settings icon
share icon
ചോദ്യം

എനിക്ക്‌ പരിശുദ്ധാത്മാവിന്റെ നിറവ്‌ എങ്ങനെ പ്രാപിക്കാം?

ഉത്തരം


ഈ വിഷയം പഠിക്കുമ്പോള്‍ യോഹ.14:16 വളരെ പ്രധാനപ്പെട്ട ഒരു വാക്യമാണ്‌. എന്നേയ്ക്കും അവരോടു കൂടെ ഇരിക്കുവാന്‍ പരിശുദ്ധാവ്‌ വരും എന്നാണ്‌ കര്‍ത്താവ്‌ അവിടെ പറഞ്ഞിരിക്കുന്നത്‌. പരിശുദ്ധാത്മാവിന്റെ അധിവാസവും പരിശുദ്ധാത്മാവിന്റെ നിറവും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്‌. പരിശുദ്ധാത്മാവ്‌ എന്നെന്നേയ്ക്കുമായി അധിവസിക്കുന്നത്‌ ചുരുക്കം ചില വിശ്വാസികള്‍്‌ക്കുള്ളില്‍ മാത്രമല്ല; മറിച്ച്‌ എല്ലാ വിശ്വാസികളിലുമാണ്‌. ഈ സത്യം വെളിപ്പെടുത്തുന്ന അനേക വാക്യങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്‌. ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരിലും വേറൊരു നിബന്ധനകളും കൂടാതെ പരിശുദ്ധാത്മാവ്‌ അധിവസിക്കുവാന്‍ വരുന്നു എന്ന്‌ വേദപുസ്തകം പഠിപ്പിക്കുന്നു (യോഹ.7:37-39). മറ്റൊരു കാര്യം അറിഞ്ഞിരിക്കേണ്ടത്‌ രക്ഷിക്കപ്പെടുന്ന ആ നിമിഷത്തില്‍ തന്നെ വിശ്വാസികള്‍ എല്ലാവരും പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നു എന്ന സത്യമാണ്‌ (എഫേ.1:13). പരിശുദ്ധാത്മാവിന്റെ അധിവാസവും മുദ്രയും ഒരു വിശ്വാസി പ്രാപിക്കുന്നത്‌ വിശ്വസിക്കുന്ന .ആ നിമിഷത്തില്‍ തന്നെ ആണെന്ന സത്യം ഗലാ.3:2 എടുത്തു പറഞ്ഞിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ഈ അധിവാസം നിരന്തരമായുള്ളതാണെന്ന്‌ വചനം വളരെ വ്യക്തമാക്കുന്നു. ഭാവിയില്‍ ക്രിസ്തുവിനോടൊപ്പം തേജസ്കരിക്കപ്പെടുവാന്‍ പോകുന്നു എന്നതിന്റെ അച്ചാരമായിട്ടാണ്‌ ഈ ആത്മപ്രാപണം നടക്കുന്നത്‌ എന്നാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌ (1കൊരി.1:22; എഫേ.4:30).

