settings icon
share icon
ചോദ്യം

പീഡ കാലം എന്നാല്‍ എന്താണ്‌? പീഡ കാലം ഏഴു വര്‍ഷത്തേയ്ക്ക്‌ ആയിരിക്കും എന്ന് എങ്ങനെ അറിയാം?

ഉത്തരം


പീഡകാലം എന്നു പറയുന്നത്‌ ഭാവിയില്‍ വരുവാനിരിക്കുന്ന ഏഴു വര്‍ഷങ്ങള്‍ ആണ്‌. ആ കാലത്താണ്‌ ദൈവം ഇസ്രയേലിനെ ശിക്ഷിക്കുന്നത് നിർത്തുകയും അവിശ്വാസികളായ ലോകനിവാസികളോട് തന്റെ ന്യായവിധിയുടെ ശിക്ഷ ഉറപ്പിക്കുകയും ചെയ്യുന്നത്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ രക്ഷണ്യവേലയില്‍ ആശ്രയിച്ച്‌ രക്ഷിക്കപ്പെട്ട ദൈവജനം ആ കാലത്ത്‌ ഈ ഭൂമിയില്‍ ഉണ്ടായിരിക്കയില്ല. അപ്പോഴേയ്ക്കും ഉല്‍പ്രാപണത്താല്‍ സഭ ഭൂമിയില്‍ നിന്ന് മാറ്റപ്പെട്ടിരിക്കും (1തെസ്സ.4:13-18; 1കൊരി.15:51-53). വരുവാനിരിക്കുന്ന കോപത്തില്‍ നിന്ന് സഭ വിടുവിക്കപ്പെട്ടതാണല്ലോ (1തെസ്സ.5:9). വേദപുസ്തകത്തില്‍ ഈ കാലത്തിന്‌ യഹോവയുടെ നാള്‍ (യെശ.2:12;13:6-9; യോവേ.1:15;2:1-31;3:14; 1തെസ്സ.5:2), ക്ലേശം (ആവ.4:30); വലിയ കഷ്ടം (മത്താ.24:21). കഷ്ടകാലം (ദാനി.12:1; സെഫ.1:15); യാക്കോബിന്റെ കഷ്ടം (യെര.30:7) എന്നൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്നു.

പീഡന കാലത്തിന്റെ ഉദ്ദേശവും, അത്‌ എപ്പോഴാണ്‌ സംഭവിക്കുവാന്‍ പോകുന്നത്‌ എന്ന് അറിയുവാനും ദാനി.9:24-27 നല്ലവണ്ണം മനസ്സിലാക്കിയിരിക്കണം. തന്റെ ജനത്തിനു വേണ്ടി മാറ്റി വയ്ക്കപ്പെട്ട 70 ആഴ്ചവട്ടങ്ങളെപ്പറ്റിയാണ്‌ നാം അവിടെ വായിക്കുന്നത്‌. ദാനിയേലിന്റെ ജനം എന്നത്‌ യെഹൂദജാതിയാണല്ലോ. ദാനി.9:24 ല്‍ "അതിക്രമത്തെ തടസ്ഥം ചെയ്ത്‌ പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്‌ പ്രായശ്ചിത്തം ചെയ്ത്‌ നിത്യ നീതി വരുത്തുവാനും ദര്‍ശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്യുവാനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു" എന്ന് വായിക്കുന്നു. ആഴ്ചവട്ടം എന്നതിന്റെ മൂലഭാഷയിലെ വാക്ക്‌ "ഏഴുകള്‍" എന്നാണ്‌. അതായത്‌, ഈ വാക്യം എഴുപത്‌ ഏഴു വര്‍ഷങ്ങള്‍ അഥവാ 490 വര്‍ഷങ്ങളെ കുറിക്കുന്നു എന്നര്‍ത്ഥം. എഴുപത്‌ ഏഴുകളുടെ വര്‍ഷങ്ങള്‍ എന്ന് ചില തര്‍ജ്ജമയില്‍ കാണാവുന്നതാണ്‌.

