settings icon
share icon
ചോദ്യം

വര്‍ഗ്ഗീയവാദം, മുന്‍ വിധി, തരംതിരിച്ചു കാണൽ എന്നിവയെപ്പറ്റി ബൈബിളിന്റെ പഠിപ്പിക്കൽ എന്താണ്‌?

ഉത്തരം


ബൈബിളിന്റെ അടിസ്ഥാനത്തില്‍ മനുഷ്യവര്‍ഗ്ഗം എന്ന ഒരു വര്‍ഗ്ഗമല്ലാതെ വേറെ വര്‍ഗ്ഗങ്ങൾ ഇല്ല എന്നുള്ള സത്യം ആദ്യം മനസ്സിലാക്കണം. വെള്ളക്കാര്‍, നീഗ്രോ, മാഗോളിയന്‍, അറബികൾ, യെഹൂദന്‍മാർ എന്നിവരെല്ലാം ഒരേ മനുഷ്യവര്‍ഗ്ഗത്തിന്റെ വിഭാഗങ്ങളാണ്‌. ഇവര്‍ തമ്മിൽ ശരീരപ്രകൃതിയിലും നിറത്തിലും വ്യത്യാസങ്ങൾ ഉണ്ടെന്നത്‌ വാസ്തവം തന്നെ. എന്നാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവൻ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ്‌ (ഉല്‍പത്തി 1:27). തന്റെ ഏകജാതനായ പുത്രനെ നല്‍കുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു എന്ന്‌ നാം വായിക്കുന്നു (യോഹന്നാൻ 3:16). ലോകം എന്നു പറഞ്ഞാല്‍ വിവിധ നിറങ്ങളിലും ശരീരപ്രകൃതിയിലും ഉള്ള മനുഷ്യവര്‍ഗ്ഗത്തെ സ്നേഹിച്ചു എന്നാണ്‌ അതിന്റെ അര്‍ത്ഥം.

ദൈവത്തിന്‌ പക്ഷവാദമോ മുഖപക്ഷമോ ഇല്ലെന്ന്‌ നാം വായിക്കുന്നു (ആവർത്തനം.10:17; പ്രവർത്തികൾ 10:34; റോമർ 2:11; എഫെസ്യർ 6:9). നമുക്കും അവ ഉണ്ടാകുവാന്‍ പാടില്ലത്തതാണ്‌. ഇത്തരക്കാരെക്കുറിച്ച്‌ യാക്കോബ്‌ പറയുന്നത്‌ "പ്രമാണമില്ലാതെ അന്യായമായി വിധിക്കുന്നവര്‍" എന്നാണ്‌ (യാക്കോബ്.2:4). അതിനു പകരം നമ്മുടെ അയല്‍ക്കാരെ നമ്മെപ്പോലെ സ്നേഹിക്കണം എന്നാണ്‌ നമുക്കുള്ള കല്‍പന (യാക്കോബ്.2:8). പഴയനിയമത്തില്‍ ദൈവം മനുഷ്യവര്‍ഗ്ഗത്തെ രണ്ടായി തരം തിരിച്ചിരുന്നു. യെഹൂദനും പുറജാതിയും. യെഹൂദന്‍ പുറജാതികളുടെ ഇടയിൽ ദൈവത്തിന്റെ പുരോഹിതവര്‍ഗ്ഗം ആയിരിക്കുവാൻ ആയിരുന്നു ദൈവം അങ്ങനെ ചെയ്തത്‌ (പുറപ്പാട്.19:6). എന്നാല്‍ യെഹൂദന്‍മാര്‍ അഹങ്കാരികളായി പുറജാതികളെ പുച്ഛിക്കുവാൻ തുടങ്ങി. ക്രിസ്തു തന്റെ മരണം മൂലം ഈ വേര്‍പാടിന്റെ നടുച്ചുവർ ഇടിച്ചു കളഞ്ഞു (എഫെസ്യർ.2:14). ക്രിസ്തു വിശ്വാസികള്‍ തങ്ങളുടെ അനുദിന ജീവിതത്തിൽ ഇത്‌ പ്രായോഗീകം ആക്കേണ്ടത്‌ ആവശ്യമാണ്‌.

