ചോദ്യം
ഏതു ദിവസമാണ് ശബ്ബത്ത്, ശനിയോ ഞായറോ? ക്രിസ്തീയ വിശ്വാസികള്‍ ശബ്ബത്ത് ആചരിക്കേണ്ട ആവശ്യമുണ്ടോ?
ഉത്തരം
പുറപ്പാട് 20:11 ല്‍ ശബ്ബത്ത് ആചരണത്തിനോടുള്ള ബന്ധത്തില്‍ സൃഷിപ്പിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതുകൊണ്ട് ഏദെനില്‍ നിന്നു തന്നെ ശബത്ത് ആചരണം ദൈവം ഏര്‍പ്പെടുത്തി എന്ന് ചിലർ അഭിപ്രായപ്പെടാറുണ്ട്. ഒരു പക്ഷെ ഭാവിയില്‍ വരുവാനിരിക്കുന്ന കല്‍പനയുടെ നിഴലായി അതിനെ കാണുവാന്‍ കഴിയുമെങ്കിലും, യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്ന് പുറപ്പെടുന്നതു വരെ ശബ്ബത്ത് ആചരണത്തെപ്പറ്റി ഒരു സൂചന പോലും എവിടേയും കാണാനില്ല. മോശെയുടെ കാലം വരെ ആരെങ്കിലും ശബ്ബത്ത് ആചരിച്ചിരുന്നു എന്നതിന് വേദപുസതെകത്തില്‍ ഒരു തെളിവും ഇല്ല.
ശബ്ബത്ത് ആചരണം ദൈവത്തിനും യിസ്രായേല്‍ ജനത്തിനും ഇടയില്‍ ദൈവം ഏര്‍പ്പെടുത്തിയിരുന്ന ഒരു അടയാളം ആയിരുന്നു എന്ന് വേദപുസ്തകം വളരെ വ്യക്തമായി പറയുന്നുണ്ട്. "ആകയാല്‍ യിസ്രായേല്‍മക്കള്‍ തലമുറ തലമുറയായി നിത്യനിയമമായി ആചരിക്കേണ്ടതിന് ശബ്ബത്തിനെ പ്രമാണിക്കേണം. അത് എനിക്കും യിസ്രായേല്‍ മക്കള്‍ക്കും മദ്ധ്യേ എന്നേയ്ക്കും ഒരു അടയാളം ആകുന്നു. ആറു ദിവസം കൊണ്ടല്ലൊ ദൈവം ആകാശത്തെയും ഭൂമിയേയും ഉണ്ടാക്കിയത്; ഏഴാം ദിവസം അവന്‍ സ്വസ്തമായിരുന്നു വിശ്രമിച്ചു" (പുറ.31:16-17).
ആവര്‍ത്തനം 5ആം അദ്ധ്യായത്തില്‍ അടുത്ത തലമുറയ്ക്കായി പത്തു കല്‍പനകളെ മോശെ 12-14 വരെ വാക്യങ്ങളില്‍ ആവര്‍ത്തിച്ചപ്പോള്‍ യിസ്രായേല്‍ എന്തുകൊണ്ട് ശബ്ബത്ത് ആചരിക്കണം എന്നതിനുള്ള കാരണം 15 ആം വാക്യത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അതിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. "നീ മിസ്രയീം ദേശത്ത് അടിമ ആയിരുന്നു എന്നും അവിടെ നിന്നും നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജം കൊണ്ടും പുറപ്പെടുവിച്ചു എന്നും ഓര്‍ക്ക. അതുകൊണ്ട് ശബ്ബത്തു നാള്‍ ആചരിപ്പാന്‍ നിന്റെ ദൈവമായ യഹോവ നിന്നോട് കലിച്ചു".
