settings icon
share icon
ചോദ്യം

പരിപൂർണ്ണ സത്യം എന്ന് ഒരു കാര്യം ഉണ്ടോ?

ഉത്തരം


തികഞ്ഞ സത്യം എന്താണ് എന്ന് മനസ്സിലാക്കേണ്ടതിന് നാം സത്യം എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കണം. നിഘണ്ടു അനുസരിച്ച് സത്യം എന്ന വാക്കിന്റെ അർത്ഥം, “യാഥാർത്ഥ്യം, ശപഥം, സ്ഥാപിക്കപ്പെട്ട സിദ്ധാന്തം” എന്നാണ്. ചിലർ പറയും യാഥാർത്ഥ്യം എന്നൊന്നില്ല, എല്ലാം ഒരു ഗ്രാഹ്യം അല്ലെങ്കിൽ അവബോധം മാത്രം. യാഥാർത്ഥ്യം അല്ലെങ്കിൽ ഒരു പരിപൂർണ്ണ സത്യം വേണം എന്ന് മറ്റ് ചിലർ വാദിക്കും.

യാഥാർത്ഥ്യത്തെ വിവരിക്കുന്ന ഒരു സത്യം ഇല്ല എന്നാണ് ഒരു വീക്ഷണം പറയുന്നത്. എല്ലാം മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു അല്ലാതെ ഒരു പരിപൂർണ്ണ സത്യം ഇല്ലെന്ന് ഈ വീക്ഷണം വിശ്വസിക്കുന്നവർ കരുതുന്നു. ഇതു മൂലം ഒരു കാര്യം നിഷേധാത്മകമോ, ക്രീയാത്മകമോ അല്ലെങ്കിൽ ശരിയോ തെറ്റോ എന്ന് തീരുമാനിക്കുന്ന യാതൊരു ധാർമ്മീക യാഥാർത്ഥ്യങ്ങളോ അധികാരങ്ങളൊ ഇല്ല. സാഹചര്യം അനുസരിച്ച് ശരിയോ തെറ്റോ എന്ന് തിരുമാനിക്കുന്ന “സാഹചര്യാനുസൃത നീതിശാസ്ത്രത്തിലേക്ക്” ഇത് നയിക്കുന്നു. ശരിയോ തെറ്റോ എന്നൊന്നില്ല; ആ സമയത്ത് എന്ത് തോന്നുന്നുവോ അതാണ് ശരി. നല്ലത് എന്ന് തോന്നുന്നത് ചെയ്യുക എന്ന ജീവിത രീതിയിലേക്ക് ഈ ചിന്താഗതി മനുഷ്യനെ നയിക്കുന്നു. സമൂഹങ്ങളിലും, വ്യക്തികളിലും നാശകരമായൊരു ഫലമാണ് ഇത് നൽകുന്നത്. അവരുടെ വിശ്വാസങ്ങൾ, ജീവിതരീതി എല്ലാം പരിപൂർണ്ണ സത്യം എന്ന് കരുതുന്ന ഉത്തരാധുനിക ചിന്താഗതിയാണിത്.

സത്യം എന്തെന്ന് തെളിയിക്കുന്ന യാഥാർത്ഥ്യങ്ങൾ ഉണ്ടെന്ന് ചിന്തിക്കുന്ന മറ്റൊരു വീക്ഷണം ഉണ്ട്. യഥാർത്ഥ ആദർശങ്ങളുമായി തുലനം ചെയ്യുമ്പോൾ ഒരു പ്രവർത്തി ശരിയോ തെറ്റോ എന്ന് തീരുമാനിക്കുവാൻ കഴിയും. സത്യമോ, യാഥാർത്ഥ്യമോ ഇല്ലെങ്കിൽ പ്രശ്നങ്ങൾ പിന്തുടർന്നുകൊണ്ടിരിക്കും. ഉദാഹരണത്തിന് നമുക്ക് ഗുരുത്വാകർഷണ നിയമത്തെ കുറിച്ച് ചിന്തിക്കാം. ഈ നിയമം യാഥാർത്ഥ്യം അല്ലായിരുന്നു എങ്കിൽ നമുക്ക് ഒരു സ്ഥലത്ത് ഇരിക്കുവാനോ നിൽക്കുവാനോ കഴിയുകയില്ലായിരുന്നു. രണ്ടും രണ്ടും എപ്പോഴും നാല് അല്ലായിരുന്നുവെങ്കിൽ ഒരു ശരിയായ പരിഷ്കാരം ഉണ്ടാകുകയില്ലായിരുന്നു, ശാസ്ത്രത്തിന്റെയും ഊർജ്ജതന്ത്രത്തിന്റെയും നിയമം അപ്രസക്തമാകുമായിരുന്നു, വാണിജ്യം നടക്കുകയില്ലായിരുന്നു. എല്ലാം എന്ത് ക്രമം കെട്ടതാകുമായിരുന്നു? പരിപൂർണ്ണ സത്യം എന്ന ഒന്ന് ഉണ്ട്. അത് മനസ്സിലാക്കുവാൻ കഴിയുന്ന ഒന്നാണ്.

