settings icon
share icon
ചോദ്യം

തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ഇടയിലുള്ള മൂന്നു ദിവസങ്ങള്‍ യേശുകര്‍ത്താവ്‌ എവിടെആയിരുന്നു?

ഉത്തരം


1പത്രോ.3:18-19 ഇങ്ങനെ പറയുന്നു: "ക്രിസ്തുവും നമ്മെ ദൈവത്തോട്‌ അടുപ്പിക്കേണ്ടതിന്‌ നീതിമാനായി നീതികെട്ടവർക്കുവേണ്ടി വേണ്ടി പാപം നിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്‍ക്കയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു. ആത്മാവില്‍ അവന്‍ ചെന്ന്, പണ്ട്‌ നോഹയുടെ കാലത്ത്‌ പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീര്‍ഘക്ഷമയോടെ കാത്തിരിക്കുമ്പോള്‍ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോട്‌പ്രസംഗിച്ചു".

"ജഡത്തില്‍" എന്നും "ആത്മാവില്‍" എന്നുമുള്ള പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. പതിനെട്ടാം വാക്യത്തിലെ "ആത്മാവിൽ" എന്ന പദപ്രയോഗം "ജഡത്തിൽ" എന്ന പദ പ്രയോഗത്തിന്റെ അതെ ഘടന തന്നെയാണ്. "ആത്മാവ്" എന്ന പദത്തോടു ഏറ്റവും നന്നായി ബന്ധപ്പെടുത്താവുന്നതു "ജഡം" എന്ന പദമാണ്.ജഡവും ആത്മാവും ക്രിസ്തുവിന്റെ ജഡവും ആത്മാവുമാണ്‌. "ആത്മാവില്‍ ജീവിപ്പിക്കപ്പെട്ടു" എന്ന പ്രയോഗം കൊണ്ട്‌ മനസ്സിലാക്കേണ്ടത്‌ പാപപരിഹാരാര്‍ത്ഥം ക്രിസ്തു മരിച്ചപ്പോള്‍ തന്റെ ആത്മാവ്‌ പിതാവില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു എന്നാണ്‌ (മത്താ.27:46). ജഡവും ആത്മാവും എന്നു പറയുമ്പോള്‍ മത്താ.27:46 ലും റോമ.1:3-4 ലും എന്ന പോലെ ക്രിസ്തുവിന്റെ ജഡവും തന്റെ ആത്മാവും എന്നാണ്‌ മനസ്സിലാക്കേണ്ടത്‌; അല്ലാതെ ക്രിസ്തുവിനറെ ജഡവും പരിശുദ്ധാത്മാവും എന്നല്ല. ക്രിസ്തു തന്റെ രക്ഷണ്യവേല പൂര്‍ത്തിയാക്കിയപ്പോള്‍ വീണ്ടും തന്റെ ആത്മാവ്‌ ദൈവീക കൂട്ടായ്മയിലേക്ക്‌മടങ്ങി.

1പത്രോ.3:18-22 വരെയുള്ള വാക്യങ്ങളില്‍ ക്രിസ്തുവിന്റെ കഷ്ടപ്പാടുകള്‍ക്കും തന്റെ തേജസ്കരണത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌ എന്ന് കാണുന്നു. തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ഇടയിലുള്ള ദിവസങ്ങളെപ്പറ്റി പത്രോസ്‌ മാത്രമേ എന്തെങ്കിലും കാര്യം പറയുന്നുള്ളു. "പ്രസംഗിച്ചു" എന്ന് 19 ആം വാക്യത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്ന ആ വാക്ക്‌ സാധാരണ സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചു പറയുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന വാക്കല്ല. ഈ വാക്കിന്റെ വാച്യാര്‍ത്ഥം "ഘോഷിക്കുക" "ജയഘോഷം കൊണ്ടാടുക" എന്നാണ്‌. യേശു ക്രൂശില്‍ പാടുപെട്ട്‌ മരിച്ചു. താൻ പാപമാക്കപ്പെട്ടപ്പോൾ തന്റെ ജഡവും ആത്മാവും മരണത്തിനു വിധേയമായി. എന്നാല്‍ തന്റെ ആത്മാവ്‌ ജീവിപ്പിക്കപ്പെട്ട്‌ താന്‍ അത്‌ പിതാവിന്റെ കൈയില്‍ ഭരമേല്‍പിച്ചു. പത്രോസ്‌ പറയുന്നതനുസരിച്ച്‌ തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ഇടക്ക്‌ ക്രിസ്തു "തടവിലുള്ള ആത്മാക്കളോട്‌"പ്രസംഗിച്ചുഎന്നാണ്.

1പത്രോ.3:20 ല്‍ പത്രോസ്‌ ആളുകളെക്കുറിച്ച്‌ പറയുമ്പോള്‍ "എട്ടുപേര്‍" എന്നാണ്‌ പറയുന്നത്‌; "എട്ട്‌ ആത്മാക്കള്‍" എന്നല്ല. പുതിയനിയമത്തില്‍ 'ആത്മാക്കള്‍' എന്ന വാക്ക്‌ സാധാരണ ഉപയോഗിക്കുന്നത്‌ ദൈവദൂതന്‍മാരേയോ പിശാചുകളേയോ കുറിക്കുവാന്‍ വേണ്ടിയാണ്‌; മനുഷരെ കുറിക്കുവാന്‍ വേണ്ടിയല്ല. ക്രിസ്തു നരകത്തില്‍ പോയി എന്ന് നാം എവിടെയും വായിക്കുന്നില്ല. പ്രവ.2:31 ല്‍ താന്‍ പാതാളത്തിൽ പോയതായി വായിക്കുന്നു. പാതാളവും നരകവും ഒരു സ്ഥലമല്ല. മരിച്ചവര്‍ താല്‍കാലികമായി തങ്ങളുടെ പുനരുദ്ധാനം വരെ ആയിരിക്കുന്ന സ്ഥലമാണ്‌ പാതാളം. വെളി.20:11-15 വരെയുള്ള വാക്യങ്ങള്‍ ഈ കാര്യം വളരെ വ്യക്തമാക്കുന്നുണ്ട്‌. നരകം ക്രിസ്തുവില്ലാതെ മരിച്ചവരുടെ നിത്യ വാസസ്ഥലമാണ്‌.

