ചോദ്യം
ക്രിസ്തുവിന്റെ രണ്ടാം വരവ് എന്നു പറഞ്ഞാല്‍ എന്താണ്?
ഉത്തരം
ക്രിസ്തുവിന്റെ രണ്ടാം വരവ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ പ്രത്യാശയാണ്. അത് ദൈവത്തിന്റെ വിശ്വസ്തത മേലുള്ള വിശ്വാസിയുടെ ഉറപ്പാണ്. ദൈവം തന്റെ വചനത്തിലെ വാഗ്ദത്തങ്ങള്‍ എല്ലാം നിറവേറ്റും എന്ന ധൈര്യമാണ് ക്രിസ്തുവിന്റെ രണ്ടാം വരവിനെ ഉറപ്പാക്കുന്നത്. ക്രിസ്തു തന്റെ ആദ്യവരവില്‍ മശിഹയെപ്പറ്റിയുള്ള തിരുവചന പ്രവചനങ്ങള്‍ നിറവേറ്റിക്കൊണ്ട് ബെത്തലഹേമിലെ പുല്‍ക്കൂട്ടില്‍ ഒരു ശിശുവായി ജനിച്ചു. തന്റെ ജനനം, ജീവിതം, ശുശ്രൂഷ, മരണ പുനരുദ്ധാനങ്ങള്‍ എന്നിവയില്‍ ക്രിസ്തു അനേക പ്രവചനങ്ങള്‍ നിറവേറ്റി. എന്നാല്‍ മശിഹായെപ്പറ്റിയുള്ള പ്രവചനങ്ങളില്‍ പലതും ഇനിയും നിറവേറാനുണ്ട്. ക്രിസ്തുവിന്റെ രണ്ടാം വരവിലാണ് ആ പ്രവചനങ്ങള്‍ നിറവേറുന്നത്. യേശു ആദ്യം വന്നത് കഷ്ടമനുഭവിക്കുന്ന ദൈവത്തിന്റെ ദാസനായിട്ടാണ്. തന്റെ രണ്ടാം വരവില്‍ ക്രിസ്തു ഒരു ജയാളിയായ രാജാവായി വരും. തന്റെ ആദ്യ വരവില്‍ അവന്‍ താഴ്മ ധരിച്ചവനായി വന്നു. എന്നാല്‍ തന്റെ മടങ്ങി വരവില്‍ അവന്‍ സ്വര്‍ഗ്ഗീയ സേനയുടെ അകമ്പടിയോടെയാണ് വരുവാന്‍ പോകുന്നത്.
പഴയ നിയമ പ്രവാചകന്‍മാര്‍ ക്രിസ്തുവിന്റെ രണ്ടു വരവുകളെപ്പറ്റി വ്യക്തമായി തരം തിരിച്ചു മനസ്സിലാക്കിയിരുന്നില്ല. യേശ.7:14, 9:6-7, സെഖ.14:4 എന്നീ വേദഭാഗങ്ങളില്‍ നിന്ന് ഈ കാര്യം വ്യക്തമാണ്. ഇവ രണ്ടു വ്യക്തികളെ കുറിക്കുന്നതായി പല യെഹൂദ റബിമാരും മനസ്സിലാക്കി കഷ്ടം സഹിക്കുന്ന ഒരു മശിഹയും യുദ്ധവീരനായ മറ്റൊരു മശിഹയും ഉണ്ടെന്ന് എന്ന് അവര്‍ പഠിപ്പിച്ചു. എന്നാല്‍ ഒരേ വ്യക്തി ഇവ രണ്ടും നിറവേറ്റും എന്ന സത്യം അവര്‍ മനസ്സിലാക്കിയിരുന്നില്ല. കഷ്ടം സഹിക്കുന്ന മശിഹയെപ്പറ്റിയുള്ള പ്രവചനങ്ങള്‍ (യേശ.53) ക്രിസ്തു തന്റെ ആദ്യ വരവില്‍ നിറവേറ്റി. തന്റെ രണ്ടാം വരവില്‍ താന്‍ രാജാവായും യിസ്രായേലിന്റെ വിമോചകനായും വന്ന് തന്റെ ജനത്തെ വിടുവിച്ച് തന്റെ രാജ്യം സ്ഥാപിക്കും. സെഖ.12:10, വെളി.1:7 എന്നീ വേദഭാഗങ്ങള്‍ ക്രിസ്തുവിന്റെ രണ്ടാം വരവിലെ ദൃശ്യമാണ് കാണുന്നത്. തന്റെ ആദ്യത്തെ വരവില്‍ അവന്‍ അടി ഏറ്റതിനെപ്പറ്റി ഈ വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്നു. യിസ്രായേലും ലോകജനതയും അവന്റെ ആദ്യത്തെ വരവില്‍ അവനെ സ്വീകരിച്ചില്ല എന്നതോര്‍ത്ത് വിലപിച്ചു കരയുന്ന രംഗമാണത്.
