂമിയിൽ ജനിക്കുന്നതിനു മുമ്പ്‌ ദൈവരൂപത്തിൽ കാണപ്പെട്ടിരുന്നു എന്നും വേദപുസ്തകം പഠിപ്പിക്കുന്നു (യോഹന്നാൻ 1:1-8; 8:56). ക്രിസ്തു നമുക്കായി തന്നെത്താന്‍ ബലിയാക്കി എന്നും ദൈവം അവനെ മരണത്തില്‍ നിന്നുയിര്‍പ്പിച്ച്‌ എല്ലാ നാമത്തിനും മേലായ നാമം അവനു കൊടുത്തു എന്നും ഏവരും യേശുക്രിസ്തു കര്‍ത്താവ്‌ എന്ന് ഏറ്റുപറയുമെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (ഫിലിപ്പ്യർ 2:6-11). നമ്മുടെ സ്വയനീതിയാല്‍ ആര്‍ക്കും ദൈവരാജ്യം അവകാശമാക്കുവാൻ സാധിക്കയില്ലെന്നും അത്‌ വിശ്വാസത്താല്‍ മാത്രം ലഭ്യമാകുന്നതാണെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (മത്തായി 19:26). നാമെല്ലാവരും പാപികള്‍ ആണെന്നും ദൈവത്തിന്റെ കൃപയാൽ രക്ഷ ദാനമായി ലഭിക്കുന്നതാണെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (റോമർ 6:23).

രക്ഷക്കുള്ള ഒരേ വഴി ജീവനുള്ള ദൈവത്തേയും അവന്റെ പുത്രനേയും അറിയുക മാത്രമാണ്‌ (യോഹന്നാൻ 17:3). അത്‌ പ്രവര്‍ത്തിയാലല്ല, വിശ്വാസത്താല്‍ മാത്രം സാധിക്കുന്നു (റോമർ.1:17; 3:28). നാം ആരായിരുന്നാലും എന്തു ചെയ്തിരുന്നാലും ക്രിസ്തുവിലുള്ള വിശ്വാസം മൂലം നമുക്കു രക്ഷ കൈവരിക്കുവാന്‍ സാധിക്കും (റോമർ 3:22). "മറ്റൊരുത്തരിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവും ഇല്ല" (പ്രവർത്തികൾ 4:12) എന്നാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌.

മോര്‍മൊണ്‍സിലെ പലരും നല്ല മനുഷ്യർ ആണ്‌. അവരില്‍ പലരും ദയാശീലരും, സ്നേഹിക്കുന്നവരും ആണ്‌. എങ്കിലും അവര്‍ തെറ്റായ ഒരു വിശ്വാസത്താൽ ദൈവത്തിന്റെ പ്രകൃതി, ക്രിസ്തുവിന്റെ ആളത്വം, രക്ഷയുടെ മാര്‍ഗ്ഗം എന്നിവ അറിയാത്തവരായി വഞ്ചിക്കപ്പെട്ടിരിക്കയാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

മോർമോൺസ് കൾടാണോ? അവര്‍ എന്തു വിശ്വസിക്കുന്നു?
© Copyright Got Questions Ministries