settings icon
share icon
ചോദ്യം

എന്താണ്‌ പ്രീമില്ലെനിയലിസം?

ഉത്തരം


ക്രിസ്തുവിന്റെ ആയിരം ആണ്ടുവാഴ്ച ആക്ഷരീകമായി സംഭവിക്കുമെന്നും അതിനു മുമ്പ്‌ ക്രിസ്തു രണ്ടാമതു വരും എന്നുമുള്ള പഠിപ്പിക്കലിനെയാണ്‌ പ്രീമില്ലെനിയലിസം എന്ന്‌ വിളിക്കുന്നത്‌. പ്രവചനപരമായ ബൈബിള്‍ വാക്യങ്ങളെ കൃത്യമായി വ്യാഖ്യാനിക്കണമെങ്കിൽ രണ്ടുകാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. ആദ്യത്തേത്‌, ശരിയായ ഒരു വ്യാഖ്യാനമുറ ഉണ്ടായിരിക്കുക; രണ്ടാമത്‌, യിസ്രായേലും (യെഹൂദരും) സഭയും (ക്രിസ്തുവിന്റെ ശരീരമായ ദൈവ സഭ) തമ്മില്‍ ദൈവീക കാര്യപരിപാടിയിൽ വ്യത്യസ്ഥം എന്ന്‌ മനസ്സിലാക്കുക.

ആദ്യമായി, വേദപുസ്തക വ്യാഖ്യാനമുറ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌. സന്ദര്‍ഭോജിതമായി വേദപുസ്തകത്തെ വ്യാഖ്യാനിക്കേണ്ടതാണ്‌. എന്നു പറഞ്ഞാല്‍ വേദപുസ്തകം വ്യാഖ്യാനിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ ആരു, ആര്‍ക്ക്‌, എപ്പോള്‍, എന്തിനുവേണ്ടി എഴുതി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഓരോ വേദഭാഗവും മനസ്സിലാക്കുവാന്‍. ഇത്‌ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്‌. വചനം വചനത്തെ മനസ്സിലാക്കിത്തരുന്നു എന്ന കാര്യവും മറക്കരുത്‌. ഓരോ വേദഭാഗത്തിനും അവയുടെ ഇണവാക്യങ്ങള്‍ വേദപുസ്തകത്തിൽ ഉണ്ട്‌. അവ ഏതൊക്കെ എന്ന്‌ മനസ്സിലാക്കി വേണം ദൈവ വചനത്തെ വ്യാഖ്യാനിക്കുവാന്‍. ഒരു വിഷയത്തെപ്പറ്റി പറഞ്ഞിരിക്കുന്ന എല്ലാ വേദഭാഗങ്ങളേയും കണക്കിലെടുത്ത്‌ എല്ലാവയ്ക്കും അവയുടെ അര്‍ത്ഥത്തിന്‌ കോട്ടം സംഭവിക്കാതവണ്ണം ഒന്നിനോടൊന്നിനെ ഇണെച്ച്‌ വ്യാഖ്യാനിക്കേണ്ടതാണ്‌.

