settings icon
share icon
ചോദ്യം

ദൈവത്തിന്റെ ഗുണാതിശയങ്ങള്‍ എന്തൊക്കെയാണ്‌? ദൈവം എങ്ങനെ ഇരിക്കും?

ഉത്തരം


ദൈവം എങ്ങനെയാണു , എങ്ങനെ അല്ല എന്ന് ദൈവ വചനം നമ്മോട് വ്യക്തമായി പറയുന്നുണ്ട്. ദൈവവചനത്തിന്റെ ആധികാരികതയിൽ അല്ലാതെ ദൈവത്തിന്റെ ഗുണാതിശയങ്ങളെ വിശദീകരിക്കുവാനോ, ദൈവത്തെ മനസിലാക്കുവാനോ ശ്രമിച്ചാൽ അത് അതിൽത്തന്നെ വ്യക്തത ഇല്ലാത്തതോ ശരിയല്ലാത്തതോ ആയ ഒരു അഭിപ്രായ പ്രകടനമായി മാറും.(ഇയ്യോബ്42:7 ). ദൈവത്തെ പറ്റിയുള്ള ആ വലിയ അറിവ് പ്രാപിക്കുക എന്നുള്ളത് മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അങ്ങനെ സാധിക്കാതെ വരുമ്പോളാണ് നാം ദൈവഹിതത്തിനു വിപരീതമായി ദൈവമല്ലാത്തവയെ ദൈവമായി ആരാധിക്കുന്നതിനും പിന്തുടരുന്നതിനും കാരണമാകുന്നത് (പുറ 20:3-5).

ദൈവം തന്നേക്കുറിച്ച്‌ വെളിപ്പെടുത്തുവാൻ തീരുമാനിച്ച കാര്യങ്ങള്‍ മാത്രമേ നമുക്ക്‌ അറിയുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ ഗുണാതിശയങ്ങളില്‍ ഒന്ന് അവൻ "വെളിച്ചം" ആകുന്നു എന്നാണ്‌. വെളിച്ചം തന്നെത്താന്‍ വെളിപ്പെടുത്തുന്നതാണല്ലോ (യെശ.60:19; യാക്കോ.1:17). ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്ന കാര്യം ആരും തുച്ഛീകരിക്കുവാന്‍ പാടുള്ളതല്ല; അങ്ങനെയുള്ളവര്‍ അവന്റെ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവരായിത്തീരും (എബ്രാ.4:1). ഈ പ്രപഞ്ചം( സൃഷ്ടി ),വേദപുസ്തകം, ജഡമായിത്തീർന്ന വചനം (യേശുക്രിസ്തു) ഇവ മൂന്നും നാം ദൈവത്തെ അറിയുവാനുള്ള വഴികളാണ്‌.

നമ്മുടെ പഠനം ആരംഭിക്കുമ്പോള്‍ത്തന്നെ ദൈവം നമ്മുടെ സൃഷ്ടികര്‍ത്താവും നാം സൃഷ്ടികളിൽ ഒരുഭാഗവും ആണെന്നും നാം ദൈവസാദൃശ്യത്തിലാണ് സൃഷ്ടിക്കപെട്ടതെന്നും മനസ്സിലാക്കണം (ഉല്‍പ.1:1; സങ്കീ. 24:1). മനുഷ്യൻ ദൈവത്തിന്റെ മറ്റ് സൃഷ്ടികളേക്കാൾ ഉന്നതനും,അവയുടെമേൽ ആധിപത്യമുള്ളവനുമാണ് സൃഷ്ടിക്കപ്പെട്ടത്. (ഉല്‍പ.1:26-28). സൃഷ്ടിക്കപ്പെട്ട ലോകം മനുഷന്റെ "വീഴ്ച"യാല്‍ അധപ്പതിച്ചു പോയെങ്കിലും ഇന്നും സൃഷ്ടി ദൈവത്തിന്റെ കരവിരുതായി നിലനില്‍ക്കുന്നു (ഉല്‍പ.3:17-18; റോമ. 1:19-20). ഈ പ്രപഞ്ചത്തിന്റെ വലിപ്പം, സങ്കീര്‍ണ്ണത, സൌന്ദര്യം, ഭൃമണപഥം ഇവയെല്ലാം ദൈവത്തിന്റെ മാഹാത്മ്യത്തെ കാണിക്കുന്നു.

ദൈവത്തിനു കൊടുക്കപ്പെട്ട നാമങ്ങൾ / പേരുകൾ ദൈവം ആരാണ്‌ എന്ന് പഠിക്കുവാന്‍ നമ്മെ സഹായിക്കും. അവയില്‍ ചിലത്‌ താഴെ കുറിക്കുന്നു.