താന്‍ നമ്മെ സ്നേഹിച്ചതുപോലെ നാമും അന്യോന്യം സ്നേഹിക്കണം എന്നാണ്‌ അവൻ കല്‍പിച്ചിരിക്കുന്നത്‌ (യോഹന്നാൻ.13:34). മുഖപക്ഷമില്ലാതെ ദൈവം എല്ലാവരേയും ഒരുപോലെ സ്നേഹിക്കുന്നത്‌ വാസ്തവം ആണെങ്കില്‍ നാമും അപ്രകാരം ചെയ്യുവാൻ കടപ്പെട്ടവരാണ്‌. മത്തായി.25 ൽ കര്‍ത്താവു പറയുന്നത്‌ ഈ എളിയവരിൽ ഒരാള്‍ക്ക്‌ ചെയ്യുന്നത്‌ തനിക്കു ചെയ്യുന്നതിന്‌ തുല്യമാണ്‌ എന്നാണ്‌. ഏതെങ്കിലും ഒരാളെ നാം അപമാനിച്ചാല്‍ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ഒരാളെയാണ്‌ അങ്ങനെ ചെയ്തത്‌ എന്ന്‌ മറക്കരുത്‌. നാം ആരെയെങ്കിലും ഉപദ്രവിച്ചാൽ, ദൈവം സ്നേഹിക്കുന്ന, ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ, അങ്ങനെയുള്ള ഒരാളെയാണ്‌ നാം ഉപദ്രവിച്ചത്‌ എന്നും മറക്കരുത്‌.

പല ആയിരം വര്‍ഷങ്ങളായി മനുഷ്യവര്‍ഗ്ഗത്തെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയില്‍ ബാധിച്ച ഒരു വലിയ പ്രശ്നമാണ്‌ വർഗ്ഗീയവാദം എന്ന ഈ മഹാരോഗം. സഹോദരീ സഹോദരന്‍മാരേ, ഒരിക്കലും ഇത്‌ ഇങ്ങനെ ആയിരിക്കുവാന്‍ പാടുള്ളതല്ല. വര്‍ഗ്ഗീയവാദത്താലും, മുന്‍ വിധിയാലും, തരം തിരിക്കപ്പെടലിനാലും ബാധിക്കപ്പെട്ടിട്ടുള്ളവര്‍ ക്ഷമിക്കേണ്ടതാണ്‌. എഫേസ്യർ.4:32 ൽ ഇങ്ങനെ വായിക്കുന്നു. "നിങ്ങള്‍ തമ്മില്‍ തമ്മില്‍ ദയയും മനസ്സലിവും ഉള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോട് ക്ഷമിച്ചതു പോലെ അന്യോന്യം ക്ഷമിപ്പീൻ". ഒരു പക്ഷേ വര്‍ഗ്ഗീയവാദി ക്ഷമ അര്‍ഹിക്കുന്നവൻ അല്ലായിരിക്കാം. അതുപോലെ ദൈവം നമ്മോട് ക്ഷമിക്കേണ്ടതിന്‌ നാം ഒരിക്കലും അര്‍ഹരല്ലല്ലോ. അല്ല, ഇനിയും ആരെങ്കിലും വര്‍ഗ്ഗീയ വാദിയായി തുടരുന്നെങ്കിൽ മാനസാന്തരത്തിനു സമയമായി. "നിങ്ങളെത്തന്നെ മരിച്ചിട്ട്‌ ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിനു സമര്‍പ്പിച്ചുകൊള്ളുവീന്‍" (റോമർ.6:13). ഗലാത്യർ.3:28 മുഴുനിലയിൽ നമുക്ക്‌ പ്രാവര്‍ത്തീകം ആക്കാം. "അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും യജമാനനും എന്നില്ല. ആണും പെണ്ണും എന്നുമില്ല. കാരണം നിങ്ങൾ എല്ലാവരും ക്രിസ്തുവിൽ ഒന്നാണ്!"

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

വര്‍ഗ്ഗീയവാദം, മുന്‍ വിധി, തരംതിരിച്ചു കാണൽ എന്നിവയെപ്പറ്റി ബൈബിളിന്റെ പഠിപ്പിക്കൽ എന്താണ്‌?
© Copyright Got Questions Ministries