എന്താണ്‌ സഭ?




ചോദ്യം: എന്താണ്‌ സഭ?

ഉത്തരം:
സഭ എന്നത്‌ വെറും ഒരു കെട്ടിടം എന്നാണ്‌ പലരും അതിനെപ്പറ്റി മനസ്സിലാക്കിയിരിക്കുന്നത്‌. എന്നാല്‍ സഭ എന്ന വിഷയത്തെപ്പറ്റി വേദപുസ്തകം പഠിപ്പിക്കുന്നത്‌ അങ്ങനെയല്ല. സഭ എന്നതിനു മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക്‌ "എക്ലേസിയ" എന്നാണ്‌. അതിന്റെ വാച്യാര്‍ത്ഥം "വിളിക്കപ്പെട്ടവരുടെ കൂട്ടം" എന്നാണ്‌. ഇത്‌ ഒരു കെട്ടിടത്തെ അല്ല ഒരു കൂട്ടം ആളുകളെ ആണ്‌ കുറിക്കുന്നത്‌. റോമ.16:5 ല്‍ "അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വീന്‍" എന്നു പറഞ്ഞപ്പോള്‍ അവരുടെ വീട്ടില്‍ കൂടിവരുന്ന വിശ്വാസികളെ വന്ദനം അറിയിക്കുവാനാണ്‌ പൌലൊസ്‌ പറഞ്ഞത്‌.

തലയായ ക്രിസ്തുവിന്റെ ശരീരമാണ്‌ സഭ. എഫെ.1:22,23 ഇങ്ങനെ പറയുന്നു. "സര്‍വ്വവും അവന്റെ കാല്‍കീഴാക്കി വെച്ചു അവനെ സര്‍വ്വത്തിനും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്ക്‌ കൊടുക്കുകയും ചെയ്തിരിക്കുന്നു". ക്രിസ്തുവിന്റെ ശരീരമായ സഭ പെന്തക്കോസ്ത്‌ (അപ്പൊ. 2) ദിവസത്തിലിരുന്ന് കര്‍ത്താവിന്റെ രണ്ടാം വരവു വരെയുള്ള കാലത്തെ സകല വിശ്വാസികളും ഉള്‍പ്പെട്ടതാണ്‌. ഈ ശരീരം രണ്ടു വ്യത്യസ്ത തലങ്ങളില്‍ വര്‍ത്തിക്കുന്നു. 1) യേശുക്രിസ്തുവുമായി വ്യക്തിപരമായ ബന്ധമുള്ള സകലരും അഖില ലോക സഭയില്‍ അംഗങ്ങളാണ്‌. "യെഹൂദന്‍മാരോ, യവനരോ, ദാസന്‍മാരോ, സ്വതന്ത്രരോ നാം എല്ലാവരും ഏക ശരീരമാകുമാറു ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തും ഇരിക്കുന്നു" (1കൊരി.12:13). ഈ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന എല്ലാവരും വിശ്വസിക്കുന്ന ആ നിമിഷത്തില്‍ തന്നെ അവന്റെ ശരീരത്തിന്റെ അംഗങ്ങള്‍ ആവുകയും അവര്‍ എല്ലാവരും അതിന്റെ അടയാളമായി അവന്റെ ആത്മാവിനെ പ്രാപിക്കയും ചെയ്യുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്‌. ഈ അഖില ലോക സഭയുടെ അംഗങ്ങള്‍ എല്ലാവരും ദൈവകൃപയാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ സൌജന്യമായ രക്ഷ കരസ്തമാക്കിയവരാണ്‌.

2) പ്രാദേശിക സഭകളെപ്പറ്റി ഗലാ.1:1-2 വാക്യങ്ങളില്‍ വായിക്കുന്നു. "...അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്‍മാരും ഗലാത്യ സഭകള്‍ക്ക്‌ എഴുതുന്നത്‌" ഗലാത്യ എന്ന പ്രദേശത്ത്‌ അനേക സ്ഥലം സഭകള്‍ ഉണ്ടായിരുന്നു എന്ന്‌ ഈ വിവരണത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. നാം സാധാരണ കേള്‍ക്കറുള്ളതുപോലെ കത്തോലിക്ക സഭയോ, യാക്കോബായ സഭയോ അങ്ങനെ മറ്റേതെങ്കിലും പേരുകള്‍ ഉള്ള സഭകള്‍ അല്ല ദൈവത്തിന്റെ സഭ. അവയൊക്കെ ഓരോരോ സമുദായങ്ങളാണ്‌. ആ സമുദായങ്ങളിലും രക്ഷിക്കപ്പെട്ടവര്‍ ദൈവസഭയുടെ അംഗങ്ങളാണ്‌. രക്ഷിക്കപ്പെട്ടവര്‍ മാത്രം ആരാധിക്കുവാനും കൂട്ടായ്മ അനുഭവിക്കുവാനുമായി കൂടിവരുന്നതിനെ ആണ്‌ പ്രാദേശിക സഭ അല്ലെങ്കില്‍ സ്ഥലം സഭ എന്നു വിളിക്കപ്പെട്ടിരിക്കുന്നത്‌. രക്ഷിക്കപ്പെട്ടവര്‍ എല്ലാവരും അഖില ലോക സഭയുടെ അംഗങ്ങളാണ്‌. രക്ഷിക്കപ്പെട്ട അഖില ലോക സഭയുടെ അംഗങ്ങള്‍ കൂട്ടായ്മയ്ക്കും ആരാധനയ്ക്കുമായി സ്ഥലം സഭകളോടുള്ള ബന്ധത്തില്‍ ആയിരിക്കേണ്ടതാണ്‌.

ചുരുക്കിപ്പറഞ്ഞാല്‍, സഭ ഒരു കെട്ടിടമോ ഒരു സഭാ വിഭാഗമോ (സമുദായം) അല്ല. വേദപുസ്തക അടിസ്ഥാനത്തില്‍ സഭ ക്രിസ്തുവിന്റെ ശരീരമാണ്‌. അവര്‍ രക്ഷയ്ക്കായി ക്രിസ്തുവിന്റെ പരമയാഗത്തില്‍ മാത്രം ആശ്രയിക്കുന്നവരാണ്‌ (യോഹ.3:16; 1കൊരി.12:13). സ്ഥലം സഭകള്‍ രക്ഷിക്കപ്പെട്ടവരുടെ പ്രാദേശിക കൂടിവരവുകളാണ്‌. സ്ഥലം സഭകള്‍ ആണ്‌ 1കൊരി.12 ല്‍ പറഞ്ഞിരിക്കുന്നതുപോലെ ക്രിസ്തു ശരീരത്തിന്റെ പ്രായോഗീക പ്രവര്‍ത്തന മേഖലയായിരിക്കുന്നത്‌. കര്‍ത്താവായ യേശുക്രിസ്തുവിലും അവന്റെ കൃപയിലും വളരുവാന്‍ ഇടയാകേണ്ടതിന്‌ അന്വേന്യം പ്രോത്സാഹിപ്പിക്കുവാനും, പഠിപ്പിക്കുവാനും ,ഒരുമിച്ച്‌ വളരുവാനും അവസരം ഉണ്ടാക്കി കൊടുക്കുന്ന ക്രിസ്തു ശരീരത്തിന്റെ പ്രാദേശീക സാക്ഷാത്കരണം ആണ്‌ സ്ഥലം സഭകള്‍.



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക



എന്താണ്‌ സഭ?