settings icon
share icon
ചോദ്യം

വീണ്ടും ജനിച്ച ക്രിസ്ത്യാനി ആയിത്തീരുക എന്നു പറഞ്ഞാൽ എന്താണര്‍ത്ഥം?

ഉത്തരം


വേദപുസ്തകത്തിൽ ഈ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം തന്നിരിക്കുന്നത്‌ യോഹ.3:1-21 വരെയുള്ള വാക്യങ്ങളിലാണ്‌. പരീശന്‍മാരുടെ പ്രമാണിയും, സൻഹദ്രിന്റെ (യെഹൂദന്മാരുടെ ഭരണ സംഘം) അംഗവുമായ നിക്കോദിമോസിനോട് യേശു സംസാരിക്കുന്നതാണ് ഈ ഭാഗം. ചില ചോദ്യങ്ങളുമായാണ് നിക്കോദിമോസ് യേശുവിന്റെ അടുക്കൽ രാത്രിയിൽ വന്നത്.

യേശു അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഇപ്രകാരം പറഞ്ഞു: "ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: പുതുതായി ജനിച്ചില്ല എങ്കിൽ ദൈവ രാജ്യം കാണ്‍മാൻ ആര്‍ക്കും കഴികയില്ല..." (വാക്യം 3). അപ്പോൾ നിക്കോദേമോസ്‌ യേശുവിനോട്‌, "മനുഷൻ വൃദ്ധനായ ശേഷം ജനിക്കുന്നത്‌ എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു" (വാക്യം 4). "അതിനു യേശു, ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്തിനാലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആര്‍ക്കും കഴികയില്ല. ജഡത്താൽ ജനിച്ചത്‌ ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചത്‌ ആത്മാവാകുന്നു. നിങ്ങള്‍ പുതുതായി ജനിക്കേണം എന്ന്‌ ഞാൻ നിങ്ങളോടു പറകയാല്‍ ആശ്ചര്യപ്പെടരുത്‌ (വാക്യ.5,6,7).

"വീണ്ടും ജനനം" എന്ന ശൈലിയുടെ അക്ഷരാര്‍ത്ഥം "ഉയരത്തിൽ നിന്ന്‌ ജനിക്കുക" എന്നത്രേ. നിക്കോദേമോസിന്‌ വാസ്തവത്തില്‍ ഒരു ആവശ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിന്‌ ഒരു മാറ്റം ആവശ്യമായിരുന്നു. അതായത് ഒരു ആത്മീയ രൂപാന്തരം ആവശ്യമായിരുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ നിത്യജീവൻ സൌജന്യമായി നല്‍കുന്ന ദൈവത്തിന്റെ പ്രവര്‍ത്തനമാണ്‌ വീണ്ടും ജനനം എന്നത്‌ (2കൊരി.5:17; തീത്തോ.3:5; 1പത്രോ.1:3; 1യോഹ.2:29; 3:9; 4:7; 5:1-4,18). യോഹ.1:12,13 വായിക്കുമ്പോൾ മനസ്സിലാകുന്നു യേശുക്രിസ്തു മുഖാന്തരം "വീണ്ടും ജനിച്ച" വ്യക്തി ഒരു "ദൈവ പൈതൽ" കൂടി ആയിത്തീരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്‌.

ന്യായമായി ഒരു ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്‌. "ഒരു വ്യക്തിക്ക്‌ വീണ്ടും ജനനം എന്തുകാണ്ടാണ്‌ ആവശ്യമായിരിക്കുന്നത്‌?" അപ്പൊസ്തലനായ പൌലോസ്‌ എഫെ.2:1 ല്‍ ഇങ്ങനെ പറയുന്നു: "അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളേയും അവൻ ഉയിര്‍പ്പിച്ചു". റോമാ ലേഖനം 3:23 ൽ അപ്പൊസ്തലൻ പറയുന്നത്‌ ശ്രദ്ധിക്കുക. "ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്ത്‌ ദൈവ തേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നു". ആത്മീയമായി “മരിച്ചവരാണ്“ പാപികൾ. ക്രിസ്തുവിൽ വിശ്വാസിക്കുന്നത് മൂലം ആത്മീയ ജീവൻ ഉണ്ടാകുമ്പോളാണ് വീണ്ടും ജനനം ആ വ്യകതിയിൽ സംഭവിക്കുന്നത്. അതുകൊണ്ട്‌ ഒരു വ്യക്തിയുടെ പാപം ക്ഷമിക്കപ്പെട്ട്‌ അവന്‌ ദൈവവുമായി ബന്ധമുള്ളവനായിത്തീരണമെങ്കില്‍ അവൻ വീണ്ടും ജനിക്കേണ്ടത്‌ ആവശ്യമാണ്‌.