എലോഹീം - ശക്തനായവന്‍ , ദൈവം (ഉല്‍പ.1:1)
ആഡോണായ് - കര്‍ത്താവ്‌, ദാസനും യജമാനനുമായുള്ള ബന്ധം (പുറ.4:10,13)
എല്‍ എലിയോണ്‍ - സര്‍വശക്തന്‍, അത്യുന്നതൻ (ഉല്‍പ.14:20)
എല്‍ റോയി - എല്ലാം കാണുന്ന ശക്തനായവന്‍ (ഉല്‍പ.16:13).
എല്‍ ശദായി - സര്‍വശക്തനായ ദൈവം (ഉല്‍പ.17:1).
എല്‍ ഓലാം - നിത്യദൈവം (യെശ.40:28).
യാഹ്‌വെ - ഞാന്‍ ആകുന്നവന്‍, അതായത് നിത്യമായി സ്വയം നിലനിൽക്കുന്ന ദൈവം. (പുറ.3:13-14).

തുടര്‍ന്ന് നാം ദൈവത്തിന്റെ മറ്റു ഗുണാതിശയങ്ങളെ പരിശോധിക്കാം. ദൈവം നിത്യനാണ്‌. എന്നു പറഞ്ഞാല്‍ ദൈവത്തിന്‌ ആരംഭവും അവസാനവും ഇല്ലാത്തവനാണെന്നര്‍ത്ഥം, ദൈവം മരണം ഇല്ലാത്തവനാണ്‌, അളവില്ലാത്തവനാണ്‌ (ആവര്‍.33:27; സങ്കീ.90:2; 1തിമോ.1:17). അവന്‍ മാറ്റമില്ലാത്തവനാണ്‌. അതിന്റെ അര്‍ത്ഥം അവൻ പൂര്‍ണ്ണമായി വിശ്വസിക്കത്തക്കവൻ, ആശ്രയിക്കത്തക്കവൻ ആകുന്നു എന്നാണ്‌ (മലാ.3:6; സംഖ്യ.23:19;സങ്കീ.102:26,27). ദൈവം അതുല്യനാണ്‌. അവനേപ്പോലെ ആളത്വത്തിലും പ്രവര്‍ത്തനത്തിലും മറ്റാരുമില്ല; അവന്‍ അഗ്രഗണ്യനും പരിപൂര്‍ണ്ണനുമാണ്‌ (2ശമു.7:22; സങ്കീ.86:8; യെശ.40:25; മത്താ.5:48). ദൈവം അഗോചരനാണ്‌. അവനെ അളന്നു തിട്ടപ്പെടുത്തുവാന്‍ ആര്‍ക്കും സാധിക്കയില്ല; അവനെ ആരാഞ്ഞറിയുവാനും സാധിക്കുകയില്ല; അവന്‍ ബുദ്ധിക്ക്‌ അപ്പുറമുള്ളവനാണ്‌ (യെശ.40:28; സങ്കീ.145:3; റോമ.11:33,34). ദൈവം നീതിമാനാണ്‌. അവന്‍ മുഖപക്ഷം ഉള്ളവനല്ല; അവന്‍ പക്ഷവാദം കാണിക്കുകയില്ല (ആവ.32:4: സങ്കീ.18:30).

ദൈവം സര്‍വശക്തനാണ്‌. അവന്‌ സകലവും സാധ്യമാണ്‌. അവന്‍ ഇച്ഛിക്കുന്നതെല്ലാം അവനു ചെയ്യുവാന്‍ കഴിയും.എന്നാല്‍ അവന്റെ എല്ലാ പ്രവര്‍ത്തികളും അവന്റെ സ്വഭാവത്തിന്‌ അനുസരിച്ചുള്ളതായിരിക്കും എന്നു മാത്രം (വെളി.19:6; യിര32:17,27). ദൈവം സര്‍വവ്യാപിയാണ്‌. അവന്‍ എപ്പോഴും എല്ലായിടത്തും നിറഞ്ഞിരിക്കുന്നവനാണ്‌. നാം കാണുന്നതെല്ലാം ദൈവമാണെന്നല്ല ഇതിന്റെ അര്‍ത്ഥം (സങ്കീ.139:7-13; യെര.23:23). ദൈവം സര്‍വജ്ഞാനിയാണ്‌. ഭൂത, ഭാവി, വര്‍ത്തമാന കാലങ്ങളെല്ലാം അവന്‌ അറിയാം. അവന്‌ മറഞ്ഞിരിക്കുന്നത്‌ ഒന്നുമില്ല. മനുഷന്റെ സകല ഹൃദയവിചാരങ്ങളും അവന്‍ അറിയുന്നു, അവൻ സകലവവുമറിയുന്നവനാകയാൽ എപ്പോഴും ന്യായത്തോടെ മാത്രം പ്രവർത്തിക്കുന്നവനാണ്. (സങ്കീ.139:1-5; സദൃ.5:21).