അടുത്തതായി, വളരെ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം വേദപുസ്തകത്തിലെ വാക്കുകള്‍ അവയുടെ സാധാരണയുള്ള, പതിവായി മനസ്സിലാക്കുന്നതു പോലെ, അവയുടെ അക്ഷരാര്‍ത്ഥത്തിൽ മനസ്സിലാക്കേണ്ടതാണ്‌ എന്നുള്ള വസ്തുതയാണ്‌. അലങ്കാര ഭാഷയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ വ്യക്തമാണെങ്കിൽ മാത്രം ആലങ്കാരികമായി ആ ഭാഗങ്ങൾ വ്യാഖ്യാനിക്കാവുന്നതാണ്‌. ആക്ഷരീകമായി വ്യാഖ്യാനിക്കുമ്പോള്‍ ഉപമകള്‍ക്കും ഉപമേയങ്ങള്‍ക്കും സ്ഥാനം ഉണ്ട്‌ എന്ന്‌ മറക്കുവാൻ പാടില്ല. വേദപുസ്തകം കല്‍പിച്ചിട്ടില്ലാത്ത ആത്മീയ അര്‍ത്ഥങ്ങൾ ഒരു വാക്യത്തിനും ഒരിക്കലും കൊടുക്കുവാൻ പാടില്ലാത്തതാണ്‌. എല്ലാ വേദഭാഗങ്ങളിലും ആത്മീയ അര്‍ത്ഥം മാത്രം കാണുകയാണെങ്കിൽ വേദപുസ്തകത്തിനു പകരം വ്യാഖ്യാനിയുടെ ചിന്തകള്‍ക്കായിരിക്കും പ്രാധാന്യം ലഭിക്കുന്നത്‌. അങ്ങനെ ആകുമ്പോള്‍ ഒരു വ്യാഖ്യാനമുറ ഇല്ലാതെ ആകുകയും വേദപുസ്തകത്തിന്‌ അതിന്റേതായ അര്‍ത്ഥം നഷ്ടമാവുകയും ചെയ്യുന്നു. അങ്ങനെ ഓരോരുത്തരും അവരവര്‍ക്ക്‌ ഇഷ്ടാനുസരണം വേദപുസ്തകത്തിന്‌ അര്‍ത്ഥം കല്‍പിക്കുന്ന നിലയ്ക്കു വന്നു ചേരും. 2പത്രോസ്.1:20-21 പറയുന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക. "തിരുവചനത്തിലെ പ്രവചനങ്ങള്‍ ഒന്നും സ്വയമായ വ്യാഖ്യാനത്തിന്‌ ഉളവാകുന്നതല്ല എന്ന്‌ ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല; ദൈവകല്‍പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട്‌ സംസാരിച്ചതത്രേ".

ഈ വ്യാഖ്യാനമുറകളെ പിന്‍പറ്റിയാൽ, അബ്രഹാമിന്റെ ശാരീരിക സന്തതികളായ യിസ്രായേലും പുതിയ നിയമ വിശ്വാസികളായ ക്രിസ്തുവിന്റെ ശരീരമായ സഭയും ദൈവീക കാര്യപരിപാടിയില്‍ വിഭിന്നമാണ്‌ എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. ഈ കാര്യം വ്യക്തമായി മനസ്സിലാക്കിയില്ലെങ്കില്‍ ബൈബിൾ മുഴുവനും തെറ്റിദ്ധരിക്കുവാൻ ഇടയാകും. യിസ്രായേലിനോടു ദൈവം ചെയ്ത വാഗ്ദത്തങ്ങള്‍ ആയിരിക്കും പ്രധാനമായി തെറ്റ് ധരിക്കപ്പെടുന്നത്‌. അത്തരം വാഗ്ദത്തങ്ങള്‍ പുതിയനിയമ സഭയോടുള്ള വാഗ്ദത്തങ്ങളായി തെറ്റിധരിക്കരുത്‌. വാക്യങ്ങളുടെ പശ്ചാത്തലവും സന്ദര്‍ഭവും ഓരോ വാഗ്ദത്തങ്ങളും ആര്‍ക്കു വേണ്ടി ഉള്ളവയാണെന്ന്‌ മനസ്സിലാക്കിത്തരും.

ഇത്തരം കാര്യങ്ങള്‍ മനസ്സിൽ കരുതി പ്രീമില്ലെനിയൽ വീക്ഷണം തരുന്ന വേദഭാഗങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും. ആദ്യമായി ഉല്‍പത്തി.12:1-3 വരെ നോക്കുക. "യഹോവ അബ്രഹാമിനോട്‌ അരുളിച്ചെയ്തത്‌ എന്തെന്നാൽ, നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരേയും പിതൃഭവനത്തേയും വിട്ടു പുറപ്പെട്ട്‌ ഞാൻ നിന്നെ കാണിപ്പാൻ ഇരിക്കുന്ന ദേശത്തേയ്ക്ക്‌ പോക. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ച്‌ നിന്റെ പേർ വലുതാക്കും. നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നില്‍ ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും".