നമ്മുടെ കര്‍ത്താവ്‌ മരിച്ചു തന്റെ ആത്മാവിനെ പിതാവിന്റെ കൈയില്‍ സമര്‍പ്പിച്ചു. മരണത്തിനും പുനരുദ്ധാനത്തിനുമിടയിൽ താന്‍ മരിച്ചവരുടെ ആസ്ഥാനമായ പാതാളത്തില്‍ പോയി അവിടെയുണ്ടായിരുന്ന ആത്മാക്കളോട്‌ (വീണുപോയ ദൂതന്‍മാരോടായിരിക്കാം യൂദ. വാക്യം 6) പ്രസംഗിച്ചു; ആ ആത്മാക്കള്‍ക്ക്‌ 20 ആം വാക്യം പറയുന്നതുപോലെ നോഹയുടെ ജലപ്രളയത്തിനു മുമ്പുള്ള കാലത്തോട്‌ ഏതോ രീതിയില്‍ ബന്ധമുണ്ടായിരുന്നു. എന്താണ്‌ ക്രിസ്തു അവിടെ പ്രസംഗിച്ചതെന്ന് പത്രോസ്‌ പറയുന്നില്ല. ഏതായാലും രക്ഷയുടെ സന്ദേശമായിരിക്കുവാന്‍ ന്യായമില്ല. കാരണം വീണുപോയ ദൂതന്‍മാര്‍ക്ക്‌ വീണ്ടെടുപ്പില്ലല്ലോ (എബ്രാ.2:16). ഒരു പക്ഷെ അത്‌ പിശാചിന്റെയും അവന്റെ സേനകളുടെയും മേലുള്ള തന്റെ ജയഘോഷമായിരുന്നിരിക്കാം താന്‍ ചെയ്തത്‌ (1പത്രോ.3:22; കൊലോ.2:15). എഫേ.4:8-10 വരെ വായിക്കുമ്പോള്‍ ക്രിസ്തു പറുദീസയിലും (ലൂക്കോ.16:20;23:43) പോയി തന്റെ മരണത്തിനു മുമ്പു തന്നില്‍ വിശ്വസിച്ചിരുന്നവരെ സ്വര്‍ഗ്ഗത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി എന്നും മനസ്സിലാക്കണം. ഈ വേദഭാഗത്ത്‌ വളരെ വിശദീകരണങ്ങള്‍ ഒന്നും ഇല്ലെങ്കിലും "ബദ്ധന്‍മാരെ പിടിച്ചു കൊണ്ടു പോയി" എന്ന പ്രയോഗത്തില്‍ നിന്ന് നാം അങ്ങനെയാണ്‌ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതെന്ന് അനേക വേദപണ്ഡിതന്‍മാര്‍ വിശ്വസിക്കുന്നു.

അവസാനമായി പറയട്ടെ. ആ മൂന്നു ദിവസങ്ങളെപ്പറ്റി വളരെ അധികം വിശദീകരണങ്ങള്‍ ബൈബിള്‍ തരുന്നില്ല. താന്‍ പാതാളത്തില്‍ പോയി പിശാചിന്റെ മേലും അവന്റെ സൈന്യങ്ങളുടെ മേലും ജയഘോഷം പ്രഖ്യാപിച്ചെന്നും പറുദീസയില്‍ പോയി തന്റെ മരണത്തിനു മുമ്പ്‌ തന്നില്‍ വിശ്വസിച്ചിരുന്നവരെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചെന്നും മനസ്സിലാക്കേണ്ടതാണ്‌. ഏതായാലും മരണാനന്തരം ആര്‍ക്കെങ്കിലും രക്ഷിക്കപ്പെടുവാന്‍ അവസരം കൊടുത്തു എന്ന് ചിന്തിക്കുവാന്‍ പാടില്ലാത്തതാണ്‌. ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും എന്നത്‌ ദൈവത്തിന്റെ മാറ്റമില്ലാത്ത വ്യവസ്ഥയാണ്‌ (എബ്ര.9:27). ഒരിക്കലും മരണശേഷം വീണ്ടും ഒരവസരം ലഭിക്കുകയില്ല. തന്റെ മരണത്തിനും ഉയർപ്പിനുമിടയിലുള്ള ദിവസങ്ങളിൽ കർത്താവു എന്ത് ചെയ്യുകയായിരുന്നു എന്ന് ഇതിലും വ്യക്തമായ മറുപടി ലഭ്യമല്ല. ഒരുപക്ഷെ ഒരു മർമ്മമായി ഇത് അവശേഷിക്കുന്നു.അവന്റെ സന്നിധിയിൽ നാം എത്തുമ്പോൾ നമുക്കതു മനസിലാക്കുവാൻ സാധിക്കുമായിരിക്കും

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ഇടയിലുള്ള മൂന്നു ദിവസങ്ങള്‍ യേശുകര്‍ത്താവ്‌ എവിടെആയിരുന്നു?
© Copyright Got Questions Ministries