settings icon
share icon
ചോദ്യം

രക്ഷ വിശ്വാസത്താൽ മാത്രം ലഭിക്കുമോ, അതോ പ്രവർത്തികളും കൂടെ ആവശ്യമാണോ?

ഉത്തരം


ക്രിസ്തീയ വേദശാസ്ത്രത്തിലെ നാഴികക്കല്ലായ ചോദ്യമാണിത്. നവീകരണത്തിനു കാരണമായ ഈ ചോദ്യമാണ് ക്രിസ്തീയ സഭയെ രണ്ടായി പിരിച്ചത് - കത്തോലിക്കരും പ്രൊട്ടസ്റ്റ്ന്റുകാരും. വേദാധിഷ്ടിത ദൈവശാസ്ത്രവും ഇതര ക്രൈസ്തവ ചിന്താധാരകളും തമ്മിലുള്ള വ്യത്യാസം ഈ ചോദ്യത്തിലാണ് നിലകൊള്ളുന്നത്. രക്ഷ വിശ്വാസത്താൽ മാത്രമാണോ അതോ വിശ്വാസത്തിനോടുകൂടെ പ്രവർത്തികളും ആവശ്യമാണോ? ഞാൻ രക്ഷിക്കപ്പെടെണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിച്ചാൽ മാത്രം മതിയോ അതൊ അതോടുകൂടെ ചില കർമ്മങ്ങളും ആവശ്യമാണോ?

ഈ ചോദ്യം അല്പം സങ്കീർണ്ണമായതിന്റെ കാരണം എളുപ്പത്തിൽ പൊരുത്തപ്പെടുത്തുവാൻ സാധിക്കാത്ത ചില വേദഭാഗങ്ങൾ ഉള്ളതുകൊണ്ടാണ്. റോമർ. 3:28; 5:1; ഗലാത്യർ.3:24 ആദിയായ വേദഭാഗങ്ങൾ യാക്കോബ്.2:24 ഉമായി താരതമ്യപ്പെടുത്തി നോക്കുക. പൌലോസും യാക്കോബും തമ്മിൽ അഭിപ്രായ വ്യത്യാസം ഉള്ളതായി ചിലർ ഈ വേദഭാഗങ്ങളെ കാണുന്നു. രക്ഷ വിശ്വാസത്താൽ മാത്രം എന്ന് പൌലോസും, വിശ്വാസവും പ്രവർത്തിയും ആവശ്യമെന്ന് യാക്കോബും പഠിപ്പിക്കുന്നതായി അവർ കരുതുന്നു. വാസ്തവത്തിൽ അവർ തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. വിശ്വാസവും പ്രവർത്തികളും തമ്മിലുള്ള ബന്ധമാണ് ചർച്ചാവിഷയം. സംശയലേശമെന്യേ പൌലോസ് പറയുന്നത് രക്ഷ വിശ്വാസത്താൽ മാത്രമാണ് എന്നാണ് (എഫേസ്യർ.2:8-9). എന്നാല് യാക്കോബിന്റെ വാക്കുകൾ കേട്ടാൽ വിശ്വാസം മാത്രം പോരാ, പ്രവർത്തികളും കൂടെ ആവശ്യമാണ് എന്ന് താൻ പറയുന്നതായി തോന്നും.

