settings icon
share icon
ചോദ്യം

ഒരു ക്രിസ്തീയ വിശ്വാസി ഒരു അവിശ്വാസിയെ വിവാഹം ചെയ്യുന്നത്‌ ശരിയാണോ?

ഉത്തരം


ഒരു അവിശ്വാസിയെ വിവാഹം കഴിക്കുക എന്നത്‌ ഒരു വിശ്വാസിക്ക്‌ അനുവദനീയ കാര്യമായി വേദപുസ്തകം പറയുന്നില്ല. ഒരു അവിശ്വാസിയുമായി "ഇണയല്ലാപ്പിണ കൂടരുത്‌" എന്ന്‌ 2 കൊരിന്ത്യർ 6:14 പറയുന്നു. ഇത്‌ ഒരേ നുകത്തിൽ സമമല്ലാത്ത രണ്ടു കാളകളെ ചേര്‍ത്ത്‌ കെട്ടിയിരിക്കുന്നതിനോട്‌ താരതമ്യപ്പെടുത്തിയിരിക്കയാണ്‌. ഒരുമിച്ച്‌ ഭാരം ചുമക്കുന്നതിനു പകരം അവ തമ്മിൽ പൊരുതുവാനാണ്‌ സാധ്യത കൂടുതല്‍ ഉള്ളത്‌. ഈ വേദഭാഗത്ത്‌ വിവാഹവിഷയമല്ല പരാമര്‍ശിച്ചിരിക്കുന്നത്‌ എങ്കിലും വിവാഹത്തോടുള്ള ബന്ധത്തില്‍ ഇത്‌ വളരെ അര്‍ത്ഥവത്താണ്‌. താഴോട്ട് വായിക്കുമ്പോൾ ക്രിസ്തുവിനും പിശാചിനും തമ്മില്‍ പൊരുത്തം ഇല്ല എന്ന്‌ കാണുന്നു. വിശ്വാസിക്കും അവിശ്വാസിക്കും തമ്മില്‍ വിവാഹം നടന്നാല്‍ ആത്മീയ ഐക്യത്തിന്‌ സാധ്യത ഒരിക്കലും ഉണ്ടായിരിക്കയില്ല. വിശ്വാസികളുടെ ശരീരങ്ങള്‍ ദൈവാത്മാവിന്റെ മന്ദിരം ആകുന്നു എന്ന കാര്യം പൌലോസ്‌ അതിനു ശേഷം ഓര്‍പ്പിച്ചിരിക്കുന്നു (2 കൊരിന്ത്യർ 6:15-17). അതുകൊണ്ട്‌ വിശ്വാസികൾ ലോകത്തിലാണ്‌ ജീവിക്കുന്നതെങ്കിലും ലോകത്തില്‍ നിന്ന്‌ വേര്‍പെട്ടിരിക്കണം എന്നത്‌ വസ്തുതയാണ്‌. മറ്റേതു വിഷയത്തില്‍ ഇത്‌ പ്രായോഗികം ആക്കിയില്ലെങ്കിലും രണ്ടു പേർ തമ്മിൽ ഏറ്റവും അടുത്തു ഇടപെടുവാന്‍ പോകുന്ന വിവാഹ വിഷയത്തില്‍ ഇത്‌ നിര്‍ബന്ധമായി പാലിച്ചിരിക്കണം.

വേദപുസ്തകം പറയുന്നത്‌ വീണ്ടും ശ്രദ്ധിക്കുക. "വഞ്ചിക്കപ്പെടരുത്‌: ദുര്‍ഭാഷണത്താൽ സദാചാരം കെട്ടു പോകുന്നു" (1കൊരിന്ത്യർ 15:33). ഒരു അവിശ്വാസിയുമായി ഏതു കാര്യത്തിലായാലും വളരെ അടുത്ത ബന്ധത്തില്‍ ഏര്‍പ്പെട്ടാൽ അത്‌ നമ്മുടെ ദൈവീക കൂട്ടായ്മയെ ബാധിക്കും എന്നതിൽ സംശയമില്ല. അവിശ്വാസികളെ സുവിശേഷീകരിക്കുവാനുള്ള കടമയാണ്‌ നമ്മെ ഏല്‍പ്പിച്ചിരിക്കുന്നത്‌. അവരുമായി അടുത്ത ബന്ധത്തില്‍ ഏര്‍പ്പെടുവാൻ അനുവാദമില്ല. അവിശ്വാസികളോട്‌ സ്നേഹിതരായിരിക്കുന്നതിൽ തെറ്റില്ല. എന്നാല്‍ അതിനപ്പുറം കടക്കുവാൻ അനുവാദമില്ല. ഒരു അവിശ്വാസിയെ വിവാഹം കഴിച്ചാല്‍ രണ്ടുപേരും ചേര്‍ന്നു കര്‍ത്താവിനെ പ്രസാദിപ്പിക്കുവാൻ സാധിക്കയില്ലല്ലോ. ഈ ലോകജീവിതത്തിലെ ഏറ്റവും പ്രധാന വിഷയമായ ദൈവീക കാര്യത്തിൽ ഭാര്യാ ഭര്‍ത്താക്കന്‍മാർ തമ്മിൽ ഐക്യത ഇല്ലെങ്കില്‍ ജീവിതം എങ്ങനെ സാഫല്യമാക്കുവാൻ കഴിയും?

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഒരു ക്രിസ്തീയ വിശ്വാസി ഒരു അവിശ്വാസിയെ വിവാഹം ചെയ്യുന്നത്‌ ശരിയാണോ?
© Copyright Got Questions Ministries