settings icon
share icon
ചോദ്യം

വെള്ളസിംഹാസനത്തിലെ ന്യായവിധി എന്നു പറഞ്ഞാൽ എന്താണ്‌?

ഉത്തരം


വെളിപ്പാട് 20:11-15 വരെയുള്ള വാക്യങ്ങളിൽ വെള്ളസിംഹാസന ന്യായവിധിയെ പറ്റി നാം വായിക്കുന്നു. അവിശ്വാസികള്‍ അഗ്നിക്കടലിൽ തള്ളപ്പെടുന്നതിനു മുമ്പായുള്ള ന്യായവിധിയാണിത്‌. ഈ ന്യായവിധി ആയിരം ആണ്ടു വാഴ്ചയുടെ അവസാനത്തില്‍ പിശാചിനെയും, മൃഗത്തിനേയും, കള്ളപ്രവാചകനേയും അഗ്നിക്കടലില്‍ തള്ളപ്പെട്ട ശേഷമാണ്‌ നടക്കുന്നത്‌. തുറക്കപ്പെടുന്ന പുസ്തകങ്ങളില്‍ നിന്ന്‌ (വെളിപ്പാട് 20:12) ഓരോ മനുഷ്യരും ചിന്തയിലോ, വാക്കിലോ, പ്രവര്‍ത്തിയിലോ ചെയ്ത നല്ലതും തീയതുമായതെല്ലാം വെളിപ്പെടുത്തപ്പെട്ട്‌, അവനവനുടെ ക്രീയക്കു തക്ക ന്യായവിധി കൊടുക്കപ്പെടും എന്ന് നാം വായിക്കുന്നു (സങ്കീർത്തനം 28:4; 62:12; റോമർ 2:6; വെളിപ്പാട് 2:23; 18:6; 22:12).

മാത്രമല്ല, ആ സമയത്ത്‌ "ജീവപുസ്തകം" എന്ന ഒരു പുസ്തകവും തുറക്കപ്പെടും (വെളിപ്പാട് 20:12). ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഒരാൾ നിത്യജീവന്‌ അവകാശി ആകുമോ അല്ലെങ്കിൽ നിത്യശിക്ഷാവിധിക്ക്‌ അവകാശി ആകുമോ എന്ന് തീരുമാനിക്കപ്പെടുന്നത്‌. ക്രിസ്തുവിശ്വാസികൾ തങ്ങളുടെ ജീവിതത്തില്‍ ചെയ്ത എല്ലാറ്റിനും കണക്കു കൊടുക്കേണ്ടി വരും എന്നത്‌ സത്യമാണ്‌. എന്നാല്‍ അവരുടെ പേരുകള്‍ "ലോകസ്ഥാപനം മുതല്‍ ജീവപുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നതു കൊണ്ട്‌ (വെളിപ്പാട് 17:8), അവര്‍ നിത്യശിക്ഷാവിധിയിൽ അകപ്പെടുകയില്ല. ജീവപുസ്തകത്തില്‍ പേർ എഴുതപ്പെടാത്തവര്‍ മാത്രം അഗ്നിക്കടലിൽ തള്ളപ്പെടും എന്ന് നാം വായിക്കുന്നു (വെളിപ്പാട് 20:15).

ഒരാള്‍ വിശ്വാസി ആയിരുന്നാലും അവിശ്വാസി ആയിരുന്നാലും എല്ലാവര്‍ക്കും അവസാനം ഒരു ന്യായവിധി ഉണ്ടെന്ന്‌ വേദപുസ്തകം വ്യക്തമാക്കുന്നു. സകലരും ഒരു ദിവസം ക്രിസ്തുവിനു മുന്‍പിൽ അവരവര്‍ ചെയ്ത പ്രവര്‍ത്തികളുടെ അടിസ്ഥാനത്തിൽ ന്യായം വിധിക്കപ്പെടും എന്നതിൽ ആര്‍ക്കും സംശയമില്ല. വെള്ളസിംഹാസനമാണ്‌ അവസാനമായി നടക്കുന്ന ന്യായവിധി എന്നതിനും സംശയമില്ല. എന്നാല്‍ ആരെല്ലാം വെള്ളസിംഹാസനത്തിനു മുന്‍പിൽ നിൽക്കും എന്നതിനെപ്പറ്റി വേദപഠിതാക്കളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്‌.