യഥാർത്ഥ സത്യം ഇല്ലെന്ന് പറയുന്നത് യുക്തിസഹമല്ലാത്ത കാര്യമാണ്. യഥാർത്ഥ സത്യത്തെ തിരസ്കരിക്കുന്ന സാപേക്ഷികതാവാദം ഇന്ന് പലരും സ്വീകരിക്കുന്നു. പരിപൂർണ്ണ സത്യം ഇല്ലെന്ന് പറയുന്നവരോട് ചോദിക്കുവാൻ പറ്റിയ ഒരു ചോദ്യമാണ്, “നിങ്ങൾക്ക് പരിപൂർണ്ണ സത്യം ഇല്ല എന്നതിൽ പൂർണ്ണ ഉറപ്പുണ്ടോ?” എന്ന്. അവർ അതിന് ‘ഉണ്ട്’ എന്ന് പറഞ്ഞാൽ അവർ പറഞ്ഞ വാക്കിൽ ഒരു പരിപൂർണ്ണതയുണ്ട്. യഥാർത്ഥ സത്യം ഇല്ലെന്ന യഥാർത്ഥ സത്യമാണ് അവർ പറയുന്നത്.

ഈ പരസ്പര വിരുദ്ധതയ്ക്ക് പുറമേ യാഥാർത്ഥ്യത ഇല്ലെന്ന് വിശ്വസിക്കുന്നവർ പല യുക്തിപരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഒന്ന്, മനുഷ്യർക്ക് മിതമായ അറിവ് മാത്രമേ ഉള്ളു, ആയതിനാൽ ആർക്കും നിഷേധകാത്മകമായ വാക്കുകൾ തറപ്പിച്ച് പറയുവാൻ കഴിയുകയില്ല. “ദൈവം ഇല്ല” എന്ന് ഒരു വ്യക്തിക്ക് യുക്തിപരമായി പറയുവാൻ കഴിയുകയില്ല (അനേകരും അങ്ങനെ പറയുന്നുണ്ട്). പ്രപഞ്ചത്തെ കുറിച്ച് ആദിമുതൽ ഉള്ള സകല യാഥാർത്ഥ്യങ്ങളും അറിയുന്ന ഒരു വ്യക്തിക്ക് മാത്രമേ ദൈവം ഇല്ല എന്ന് തീർത്ത് പറയുവാൻ കഴിയൂ. ഇങ്ങനെ ഒരു അറിവ് ആർക്കും ഇല്ലാത്തതിനാൽ, “എന്റെ മിതമായ അറിവ് അനുസരിച്ച് ദൈവം ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു” എന്നേ യുക്തിപരമായി പറയുവാൻ കഴിയുകയുള്ളു.

