ചോദ്യം
യേശു ക്രിസ്തുവിന്റെ 12 ശിഷ്യന്മാർ അല്ലെങ്കിൽ അപ്പൊസ്തൊലന്മാർ ആരെല്ലാം ആയിരുന്നു?
ഉത്തരം
“ശിഷ്യൻ” എന്ന വാക്കിന്റെ അർത്ഥം വിദ്യാർത്ഥി അല്ലെങ്കിൽ അനുഗമിക്കുന്നവൻ എന്നാണ് . “അപ്പൊസ്തൊലൻ” എന്ന വാക്കിന്റെ അർത്ഥം ‘അയക്കപ്പെട്ടവൻ’ എന്നാണ്. യേശു ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ തന്നെ അനുഗമിച്ചിരുന്ന 12 പേരെയും ശിഷ്യന്മാർ എന്നാണ് വിളിച്ചിരുന്നത്. ഈ പന്ത്രണ്ട് ശിഷ്യന്മാരും യേശുവിനെ അനുഗമിച്ച് അവനിൽ നിന്ന് പഠിച്ച് അവനാൽ പരിശീലിക്കപ്പെട്ടവർ ആയിരുന്നു. യേശു തന്റെ ഉയിർത്തെഴുന്നേല്പിനും, സ്വർഗ്ഗാരോഹണത്തിനും ശേഷം തന്റെ ശിഷ്യന്മാരെ സാക്ഷികൾ ആകുവാൻ പറഞ്ഞയച്ചു (മത്തായി 28: 18-20; പ്രവർത്തികൾ 1: 8). അതിനു ശേഷം ഇവർ അപ്പൊസ്തൊലർ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നിരുന്നാലും യേശു ഈ ഭൂമിയിൽ ഉണ്ടായിരുന്നപ്പോൾ, ശിഷ്യർ, അപ്പൊസ്തൊലർ എന്നീ രണ്ട് പദങ്ങളും മാറി മാറി ഉപയോഗിച്ചിരുന്നു.
മത്തായി 10: 2-4 വരെയുള്ള വാക്യങ്ങളിൽ യേശുവിന്റെ ശിഷ്യന്മാരുടെ പേർ രേഖപ്പെടുത്തിയിട്ടുണ്ട്. “ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” മർക്കോസ് 3:16-19; ലൂക്കോസ് 6: 13-16 എന്നീ വാക്യങ്ങളിലും യേശുവിന്റെ ശിഷ്യന്മാരുടെ പേർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് ഭാഗങ്ങൾ നാം ചേർത്ത് പഠിക്കുമ്പോൾ പേരിന് ചില മാറ്റങ്ങൾ നാം കാണുന്നു. ലൂക്കോസ് 6: 16 കൊടുത്തിരിക്കുന്ന യാക്കോബിന്റെ സഹോദരനായ യൂദാ മത്തായി 10: 3ൽ തദ്ദായി എന്നാണ് അറിയപ്പെടുന്നത്. എരിവുകാരനായ ശിമോനെ മർക്കോസ് 3: 18ൽ കനാന്യനായ ശിമോൻ എന്നാണ് അറിയപ്പെടുന്നത്. യേശുവിനെ ഒറ്റു കൊടുത്ത ഇസ്കാരിയോത്ത യൂദായ്ക്ക് പകരമായി മത്തയാസിനെ തിരഞ്ഞെടുത്തതിനെ കുറിച്ച് നാം പ്രവർത്തികൾ 1: 20-26 വരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നു. മത്തയാസ് ശരിയായ തിരഞ്ഞെടുപ്പ് അല്ലായിരുന്നു എന്നും പൗലോസ് ആയിരുന്നു യൂദായ്ക്ക് പകരമായി ദൈവം തിരഞ്ഞെടുത്ത വ്യക്തി എന്നും ചില വേദ പണ്ഡിതർ കരുതുന്നു.
അസാധാരണമായ രീതിയിൽ ദൈവം ഉപയോഗിച്ച സാധാരണ വ്യക്തികൾ ആയിരുന്നു ഈ പന്ത്രണ്ട് ശിഷ്യന്മാരും. ഇവരിൽ ചിലർ മീൻപിടിത്തക്കാർ, ചുങ്കക്കാർ, വിപ്ലവകാരികൾ തുടങ്ങിയവർ ആയിരുന്നു. യേശുവിനെ അനുഗമിച്ച ഇവരുടെ സംശയങ്ങൾ, പ്രയാസങ്ങൾ, തോൽവികൾ എല്ലാം സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പും, സ്വർഗ്ഗാരോഹണവും കണ്ടതിന് ശേഷം, പരിശുദ്ധാത്മാവ് ഇവരെ ലോകത്തെ പോലും കീഴ്മേൽ മറിക്കുന്ന ശക്തന്മാരായ അപ്പൊസ്തൊലർ ആക്കി മാറ്റി. (പ്രവർത്തികൾ 17: 6) എന്താണ് ഇവരിൽ കണ്ടിരുന്ന ഒരു വ്യത്യാസം? ഇവർ “യേശുവിന് ഒപ്പം നടന്നവർ” ആയിരുന്നു. (പ്രവർത്തികൾ 4: 13) നമ്മെ കുറിച്ചും ലോകം അങ്ങനെ തന്നെ പറയട്ടെ!
English
യേശു ക്രിസ്തുവിന്റെ 12 ശിഷ്യന്മാർ അല്ലെങ്കിൽ അപ്പൊസ്തൊലന്മാർ ആരെല്ലാം ആയിരുന്നു?