ക്രിസ്തു സ്വര്‍ഗ്ഗത്തിലേയ്ക്ക് കയറിപ്പോയ ശേഷം ദൈവ ദൂതന്‍മാര്‍ പറഞ്ഞത് ശ്രദ്ധിക്കുക. "ഗലീല പുരുഷന്‍മാരേ, നിങ്ങള്‍ ആകാശത്തിലേയ്ക്ക് നോക്കി നില്‍ക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുന്നവനായി നിങ്ങള്‍ കണ്ടതു പോലെ തന്നെ അവന്‍ വീണ്ടും വരും" (അപ്പൊ.1:11). സെഖ.14:4 അനുസരിച്ച് അവന്‍ ഒലിവു മലയിലേയ്ക്കാണ് മടങ്ങി വരുവാന്‍ പോകുന്നത് എന്ന് മനസ്സിലാക്കാം. മത്താ.24:30 ല്‍ ഇങ്ങനെ വായിക്കുന്നു. "അപ്പോള്‍ മനുഷപുത്രന്റെ അടയാളം ആകാശത്ത് വിളങ്ങും. അന്ന് ഭൂമിയിലെ സകല ഗോത്രങ്ങളും വിലപിച്ചുകൊണ്ട്, മനുഷപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്‍മേല്‍ മഹാശക്തിയോടും മഹാതേജസ്സോടും കൂടെ വരുന്നത് കാണും". തീത്തോ.2:13 ല്‍ ഇതിനെ "തേജസ്സിന്റെ പ്രത്യക്ഷത" എന്ന് പറഞ്ഞിരിക്കുന്നു.
വെളി.19:11-16 വരെ ഈ രംഗം വളരെ വിശദമായി വിവരിച്ചിരിക്കുന്നു. "അനന്തരം സ്വര്‍ഗ്ഗം തുറന്നിരിക്കുന്നത് ഞാന്‍ കണ്ടു. ഒരു വെള്ളക്കുതിര പ്രത്യക്ഷമായി. അതിന്‍മേല്‍ ഇരിക്കുന്നവന് വിശ്വസ്ഥനും സത്യവാനും എന്നു പേര്‍. അവന്‍ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണു അഗ്നിജാല; തലയില്‍ അനേകം രാജമുടികള്‍. എഴുതിയിട്ടുള്ള നാമവും അവനുണ്ട്. അത് അവനല്ലാതെ ആര്‍ക്കും അറിഞ്ഞുകൂട. അവന്‍ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു. അവനു ദൈവവചനം എന്ന് പേര്‍ പറയുന്നു. സ്വര്‍ഗ്ഗത്തിലെ സൈന്യം നിര്‍മ്മലവും ശുഭ്രവുമായ വസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. ജാതികളെ വെട്ടുവാന്‍ അവന്റെ വായില്‍ നിന്ന് മൂര്‍ച്ചയുള്ള വാള്‍ പുറപ്പെടുന്നു. അവന്‍ ഇരുമ്പു കോല്‍ കൊണ്ട് അവരെ മേയ്ക്കും. സര്‍വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്ക് അവന്‍ മെതിക്കുന്നു. രാജാധിരാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം അവന്റെ ഉടുപ്പിന്‍മേലും തുടമേലും എഴുതിയിരിക്കുന്നു".
English
ക്രിസ്തുവിന്റെ രണ്ടാം വരവ് എന്നു പറഞ്ഞാല്‍ എന്താണ്?