യഥാർത്ഥ സത്യത്തെ തിരസ്കരിക്കുന്നത് മൂലം ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ഈ ലോകത്തിൽ കാണുന്ന നമ്മുടെ അനുഭവങ്ങൾക്കും, മനസാക്ഷിക്കും സത്യം എന്ന് തോന്നുന്നതിന് ഒത്തവണ്ണം ജീവിക്കുവാൻ കഴിയുകയില്ല എന്നത്. യഥാർത്ഥ സത്യം എന്ന ഒന്ന് ഇല്ലെങ്കിൽ, ഒന്നും ശരിയോ തെറ്റോ എന്ന് പറയുവാൻ കഴിയുകയില്ല. ഒരു വ്യക്തിക്ക് ശരി എന്ന് തോന്നുന്നത് മറ്റൊരു വ്യക്തിക്ക് ശരിയാകുകയില്ല. ഈ ഭൂമിയിൽ നാം ജീവിക്കുമ്പോൾ എല്ലാവർക്കും ഇത് അംഗീകൃതമായി തോന്നാം, എല്ലാവരും അവരവരുടെ ഇഷ്ടാനുസരണം ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു. എന്നാൽ കാലക്രമേണ ഒരു വ്യക്തിയുടെ ചിന്താഗതി മറ്റൊരു വ്യക്തിയുടെ ചിന്താഗതിയുമായി ഒത്തു ചേരാതെ വരും. ഒരു ട്രാഫിക്ക് ലൈറ്റിന്റെ സിഗ്നൽ ചുവപ്പ് ആയിരിക്കുമ്പോൾ അതിനെ മറി കടക്കുന്നതിൽ ഒരു തെറ്റുമില്ല എന്ന് എനിക്ക് തോന്നി, അപ്രകാരം ഞാൻ ചെയ്താൽ എത്രയോ ജീവിതങ്ങൾക്ക് അത് അപകടം ഉണ്ടാക്കാം! മോഷ്ടിക്കുന്നത് ഒരു പക്ഷെ എനിക്ക് ശരിയായി തോന്നാം എന്നാൽ മറ്റൊരു വ്യക്തിക്ക് അത് ശരിയല്ലായിരിക്കും. നമ്മുടെ ശരികളും തെറ്റുകളും തമ്മിൽ എപ്പോഴും ഒരു സംഘട്ടനം ഉണ്ടായിരിക്കും. യഥാർത്ഥ സത്യം എന്ന ഒന്ന് ഇല്ലെങ്കിൽ ശരിക്കും തെറ്റിനും ഒരു മാനദണ്ഡം ഉണ്ടാകയില്ല, ഇങ്ങനെ വരുമ്പോൾ ഒരു കാര്യങ്ങൾക്കും നമുക്ക് ഒരു ഉറപ്പ് ഉണ്ടാകുകയില്ല. കൊലപാതകം, മോഷണം, ചതി മുതലായ എന്തും ചെയ്യുന്നതിനും ആളുകൾ മടിക്കുകയില്ല. ആർക്കും ഇതൊന്നും തെറ്റാണെന്ന് പറയുവാനും സാധിക്കുകയില്ല. ഈ ലോകത്തിൽ ഒരു ഗവണ്മെന്റോ, നിയമങ്ങളോ, നീതിയോ കാണുകയില്ല. ഒരു ഭൂരിപക്ഷത്തിന് തങ്ങൾ പറയുന്നതാണ് ശരി എന്ന് പറഞ്ഞ് അത് ന്യൂനപക്ഷത്തിന്മേൽ അടിച്ചേൽപ്പിക്കുവാൻ കഴിയുകയില്ല. ഇങ്ങനെ യാഥാർത്ഥ്യങ്ങൾ ഇല്ലാത്ത ലോകം നമുക്ക് ചിന്തിക്കുവാൻ പോലും കഴിയുകയില്ല.

മതപരമായി നാം നോക്കുമ്പോൾ, ഇങ്ങനെയുള്ള ചിന്താഗതികൾ വളരെ ആശയകുഴപ്പങ്ങൾ ഉണ്ടാക്കും. ശരിയായ മതം ഇല്ലാത്തതിനാൽ ദൈവവുമായുള്ള ബന്ധവും ശരിയാകുകയില്ല. ഒരു മതങ്ങളും ശരിയല്ല, കാരണം, മരണ ശേഷം ഉള്ള ജീവിതത്തെ പറ്റി അവർ പറയുന്നതാണ് പൂർണ്ണമായ സത്യം എന്ന് ഓരോരുത്തരും ശഠിക്കുന്നു. രണ്ട് വ്യത്യസ്ഥ സത്യങ്ങൾ പഠിപ്പിക്കുന്ന മതങ്ങൾ, ഒരു പോലെ ശരിയെന്ന് കരുതുന്ന ആളുകൾ ഇന്ന് കുറവല്ല. യഥാർത്ഥ സത്യങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കാത്ത ജനങ്ങൾ എല്ലാ മതങ്ങളും ഒരു പോലെയെന്നും, ഏല്ലാ വഴികളും സ്വർഗ്ഗത്തിലേക്ക് എന്നും കരുതുന്നവരാണ്. യേശു മാത്രം വഴിയും, സത്യവും, ജീവനും എന്നും, അവനിലൂടെ മാത്രമേ സ്വർഗ്ഗത്തിൽ പോകുവാൻ കഴിയുകയുള്ളൂ (യോഹന്നാൻ 14: 6) എന്ന ക്രിസ്തീയ വീക്ഷണത്തെ എതിർക്കുന്നവരാണ് മുകളിൽ പറഞ്ഞ ചിന്താഗതിക്കാർ.

