ചോദ്യം
എന്താണ് പകരമായുള്ള പ്രായശ്ചിത്തം?
ഉത്തരം
പകരമായുള്ള പ്രായശ്ചിത്തം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് യേശുക്രിസ്തു പാപികൾക്ക് പകരമായി മരിച്ചു എന്നാണ്. സകല മനുഷ്യരും പാപികൾ ആകുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (റോമർ 3:9-18, 23). നമ്മുടെ പാപത്തിന്റെ ശിക്ഷ മരണം ആണ്. റോമർ 6:23 ൽ ഇങ്ങനെ വായിക്കുന്നു. "പാപത്തിന്റെ ശമ്പളം മരണം അത്രേ; ദൈവത്തിന്റെ കൃപാവരമോ, നമ്മുടെ കര്‍ത്താവായ യേശുവിൽ നിത്യജീവൻ തന്നെ."
ഈ വാക്യം നമ്മെ പല കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ക്രിസ്തു ഇല്ലെങ്കില്‍, നാം നമ്മുടെ പാപത്തിന്റെ ഫലമായി മരിച്ച് നമ്മുടെ നിത്യത നരകത്തിൽ ചെലവിടേണ്ടി വരുമായിരുന്നു. വേദപുസ്തകത്തില്‍ മരണം എന്ന വാക്കിന്റെ അര്‍ത്ഥം "അകല്‍ച്ച" എന്നാണ്. എല്ലാവരും ഒരു ദിവസം മരിക്കുന്നു. എന്നാല്‍ മരണശേഷം ചിലർ ദൈവത്തോടുകൂടെ സ്വര്‍ഗ്ഗത്തിലും മറ്റുള്ളവര്‍ ദൈവത്തിൽ നിന്ന് അകന്ന് നരകത്തിലും അവരുടെ നിത്യത ചെലവഴിക്കും. ഇതല്ലാതെ ഈ വാക്യം മറ്റൊരു സത്യം നമ്മെ പഠിപ്പിക്കുന്നത് ക്രിസ്തുവില്‍ കൂടെ നമുക്കു നിത്യജീവന്‍ ഉണ്ട് എന്ന സത്യമാണ്. ഇത് സാധ്യമാകുന്നത് ക്രിസ്തു നമുക്കായി പകരമായി മരിച്ചത് മൂലമാണ്.
ക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ അവൻ നമുക്കു പകരം ആയിരുന്നു മരിച്ചത്. നാം പാപത്തില്‍ ജീവിക്കുന്നതുകൊണ്ട് വാസ്തവത്തിൽ നാം ആയിരുന്നു ക്രൂശിൽ മരിക്കേണ്ടി ഇരുന്നത്. എന്നാല്‍ നമുക്കു പകരമായി നമ്മുടെ ശിക്ഷ അവൻ ഏറ്റു വാങ്ങി. അവന്‍ നമ്മുടെ പകരക്കാരനായി നിന്ന് നമുക്ക് ന്യായമായി വരേണ്ടി ഇരുന്ന ശിക്ഷ ഏറ്റുവാങ്ങി എന്നര്‍ത്ഥം. "പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവന്‍ നമുക്കു വേണ്ടി പാപം ആക്കി" (2 കൊരിന്ത്യർ .5:21).
"നാം പാപം സംബന്ധിച്ച് മരിച്ച് നീതിക്ക് ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നു കൊണ്ട് ക്രൂശിന്‍മേൽ കയറി; അവന്റെ അടിപ്പിണരുകളാല്‍ നിങ്ങള്‍ക്ക് സൌഖ്യം വന്നിരിക്കുന്നു" (1പത്രോസ്.2:24). ഈ വാക്യവും നമ്മെ പഠിപ്പിക്കുന്നത് ക്രിസ്തു നമ്മുടെ ശിക്ഷ ഏൽക്കുവാൻ വേണ്ടി നമ്മുടെ പാപങ്ങളെ വഹിച്ചു എന്നാണ്. അടുത്ത അദ്ധ്യായത്തില്‍ നാം ഇങ്ങനെ വായിക്കുന്നു. "ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് നീതിമാനായി നീതികെട്ടവര്‍ക്കു വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്‍ക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു" (1പത്രോസ്.3:18). അവന്‍ നമുക്ക് പകരമായി ആയി എന്നു മാത്രമല്ല, അവന്‍ നമ്മുടെ പ്രായശ്ചിത്തമായി എന്നും ഈ വാക്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. പ്രായശ്ചിത്തം എന്നു പറഞ്ഞാൽ പാപത്തിന്റെ ന്യായമായ ശിക്ഷ അവൻ വഹിച്ച് ദൈവനീതി നിറവേറ്റി എന്നര്‍ത്ഥം.
ക്രിസ്തുവിന്റെ പ്രാതിനിധ്യ പ്രായശ്ചിത്തത്തെപ്പറ്റി പഠിപ്പിക്കുന്ന വേറൊരു വേദഭാഗം യെശയ്യാവ് 53:5 ആണ്. ക്രൂശിന്‍മേൽ മരിക്കുവാനായി ക്രിസ്തു വരുന്നതിനെപ്പറ്റി ആണ് ഈ വാക്യം പറയുന്നത്. വളരെ വ്യക്തമായും വിപുലമായും പറഞ്ഞിരിക്കുന്ന ഈ പ്രവചന വാക്യങ്ങള്‍ ക്രിസ്തുവിൽ അക്ഷരം പ്രതി നിറവേറി. "എന്നാല്‍ അവൻ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനു വേണ്ടിയുള്ള ശിക്ഷ അവന്റെ മേൽ ആയി. അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നിരിക്കുന്നു." ഇവിടെയും ക്രിസ്തു നമ്മുടെ പകരക്കാരന്‍ ആയത് വ്യക്തമാണ്. അവന്‍ നമുക്കു വേണ്ടി നമ്മുടെ കടം കൊടുത്തു വീട്ടി.
നമ്മുടെ പാപത്തിന്റെ ശിക്ഷ നിത്യ നരകാഗ്നി ആണ്. എന്നാല്‍ ദൈവപുത്രനായ ക്രിസ്തു നമ്മുടെ പരിഹാരിയായി വന്നു. അവന്‍ ഇത് നമുക്കു വേണ്ടി ചെയ്തതു കൊണ്ട് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട്, നിത്യത അവനോടൊപ്പം ചെലവഴിക്കുവാനുള്ള ഭാഗ്യം നമുക്ക് ലഭിച്ചു. ഈ ഭാഗ്യങ്ങൾ നമുക്ക് സ്വന്തമാക്കുവാൻ, അവൻ ക്രൂശിൽ മരിച്ചത് നമുക്കു വേണ്ടി ആയിരുന്നു എന്ന് നാം വിശ്വസിച്ച് അവനിൽ ശരണപ്പെട്ടാൽ മാത്രം മതി. നമ്മെത്തന്നെ രക്ഷിക്കുവാന്‍ നമുക്കു സാധിക്കയില്ല. ഒരു പകരക്കാരന്‍ ഉണ്ടാകണം. ക്രിസ്തുവിന്റെ മരണം നമുക്കു പകരം നമ്മുടെ പ്രായശ്ചിത്തം ആയിരുന്നു.
English
എന്താണ് പകരമായുള്ള പ്രായശ്ചിത്തം?