settings icon
share icon
ചോദ്യം

എന്താണ്‌ നിരീശ്വരത്വം?

ഉത്തരം


ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നതാണ്‌ നിരീശ്വരത്വം. നിരീശ്വരത്വം ഒരു പുതിയ സിദ്ധാന്തമല്ല. ഏതാണ്ട്‌ ബി.സി.1000 ല്‍ ദാവീദ്‌ എഴുതിയ സങ്കീര്‍ത്തനത്തിൽ നിരീശ്വരത്വത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌. "ദൈവം ഇല്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തിൽ പറയുന്നു" എന്ന് നാം വായിക്കുന്നു (സങ്കീർത്തനം 14:1). എന്നാല്‍ ഈ ആധുനീക കാലത്ത്‌ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചിട്ടുണ്ട്‌. ഒരു കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ജീവിക്കുന്നവരിൽ 10% ആളുകൾ നിരീശ്വരവാദികൾ ആണെന്ന് പറയപ്പെടുന്നു. എന്തുകൊണ്ടായിരിക്കാം നിരീശ്വരത്വം ഇങ്ങനെ വളരുവാന്‍ കാരണം? അവര്‍ പറയുന്നതുപോലെ നിരീശ്വരത്വമാണോ വാസ്തവത്തില്‍ ബുദ്ധിജീവികൾ വിശ്വസിക്കേണ്ടത്‌?

എന്താണ്‌ നിരീശ്വരത്വം നിലനില്‍ക്കുന്നതിന്റെ ആവശ്യം തന്നെ? ദൈവം ഉണ്ട് എന്ന് തെളിയിക്കേണ്ടതിന് തന്നെത്തന്നെ വെളിപ്പടുത്താത്തത് എന്തുകൊണ്ട്? ദൈവം തന്നെതന്നെ വെളിപ്പെടുത്തിയാൽ എല്ലാവരും അവനിൽ വിശ്വസിക്കും. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത്‌ ദൈവം ഉണ്ട്‌ എന്ന കാര്യം മനുഷ്യർ വിശ്വാസത്താല്‍ സ്വീകരിക്കണം എന്നാണ്‌ (എബ്രായർ 11:6). ദൈവത്തിന്റെ സൌജന്യ രക്ഷ വിശ്വാസത്താല്‍ സ്വീകരിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു (യോഹന്നാൻ 3:16). പഴയനിയമ കാലത്ത്‌ പല പ്രാവശ്യം ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌ (ഉല്‍പത്തി 6-9; പുറപ്പാട് 14:21-22; 1 രാജാക്കന്മാർ 18:19-31). ദൈവം ഉണ്ടെന്ന് അക്കാലത്തെ ജനങ്ങള്‍ വിശ്വസിച്ചുവോ? വിശ്വസിച്ചു. എങ്കിലും അവര്‍ അവരുടെ തെറ്റായ വഴികളെ ഉപേക്ഷിച്ചു ദൈവത്തിങ്കലേക്ക്‌ തിരിഞ്ഞുവോ? ഇല്ലാ. ദൈവം ഉണ്ട്‌ എന്ന കാര്യം വിശ്വാസത്താല്‍ സ്വീകരിക്കുവാൻ മനസ്സില്ലാത്ത വ്യക്തി, ക്രിസ്തുവാണ്‌ ഒരേ രക്ഷകൻ എന്ന സത്യവും സ്വീകരിക്കയില്ല (എഫെസ്യർ.2:8-9). ദൈവം ഉണ്ടെന്നു മാത്രം മനുഷ്യർ വിശ്വസിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ക്രിസ്തുവില്‍ കൂടെ മാത്രമേ രക്ഷയുള്ളൂ എന്ന കാര്യവും ഏവരും വിശ്വസിക്കണം എന്നാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌.

മനുഷ്യർ വിശ്വാസത്താൽ ദൈവത്തെ അംഗീകരിക്കണം എന്ന് വേദപുസ്തകം പറയുന്നു. "എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിവുള്ളതല്ല. ദൈവത്തിന്റെ അടുക്കല്‍ വരുന്നവൻ ദൈവം ഉണ്ട്‌ എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക്‌ പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ" (എബ്രായർ.11:6). കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാർ എന്ന് വേദപുസ്തകം പറയുന്നു. "യേശു അവനോട്‌, നീ എന്നെ കണ്ടതുകൊണ്ട്‌ വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ എന്നു പറഞ്ഞു" (യോഹന്നാൻ 20:29).