ഈ വേദഭാഗത്ത്‌ ദൈവം അബ്രഹാമിന്‌ പ്രധാനമായി മൂന്നു വാഗ്ദത്തങ്ങളാണ്‌ കൊടുത്തിരിക്കുന്നത്‌. അബ്രഹാമിന്‌ അനേക സന്തതികൾ ഉണ്ടായിരിക്കും; അവര്‍ക്ക്‌ സ്വന്തമായ ദേശം ഉണ്ടായിരിക്കും, അവര്‍ മൂലം മനുഷവര്‍ഗ്ഗം മുഴുവൻ അനുഗ്രഹിക്കപ്പെടും. ഉല്‍പത്തി 15:9-17 വരെ വാക്യങ്ങളിൾ ദൈവം അബ്രഹാമുമായി ഒരു ഉടമ്പടിയിൽ ഏര്‍പ്പെടുന്നു. ആ ഉടമ്പടി അനുസരിച്ച്‌ സകല ചുമതലയും ദൈവത്തിന്റേതാണ്‌. എന്നു പറഞ്ഞാല്‍ അബ്രഹാം എന്തു ചെയ്താലും ചെയ്തില്ലെങ്കിലും ദൈവം തന്റെ വാഗ്ദത്തം നിറവേറ്റും എന്നര്‍ത്ഥം. ഈ വേദഭാഗത്ത്‌ ഭാവിയിൽ യിസ്രായേൽ അവകാശമാക്കുവാൻ പോകുന്ന ദേശത്തിന്റെ അതിരുകള്‍ പറഞ്ഞിട്ടുണ്ട്‌. ദേശത്തിന്റെ അതിരുകള്‍ കൂടുതൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത്‌ ആവര്‍ത്തനം 34 ആം അദ്ധ്യായത്തിലാണ്‌. ആവർത്തനം.30:3-5 വരെയും യെഹസ്കീയേൽ .20:42-44 വരെയും ഈ അതിര്‍ത്തികളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌.

2ശമുവേൽ .7:10-17 വരെ ദാവീദിനോട്‌ ദൈവം ചെയ്ത വാഗ്ദത്തത്തെപ്പറ്റി വായിക്കാവുന്നതാണ്‌. ദാവിദിന്റെ സന്തതി നിത്യസിംഹാസനം സ്ഥാപിക്കും എന്നാണ്‌ ആ വാഗ്ദത്തം. ഇത്‌ ക്രിസ്തുവിന്റെ സിംഹാസനത്തെപ്പറ്റിയുള്ള വാഗ്ദത്തമാണ്‌. ഈ വാഗ്ദത്തം ഇതുവരെ നിവര്‍ത്തി ആയിട്ടില്ലാത്തതിനാൽ ആക്ഷരീകമായി അത്‌ നടക്കേണ്ടതാണ്‌. അബ്രഹാമിനോട്‌ എന്നെന്നേയ്ക്കും ദേശം അവന്റെ സന്തതിക്ക്‌ ഇരിക്കും എന്നും ദാവീദിനോട്‌ സിംഹാസനം എന്നെന്നേയ്ക്കും ഇരിക്കും എന്നാണ്‌ വാഗ്ദത്തം. ചിലര്‍ ചിന്തിക്കുന്നതുപോലെ ശലൊമോന്‍ ഈ വാഗ്ദത്തം നിറവേറ്റിയിട്ടില്ല. അതുകൊണ്ട്‌ ഇത്‌ ഭാവിയില്‍ നിറവേറുകതന്നെ ചെയ്യും എന്നതിന്‌ സംശയം ഇല്ല.

പദാനുപദമായ രീതിയിൽ വചനം വ്യാഖ്യാനിച്ച്, പിന്നീട് ഇതെല്ലാം ചേർത്ത് പഠിക്കുമ്പോൾ നമുക്ക് അത് മനസ്സിലാകുന്നു. യേശുവിനെ കുറിച്ചുള്ള എല്ലാ പഴയ നിയമ പ്രവചനങ്ങളും അക്ഷരീകമായി നിറവേറി. അതിനാൽ യേശുവിന്റെ രണ്ടാം വരവിനെ കുറിച്ചുള്ള പ്രവചനങ്ങളും നിറവേറും എന്ന് നാം വിശ്വസിക്കണം. അന്ത്യ കാലത്തെ പറ്റിയും അതിനെ പറ്റിയുള്ള ദൈവീക വാഗ്ദത്തങ്ങളെ പറ്റിയും വിവരിക്കുന്ന ഒരു വ്യാഖ്യാന രീതി മാത്രമാണ് പ്രീമില്ലെനിയലിസം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്താണ്‌ പ്രീമില്ലെനിയലിസം?
© Copyright Got Questions Ministries