ചില വേദപഠിതാക്കള്‍ മനസ്സിലാക്കിയിരിക്കുന്നത്‌ ന്യായവിധി മൂന്നു വ്യത്യാസ ഘട്ടങ്ങളിലായിട്ടാണ്‌ നടക്കുവാന്‍ പോകുന്നത്‌ എന്നാണ്‌. ആദ്യം നടക്കേണ്ടത്‌ "ക്രിസ്തുവിന്റെ ന്യായാസനം" എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്ന (2കൊരിന്ത്യർ 5:10) ന്യായവിധി വിശ്വാസികൾക്കുള്ളതാണ്‌. അത്‌ കര്‍ത്താവിന്റെ രഹസ്യവരവിനു ശേഷം സംഭവിക്കും. ആ സമയത്ത്‌ ഓരോ വിശ്വാസിക്കും അവരവരുടെ പ്രവത്തിക്കു തക്ക പ്രതിഫലം കൊടുക്കപ്പെടും. അടുത്തതായി മത്തായി 25:31-36 വരെ വായിക്കുന്ന ചെമ്മരി ആടുകളേയും കോലാടുകളേയും തമ്മില്‍ വേര്‍തിരിക്കുന്നത്‌ അഥവാ ജാതികളുടെ ന്യായവിധി നടക്കും എന്നാണ്‌. ഇത്‌ പീഡനകാലത്തിനു ശേഷം ആയിരമാണ്ടു വഴ്ചയുടെ തുടക്കത്തിൽ സംഭവിക്കേണ്ടതാണ്‌. ആരൊക്കെ ആയിരമാണ്ടു വാഴ്ചയില്‍ പ്രവേശിക്കും എന്ന്‌ തീരുമാനിക്കുവാനാണ്‌ ഈ ന്യായവിധി എന്നവർ മനസ്സിലാക്കുന്നു. മൂന്നാമതായി വെളിപ്പാട് 20:11-15 വരെ വായിക്കുന്ന വെള്ള സിംഹാസനം അവസാനത്തെ ന്യായവിധി ആണ്‌. എല്ലാ അവിശ്വാസികളേയും അവരവരുടെ പ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍ ന്യായം വിധിക്കപ്പെട്ട്‌ നിത്യമായി അഗ്നിക്കടലിൽ തള്ളപ്പെടുന്നതിനു വേണ്ടിയുള്ളതാണിത്‌.

മറ്റു വേദപഠിതാക്കളുടെ അഭിപ്രായത്തില്‍ എല്ലാ ന്യായവിധിയും ഒരേ സമയത്താണ്‌ സംഭവിക്കുക. അവര്‍ വിശ്വസിക്കുന്നത്‌ വെള്ളസിംഹാസനത്തിനു മുമ്പിൽ അവിശ്വാസികളും വിശ്വാസികളും വന്ന്‌ ന്യായം വിധിക്കപ്പെടും എന്നാണ്‌. ജീവപുസ്തകത്തില്‍ പേർ എഴുതപ്പെട്ടവർ അവരവരുടെ പ്രവര്‍ത്തികൾ അനുസരിച്ച്‌ പ്രതിഫലം തീരുമാനിക്കപ്പെട്ട്‌ സ്വര്‍ഗ്ഗത്തിലേക്കും, ജീവപുസ്തകത്തില്‍ പേർ എഴുതപ്പെടാത്തവര്‍ അവരവരുടെ പ്രവര്‍ത്തികൾ അനുസരിച്ച്‌ ന്യായം തീര്‍ക്കപ്പെട്ട്‌ നിത്യ നരകത്തിലേക്കും മാറ്റപ്പെടും. മത്തായി 25:31-36 വരെ വായിക്കുന്ന ചെമ്മരി ആടിനേയും കോലാടിനേയും തമ്മില്‍ വേര്‍തിരിക്കുന്നതായി പറഞ്ഞിരിക്കുന്നത്‌ ഈ സന്ദര്‍ഭത്തെപ്പറ്റി ആണെന്ന്‌ അവർ മനസ്സിലാക്കുന്നു.

ഇതില്‍ ഏതു വ്യാഖ്യാനമാണ്‌ ശരി എന്ന് വിശ്വസിച്ചാലും ഒരു ന്യായവിധി വരുന്നു എന്നത്‌ ആരും മറക്കുവാന്‍ പാടില്ലാത്തതാണ്‌. ഒരുവന്‍ വിശ്വാസി ആയിരുന്നാലും അവിശ്വാസി ആയിരുന്നാലും എല്ലാവരും ക്രിസ്തുവിന്റെ മുന്‍പിൽ അവനവന്റെ പ്രവര്‍ത്തികൾ അനുസരിച്ച്‌ ന്യായം വിധിക്കപ്പെടും. അവിശ്വാസികള്‍ തങ്ങള്‍ക്കായി ദൈവക്രോധം ചേര്‍ത്തു വയ്ക്കുന്നു എന്ന് നാം വായിക്കുന്നു(റോമർ 2:5). അവര്‍ക്കും അവരുടെ ക്രീയകളുടെ അടിസ്ഥാനത്തിലായിരിക്കും ന്യായവിധി നടത്തപ്പെടുക (റോമർ 2:6). വിശ്വാസികള്‍ ക്രിസ്തുവിനു മുമ്പിൽ അവരവരുടെ പ്രവര്‍ത്തികളുടെ കണക്ക്‌ കൊടുക്കേണ്ടതാണ്‌. എന്നാല്‍ ക്രിസ്തുവിൽ അവരുടെ ന്യായവിധി മാറ്റപ്പെട്ടതുകൊണ്ട്‌ അവര്‍ക്ക്‌ പ്രതിഫലം നല്‍കുന്നതിനായാണ്‌ അവർ ക്രിസ്തുവിന്റെ മുന്‍പിൽ നില്‍ക്കുന്നത്‌ (റോമർ. 14:10-12).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

വെള്ളസിംഹാസനത്തിലെ ന്യായവിധി എന്നു പറഞ്ഞാൽ എന്താണ്‌?
© Copyright Got Questions Ministries