ചോദ്യം
എന്തൊക്കെയാണ് പത്ത് കല്പനകൾ?
ഉത്തരം
മിസ്രായെമിൽ നിന്നുള്ള പുറപ്പാടിന് ശേഷം ദൈവം യിസ്രായേൽ രാജ്യത്തിന് കൊടുത്ത 10 നിയമങ്ങളാണ് പത്ത് കല്പനകൾ. പഴയനിയമത്തിൽ അടങ്ങിയിരിക്കുന്ന 613 കല്പനകളുടെ രത്നചുരുക്കമാണ് 10 കല്പനകൾ. ആദ്യത്തെ നാല് കല്പനകൾ നാമും ദൈവവും തമ്മിലുള്ള ബന്ധത്തെകുറിച്ചാണ്. അവസാന 6 കല്പനകൾ മനുഷ്യർ തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ചാണ്. ബൈബിളിൽ പുറപ്പാട് 20: 1-17 വരെയും ആവർത്തനം 5: 6-21 വരെയുമുള്ള വാക്യങ്ങളിളാണ് 10 കല്പനകൾ കാണുന്നത്.
1) “ഞാനല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത്.” ഈ കല്പന സത്യ ദൈവത്തെ അല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരാധിക്കുന്നതിന് എതിരെയുള്ളതാണ്. മറ്റെല്ലാ ദൈവങ്ങളും തെറ്റായ ദൈവങ്ങളാണ്.
2) “ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു” (പുറപ്പാട് 20: 4-6) ഈ കല്പന ദൈവത്തിന്റെ മാതൃകയായ ഏതെങ്കിലും വിഗ്രഹം ഉണ്ടാക്കുന്നതിന് എതിരെയാണ്. ദൈവത്തെ ശരിയായി ചിത്രീകരിക്കാവുന്ന രീതിയിൽ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു പ്രതിമയും ഇല്ല. ദൈവത്തെ സൂചിപ്പിക്കുവാൻ വിഗ്രഹം ഉണ്ടാക്കുന്നത് ദൈവം അല്ലാത്തതിനെ ആരാധിക്കുന്നത് പോലെയാണ്.
3) “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.” (പുറപ്പാട് 20: 7) ദൈവ നാമം വൃഥാ എടുക്കുന്നതിന് എതിരെയുള്ള കല്പനയാണിത്. ദൈവനാമം ലഘുവായി എടുക്കുവാൻ പറ്റുന്ന ഒന്നല്ല. ബഹുമാനപൂർവ്വമാണ് ദൈവത്തെ കുറിച്ച് പ്രസ്താവിക്കേണ്ടത്.
4) “ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു. ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.” പുറപ്പാട് 20: 8-11 ശബത്ത് നാളിനെ (ശനിയാഴ്ച്ച, ആഴ്ച്ചയുടെ അവസാന നാൾ) വേർതിരിച്ച് കാണണം എന്നുള്ള കല്പനയാണിത്. ദൈവത്തിന് സമർപ്പിക്കുവാനുള്ള വിശ്രമ ദിവസമാണിത്.
5) “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” (പുറപ്പാട് 20: 12) മാതാപിതാക്കളെ എപ്പോഴും ആദരവോടെയും ബഹുമാനത്തോടെയും കാണുവാനുള്ള കല്പനയാണിത്.
6) “കൊല ചെയ്യരുത്” മറ്റൊരു മനുഷ്യന്റെ മുൻ കൂട്ടി നിശ്ചയിച്ച കൊലപാതകത്തെ പറ്റിയുള്ള കല്പനയാണിത്.
7) “വ്യഭിചാരം ചെയ്യരുത്” – ഒരാളുടെ ഭാര്യയെയോ, ഭർത്താവിനെയോ അല്ലാതെ മറ്റൊരു വ്യക്തിയുമായുള്ള ലൈംഗീക ബന്ധത്തിന് എതിരായുള്ള കല്പനയാണിത്.
8) “മോഷ്ടിക്കരുത്” – അനുവാദം ഇല്ലാതെ മറ്റൊരാളുടെ വസ്തുവകകൾ എടുക്കുന്നതിന് എതിരെയുള്ള കല്പനയാണിത്.
9) “കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.” – മറ്റൊരാളെ കുറിച്ച് തെറ്റായ സാക്ഷ്യം പറയുന്നത് തടയുന്ന കല്പനയാണിത്. കള്ളം പറയുന്നതിനും എതിരെയുള്ള കല്പനയാണിത്.
10) “കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.” – മറ്റുള്ളവരുടേത് ആഗ്രഹിക്കുന്നതിന് എതിരെയുള്ള കല്പനയാണിത്. മോഹം മറ്റ് കല്പനകളുടെ ലംഘനത്തിലേക്ക് നയിക്കാം. ഒരു കാര്യം ചെയ്യുന്നത് തെറ്റാണെങ്കിൽ അത് ചെയ്യുവാൻ ആഗ്രഹിക്കുന്നതും തെറ്റാണ്.
മരണശേഷം സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനം വാഗ്ദാനം ചെയ്യുന്ന നിയമങ്ങളായിട്ടാണ് പലരും 10 കല്പനയെ തെറ്റിദ്ധരിച്ചിരിക്കുന്നത്. പ്രത്യുത നിയമങ്ങൾ പൂർണ്ണമായി അനുസരിക്കുവാൻ (റോമർ 7: 7-11) ദൈവത്തിന്റെ കരുണയും കൃപയും ഇല്ലാതെ കഴിയില്ല എന്ന് മനസ്സിലാക്കി തരുന്നതാണ് 10 കല്പനകൾ. മത്തായി 19: 16 ലെ ധനികനായ യുവാവ് അവകാശപ്പെടുന്നത് പോലെ ആർക്കും 10 കല്പനകൾ പൂർണ്ണമായി അനുസരിക്കുവാൻ സാധിക്കയില്ല. (സഭാ പ്രസംഗി 7: 20) നാം എല്ലാം പാപികൾ ആക കൊണ്ട് (റോമർ 3: 23) യേശു ക്രിസ്തുവിൽ ഉള്ള വിശ്വാസത്തിലൂടെ ലഭ്യമാകുന്ന ദൈവ കരുണയ്ക്കും കൃപയ്ക്കും ആവശ്യക്കാരാണെന്ന് 10 കല്പനകൾ തെളിയിക്കുന്നു.
English
എന്തൊക്കെയാണ് പത്ത് കല്പനകൾ?