settings icon
share icon
ചോദ്യം

എന്താണ്‌ അജ്ഞയതവാദം?

ഉത്തരം


ഒരു ദൈവം ഉണ്ടോ എന്ന്‌ തെളിയിക്കുവാൻ കഴിയുകയില്ല എന്ന ചിന്താഗതിയാണ് അജ്ഞയതവാദം. “അറിവില്ലായ്മ” എന്നാണ് അജ്ഞയത എന്ന വാക്കിന്റെ അർത്ഥം. നിരീശ്വരവാദത്തിന്റെ മറ്റൊരു രൂപമാണിത്. ദൈവം ഇല്ല എന്നും ദൈവം ഉണ്ട് എന്ന് തെളിയിക്കുവാൻ കഴിയുകയില്ല എന്നും വാദിക്കുന്നവരാണ് നിരീശ്വരവാദികൾ. അജ്ഞയതവാദികൾ വിശ്വസിക്കുന്നത്‌ ദൈവാസ്ഥിത്വത്തെപ്പറ്റി നമുക്ക്‌ വ്യക്തമായി ഒന്നും പറയുവാൻ സാധിക്കയില്ല എന്നാണ്‌. അവര്‍ പറയുന്നത്‌ വാസ്തവത്തിൽ ശരിയാണ്‌. ഏതെങ്കിലും പരീക്ഷണങ്ങളില്‍ കൂടെ ദൈവം ഉണ്ടോ എന്ന്‌ തെളിയിക്കുവാൻ ആര്‍ക്കും സാധിക്കയില്ലല്ലോ.

ദൈവം ഉണ്ട്‌ എന്നത്‌ നാം വിശ്വാസത്താൽ സ്വീകരിക്കണം എന്നാണ്‌ വേദപുസ്തകം പറയുന്നത്‌. "എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട്‌ എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക്‌ പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ" (എബ്രായർ 11:6). ദൈവം ആത്മാവാകുന്നു (യോഹന്നാൻ 4:24). അതുകൊണ്ട്‌ നമുക്കവനെ കാണുവാനോ സ്പര്‍ശിക്കുവാനോ സാധിക്കയില്ല. ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ നമുക്ക്‌ അവനെ അറിയുവാൻ സാധിക്കയില്ല (റോമർ 1:20). വേദപുസ്തകം പറയുന്നത്‌ അഖിലാണ്ഡത്തിൽ ദൈവം തന്നെത്താൻ വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്നാണ്‌ (സങ്കീർത്തനം 19:1-4). പ്രകൃതിയില്‍ നിന്ന്‌ അവനെ വിവേചിച്ചറിയുവാൻ കഴിയും എന്ന്‌ വേദപുസ്തകം പറയുന്നു (റോമർ 1:18-22). ദൈവാസ്തിത്വം നമ്മുടെ ഹൃദയങ്ങളില്‍ ഉറപ്പിക്കപ്പെട്ടിട്ടും ഉണ്ട്‌ എന്ന്‌ ബൈബിൾ പറയുന്നു (സഭാപ്രസംഗി 3:11).

അജ്ഞയതവാദികള്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തീര്‍ത്തു പറയുവാൻ കഴിയാത്തവരാണ്‌. നിരീശ്വരവാദത്തിന്റെയും ദൈവ വിശ്വാസത്തിന്റെയും മദ്ധ്യത്തിലെ ബുദ്ധിപരമായ തീരുമാനമാണ്‌ ഈ നില എന്ന്‌ അവർ കരുതുന്നു. നിരീശ്വരവാദികള്‍ ദൈവം ഇല്ലാ എന്ന്‌ ശഠിക്കുന്നവരാണ്‌. വിശ്വാസികള്‍ ദൈവം ഉണ്ടെന്ന്‌ ശഠിക്കുന്നു. ഇവരുടെ മദ്ധ്യത്തില്‍ അജ്ഞയതവാദികൾ നിലകൊള്ളുന്നു.

തല്‍ക്കാലം വാദത്തിനുവേണ്ടി ദൈവം ഉണ്ട്‌ എന്നതിന്റെ തെളിവുകൾ മാറ്റിവയ്ക്കാം. തുലാസിന്റെ രണ്ടു തട്ടുകളില്‍ ദൈവവിശ്വാസവും അജ്ഞയതവാദവും വച്ചിട്ട്‌ നിത്യതയുടെ വെളിച്ചത്തിൽ ഏതാണ്‌ കൂടുതല്‍ അഭികാമ്യം എന്ന്‌ നോക്കാം. ഒരു പക്ഷേ, ദൈവം ഇല്ല എങ്കില്‍ വിശ്വാസിയും അജ്ഞയതവാദിയും മരണത്തോടെ ജീവിതം അവസാനിപ്പിക്കുന്നു. മറിച്ച്‌ ദൈവം ഉണ്ടെന്നു കരുതുക. മരണത്തിനു ശേഷം രണ്ടുപേരും ദൈവത്തിനു മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ട്‌ നിത്യതയുടെ വെളിച്ചത്തില്‍ ദൈവവിശ്വാസം തന്നെയാണ്‌ കൂടുതൽ അഭികാമ്യം എന്നതിൽ രണ്ടുപക്ഷമില്ല.

സംശയം ഉണ്ടാകുക എന്നത്‌ സാധാരണകാര്യമാണ്‌. ഈ ലോകത്തില്‍ നമുക്ക്‌ മനസ്സിലാക്കുവാൻ കഴിയാത്ത അനേക കാര്യങ്ങള്‍ ഉണ്ട്‌. പലപ്പോഴും പലരും ദൈവം ഉണ്ടോ എന്ന് സംശയിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ തീരുമാനങ്ങളും അവന്റെ വഴികളും അവര്‍ക്ക്‌ മനസ്സിലാക്കുവാൻ കഴിയാത്തതുകൊണ്ടാണ്‌. എന്നാല്‍ പരിമിതരായിരിക്കുന്ന നമുക്ക്‌ ഒരിക്കലും അപരിമിതനായ ദൈവത്തേയും അവന്റെ വഴികളേയും പൂര്‍ണ്ണമായി മനസ്സിലാക്കുവാൻ കഴികയില്ല എന്ന് നാം അറിഞ്ഞിരിക്കണം. "ഹാ! ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ്‌ എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു" (റോമർ 11:33). ദൈവത്തേയും അവന്റെ വഴികളേയും നാം വിശ്വാസത്തില്‍ സ്വീകരിച്ച്‌ മനസ്സിലാക്കുവാൻ ശ്രമിക്കണം. ദൈവത്തെ വിശ്വസിക്കുന്നവര്‍ക്കായി തന്നെത്താൻ അത്ഭുതമായി വെളിപ്പെടുത്തുവാൻ ദൈവം ആഗ്രഹിക്കുന്നു. ആവർത്തനം 4:29 ഇങ്ങനെ പറയുന്നു. "എങ്കിലും അവിടെ വെച്ച്‌ നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താൽ അവനെ കണ്ടെത്തും".

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്താണ്‌ അജ്ഞയതവാദം?
© Copyright Got Questions Ministries