settings icon
share icon
ചോദ്യം

ഒരിക്കൽ രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നശിച്ചു പോകുമോ?

ഉത്തരം


ഒരിക്കൽ രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നിത്യതവരെ നിലനിൽക്കുമോ? ഒരുവൻ ക്രിസ്തുവിനെ രക്ഷകനായി ആശ്രയിക്കുമ്പോൾ അയാൾ ദൈവവുമായി നിത്യതയോളം ഉറപ്പുള്ള ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുകയാണ്. തിരുവചനത്തിലെ അനേക വേദഭാഗങ്ങൾ ഇത് ഉറപ്പുവരുത്തുന്നു.

(a) റോമർ.8:30 ഇങ്ങനെ പറയുന്നു. അവൻ മുന്നറിഞ്ഞവരെ വിളിച്ചും, വിളിച്ചവരെ നീതീകരിച്ചും, നീതീകരിച്ചവരെ തേജസ്കരിച്ചും ഇരിക്കുന്നു". ഈ വാക്യം പറയുന്ന സത്യം ദൈവം നമ്മെ തെരഞ്ഞെടുത്ത നാളിൽ നിന്ന് നമ്മെ സ്വർഗ്ഗത്റ്റിൽ അവന്റെ മുമ്പിൽ തേജസ്കരിക്കപ്പെട്ടവരായി അവൻ കാണുന്നു എന്നാണ്. ദൈവത്തിന്റെ സന്നിധിയിൽ നാം തേജസ്കരിക്കപ്പെട്ടവനായിത്തീർന്നതുകൊണ്ട് വാസ്തവത്തിൽ നാം തേജസ്കരിക്കപ്പെട്ടവരായിത്തീരുന്നതിനെ തടയുവാൻ ഒന്നിനും സാധിക്കയില്ല. ഒരുവൻ ഒരിക്കല് നീതീകരിക്കപ്പെട്ടു കഴിഞ്ഞാല് അവന് സ്വര്ഗ്ഗത്തില് ദൈവസന്നിധിയില് തേജസ്കരിക്കപ്പെട്ടു കഴിഞ്ഞതുകൊണ്ട് അവന്റെ രക്ഷ ഉറപ്പായി എന്നർത്ഥം.

(b) റോമർ.8:33,34 ൽ നിർണ്ണായകമായ രണ്ടു ചോദ്യങ്ങൾ അപ്പൊസ്തലനായ പൌലൊസ് ചോദിക്കുന്നു. "ദൈവം തെരഞ്ഞെടുത്തവരെ ആര് കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം, ശിക്ഷവിധിക്കുന്നവന് ആര്? ക്രിസ്തു യേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ. അവൻ ദൈവത്തിന്റെ വലതു ഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു". ദൈവം തെരഞ്ഞെടുത്തവർക്കെതിരായി കുറ്റം ചുമത്തുവാൻ ആർക്കാണ് കഴിയുന്നത്? ആരാലും കഴിയുകയില്ല; കാരണം ക്രിസ്തു നമുക്കായി പക്ഷവാദം ചെയ്യുന്നു. ആർക്കാണ് നമ്മെ വിധിക്കുവാൻ കഴിയുന്നത്? ആർക്കും കഴികയില്ല. കാരണം നമുക്കായി മരിച്ച ക്രിസ്തുവാണ് ന്യായാധിപൻ. നമ്മുടെ വക്കീലും, ന്യായാധിപനും നമ്മുടെ രക്ഷകൻ ആണ്‌.

(c) ഒരുവൻ വിശ്വസിക്കുമ്പോൾ വീണ്ടും ജനനം (പുനർജന്മം) നടക്കുന്നു (യോഹന്നാൻ.3:3; തീത്തോസ്.3:5). അവന്റെ രക്ഷ നഷ്ടപ്പെടണമെങ്കിൽ പുനർജന്മത്തിനാൽ അവനു ലഭിച്ച ജീവൻ ഇല്ലാതാകണം. അത് സംഭവിക്കും എന്ന് ബൈബിൾ പറയുന്നില്ല.

(d) ഒരു വിശ്വാസിയിൽ പരിശുദ്ധാത്മാവ് വാസം ചെയ്യുകയും (യോഹന്നാൻ.14:17; റോമർ.8:9) ആത്മസ്നാനത്തിനാൽ അവൻ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായി തീരുകയും ചെയ്യുന്നു (1കൊരിന്ത്യർ.12:13). അവന്റെ രക്ഷ നഷ്ടപ്പെടെണമെങ്കിൽ ആത്മാവ് അവനിൽ അധിവസിക്കാതിരിക്കയും അവൻ ക്രിസ്തുവിന്റെ ശരീരത്തിൽ നിന്ന് പുറം തള്ളപ്പെടുകയും വേണം.

(e) യോഹന്നാൻ.3:15 പറയുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടെന്നാണ്. നാളെ നശിക്കുന്നതാണെങ്കിൽ അതിന് നിത്യജീവൻ എന്ന് എങ്ങനെ പറയുവാൻ കഴിയും? ഒരു വിശ്വാസിയുടെ രക്ഷ നശിക്കുന്നതാണെങ്കിൽ നിത്യജീവനെപ്പറ്റി വേദപുസ്തകം പറഞ്ഞിരിക്കുന്നതെല്ലാം ഭോഷ്കാണെന്നു വരും.

(f) രക്ഷ നശിക്കയില്ല എന്നതിനുള്ള ഏറ്റവും വലിയ വാദമായി വേദപുസ്തകം വ്യക്തമായി ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. "മരണത്തിനോ, ജീവനോ, ദൂതന്മാർക്കോ, വാഴ്ചകൾക്കോ, അധികാരങ്ങൾക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, ഉയരത്തിനോ, ആഴത്തിനോ, മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു" (റോമർ 8:38-39). നിങ്ങളെ രക്ഷിച്ച ദൈവം നിങ്ങളെ സൂക്ഷിക്കുകയും ചെയ്യും. ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നെന്നേക്കുമായി രക്ഷിക്കപ്പെട്ടതാണ്. നമ്മുടെ രക്ഷ നിത്യ രക്ഷയാണ് എന്നത് നിത്യമായി ഉറപ്പുള്ള കാര്യമാണ്.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഒരിക്കൽ രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നശിച്ചു പോകുമോ?
© Copyright Got Questions Ministries