ഇന്നത്തെ സമൂഹം യാഥാർത്ഥ്യം എന്നും ശരിയെന്നും കരുതുന്ന ഏക സദ്ഗുണം സഹിഷ്ണുതയാണ്. ആയതിനാൽ അസഹിഷ്ണുതയാണ് ഏക ദുഷ്ടത. ഇന്ന് ലോകം താത്ത്വീക വിശ്വാസം അല്ലെങ്കിൽ യഥാർത്ഥ സത്യത്തിൽ ഉള്ള വിശ്വാസം അസഹിഷ്ണുതയായി അല്ലെങ്കിൽ പാപമായി കാണുന്നു. യഥാർത്ഥ സത്യത്തെ തിരസ്കരിക്കുന്ന ഒരു വ്യക്തി പറയും, മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കാത്തിടത്തോളം നിങ്ങൾ എന്ത് വിശ്വാസിച്ചാലും അത് ശരിയാണ്. എന്നാൽ ഈ വീക്ഷണം തന്നെ ശരി-തെറ്റിനെപറ്റിയുള്ള ഒരു വീക്ഷണമാണ്, ഇവർ ഇത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുകയാണ്. എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയും അത് മറ്റുള്ളവർ പിൻപറ്റുവാൻ ഈ കൂട്ടർ നിർബന്ധിക്കുകയും ചെയ്യുന്നു. തങ്ങളുടെ പ്രവർത്തികൾക്ക് കണക്ക് കൊടുക്കുവാൻ ആഗ്രഹിക്കാത്തവരാണ് ഇവർ. യഥാർത്ഥ സത്യം ഉണ്ടെങ്കിൽ ശരി-തെറ്റിന് മാനദണ്ഡങ്ങൾ ഉണ്ട്, നാം അത് അറിഞ്ഞ് പ്രവർത്തിക്കുവാൻ ബാധ്യസ്ഥരാണ്. യഥാർത്ഥ സത്യത്തെ തിരസ്കരിക്കുമ്പോൾ ഈ ബാധ്യതയാണ് അവർ തിരസ്കരിക്കുന്നത്.

പരിണാമ സിദ്ധാന്തത്തെ സമൂഹം ആലിംഗനം ചെയ്തതിന്റെ പരിണിത ഫലമാണ് പരിപൂർണ്ണ സത്യത്തിന്റെ തിരസ്കരണവും സാമൂഹിക ആപേക്ഷികസിദ്ധാന്തവും. പരിപൂർണ്ണ ശരിയോ തെറ്റോ, ജീവിതത്തിന് അർത്ഥമോ, ഉദ്ദേശമോ ഒന്നും പരിണാമം സത്യമാണെങ്കിൽ ഇല്ല. ഇങ്ങനെയുള്ള മനുഷ്യർക്ക് തനിക്ക് തോന്നുന്ന രീതിയിൽ ജീവിക്കുവാനും തങ്ങളുടെ പ്രവർത്തികൾക്ക് കണക്ക് ബോധിപ്പിക്കാതിരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പാപികളായ മനുഷ്യർ ദൈവം ഉണ്ടെന്നതും യഥാർത്ഥ സത്യവും എത്രമാത്രം തിരസ്കരിച്ചാലും ഒരു നാൾ ന്യായാസനത്തിന് മുമ്പിൽ നിൽക്കേണ്ടുന്നതാണ്. വചനം പറയുന്നു, “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി” (റോമർ 1: 19-22)

യഥാർത്ഥ സത്യം നിലവിൽ ഉണ്ടെന്നുള്ളതിന് വല്ല തെളിവും ഉണ്ടോ? ഉണ്ട്, ഒന്നാമതായി, ചില കാര്യങ്ങൾ ശരിയെന്നു, ചില കാര്യങ്ങൾ തെറ്റെന്നും, ലോകം ഒരു പ്രത്യേക രീതിയിൽ ആകണം എന്നും പറയുന്ന ഒരു മനസാക്ഷി നമ്മുടെ ഉള്ളിൽ ഉണ്ട്. കഷ്ടത, പട്ടിണി, പീഡനം, വേദന, ദുഷ്ടത ഇവയെല്ലാം തെറ്റെന്ന് മനസാക്ഷി മനസ്സിലാക്കി തരുന്നു. നമ്മുടെ നിലനിൽപ്പിന് സ്നേഹം, ഉദാരത, ദയ, സമാധാനം ഇവയെല്ലാം ആവശ്യമെന്നും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഇത് എല്ലായ്പ്പോഴും നിലനിൽക്കുന്ന സത്യമാണ്. മനുഷ്യ മനസാക്ഷിയെപറ്റി റോമർ 2: 14-16 വരെ ഇപ്രകാരം പറയുന്നു, “ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.”