ദാനി.9:25,26 എന്നീ വാക്യങ്ങളില്‍ നിന്ന് യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തുവാന്‍ കല്‍പന പുറപ്പെടുവിച്ചതിനു ശേഷം 69 ആഴ്ചവട്ടങ്ങള്‍ കഴിഞ്ഞ്‌ (അതായത്‌ 483 വര്‍ഷങ്ങള്‍) അഭിഷിക്തന്‍ ഛേദിക്കപ്പെടും എന്ന് വായിക്കുന്നു. അതായത് യെരുശലേം പുതുക്കിപ്പണിയുന്നതിനും യേശു ക്രൂശിക്കപ്പെടുന്നതിനും (അഭിഷിക്തൻ ഛേദിക്കപ്പെടുന്നതിനും)ഇടയിൽ 483 ആഴ്ചവട്ടങ്ങൾ (വർഷങ്ങൾ)ഉണ്ടായിരുന്നു. വേദപണ്ഡിതന്‍മാര്‍ നമുക്ക്‌ മനസ്സിലാക്കിത്തരുന്ന സത്യം യെരുശലേം പുതുക്കിപ്പണിയുവാന്‍ കല്‍പന പുറപ്പെടുവിച്ചതിനു ശേഷം കൃത്യം 483 വര്‍ഷങ്ങള്‍ക്കു ശേഷം ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നാണ്‌. ദാനിയേല്‍ 9 ആം അദ്ധ്യായത്തിലെ 70 ആഴ്ചവട്ടങ്ങളെപ്പറ്റി വേദപഠിതാക്കളില്‍ മിക്കവരും ഈ അഭിപ്രായക്കാരാണ്‌.

ക്രിസ്തുവിന്റെ ക്രൂശീകരണത്തോടു കൂടി 69 ആഴ്ചവട്ടങ്ങള്‍ പൂര്‍ത്തിയായി. അതോടുകൂടി ദൈവം യെഹൂദന്‍മാരുമായി ഇടപെടുന്നത്‌ നിര്‍ത്തി വെച്ചു. ഇനിയും ഒരു ആഴ്ചവട്ടക്കാലം, അതായത്‌ ഏഴുവര്‍ഷങ്ങള്‍, യെഹൂദന്‍മാരോടുള്ള ബന്ധത്തില്‍ ദൈവം വീണ്ടും ഇടപെടുവാന്‍ തുടങ്ങുമ്പോള്‍ പ്രവചനത്തിന്റെ അടുത്ത ഭാഗവും നിറവേറും.(ദാനി9:24) അത്‌ ഭാവിയില്‍ വരുവാനിരിക്കുന്ന ഏഴുവര്‍ഷ ഉപദ്രവകാലമാണ്‌. ഈ ഏഴു വർഷ കാലയളവിനെയാണ് പീഡനകാലമെന്നു പറയുന്നത്, ഇസ്രയേലിനെ തന്റെ പാപങ്ങൾ നിമിത്തം ദൈവം ശിക്ഷിക്കുന്നത് നിർത്തുന്ന സമയം കൂടിയാണിത്.

