settings icon
share icon
ചോദ്യം

നമ്മുടെ പാപങ്ങൾ‌ക്കു വേണ്ടി യേശു മരിച്ചതിനു മുമ്പ്‌ ആളുകൾ എങ്ങനെയാണ്‌ രക്ഷിക്കപ്പെട്ടിരുന്നത്‌?

ഉത്തരം


മനുഷ്യൻ പാപത്തിൽ വീണതിന് ശേഷം എപ്പോഴും രക്ഷക്ക്‌ നിദാനമായിരിക്കുന്നത്‌ ക്രിസ്തുവിന്റെ മരണമാണ്‌. ലോകചരിത്രത്തിലെ മറക്കാനാവാത്ത ആ സംഭവത്തിൽ കൂടെ അല്ലാതെ, ക്രിസ്തുവിനു മുമ്പോ പിന്‍പോ ആരും രക്ഷിക്കപ്പെട്ടിട്ടുമില്ല ഇനി രക്ഷിക്കപ്പെടുകയുമില്ല. ക്രിസ്തുവിന്റെ മരണം പഴയനിയമ വിശ്വാസികളുടെ പാപത്തിനും പുതിയ നിയമ വിശ്വാസികളുടെ പാപത്തിനും പരിഹാരം വരുത്തി.

രക്ഷ കരസ്ഥമാക്കുവാനുള്ള ഏക മാര്‍ഗം വിശ്വാസം മാത്രമാണ്‌. രക്ഷ കരസ്ഥമാക്കുവാനായി ദൈവത്തിന്‍മേലുള്ള വിശ്വാസം ആണ്‌ രക്ഷക്ക്‌ നിദാനമായിരിക്കുന്നത്‌. സങ്കീര്‍ത്തനക്കാരൻ ഇങ്ങനെ എഴുതി. "അവനില്‍ ശരണം പ്രാപിക്കുന്ന മനുഷന്‍ ഭാഗ്യവാന്‍" (സങ്കീർത്തനം.2:12). ഉല്‍പത്തി 15:6 ൽ അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു എന്നും അത്‌ അവന്‌ നീതിയായി കണക്കിട്ടു എന്നും വായിക്കുന്നു. റോമർ.4:3-8 വരെയുള്ള വാക്യങ്ങളും നോക്കുക. എബ്രായർ 10:1-10 വരെ പഠിപ്പിക്കുന്നതു പോലെ പഴയനിയമ യാഗങ്ങൾ ഒരിക്കലും പാപനിവര്‍ത്തി വരുത്തിയില്ല. ദൈവപുത്രനായ ക്രിസ്തു മനുകുലത്തിന്റെ പാപത്തിനു വേണ്ടി രക്തം ചിന്തും എന്ന്‌ അവ ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ചെയ്തത്

പഴയനിയമ വിശ്വാസികളും പുതിയനിയമ വിശ്വാസികളും വിശ്വസിച്ച കാര്യങ്ങളില്‍ വ്യത്യാസം ഉണ്ട്‌. അപ്പപ്പോള്‍ ദൈവത്തിൽ നിന്ന്‌ ലഭിച്ചിരുന്ന വെളിപ്പാടുകൾ അനുസരിച്ച് മനുഷ്യർ വിശ്വസിക്കണം എന്നാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. പുരോഗമനോന്‍മുഖമായ വെളിപ്പാട്‌ (progressive revelation) എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌. സ്ത്രീയുടെ സന്തതിയായി പിറക്കുന്നവന്‍ സര്‍പ്പത്തിന്റെ തലയെ തകര്‍ക്കും എന്ന്‌ ആദാമും ഹവ്വായും വിശ്വസിച്ചു (ഉല്‍പത്തി.3:15). ആദാം വിശ്വസിച്ചു എന്നതിന്റെ അടയാളമായി തന്റെ ഭാര്യയ്ക്ക്‌ ഹവ്വാ എന്ന്‌ പേരിട്ടു (വാക്യം 20). ദൈവം അവരെ അംഗീകരിച്ചു എന്നതിന്റെ അടയാളമായി അവര്‍ക്ക്‌ തോൽ കൊണ്ട്‌ വസ്ത്രം ഉണ്ടാക്കിക്കൊടുത്തു (വാക്യം 21). അവര്‍ക്ക്‌ അറിയാമായിരുന്നത്‌ അതു മാത്രമായിരുന്നു. അവര്‍ അത്‌ വിശ്വസിക്കയും ചെയ്തു.