ദൈവം ഏകനാണ്‌. അവനല്ലാതെ അവനെപ്പോലെ വേറാരുമില്ലെന്നു മാത്രമല്ല അവന്‍ മാത്രമാണ്‌ നമ്മുടെ സ്തുതി ആരാധനകള്‍ സ്വീകരിക്കത്തക്കവൻ (ആവ.6:4). ദൈവം നീതിമാനാണ്‌. തെറ്റിനെ കണ്ണടച്ചു കാണാതിരിക്കുവാന്‍ അവന്‌ സാധിക്കുകയില്ല. പാപം ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. ദൈവത്തിന്റെ നീതിയും വിശുദ്ധിയും നിമിത്തം, നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുവാൻ യേശുകര്‍ത്താവ്‌ നമ്മുടെ പാപം ചുമന്ന്കൊണ്ട് ക്രൂശിൽ മരിച്ചു. (പുറ.9:27; മത്താ.27:45,46; റോമ.3:21-26).

ദൈവം സര്‍വാധികാരി ആണ്‌. അവനേക്കാള്‍ വലിയവനില്ല. അവന്റെ സര്‍വസൃഷ്ടികളും ചേര്‍ന്ന് അവന്റെ ഹിതത്തിനെതിരായി നിലനില്‍കുവാന്‍ സാധിക്കുകയില്ല (സങ്കീ.93:1; 95:3; യെര.23:20). ദൈവം ആത്മാവാണ്‌; അവന്‍ അശരീരിയാണ്‌. അവനെ കാണുവാന്‍ സാധിക്കയില്ല (യോഹ.1:18; 4:24). ദൈവം ത്രീയേകനാണ്‌. ദൈവത്വം, ശക്തി, മഹത്വം എന്നിവയില്‍ തുല്യരാണ്‌. "പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌" എന്നു പറഞ്ഞിരിക്കുന്ന വേദഭാഗങ്ങളില്‍ 'നാം ' എന്ന ഏകവചന രൂപമാണ്‌ കാണുന്നത്‌ (മത്താ.28:19; മര്‍ക്കോ.1:9-11). ദൈവം സത്യമാണ്‌. താന്‍ ആയിരിക്കുന്നതിനോട്‌ എപ്പോഴും താദാത്മ്യം പ്രാപിച്ച്‌ ഒരിക്കലും അസത്യത്തിന്‌ അവനിൽ സ്ഥാനമില്ല (സങ്കീ.117:2; 1ശമു.15:29). അവന്‌ ഭോഷ്ക്‌ പറയുവാന്‍ സാധിക്കയില്ല. ദൈവം പരിശുദ്ധനാണ്‌. അവനില്‍ അസാന്‍മാര്‍ഗീകത ലവലേശം പോലുമില്ലെന്നു മാത്രമല്ല അവന്‍ അതിനെതിരാണ്‌. ദോഷം കാണുവാന്‍ കഴിയാത്തവനാണവന്‍.

ദോഷം അവനെ കോപിഷ്ടനാക്കും. വിശുദ്ധിയെ അഗ്നിയോടു താരതമ്യപ്പെടുത്തി വേദപുസ്തകം പറയുന്നു. ദൈവത്തെ ദഹിപ്പിക്കുന്ന അഗ്നിയായി വിശേഷിപ്പിച്ചിട്ടുണ്ട്‌ (യെശ.6:3; ഹബ.1:13; പുറ.3:2,4,5; എബ്രാ.12:29). ദൈവം കൃപാലുവാണ്‌. നന്‍മ, കരുണ, ദയ, സ്നേഹം എന്നിവയൊക്കെ ഇതില്‍ അടങ്ങിയിട്ടുണ്ട്‌. ഒരു പക്ഷേ ദൈവം കൃപാലു അല്ലായിരുന്നെങ്കില്‍ നമുക്ക്‌ അവനുമായി യാതൊരു ബന്ധത്തിനും ഇടമുണ്ടാകുമായിരുന്നില്ല. എന്നാല്‍ ദൈവം കൃപാലു ആയതിനാല്‍ നമ്മോടുവ്യക്തിപരമായി ഒരു ബന്ധത്തില്‍ വരുവാന്‍ അവന്‍ ആഗ്രഹിക്കുന്നു (പുറ.34:6, സങ്കീ.39:19; 1പത്രോ.1:3; യോഹ.3:16; 17:3).

ദൈവം നിത്യനായതിനാൽ അവനുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും പൂർണമായ ഉത്തരം നൽകുവാൻ ഒരുവ്യക്തിക്കും സാധ്യമല്ല. എന്നാൽ തിരുവചനത്തിൽ കൂടി മാത്രമേ ദൈവം ആരെന്നും, അവൻ എപ്രകാരമാണെന്നും മനസിലാക്കുവാൻ സാധിക്കുകയുള്ളു.പൂർണ്ണ ഹൃദയത്തോടെ അവനെ അറിയുവാൻ നമുക്ക് ശ്രമിച്ചുകൊണ്ടിരിക്കാം(യിര 29:13).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ദൈവത്തിന്റെ ഗുണാതിശയങ്ങള്‍ എന്തൊക്കെയാണ്‌? ദൈവം എങ്ങനെ ഇരിക്കും?
© Copyright Got Questions Ministries