അന്യ വംശത്തില്‍ നിന്നുള്ള വിവാഹത്തെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?
ചോദ്യം: അന്യ വംശത്തില്‍ നിന്നുള്ള വിവാഹത്തെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?
ഉത്തരം:
അന്യ ജാതിയില്‍ നിന്ന് വിവാഹം പാടില്ല എന്ന് പഴയ നിയമം പഠിപ്പിക്കുന്നു (ആവ.7:3-4). വിഗ്രഹ ആരാധനക്കാരായ പുറജാതിക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ദൈവജനത്തെ അവര്‍ വഴി തെറ്റിക്കും എന്നതായിരുന്നു അതിനു കാരണം. അതുപോലെ പുതിയനിയമത്തിലും വിവാഹബന്ധത്തില്‍ വിലക്കു കല്‍പിച്ചിട്ടുണ്ട്. അത് വെറും ജാതിയുടേയോ വംശത്തിന്റേയോ അടിസ്ഥാനത്തിലല്ല. "നിങ്ങള്‍ അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുത്; നീതിക്കും അധര്‍മ്മത്തിനും തമ്മില്‍ എന്തൊരു ചേര്‍ച്ച? വെളിച്ചത്തിന് ഇരുളിനോട് എന്താണ് കൂട്ടായ്മ?" (2കൊരി. 6:14). ഏകദൈവ വിശ്വാസികളായിരുന്ന യിസ്രയേല്യര്‍ അവിശ്വാസികളായ മറ്റു ജാതിക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത് എന്നു പറഞ്ഞിരുന്നതുപോലെ സത്യദൈവവിശ്വാസികളായ ക്രിസ്ത്യാനികളും അവിശ്വാസികളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ല എന്നതാണ് കല്‍പന. അല്‍പം കൂടെ വ്യക്തമായിപ്പറഞ്ഞാല്‍ അന്യവംശക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന് ബൈബിള്‍ പറഞ്ഞിട്ടില്ല.
ഒരു വ്യക്തിയെപ്പറ്റി നാം തീരുമാനിക്കേണ്ടത് തന്റെ ശരീര നിറത്തിന്റെ അടിസ്ഥാനത്തിലല്ല; സ്വഭാവത്തിന്റെ അടിസ്ഥനത്തിലാണ്. ശരീര നിറത്തിന്റേയോ മറ്റേതെങ്കിലും ഭൌമീക കാര്യത്തിന്റേയോ അടിസ്ഥനത്തില്‍ നാം മുഖപക്ഷം കാണിക്കുവാന്‍ പാടില്ല എന്ന് വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നു (യാക്കോ.2:1-10, ഒന്നാം വാക്യവും ഒന്‍പതാം വാക്യവും പ്രത്യേകം ശ്രദ്ധിക്കുക). ഒരു ക്രിസ്തീയ വിശ്വാസി തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് വറും ഭൌമീക കാര്യങ്ങളെ ആശ്രയിച്ചായിരിക്കരുത്. ക്രിസ്തുവില്‍ വിശ്വസിച്ച് വീണ്ടും ജനനം പ്രാപിച്ച ആളാണോ എന്നാണ് ആദ്യമായി ഉറപ്പു വരുത്തേണ്ടത് (യോഹ.3:3-5). മിശ്രവിവാഹം ശരിയോ തെറ്റോ എന്നതല്ല പ്രശ്നം; വിവാഹം ദൈവസന്നിധിയില്‍ ആലോചിച്ച് പ്രര്‍ത്ഥിച്ച് ദൈവഹിതം മനസ്സിലാക്കി ചെയ്യേണ്ട ഒരു കാര്യമാണ്. വെറും ഭൌമീകമല്ല ആത്മീയകാര്യത്തിനാണ് മുന്‍ ഗണന കൊടുക്കേണ്ടത്.
മിശ്രവിവാഹം കൂടുതല്‍ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണെന്നതില്‍ സംശയമില്ല. കാരണം മിശ്രവിവാഹിതര്‍ക്ക് തമ്മില്‍ തമ്മില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ജീവിതത്തില്‍ ചെയ്യേണ്ടി വരുമെന്നു മാത്രമല്ല ചുറ്റുപാടുമുള്ളവരും ചിലപ്പോള്‍ അങ്ങനെയുള്ളവരെ സ്വീകരിക്കുവാന്‍ അല്‍പം മടി കാണിച്ചു എന്നുവന്നേക്കാവുന്നതാണ്. ചിലര്‍ക്ക് സ്വന്തകുടുംബങ്ങളില്‍ നിന്നു തന്നെ അവഗണനയും പുച്ഛവും സഹിക്കേണ്ടി വരും. ചിലപ്പോള്‍ അവരുടെ മക്കളേയും മക്കളുടെ ഭാവിയേയും ഇത് ബാധിച്ചു എന്നു വരാവുന്നതാണ്. ഇങ്ങനെയുള്ള കാര്യങ്ങളെ ശ്രദ്ധയോടെ പരിഗണിച്ച ശേഷമേ ഒരു മിശ്രവിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളു. എന്നാല്‍ വേദപുസ്തകം മിശ്രവിവാഹത്തെ വിലക്കിയിട്ടില്ല എന്ന് മറക്കരുത്.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
അന്യ വംശത്തില്‍ നിന്നുള്ള വിവാഹത്തെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?
|