ദാനിയേല്‍ 9:27 ല്‍ പീഡനകാലത്ത്‌ നടക്കുവാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. "അവന്‍ ഒരു ആഴ്ചത്തേയ്ക്ക്‌ പലരോടും നിയമത്തെ ഉറപ്പാക്കും. ആഴ്ചവട്ടത്തിന്റെ മദ്ധ്യത്തില്‍ അവന്‍ ഹനനയാഗവും ഹോമയാഗവും നിര്‍ത്തലാക്കിക്കളയും. ംളേഛതകളുടെ ചിറകിന്‍മേല്‍ ശൂന്യമാക്കുന്നവന്‍ വരും. നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേല്‍ കോപം ചൊരിയും." മത്താ.24:15 ല്‍ ശൂന്യമാക്കുന്നവന്‍ എന്നും വെളി.13 ല്‍ ഇവനെ മൃഗം എന്നും വിളിച്ചിരിക്കുന്നു. ദാനിയേൽ 9:27ൽ പറയുന്നു മൃഗം ഏഴു വർഷത്തേക്ക് ഇസ്രയേലുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടും, എന്നാൽ ആഴ്ചവട്ടത്തിന്റെ മധ്യത്തിൽ വെച്ച് (3 1/2 വര്ഷമാകുമ്പോൾ) അവൻ തന്റെ നിയമത്തെ ലംഘിച്ചു യാഗങ്ങൾ നിർത്തലാക്കും. വെളി.13 അനുസരിച്ച്‌ അവന്‍ തന്റെ പ്രതിമയെ ദേവാലയത്തില്‍ സ്ഥാപിച്ച്‌ ലോകത്തിലുള്ള എല്ലാവരും അതിനെ നമസ്കരിക്കുവാന്‍ പറയും. അത്‌ 42 മാസക്കാലത്തേയ്ക്കായിരിക്കും എന്ന് വെളി.13:5 പറയുന്നു. 42 മാസങ്ങള്‍ എന്നത്‌ മൂന്നര വര്‍ഷങ്ങള്‍ ആണല്ലോ. ദാനി.9:27 അനുസരിച്ച്‌ ഇതു സംഭവിക്കുന്നത്‌ ആഴ്ചവട്ടത്തിന്റെ മദ്ധ്യത്തില്‍ ആണല്ലൊ. വെളി.13:5 പറയുന്നു മൃഗം ഇത് 42 മാസത്തേക്ക് ചെയ്യുമെന്ന്, അതുകൊണ്ട് തന്നെ പീഡനത്തിന്റെ മൊത്തകാലയളവ് 84 മാസം അഥവാ 7 വര്ഷമാണെന്നു മനസിലാക്കാം.ദാനി.7:25 ല്‍ പറയുന്നത്‌, "കാലവും, കാലങ്ങളും, കാലാംശവും അവര്‍ അവന്റെ കൈയില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കും" എന്നാണ്‌. അതും മൂന്നര വര്‍ഷത്തെയാണ്‌ കുറിക്കുന്നത്‌. ഈ മൂന്നര വര്‍ഷങ്ങളാണ്‌ മഹോപദ്രവകാലം എന്ന് വിളിക്കപ്പെടുന്നത്‌.

വെളി.11:2-3 ല്‍ പറഞ്ഞിരിക്കുന്ന 1260 ദിവസങ്ങള്‍, അഥവാ 42 മാസങ്ങള്‍, ദാനി.12:11-12 വരെ പറഞ്ഞിരിക്കുന്ന 1290, 1335 ദിവസങ്ങള്‍ എല്ലാം മഹോപദ്രവത്തിനോടുള്ള ബന്ധത്തില്‍ പറഞ്ഞിരിക്കുന്നവയാണ്‌. ദാനി.12 ലെ കൂടുതല്‍ ദിവസങ്ങള്‍ ജാതികളുടെ ന്യായവിധിക്കായി ഉള്‍പ്പെടുത്തിയിട്ടുള്ള ദിവസങ്ങള്‍ ആണെന്ന് മത്താ.25:31-46 വരെയുള്ള ഭാഗങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്‌. അതിനു ശേഷം ഈ ഭൂമിയില്‍ ക്രിസ്തു തന്റെ രാജ്യം സ്ഥാപിക്കും (വെളി.20:4-6).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

പീഡ കാലം എന്നാല്‍ എന്താണ്‌? പീഡ കാലം ഏഴു വര്‍ഷത്തേയ്ക്ക്‌ ആയിരിക്കും എന്ന് എങ്ങനെ അറിയാം?
© Copyright Got Questions Ministries