എഫേ.5:18 ല്‍ പറഞ്ഞിരിക്കുന്ന ആത്മനിറവ്‌ എന്നത്‌ ഇതുവരെ പറഞ്ഞതില്‍ നിന്ന്‌ വളരെ വിഭിന്നമായ അനുഭവമാണ്‌. ദൈവാത്മാവിന്‌ നമ്മെ പൂര്‍ണ്ണമായി ഉപയോഗിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ നാം നമ്മെത്തന്നെ പരിശുദ്ധാത്മാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ച്‌ ആത്മാവിന്‌ പുര്‍ണ്ണമായി നമ്മെ അധീനമാക്കുന്ന അവസ്ഥയ്ക്കാണ്‌ പരിശുദ്ധാത്മ നിറവ്‌ എന്നു പറയുന്നത്‌. റോമ.8:9; എഫേ.1:13-14 പറയുന്നത്‌ ദൈവാത്മാവ്‌ എല്ലാ വിശ്വാസികളിലും അധിവസിക്കുന്നു എന്നാണ്‌. എന്നാല്‍ ആത്മാവിനെ ദുഃഖിപ്പിക്കുവാനും (എഫേ.4:30), ആത്മാവിന്റെ പ്രവര്‍ത്തനത്തെ കെടുത്തുവാനും (1തെസ്സ.5:19)സാധ്യമാണ്‌ എന്നത്‌ മറക്കരുത്‌. അവ സംഭവിക്കുവാന്‍ നാം അനുവദിച്ചാല്‍ ദൈവാത്മാവിന്റെ ശക്തിയുടേയും പ്രവര്‍ത്തനത്തിന്റേയും പൂര്‍ണ്ണത അനുഭവിക്കുവാന്‍ നമുക്കു സാധിക്കുകയില്ല. പരിശുദ്ധാത്മ നിറവ്‌ എന്നു പറഞ്ഞാല്‍ നമ്മുടെ ജീവിതത്തെ മുഴുവന്‍ സ്വാധീനിച്ച്‌ പൂര്‍ണ്ണമായി നമ്മെ നിയന്ത്രിക്കുവാനും നയിക്കുവാനും ദൈവാത്മാവിന്‌ ഇടയാകുന്ന അനുഭവമാണ്‌. അപ്പോള്‍ അവന്റെ ശക്തി നമ്മില്‍കൂടെ വ്യാപരിച്ച്‌ നാം ചെയ്യുന്നത്‌ ദൈവത്തിന്‌ പ്രയോജനമുള്ളതായിത്തീരും. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നമ്മുടെ ഹൃദയാന്തര ചിന്തകളും ഉദ്ദേശങ്ങളും വരെ ദൈവാത്മാവിന്റെ നിയന്ത്രണത്തിനു കീഴില്‍ ആയിത്തീരും എന്നതില്‍ സംശയമില്ല. സങ്കീ.19:14 ഇങ്ങനെ പറയുന്നു. "എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമുള്ളതായിരിക്കട്ടെ".

നമ്മുടെ പാപമാണ് പരിശുദ്ധാത്മ നിറവിനു തടസമായി നിൽക്കുന്നത്. ദൈവത്തെ അനുസരിക്കുന്നതിനാലാണ്‌ ദൈവാത്മനിറവ്‌ ജീവിതത്തില്‍ പ്രായോഗികമാകുന്നത്‌. എഫേ.5:18 ല്‍ നാം ആത്മാവില്‍ നിറഞ്ഞിരിക്കുവാന്‍ കല്‍പന ഉണ്ട്‌. എന്നാല്‍ ആത്മനിറവിനുവേണ്ടി പ്രാര്‍ത്ഥിക്ക മാത്രം ചെയ്താല്‍ ആ നിറവു ലഭിക്കയില്ല. നാം ദൈവത്തിന്റെ കല്‍പന പൂര്‍ണ്ണമായി അനുസരിക്കുവാന്‍ മനസ്സുള്ളവര്‍ ആയെങ്കില്‍ മാത്രമേ ദൈവാത്മാവിന്‌ നമ്മില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കയുള്ളൂ. നാം ജഡശരീരത്തില്‍ ആയിരിക്കുന്നതു കൊണ്ട്‌ എപ്പോഴും പാപം ചെയ്യുവാന്‍ സാദ്ധ്യത ഉണ്ട്‌. അതുകൊണ്ട്‌ എപ്പോഴും ദൈവാത്മാവില്‍ നിറഞ്ഞിരിക്കുന്നത്‌ അസാദ്ധ്യമാണ്‌. നാം പാപത്തില്‍ അകപ്പെടുമ്പോള്‍ ഉടന്‍ തന്നെ അതു മനസ്സിലാക്കി ഏറ്റുപറഞ്ഞ്‌ ഉപേക്ഷിച്ച്‌ വീണ്ടും ദൈവകൂട്ടായ്മ പുനഃസ്ഥാപിക്കയും, ദൈവാത്മാവിനാല്‍ നിറയപ്പെട്ട്‌ അവനാല്‍ നടത്തപ്പെടുന്നതിന്‌ വഴി ഒരുക്കുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എനിക്ക്‌ പരിശുദ്ധാത്മാവിന്റെ നിറവ്‌ എങ്ങനെ പ്രാപിക്കാം?
© Copyright Got Questions Ministries