ചോദ്യം
യേശുക്രിസ്തു ഉയിര്‍ത്തെഴുനനേസറ്റു എന്നു പറയുന്നത് സത്യമാണോ?
ഉത്തരം
യേശുക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നതിന് മറുക്കാനാവാത്ത തെളിവുകള്‍ വേദപുസ്തകം തരുന്നുണ്ട്. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതായി മത്ത.28:1-20; മര്‍ക്കോ.16:1-20; ലൂക്കോ.24:1-53; യോഹ.20:1-21:25 എന്നീ വേദഭാഗങ്ങള്‍ പറയുന്നു. അപ്പോ.1:1-11 വരെയുള്ള വാക്യങ്ങളിലും ഇതു പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗങ്ങളില്‍ നിന്ന് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന് അനേക തെളിവുകള്‍ നമുക്ക് ലഭ്യമാണ്.
ഇതില്‍ അതിപ്രധാനമായത് തന്റെ ശിഷ്യന്‍മാരില്‍ വന്ന നാടകീയമായ വ്യത്യാസമാണ്. പേടിച്ചരണ്ട് ഒളിവില്‍ പോയിരുന്ന ശിഷ്യന്‍മാര്‍ ധൈര്യശാലികളായി മാറി ലോകം ആസകലം സുവിശേഷത്തിന്റെ സാക്ഷികളായിത്തീര്‍ന്നു. അവര്‍ക്കുണ്ടായ ഈ മാറ്റത്തിനു കാരണം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു അവര്‍ക്ക് വെളിപ്പെട്ടതല്ലാതെ മറ്റെന്താണ്?
രണ്ടാമത്തെ തെളിവ് അപ്പൊസ്തലനായ പൌലൊസിന്റെ ജീവിതമാണ്. സഭയെ പീഡിപ്പിച്ചിരുന്ന ശൌല്‍ എന്ന പരീശന്‍ ക്രിസ്തുവിന്റെ അപ്പൊസ്തലനായി മാറിയത് എങ്ങനെയാണ്? ദമസ്കോസിന്റെ പടിയ്ക്കല്‍ വച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു അവനു പ്രത്യക്ഷനായി എന്നതാണ് കാരണം എന്ന് താന്‍ തന്നെ പറയുന്നു (അപ്പൊ.9:1-6).
മൂന്നാമത്തെ അസന്നിഗ്ദമായ തെളിവ് ഇന്നും തുറക്കപ്പെട്ടുകിടക്കുന്ന കല്ലറയാണ്. ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നു എങ്കില്‍ അവന്റെ ശരീരം എവിടെ പോയി? അവന്റെ ശരീരം അടക്കം ചെയ്തിരുന്ന സ്ഥലം ശിഷ്യന്‍മാര്‍ അറിഞ്ഞിരുന്നു. അവര്‍ അവിടെ തിരികെ ചെന്നപ്പോള്‍ അവന്റെ ശരീരം അവിടെ കണ്ടില്ലെന്നു മാത്രമല്ല താന്‍ മുന്‍്കൂട്ടി പറഞ്ഞിരുന്നതുപോലെ അവന്‍ ഉയിര്‍ത്തെഴുന്നേറ്റതായി ദൂതന്‍മാര്‍ അവരോടു പറയുന്നതും അവർ കേട്ടു (മത്താ.28:5-7).
നാലാമത്തെ തെളിവ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു പ്രത്യക്ഷപ്പെട്ട അനേകരാണ് മത്താ.28:5,9,16-17; മര്‍ക്കോ.16:9; ലൂക്കോ.24:13-35; യോഹ.20:19,24,26-29, 21:1-14; അപ്പൊ.1:6-8; 1കൊരി.15:5-7 എന്നീ വേദഭാഗങ്ങളില്‍ അവരെപ്പറ്റി നാം വായിക്കുന്നു.
ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്റെ മറ്റൊരു പ്രധാന തെളിവ് അപ്പൊസ്തലന്‍മാര്‍ അതിനു കൊടുത്തിരുന്ന പ്രാധാന്യമാണ്. 1കൊരി.15 ആം അദ്ധ്യായം അധികം പ്രാധാന്യം അര്‍ഹിക്കുന്ന അദ്ധ്യായമാണ്. നാം എന്തുകൊണ്ടു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പില്‍ വിശ്വസിക്കയും അതിന്റെ പ്രാധാന്യം എന്തെന്ന് മനസ്സിലാക്കയും ചെയ്യണമെന്ന് ഈ അദ്ധ്യായത്തില്‍ പൌലൊസ് വിശദീകരിക്കുന്നു. താഴെപ്പറയുന്ന കാരണങ്ങള്‍ കൊണ്ട് ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. 1) ക്രിസ്തു ഉയിര്‍ത്തില്ലെങ്കില്‍ വിശ്വാസികളും ഉയിര്‍ക്കയില്ല (വാക്യ.12-15).2) ക്രിസ്തുവിന്റെ ഉയിര്‍പ്പാണ് അവന്റെ ബലിമരണത്തെ സാധൂകരിക്കുന്നത് (വാക്യ.16-19). പാപ പരിഹാരത്തിനായി ദൈവം അവന്റെ മരണത്തെ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് അവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്. അവന്‍ ഉയിര്‍ത്തില്ലായിരുന്നു എങ്കില്‍ നമുക്ക് നിത്യജീവന്‍ ലഭിക്കുമായിരുന്നില്ല. "എന്നാല്‍ ക്രിസ്തു നിദ്രകൊണ്ടവരില്‍ ആദ്യഫലമായി മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തിരിക്കുന്നു" (1കൊരി.15:20).
അവസാനമായി, ക്രിസ്തു ഉയിര്‍ത്തതുപോലെ തന്നില്‍ വിശ്വസിക്കുന്ന എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് വചനം പഠിപ്പിക്കുന്നു (1കൊരി.15:20-23). തന്റെ ഉയിര്‍പ്പു മൂലം ക്രിസ്തു പാപത്തിന്‍മേല്‍ എങ്ങനെ ജയാളി ആയിത്തീര്‍ന്നു എന്നും തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ജയജീവിതം എങ്ങനെ സാധ്യമാക്കുന്നു എന്നും ഈ അദ്ധ്യായം നമ്മെ പഠിപ്പിക്കുന്നു (വാക്യ.24-34). നമുക്കു ലഭിക്കുവാനിരിക്കുന്ന തേജസ്കരിക്കപ്പെട്ട ശരീരത്തെപ്പറ്റി ഈ അദ്ധ്യായം വിവരിക്കുന്നു (വാക്യ.35-49). തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും മരണത്തിന്‍മേല്‍ ജയം ഉണ്ടാകും എന്ന് ഈ അദ്ധ്യായം വിളമ്പരം ചെയ്യുന്നു (വാക്യ.50-58).
ക്രിസ്തുവിന്റെ ഉയിര്‍പ്പ് എന്നത് എത്ര മഹനീയമായ ഒരു സത്യമാണ്! "ആകയാല്‍ എന്റെ പ്രീയ സഹോദരന്‍മാരേ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ത്ഥമല്ല എന്ന് അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്റെ വേലയില്‍ എപ്പോഴും വര്‍ദ്ധിച്ചുവരുന്നവരും ആകുവീന്‍" (1കൊരി.15:58). വേദപുസ്തകതതിചന്റെ അടിസ്ഥാനത്തില്‍ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതില്‍ അല്‍പം പോലും സംശയം ഇല്ല. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു അഞ്ഞൂറില്‍ അധികം പേര്‍ക്കു പ്രത്യക്ഷ നായെന്നു വേദപുസ്തകം പറയുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ അസ്ഥിവാരമായി ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനെ വേദപുസ്തകം ദര്‍ശിക്കുന്നു.
English
യേശുക്രിസ്തു ഉയിര്‍ത്തെഴുനനേസറ്റു എന്നു പറയുന്നത് സത്യമാണോ?