വാസ്തവത്തിൽ യാക്കോബു എന്താണ് പറയുന്നത് എന്നു മനസ്സിലാക്കിയാൽ ഒറ്റനോട്ടത്തിൽ പ്രശ്നം എന്നു തോന്നുന്ന ഇതിന് പരിഹാരം കാണുവാൻ കഴിയും. സൽകർമ്മങ്ങൾ പുറപ്പെടുവിക്കാത്ത വിശ്വാസം ഒരാൾക്ക് ഉണ്ടായിരിക്കുവാൻ കഴിയും എന്ന ചിന്താഗതിയെ ശക്തിയുക്തം എതിർക്കുകയാണ് യാക്കോബു ചെയ്യുന്നത് (യാക്കോബ്.2:17-18). ക്രിസ്തുവിലുള്ള കറയറ്റ വിശ്വാസം ജീവിതത്തെ വ്യത്യാസപ്പെടുത്തി അത് സൽകർമ്മങ്ങളെ പുറപ്പെടുവിക്കും എന്ന് ഉറക്കെപ്പറയുകയാണ് യാക്കോബ് (യാക്കോബ്.2:20-26). നീതീകരണത്തിന് വിശ്വാസവും പ്രവർത്തിയും ആവശ്യമാണ് എന്ന് യാക്കോബു പറയുന്നില്ല; മറിച്ച് വിശ്വാസത്താൽ നീതീകരിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തിൽ സൽകർമ്മങ്ങൾ വെളിപ്പെടും എന്നത്രേ യാക്കോബു പറയുന്നത്. ഒരാൾ ക്രിസ്തു വിശ്വാസി എന്നു പറയുകയും ജീവിതം സൽകർമ്മപൂരിതം അല്ലാതിരിക്കയും ചെയ്താൽ അയാൾക്ക് വിശ്വാസം ഇല്ല എന്നതിന്റെ തെളിവാണത് എന്നാണ് യാക്കോബു പറയുന്നത് (യാക്കോബ്.2:14,17,20,24).

വാസ്തവത്തിൽ പൌലോസും ഇതു തന്നെയാണ് പറയുന്നത്. ഗലാത്യർ.5:22-23 വരെ പട്ടിക ഇട്ടിരിക്കുന്ന ആത്മാവിന്റെ ഫലം വിശ്വാസത്താൽ നീതീകരിക്കപ്പെട്ട ആളിന്റെ ജീവിതത്തിൽ പ്രകടമാകേണ്ട പ്രവർത്തികളാണ്. എഫേസ്യർ.2:8-9 ൽ രക്ഷ ദൈവത്തിന്റെ ദാനമാണ്; അത് വിശ്വാസത്താൽ സ്വീകരിക്കേണ്ടതാണ് എന്ന് പൌലോസ് പറഞ്ഞശേഷം അടുത്ത വാക്യം ശ്രദ്ധിക്കുക: "നാം അവന്റെ കൈപ്പണിയായി സല്പ്രവർത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു" (എഫേസ്യർ 2:10). യാക്കോബു പറഞ്ഞിരിക്കുന്നതു പോലെതന്നെ ഒരു വിശ്വാസി പുതിയ ജീവിതത്തിന് ഉടമയായിത്തീരും എന്നാണ് പൌലോസും പറഞ്ഞിരിക്കുന്നത്

ശ്രദ്ധിക്കുക: "ഒരുവൻ ക്രിസ്തുവിലായാൽ അവർ പുതിയ സൃഷ്ടി അയിത്തീർന്നു; പഴയതു കഴിഞ്ഞു പോയി, എല്ലാം പുതുതായിത്തീർന്നിരിക്കുന്നു" (2 കൊരിന്ത്യർ 5:17). രക്ഷയെപ്പറ്റിയുള്ള ഉപദേശത്തിൽ യാക്കോബും പൌലോസും വിഭിന്ന അഭിപ്രായക്കാരല്ല. രണ്ടു പേരും രണ്ടു വിഭിന്ന കോണിൽ നിന്ന് രക്ഷയെ വീക്ഷിച്ചിരിക്കുന്നു എന്നു മാത്രം. പൌലോസ് വിശ്വാസത്തിന് ഊന്നല് കൊടുത്തപ്പോൾ യാക്കോബ് ക്രിസ്തുവിലുള്ള വിശ്വാസം സൽകർമ്മങ്ങളെ പുറപ്പെടുവിക്കും എന്നു പറഞ്ഞിരിക്കുന്നു; അത്രമാത്രം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

രക്ഷ വിശ്വാസത്താൽ മാത്രം ലഭിക്കുമോ, അതോ പ്രവർത്തികളും കൂടെ ആവശ്യമാണോ?
© Copyright Got Questions Ministries