settings icon
share icon
ചോദ്യം

ഇന്നും ദൈവം നമ്മോടു സംസാരിക്കുമോ?

ഉത്തരം


പല ആളുകളോട്‌ അശരീരിയായി ദൈവം സംസാരിച്ചതിനെപ്പറ്റി വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉദ്ദാഹരണത്തിന്‌ ഈ വാക്യങ്ങള്‍ വായിക്കുക. പുറ.3:14; യോശു. 1:1; ന്യായാ.6:18; 1ശമു.3:11; 2ശമു.2:1; ഇയ്യോ.40:1; യെശ.7:3; യെരെ.1:7; അപ്പൊ.8:26; 9:15 മുതലായവ. എന്തുകൊണ്ടാണ് ദൈവം മനുഷ്യനോട് അശരീരിയായി ഇന്ന് സംസാരിക്കാത്തത് എന്നതിന് തിരുവചനാടിസ്ഥാനത്തിൽ പ്രത്യേക കാരണങ്ങൾ ഇല്ല. മനുഷ്യചരിത്രത്തിലെ നാലായിരത്തില്പരം വർഷങ്ങളിലായി നൂറുകണക്കിന് സന്ദർഭങ്ങളിൽ മനുഷ്യനോട് പ്രത്യേകമായി സംസാരിച്ച കാര്യങ്ങൾ തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.മനുഷ്യനോട് ദൈവം പ്രത്യേകമായി സംസാരിക്കും എന്നുള്ളത് ഒരു നിയമമല്ല മറിച്ച് ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ്. ദൈവം സംസാരിച്ചതായി വേദപുസതകം പറയുന്നെങ്കിലും അത്‌ അശരീരി ശബ്ദമായിരുന്നുവോ, അത്‌ ഉള്ളിലെ ശബ്ദം ആയിരുന്നുവോ, അതോ അത്‌ മനസ്സിലെ ധാരണ മാത്രമായിരുന്നുവോ എന്ന് വ്യക്തമല്ല.

ഇന്നും ദൈവം നമ്മോടു സംസാരിക്കുന്നു. ഒന്നാമത്‌, ദൈവം തന്റെ വചനത്തില്‍ കൂടെ സംസാരിക്കുന്നു (2തിമോ.3:16-17). യെശ.55:11 ഇങ്ങനെ പറയുന്നു. "എന്റെ വായില്‍ നിന്നു പുറപ്പെടുന്ന എന്റെ വചനം...വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളത്‌ നിവര്‍ത്തിക്കയും ഞാന്‍ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും". നാം രക്ഷിക്കപ്പെടുവാനും ഒരു വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാനും ആവശ്യമുള്ളതെല്ലാം വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. "... അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത്‌ ഒക്കെയും നമുക്ക്‌ ദാനം ചെയ്തിരിക്കുന്നുവല്ലോ" (2പത്രോ.1:3).

രണ്ടാമതായി, ചില പ്രത്യേക സാഹചര്യങ്ങളിൽ കൂടിയും ദൈവത്തിന് നമ്മോട് സംസാരിക്കുവാൻ കഴിയും,അതായത് നമ്മുടെ ചില സാഹചര്യങ്ങളെ ക്രമീകരിക്കുന്നതിലൂടെ നമ്മെ നയിക്കുവാൻ അവനു സാധിക്കും.. നമ്മുടെ മനസ്സാക്ഷിയില്‍ കൂടെ നല്ലതും ചീത്തയും തിരിച്ചറിയുവാന്‍ ദൈവം നമ്മെ സഹായിക്കുന്നു. (1തിമോ.1:5; 1പത്രോ.3:16). നമ്മുടെ മനസ്സ്‌ അവന്റെ ചിന്തയോട്‌ അനുരൂപമായി ചിന്തിക്കുവാന്‍ ഇടയാകേണ്ടതിന്‌ അവന്‍ നമ്മില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു (റോ.12:2). നമ്മെ അവന്റെ വഴിയില്‍ നടത്തേണ്ടതിനും, നമ്മെ രൂപാന്തരപ്പെടുത്തേണ്ടതിനും, നമ്മുടെ ആത്മീയ വളര്‍ച്ചയെ മുന്‍പില്‍ കണ്ടും നമ്മുടെ ജീവിതത്തില്‍ ചില സംഭവങ്ങളെ ദൈവം അനുവദിക്കുന്നു (യാക്കോ.1:2-5; എബ്രാ.12:5-11). 1പത്രോ.1:6,7 ല്‍ ഇങ്ങനെ വായിക്കുന്നു. "അതില്‍ നിങ്ങള്‍ ഇപ്പോള്‍ അല്‍പനേരത്തേക്ക്‌ നാനാ പരീക്ഷകളാല്‍ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയില്‍ ശോധന കഴിക്കുന്ന പൊന്നിനേക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയത്‌ എന്ന്‌ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ പുകഴ്ചക്കും തേജസ്സിനും മാനത്തിനുമായി കാണ്‍മാന്‍ അങ്ങനെ ഇടവരും".

മൂന്നാമതായി, ചിലപ്പോള്‍ അശരീരിയായും ചിലരോട്‌ ദൈവം സംസാരിച്ചെന്നു വരും. വളരെ പരിമിതമായ സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ മാത്രമേ ദൈവം അങ്ങനെ ചെയ്യാറുള്ളൂ. ചിലര്‍ പറയുന്നതുപോലെ അത്ര സാധാരണയായി സംഭവിക്കുന്ന ഒരു കാര്യമല്ലിത്‌. വേദപുസ്തകത്തിലും അശരീരി ശബ്ദം കേള്‍്‌ക്കുന്നത്‌ പതിവല്ലായിരുന്നു. ഒന്നു പറയട്ടെ, ആരോടെങ്കിലും എങ്ങനെ ദൈവം സംസാരിച്ചാലും എഴുതപ്പെട്ട തന്റെ വചനത്തോട്‌ താരതമ്യപ്പെടുത്തി നോക്കേണ്ടതാണ്‌ (2തിമോ.3:16-17). തന്റെ വചനത്തിനു, അതായത്‌ സത്യവേദപുസ്തകത്തിന്‌, നിരക്കാത്ത യാതൊന്നും ഒരിക്കലും ദൈവം പറയുകയോ ചെയ്യുകയോ ഇല്ല എന്ന കാര്യം ആരും ഒരിക്കലും മറക്കുവാന്‍ പാടുള്ളതല്ല.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഇന്നും ദൈവം നമ്മോടു സംസാരിക്കുമോ?
© Copyright Got Questions Ministries