ഉല്‍പത്തി 12, 15 അദ്ധ്യായങ്ങളിൽ ലഭിച്ച വെളിപ്പാട്‌ അനുസരിച്ച്‌ അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു. മോശെയ്ക്കു മുന്‍പ്‌ എഴുതപ്പെട്ടിരുന്ന വചനം ഇല്ലായിരുന്നു. അപ്പപ്പോള്‍ ദൈവത്തില്‍ നിന്ന്‌ വെളിപ്പെടുത്തപ്പെട്ടതു മാത്രം മനുഷ്യർ വിശ്വസിക്കണം എന്ന്‌ ദൈവം ആഗ്രഹിച്ചു. പാപപരിഹാരത്തിനായി ഭാവിയില്‍ ദൈവം ഒരു മാര്‍ഗ്ഗം ഉണ്ടാക്കും എന്ന്‌ പഴയനിയമ വിശ്വാസികള്‍ ഏവരും വിശ്വസിച്ചു. ദൈവം ക്രൂശില്‍ അത്‌ നിര്‍വേറ്റി എന്ന്‌ ഇന്ന്‌ നാം തിരിഞ്ഞു നോക്കി അതു വിശ്വസിക്കുന്നു (യോഹന്നാൻ.3:16; എബ്രായർ 9:28).

ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങൾക്ക് മുമ്പ്‌ അക്കാലത്തു ജീവിച്ചിരുന്നവരെപ്പറ്റി എന്താണ്‌ ചിന്തിക്കേണ്ടത്‌? അവര്‍ എന്താണ്‌ വിശ്വസിച്ചിരുന്നത്‌? ക്രിസ്തു പാപപരിഹാരിയായിട്ടാണ്‌ ക്രൂശിൽ മരിച്ചത്‌ എന്നതിനെപ്പറ്റി അവർ പൂര്‍ണ്ണമായി ഗ്രഹിച്ചിരുന്നുവോ? തന്റെ ശുശ്രൂഷയുടെ അവസാനത്തോട്‌ അടുത്തപ്പോൾ "യേശു താന്‍ യെരുശലേമില്‍ ചെന്നിട്ട്‌ മൂപ്പന്‍മാർ, മഹാപുരോഹിതന്‍മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ച്‌ കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണ്ടത്‌ എന്ന് ശിഷ്യന്‍മാരോട്‌ പ്രസ്താവിച്ചു തുടങ്ങി" (മത്തായി.16:21). ശിഷ്യന്‍മാരുടെ പ്രതികരണം എന്തായിരുന്നു എന്ന് നോക്കുക. "പത്രോസ്‌ അവനെ വേറിട്ടു കൊണ്ടുപോയി, 'കര്‍ത്താവേ, അത്‌ അരുതേ, നിനക്ക്‌ അതു ഭവിക്കരുതേ എന്ന് ശാസിച്ചുതുടങ്ങി" (വാക്യം 22). പത്രോസിനും കൂടെ ഉള്ളവര്‍ക്കും ആ കാര്യം അന്ന് മനസ്സിലായിരുന്നില്ല. ആദാമോ, അബ്രഹാമോ, മോശെയോ, ദാവീദോ വിശ്വസിച്ചിരുന്നതു പോലെ പാപനിവര്‍ത്തിക്കായി ദൈവം ഒരു വഴി ഏര്‍പ്പെടുത്തും എന്നല്ലാതെ, ആ വഴി എന്താണെന്ന് അവരും അന്ന് മനസ്സിലാക്കിയിരുന്നില്ല.

ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങള്‍ക്കു മുന്‍പ്‌ ജീവിച്ചിരുന്നവരേക്കാൾ അധികം കാര്യങ്ങള്‍ വചനത്തിൽ നിന്ന്‌ നമുക്ക്‌ ഇന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. വാസ്തവത്തില്‍ ക്രിസ്തു മൂലമുള്ള വീണ്ടടുപ്പു വേലയുടെ മുഴു ചിത്രവും നമുക്കു ലഭിച്ചു കഴിഞ്ഞിരിക്കയാണ്‌. "ദൈവം പണ്ട്‌ ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്‍മാർ മുഖാന്തരം പിതാക്കന്‍മാരോട്‌ അരുളിച്ചെയ്തിട്ട്‌ ഈ അന്ത്യകാലത്ത്‌ പുത്രൻ മുഖാന്തരം നമ്മോട്‌ അരുളിച്ചെയ്തിരിക്കുന്നു. അവനെ താന്‍ സകലത്തിനും അവകാശിയായി വെച്ചു. അവന്‍ മുഖാന്തരം ലോകത്തേയും ഉണ്ടാക്കി" (എബ്രായർ.1:1-2). ഇന്നും നമ്മുടെ രക്ഷ ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌; ഇന്നും രക്ഷയ്ക്ക്‌ ദൈവത്തിലുള്ള വിശ്വാസവും ആശ്രയവുമാണ്‌ ആവശ്യമായിരിക്കുന്നത്‌. ഇന്ന്‌ നാം വിശ്വസിക്കേണ്ട കാര്യം "ക്രിസ്തു നമ്മുടെ പാപങ്ങൾ‌ക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കം ചെയ്യപ്പെട്ട്‌ തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റു..." എന്ന സത്യം ആണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

നമ്മുടെ പാപങ്ങൾ‌ക്കു വേണ്ടി യേശു മരിച്ചതിനു മുമ്പ്‌ ആളുകൾ എങ്ങനെയാണ്‌ രക്ഷിക്കപ്പെട്ടിരുന്നത്‌?
© Copyright Got Questions Ministries