ചോദ്യം
രക്ഷയിലേക്കുള്ള റോമാലേഖനത്തിലെ വഴി എന്താണ്?
ഉത്തരം
റോമാലേഖനത്തിലെ വാക്യങ്ങൾ ഉദ്ധരിച്ച് സുവിശേഷത്തെ പങ്കുവയ്കുന്ന രീതിയാണിത്. മനുഷ്യന് രക്ഷയുടെ ആവശ്യം എന്താണ്, അതിനായി ദൈവം എന്തൊക്കെ ചെയ്തിട്ടുണ്ട്, രക്ഷ എങ്ങനെ കരസ്തമാക്കാം, രക്ഷയുടെ പരിണിത ഫലങ്ങൾ എന്തൊക്കെയാണ് എന്നിവ വളരെ ലളിതമായി അതേ സമയത്ത് ശക്തിമത്തായി വിശദീകരിച്ചിരിക്കുകയാണ് ഇവിടെ.
രക്ഷക്കായുള്ള റോമാലേഖനത്തിലെ വഴിയുടെ ആദ്യത്തെ വാക്യം റോമർ 3:23 ആണ്. "എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു". നാമെല്ലാവരും ദൈവത്തിന് പ്രസാദമില്ലാത്ത കാര്യങ്ങൾ ചെയ്ത് ദൈവത്തിനു വിരോധമായി പാപം ചെയ്തിരിക്കുന്നവരാണ്. തെറ്റു ചെയ്യാത്ത ഒരാൾ പോലും ഈ ഭൂമുഖത്തില്ല. റോമർ 3:10-18 വരെ നമ്മുടെ ജീവിതത്തിലെ പാപത്തിന്റെ വിശദമായ ഒരു ചിത്രം നമുക്കു കാണുവാൻ കഴിയും.
റോമാലേഖനത്തിലെ രക്ഷക്കായുള്ള വഴിയുടെ രണ്ടാമത്തെ വാക്യം നമ്മുടെ ജീവിതത്തിലെ പാപത്തിന്റെ പരിണിത ഫലത്തെപ്പറ്റിയുള്ളതാണ്. "പാപത്തിന്റെ ശമ്പളം മരണമത്രേ" (റോമർ 6:23). പാപത്തിന്റെ ശിക്ഷയായി നമുക്കു ലഭിക്കുന്നത് മരണമാണ്. അത് വെറും ശാരീരിക മരണമല്ല; നിത്യ മരണമാണ്!
റോമാലേഖനത്തിലെ രക്ഷക്കായുള്ള വഴിയുടെ മൂന്നാമത്തെ വാക്യം റോമർ 6:23 ൽ തന്നെ കാണാവുന്നതാണ്, "ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നെ". റോമർ 5:8 ഇങ്ങനെ പറയുന്നു: "ക്രിസ്തുവോ നാം പാപികളായിരിക്കുമ്പോൾ തന്നെ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്ക് നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു". യേശുക്രിസ്തു നമുക്കായി മരിച്ചു! തന്റെ മരണം കൊണ്ട് നമ്മുടെ പാപക്കടം കൊടുത്തു തീര്‍ത്തു. തന്റെ രക്ഷണ്യവേല അംഗീകരിക്കപ്പെട്ടു എന്നതിന്റെ അടയാളമായി ക്രിസ്തുവിനെ ദൈവം മരണത്തിൽ നിന്ന് ഉയിര്‍പ്പിച്ചു.
റോമാലേഖനത്തിലെ രക്ഷക്കായുള്ള വഴിയുടെ നാലാമത്തെ വാക്യം റോമർ10:9 ആണ്. "യേശുവിനെ കര്‍ത്താവ് എന്ന് വായികൊണ്ട് ഏറ്റു പറകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും". യേശുകര്‍ത്താവ് നമുക്കു പകരം മരിച്ചതുകൊണ്ട് ഇന്ന് നാം ചെയ്യേണ്ട ഒരേ ഒരു കാര്യം തന്റെ മരണം നമ്മുടെ മരണമായി വിശ്വാസത്താൽ സ്വീകരിച്ച് അവനിൽ ശരണപ്പെടുക മാത്രമാണ്; അപ്പോള്‍ നാം രക്ഷിക്കപ്പെടും! റോമർ10:13 ഇങ്ങനെ പറയുന്നു: "കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും". ക്രിസ്തുവിന്റെ മരണം നമ്മുടെ പാപക്കടം കൊടുത്തു തീര്‍ത്തതു കൊണ്ട് നിത്യ മരണത്തിൽ നിന്ന് നമുക്ക് വിടുതൽ ഉണ്ട്. പാപക്ഷമയും നിത്യജീവനും ക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി വിശ്വസിച്ചാശ്രയിക്കുന്ന ഏവര്‍ക്കും സൌജന്യമായി ലഭിക്കും.
രക്ഷക്കായുള്ള റോമാലേഖനത്തിലെ വഴിയുടെ അവസാനത്തെ വാക്യം രക്ഷയുടെ അനന്തര ഫലങ്ങളെപ്പറ്റിയുള്ളതാണ്. റോമർ 5 ന്റെ 1 ൽ അത്ഭുതകരമായ ഒരു സന്ദേശമുണ്ട്. "വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മൂലം നമുക്ക് ദൈവത്തോടു സമാധാനം ഉണ്ട്". യേശു കര്‍ത്താവു മൂലം ദൈവവുമായി സമാധാനപരമായ ഒരു ബന്ധത്തിലേക്ക് വരുവാൻ നമുക്കു കഴിയും. "അതുകൊണ്ട് ക്രിസ്തു യേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല" എന്ന് റോമർ 8:1 നമ്മെ പഠിപ്പിക്കുന്നു. യേശുകര്‍ത്താവ് നമുക്കായി മരിച്ചതിനാൽ ഇനിയും ഒരിക്കലും പാപത്തിന്റെ ശിക്ഷ നമ്മുടെ മേൽ വരികയില്ല. എന്നു തന്നെയുമല്ല; അവസാനമായി റോമർ 8:38-39 പറയുന്നതുപോലെ വിലയേറിയ ഒരു വാഗ്ദത്തവും ദൈവം നമുക്ക് തന്നിട്ടുമുണ്ട്. "മരണത്തിനോ, ജീവനോ, ദൂതന്‍മാര്‍ക്കോ, വാഴ്ചകള്‍ക്കോ, അധികാരങ്ങള്‍ക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, ഉയരത്തിനോ, ആഴത്തിനോ, മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിങ്കലുള്ള ദൈവ സ്നേഹത്തിൽ നിന്ന് നമ്മെ വേര്‍പിരിക്കുവാൻ കഴികയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു".
റോമാലേഖനത്തിലെ രക്ഷക്കായുള്ള വഴി പിന്‍പറ്റുവാൻ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ഈ പ്രാര്‍ത്ഥന അതിന് ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. "കര്‍ത്താവേ, ഞാൻ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ് എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തിൽ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. രക്ഷക്കായി ഞാൻ നിന്നിൽ വിശ്വസിക്കുന്നു. പാപക്ഷമക്കായും കൃപക്കായും നിത്യജീവനായും നന്ദി. ആമേന്‍.
ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
English
രക്ഷയിലേക്കുള്ള റോമാലേഖനത്തിലെ വഴി എന്താണ്?