ദൈവ വിശ്വാസം യുക്തിഹീനം ആയതുകൊണ്ടല്ല ദൈവം ഉണ്ട്‌ എന്ന കാര്യം വിശ്വാസത്താൽ സ്വീകരിക്കണം എന്ന് പറയുന്നത്‌. ദൈവം ഉണ്ടെന്നത്‌ യുക്തിക്ക്‌ ചേര്‍ന്നതും വാദത്താൽ സ്ഥാപിക്കാവുന്നതുമാണ്‌. ബൈബിള്‍ പറയുന്നത്‌ ദൈവം തന്നെത്തന്നെ അഖിലാണ്ഡത്തിലും (സങ്കീർത്തനം 19:1-4), പ്രകൃതിയിലും (റോമർ 1:18-22), മനുഷഹൃദയങ്ങളിലും (സഭാപ്രസംഗി 3:11) വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്നാണ്‌. എന്നിരുന്നാലും ദൈവം ഉണ്ട്‌ എന്നത്‌ പരീക്ഷണങ്ങളിൽ കൂടെ സ്ഥാപിക്കുവാൻ കഴിയുന്നതല്ല; അത്‌ വിശ്വാസത്താൽ സ്വീകരിക്കേണ്ട കാര്യമാണ്‌.

അതുപോലെതന്നെയാണ്‌ നിരീശ്വരവാദവും. അതും വിശ്വാസത്താല്‍ മാത്രം സ്വീകരിക്കുവാനേ സാധിക്കയുള്ളൂ. ആര്‍ക്കെങ്കിലും ദൈവം ഇല്ല എന്ന്‌ തീര്‍ത്തു പറയണമെങ്കിൽ അവര്‍ക്ക്‌ അഖിലാണ്ഡത്തില്‍ എന്തൊക്കെ എവിടെയൊക്കെ ഏതെല്ലാം നിലയിൽ ഉണ്ട്‌ എന്ന്‌ പൂര്‍ണ്ണമായി അറിഞ്ഞിരിക്കണം. ഒരു നിരീശ്വരവാദിക്കും അങ്ങനെ പറയുവാന്‍ സാധിക്കയില്ലല്ലോ! എന്നാല്‍ ദൈവം ഇല്ല എന്ന്‌ ഒരുവൻ പറയുമ്പോൾ വാസ്തവത്തിൽ അങ്ങനെയാണ്‌ പറയുന്നത്‌. അഖിലാണ്ഡത്തിന്റെ അതിരുകള്‍ പോലും കണ്ടിട്ടില്ലാത്ത മനുഷ്യന്‌, അഖിലാണ്ഡം മുഴുവന്‍ നിരീക്ഷണം ചെയ്ത്‌ സകലവും കണ്ടു മനസ്സിലാക്കി ദൈവം ഇല്ല എന്ന്‌ തീര്‍ച്ചപ്പെടുത്തുവാൻ ഒരിക്കലും സാധിക്കയില്ല. അതുകൊണ്ട്‌ ദൈവം ഇല്ല എന്നതും വിശ്വാസത്താൽ മാത്രം അംഗീകരിക്കേണ്ട സിദ്ധാന്തമാണ്‌.

നിരീശ്വരത്വം പരീക്ഷണങ്ങളാല്‍ സ്ഥാപിക്കുവാൻ സാധിക്കയില്ല. ദൈവവിശ്വാസവും അങ്ങനെ തന്നെയാണ്‌. ദൈവം ഉണ്ട്‌ എന്നത്‌ വിശ്വാസത്താൽ നാം അംഗീകരിക്കുന്നു. എന്നാല്‍ ദൈവവിശ്വാസം യുക്തിഹീനം ആണ്‌ എന്ന്‌ ഞങ്ങൾ കരുതുന്നില്ല. ദൈവവിശ്വാസം പ്രായോഗികവും, ദാര്‍ശനീകവും ആണെന്ന്‌ മാത്രമല്ല അത്‌ യുക്തിയ്ക്കും ശാസ്ത്രത്തിനും വിപരീതം അല്ല എന്നുമാണ്‌ ഞങ്ങൾ വിശ്വസിക്കുന്നത്‌. "ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു, ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകല്‍ പകലിനു വാക്കു പൊഴിക്കുന്നു. രാത്രി രാത്രിക്ക്‌ അറിവു കൊടുക്കുന്നു. ഭാഷണമില്ല, വാക്കുകള്‍ ഇല്ല, ശബ്ദം കേള്‍പ്പാനും ഇല്ല. ഭൂമിയില്‍ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു. അവിടെ അവന്‍ സൂര്യനു ഒരു കൂടാരം അടിച്ചിരിക്കുന്നു" (സങ്കീർത്തനം.19:1-4).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്താണ്‌ നിരീശ്വരത്വം?
© Copyright Got Questions Ministries