യാഥാർത്ഥ്യ സത്യം നിലവിൽ ഉണ്ടെന്നുള്ളതിന്റെ അടുത്ത തെളിവാണ് ശാസ്ത്രം. കൂടുതൽ അറിയുവാനുള്ള ചോദ്യവും, അറിയാവുന്നതിന്റെ പഠനവും,അറിവിന്റെ തുടർച്ചയുമാണ് ശാസ്ത്രം. യാഥാർത്ഥ്യങ്ങൾ ഭൂമിയിൽ നിലനിൽക്കുന്നുണ്ടെന്നും അവയെല്ലാം കണ്ടുപിടിക്കാവുന്നതും തെളിയിക്കാവുന്നതുമാണെന്ന വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കണം എല്ലാ ശാസ്ത്രീയ പഠനങ്ങളും. യാഥാർത്ഥ്യങ്ങൾ ഇല്ലെങ്കിൽ എന്തുണ്ടാകും പഠിക്കാൻ? ശാസ്ത്രീയ കണ്ടെത്തലുകൾ യഥാർത്ഥമാണെന്ന് എങ്ങനെ മനസ്സിലാകും? ശാസ്ത്ര നിയമങ്ങൾ എല്ലാം പരിപൂർണ്ണ സത്യത്തിൽ അധിഷ്ഠിതമാണ്.

യാഥാർത്ഥ്യ സത്യം നിലവിൽ ഉണ്ടെന്നുള്ളതിന്റെ മൂന്നാമത്തെ തെളിവാണ് മതം. ജീവിതത്തിന് അർത്ഥവും നിർവചനവും നൽകുവാനാണ് ഈ ലോകത്തിലെ എല്ലാ മതങ്ങളും ശ്രമിക്കുന്നത്. വെറും നിലനില്പിന് അപ്പുറത്തു എന്തോ ഒന്നിനും വേണ്ടിയുള്ള മനുഷ്യ മനസ്സിന്റെ ഇച്ഛയിൽ നിന്നാണ് മതങ്ങൾ ജനിച്ചത്. ആഴമായ ചോദ്യങ്ങൾക്കുള്ള മറുപടിയും, കഷ്ടതയിൽ സമാധാനവും, പാപ ക്ഷമയും, ഭാവി പ്രതീക്ഷയും, ദൈവത്തെയും മതത്തിലൂടെ മനുഷ്യൻ അന്വേഷിക്കുന്നു. മൃഗം പരിണമിച്ചല്ല മനുഷ്യൻ ഉണ്ടായത് എന്നതിന്റെ തെളിവാണ് മതം. ദൈവത്തെ അറിയാനുള്ള ആഗ്രഹം മനുഷ്യനിൽ നട്ടുപിടിപ്പിച്ച സൃഷ്ടാവിന്റെ നിലനിൽപ്പിന്റെയും തന്റെ ഉദ്ദേശത്തിന്റെയും തെളിവാണ് മതം. സൃഷ്ടാവായ ദൈവമാണ് യഥാർത്ഥ സത്യത്തിന്റെ മാനദണ്ഡം കുടാതെ അത് സ്ഥാപിക്കുവാനുള്ള അധികാരവും തന്റേതാണ്.

ഒരു സൃഷ്ടാവ് ഉണ്ട്. അവൻ തന്റെ സത്യം വചനത്തിൽ കൂടി വെളിപ്പെടുത്തിയിട്ടുണ്ട്. ഞാൻ തന്നെ സത്യം എന്ന് പറഞ്ഞ യേശുമായുള്ള വ്യക്തിപരമായ ബന്ധത്തിൽ കൂടി മാത്രമേ ഈ യഥാർത്ഥ സത്യം മനസ്സിലാക്കുവാൻ കഴിയുകയുള്ളു. ‘ഞാൻ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു’ എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 14: 6) ഈ യഥാർത്ഥ സത്യത്തിൽ കൂടി ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച ഒരു ദൈവം ഉണ്ടെന്ന് നാം മനസ്സിലാക്കുന്നു. തന്റെ പുത്രനായ യേശു ക്രിസ്തുവിലൂടെ തന്നെയും (പിതാവായ ദൈവം) വ്യക്തിപരമായി അറിയണം എന്നുള്ളതു കൊണ്ടാണ് ഈ സത്യം ദൈവം നമുക്ക് വെളിപ്പെടുത്തി തന്നത്. ഇതാണ് യഥാർത്ഥ സത്യം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

പരിപൂർണ്ണ സത്യം എന്ന് ഒരു കാര്യം ഉണ്ടോ?
© Copyright Got Questions Ministries