ദൈവം യിസ്രായേലിനോട് ശബ്ബത്ത് ആചരിക്കുവാന്‍ പറഞ്ഞത് സൃഷ്ടിപ്പിനെ ഓര്‍ക്കുവാന്‍ വേണ്ടി അല്ല, മറിച്ച്, അവര്‍ മിസ്രയേമില്‍ അടിമകള്‍ ആയിരുന്നു എന്നും ദൈവം അവരെ അത്ഭുതമായി വിടുവിച്ചു എന്നും ഓര്‍ക്കുവാന്‍ വേണ്ടിയാണ്. ശബ്ബത്തിന്റെ നിബന്ധനകള്‍ എന്തൊക്കെ ആണ് എന്ന് ശ്രദ്ധിക്കാം. ശബ്ബത്തില്‍ വീടിനു വെളിയില്‍ വരുവാന്‍ പാടില്ല (പുറ.16:29). വീട്ടില്‍ തീ കത്തിക്കുവാന്‍ പാടില്ല (പുറ.35:3). വേറെ ആരെക്കൊണ്ടും ജോലി ചെയ്യിക്കുവാനും പറ്റില്ല (ആവ.5:14). ശബ്ബത്തിലെ നിബന്ധനകള്‍ ലംഘിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കണം (പുറ.31:15; സംഖ്യ.15:32-35).
ശബ്ബത്തിനെപ്പറ്റി പുതിയ നിയമം പഠിപ്പിക്കുന്ന നാലു കാര്യങ്ങള്‍ ശ്രദ്ധേയമാണ്. 1) ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് തന്നെത്താന്‍ വെളിപ്പെടുത്തിയ ദിവസം ഏതെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എപ്പോഴും ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ ആയിരുന്നു എന്ന് എടുത്തു പറഞ്ഞിട്ടുണ്ട് (മത്താ.28:1, 9,10; മര്‍ക്കോ.16:9; ലൂക്കോ.24:1.13.15' യോഹ.20:19,26). 2)അപ്പൊ. പ്രവര്‍ത്തികള്‍ മുതല്‍ വെളിപ്പാടുവരെ വായിച്ചാല്‍ യെഹൂദന്‍മാരുടെ സുവിശേഷീകരണത്തെപ്പറ്റി പറയുമ്പോഴല്ലാതെ ശബ്ബത്തിനെപ്പറ്റി ഒരിടത്തും പറഞ്ഞിട്ടില്ല, അതിന്റെ പശ്ചാത്തലം എപ്പോഴും യെഹൂദന്റെ ആലയവുമായി ബന്ധപ്പെട്ടുമായിരിക്കും. (അപ്പൊ13-18) പൌലൊസ് ഇങ്ങനെ പറഞ്ഞു: "യെഹൂദന്‍മാരെ നേടേണ്ടതിന് ഞാന്‍ യെഹൂദനെപ്പോലെയായി " (1കൊരി.9:20). പൌലൊസ് അവരുടെ പള്ളിയില്‍ പോയത് അവരോടൊന്നിച്ച് ആരാധിക്കുവാനോ കൂട്ടായ്മ ആചരിക്കുവാനോ ആയിരുന്നില്ല; മറിച്ച് അവരോട് ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാനായിരുന്നു. 3) ഒരിക്കല്‍ പൌലൊസ് ഇങ്ങനെ പറഞ്ഞു: "ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും" (അപ്പൊ.18:6). ഇതിനു ശേഷം ശബ്ബത്തിനെപ്പറ്റി നാം വായിക്കുന്നതേ ഇല്ല. 4) പുതിയ നിയമത്തില്‍ എവിടെയെങ്കിലും ശബ്ബത്ത് ആചരിക്കുവാന്‍ പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ അവര്‍ കൂടി വന്നതായി പറഞ്ഞിട്ടുമുണ്ട് (അപ്പൊ. 20:7). കൊലൊ.2:16 ല്‍ ശബ്ബത്ത് ആചാരത്തിന് എതിരായി ഒരു പരാമര്‍ശവും കാണുന്നുണ്ട്.
മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ പുതിയ നിയമ വിശ്വാസികള്‍ ശബ്ബത്ത് ആചരിക്കുവാന്‍ കടപ്പെട്ടിരിക്കുന്നവര്‍ അല്ല എന്നു മാത്രമല്ല ഞായറാഴ്ചയെ പുതിയ നിയമ ശബ്ബത്തായി കാണുന്നതും വേദാനുസരണമല്ല എന്ന് താഴെപ്പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ വ്യക്തമാക്കുന്നു. കൊലോസ്യ ലേഖനത്തില്‍ പൌലൊസ് പറയുന്നത് ശ്രദ്ധിക്കുക. "അതുകൊണ്ട് ഭക്ഷണ പാനങ്ങള്‍ സംബന്ധിച്ചോ, പെരുന്നാള്‍, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്. ഇവ വരുവാനുള്ളവയുടെ നിഴലത്രെ. ദേഹം എന്നതോ ക്രിസ്തുവിന്നുള്ളത്" (കൊലൊ.2:16-17). മുകളിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ജാതികളുടെ അടുക്കൽ പോവുകയാണ് എന്ന് സൂചിപ്പിച്ചതിനു ശേഷം ഈ ഒരു ഭാഗത്തു മാത്രമേ ശബ്ബത്ത് എന്ന പദം പൗലോസ് ഉപയോഗിക്കുന്നുള്ളൂ. ക്രിസ്തു ക്രൂശില്‍ മരിച്ചപ്പോള്‍ "ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതികൂലവും ആയിരുന്ന കയ്യെഴുത്തു മായിച്ച് ക്രൂശില്‍ തറച്ച് നടുവില്‍ നിന്ന് നീക്കിക്കളഞ്ഞു " (കൊലൊ. 2:14).
പുതിയനിയമത്തിൽ ഈ ആശയം ഒന്നിലധികം തവണ രേഖപ്പെടുത്തിയിട്ടുണ്ട്. "ഒരുവന്‍ ഒരു ദിവസത്തേക്കാള്‍ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുത്തന്‍ സകല ദിവസങ്ങളേയും മാനിക്കുന്നു. ഓരോരുത്തന്‍ താന്താന്റെ മനസ്സില്‍ ഉറച്ചിരിക്കട്ടെ. ദിവസത്തെ ആചരിക്കുന്നവന്‍ കര്‍ത്താവിനായി ആചരിക്കുന്നു...." (റോമ.14:5,6(a)."ഇപ്പോഴോ ദൈവത്തെ അറിഞ്ഞും, ദൈവം നിങ്ങളെ അറിഞ്ഞും ഇരിക്കെ നിങ്ങള്‍ പിന്നേയും ബലഹീനവും ദരിദ്രവും ആയ ആദിപാഠങ്ങളിലേയ്ക്ക് തിരിഞ്ഞ് അവയ്ക്ക് പുതുതായി അടിമപ്പെടുവാന്‍ ഇഛിക്കുന്നത് എങ്ങനെ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു" (ഗലാ.4:9:10).
ചിലര്‍ പറയുന്നത് A.D. 321 ല്‍ കുസ്തന്തിനൊസ് ചക്രവര്‍ത്തി പുറപ്പെടുവിച്ച കല്‍പനയുടെ അടിസ്താനത്തിലാണ് ശനിയാഴ്ചക്കു പകരം ഞായറാഴ്ചയ്ക്ക് പ്രാധാന്യം വന്നത് എന്നാണ്. എന്നാല്‍ ആദിമ വിശ്വാസികള്‍ ആരാധനക്കായി കൂടിവന്നത് ഏതു ദിവസം ആയിരുന്നു? അവര്‍ ശബ്ബത്തില്‍ കൂടിവന്നിരുന്നതായി പുതിയ നിയമത്തില്‍ എവിടേയും വായിക്കുന്നില്ല.