അതെങ്ങനെയാണ്‌ സംഭവിക്കുന്നത്‌? എഫെ.2:8,9 ഇങ്ങനെ പറയുന്നു. "കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേ ആകുന്നു". ഒരുവൻ രക്ഷിക്കപ്പെടുമ്പോൾ, അവൻ വീണ്ടും ജനിക്കുന്നു; ആത്മീയമായി പുതുക്കം പ്രാപിക്കുന്നു; കൂടാതെ പുതിയ സൃഷ്ടി എന്ന അവകാശത്തോടെ ഒരു ദൈവപൈതലായിത്തീര്‍ന്നിരിക്കുന്നു. വീണ്ടും ജനിക്കുവാനുള്ള ഏക മാർഗ്ഗം മാനവ പാപ പരിഹാരത്തിനായി ക്രൂശിൽ മരിച്ചുയിര്‍ത്ത ദൈവ പുത്രനായ യേശു ക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ്. "ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു..." (2കൊരി.5:17).

ഇതുവരെ നിങ്ങൾ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിട്ടില്ലെങ്കിൽ, ഇപ്പോൾ ദൈവാത്മാവ്‌ നിങ്ങൾക്ക് നൽകുന്ന പ്രേരണ അനുസരിച്ച് അവന്‌ ചെവി കൊടുക്കുവാൻ തയ്യാറാണോ? നിങ്ങൾ വീണ്ടും ജനിക്കേണ്ടത്‌ ആവശ്യമാണ്‌. ഇന്ന് നിങ്ങൾ ഒരു പുതിയ സൃഷ്ടി ആകേണ്ടതിന് മാനസാന്തരത്തിന്റെ ഈ പ്രാർത്ഥന കൂടെ ചൊല്ലാമോ? "അവനെ കൈക്കൊണ്ട്‌ അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവ മക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്‌" (യോഹ. 1:12.13).

ഇപ്പോൾ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച്‌ വീണ്ടും ജനനത്തിന്റെ അനുഭവം പ്രാപിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൾ, കൂടെ പ്രാർത്ഥിക്കുവാനായി ഒരു മാതൃകാ പ്രാര്‍ത്ഥന താഴെ കൊടുത്തിരിക്കുന്നു. ശ്രദ്ധിക്കുക, ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ ചൊല്ലുന്നത് കൊണ്ട് മാത്രം നിങ്ങൾ രക്ഷിക്കപ്പെടുകയില്ല. മറിച്ച് ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് നിങ്ങളെ പാപങ്ങളിൽ നിന്ന് രക്ഷിക്കുന്നത്‌. നിങ്ങൾക്ക് രക്ഷ നൽകിയ ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനും നന്ദി പ്രകടിപ്പിക്കുവാനും മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാൻ നിനക്കെതിരായി പാപം ചെയ്തതിനാൽ ശിക്ഷാര്‍ഹനാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ക്രിസ്തു എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചതിനാൽ അവനിലുള്ള വിശ്വാസം മൂലം എനിക്ക്‌ പപക്ഷമ ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. രക്ഷയ്ക്കായി ഞാൻ നിന്നിൽ ആശ്രയിക്കുന്നു. നിത്യജീവന് അവകാശിയായി തീരുവാൻ എനിക്ക് നൽകിയ ക്ഷമക്കായും കൃപക്കായും നന്ദി. ആമേൻ.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

വീണ്ടും ജനിച്ച ക്രിസ്ത്യാനി ആയിത്തീരുക എന്നു പറഞ്ഞാൽ എന്താണര്‍ത്ഥം?
© Copyright Got Questions Ministries