പുതിയ നിയമ വിശ്വാസികള്‍ ആരാധനക്കായോ കൂട്ടായ്മക്കായോ ഒരിക്കല്‍ പോലും ശബ്ബത്തില്‍ (ശനിയാഴ്ച) കൂടിവന്നതായി വേദപുസ്തകത്തില്‍ വായിക്കുന്നില്ല. മാത്രമല്ല ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അവര്‍ അപ്പം നുറുക്കുവാന്‍ കൂടി വന്നതായി എടുത്തു പറഞ്ഞിട്ടും ഉണ്ട് (അപ്പൊ. 20:7). വീണ്ടും 1കൊരി.16:2 ല്‍ പൌലൊസ് പറയുന്നത് ശ്രദ്ധിക്കുക. "ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ തോറും നിങ്ങളില്‍ ഓരോരുത്തന്‍ തനിക്കു കഴിവുള്ളത് ചരതിച്ച് തന്റെ പക്കല്‍ വെച്ചുകൊള്ളേണം". ഈ ധര്‍മ്മശേഖരണത്തെക്കുറിച്ച് 2കൊരി.9:12 ല്‍ എടുത്തു പറയുമ്പോള്‍ ദൈവത്തിനു സ്തോത്രം വരുവാന്‍ ഇടയാകും എന്നു പറഞ്ഞിരിക്കുന്നതു കൊണ്ട് ഈ ധര്‍മ്മശേഖരണം അവര്‍ നടത്തിയിരുന്നത് അവര്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ ആരാധനയ്ക്കായി കൂടിവന്നിരുന്നപ്പോള്‍ ആയിരുന്നു എന്ന് ചിന്തിക്കാവുന്നതാണ്. ചരിത്രപരമായി നോക്കുമ്പോള്‍ വിശ്വാസികള്‍ ആരാധനയ്ക്കായി കൂടിവന്നിരുന്നത് ഒരിക്കലും ശനിയാഴ്ചകളില്‍ ആയിരുന്നില്ല ഞായറാഴ്ചകളില്‍ ആയിരുന്നു എന്ന് ഗ്രഹിക്കാവുന്നതാണ്. ഒന്നാം നൂറ്റാണ്ടു മുതല്‍ അത് അങ്ങനെ തന്നെ ആയിരുന്നു.
ശബ്ബത്താചരണം ദൈവം യിസ്രായേലിനു കൊടുത്ത ചട്ടമാണ്. പുതിയ നിയമ സഭയ്ക്കുള്ളതല്ല. ശബ്ബത്ത് ഇന്നും ശനിയാഴ്ച തന്നെയാണ്. ഞായറാഴ്ചത്തേയ്ക്ക് അത് മാറ്റിയിട്ടും ഇല്ല. ശബ്ബത്താചരണം പഴയനിയമ ന്യായപ്രമാണത്തിന്റെ ഭാഗമായിരുന്നു. പുതിയനിയമ വിശ്വാസികള്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരല്ല (ഗലാ.4:1-26; റോമ.6:14). ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരുന്നാൽപോലും ശബ്ബത്ത് ആചരിക്കുവാന്‍ പുതിയനിയമ വിശ്വാസി കടപ്പെട്ടവനല്ല. ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ കര്‍ത്തൃദിവസമായി മാറ്റപ്പെട്ടിരിക്കയാണ് (വെളി.1:10). ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശിരസ്സിന്‍ കീഴിലുള്ള പുതിയ സൃഷ്ടിയുടെ ആഘോഷമാണ് ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ നടക്കുന്ന ആരാധന. മോശെയുടെ കല്‍പന പ്രകാരം ശബ്ബത്തു നാളില്‍ വിശ്രമിക്കുക അല്ല, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ സേവിക്കുകയാണ് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില്‍ നാം ചെയ്യേണ്ടത്. ഏതെങ്കിലും ദിവസത്തെ പ്രത്യേകമായി വിശേഷിപ്പിക്കണമോ വേണ്ടായോ എന്നത് അവരവര്‍ തീരുമാനിക്കട്ടെ എന്നാണ് പൌലൊസ് പറയുന്നത് (റോമ.14:5). ശനിയാഴ്ചയോ ഞായറാഴ്ചയോ അങ്ങനെ ഏതെങ്കിലും ഒരു പ്രത്യേക ദിവസമല്ല, എല്ലാദിനവും നാം ദൈവത്തെ ആരാധിക്കേണ്ടതാണ്. (അപ്പൊ.26:7).
English
ഏതു ദിവസമാണ് ശബ്ബത്ത്, ശനിയോ ഞായറോ? ക്രിസ്തീയ വിശ്വാസികള്‍ ശബ്ബത്ത് ആചരിക്കേണ്ട ആവശ്യമുണ്ടോ?