ചോദ്യം
ജനന നിയന്തണത്തെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?
ഉത്തരം
സന്താനപുഷ്ടി ഉള്ളവരായി പെരുകി ഭൂമിയെ നിറയ്ക്കുവാനാണ് ദൈവം മനുഷ്യനോട് കല്‍പിച്ചത് (ഉല്‍പത്തി 1:28). വിവാഹം ദൈവം സ്ഥാപിച്ചത് പുതിയ തലമുറയെ വാർത്തെടുക്കുവാനാണ്. എന്നാൽ ഖേദമെന്നു പറയട്ടെ, ഇന്നത്തെ തലമുറയില്‍ പലരും മക്കളെ ഒരു ശല്യമായോ അല്ലെങ്കില്‍ ഭാരമായോ കാണുന്നു. അവരുടെ സ്വാര്‍ത്ഥ സ്വഭാവത്തിനു തടസ്സമായും, അവരുടെ ജീവിത ദൌത്യം നിറവേറ്റുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നവരായും, അവരുടെ സാമ്പത്തീക മുന്നേറ്റത്തിന് വിഘാതമായും മക്കളെ കാണുന്നവരുണ്ട്. ഇത്തരം സ്വാര്‍ത്ഥ താല്‍പര്യങ്ങളെ മുൻനിര്‍ത്തി അനേകര്‍ ഇന്ന് ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങൾ ഉപയോഗിക്കുന്നു.
സ്വാര്‍ത്ഥതയുടെ ഫലമായുള്ള ജനന നിയന്ത്രണത്തിനെതിരായി വേദപുസ്തകം പറയുന്നത് മക്കൾ ദൈവത്തിന്റെ ദാനമാണ് എന്നത്രേ (ഉല്‍പത്തി 4:1;33:5). മക്കൾ ദൈവത്തിന്റെ അവകാശമാണ്. (സങ്കീർത്തനം 127:3-5) മക്കൾ ദൈവത്തിന്റെ അനുഗ്രഹമാണ് (ലൂക്കോസ് 1:42). വാര്‍ദ്ധക്യത്തിലെ കിരീടമാണ് മക്കൾ എന്ന് വായിക്കുന്നു (സദൃശ്യവാക്യങ്ങൾ 17:6). മച്ചികളെ ദൈവം പ്രസവിക്കുമാറാക്കുന്നു എന്ന് നാം വായിക്കുന്നു (സങ്കീർത്തനം 113:9; ഉല്‍പത്തി 29:1-3; 25:21-22; 30:1-2; 1ശമുവേൽ 1:6-8; ലൂക്കോസ് 1:7,24,25). ദൈവമാണ് കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തിൽ ഉരുവാക്കുന്നത് എന്ന് കാണുന്നു (സങ്കീർത്തനം 139:13-16). ജനിക്കുന്നതിനു മുമ്പ് ദൈവം കുഞ്ഞുങ്ങളെ അറിയുന്നവനാണ് എന്ന് നാം വായിക്കുന്നു (യെരമ്യാവ് 1:5; ഗലാത്യർ 1:15).
ഉല്‍പത്തി.38 ആം അദ്ധ്യായത്തിൽ ദൈവം വ്യക്തമായി ജനന നിയന്ത്രണത്തെ വെറുക്കുന്നതായി നാം വായിക്കുന്നു. ഏർ താമാർ എന്ന സ്ത്രീയെ വിവാഹം ചെയ്തു. ഏർ ദുഷ്ടൻ ആയിരുന്നതുകൊണ്ട് ദൈവം അവനെ മരണത്തിന് ഏല്പിച്ചു, താമാർ മക്കൾ ഇല്ലാത്ത വിധവയായി. താമാർ ഏരിന്റെ സഹോദരൻ ഓനാന്റെ ഭാര്യയായി. ആവർത്തനം 25:5-6 അനുസരിച്ച് ഒരുവൻ മക്കളില്ലാതെ മരിച്ചാൽ അവന്റെ സഹോദരന്‍ അവളെ വിവാഹം ചെയ്ത് മക്കളെ ജനിപ്പിക്കേണ്ട ചുമതലയുണ്ട്. അങ്ങനെ ജനിക്കുന്ന ആദ്യ സന്തതി വഴി മരിച്ചവന്റെ പേര്‍ നിലനിര്‍ത്തപ്പെടും എന്നതായിരുന്നു അന്നത്തെ ചട്ടം. എന്നാല്‍ താമാറിന്റെ രണ്ടാമത്തെ ഭര്‍ത്താവ് അവളെ പരിഗ്രഹിച്ചെങ്കിലും അവന്‍ അവന്റെ ബീജം നിലത്തു വീഴ്ത്തി കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് തടഞ്ഞു എന്ന് വായിക്കുന്നു. അവന്‍ അങ്ങനെ ചെയ്തത് അവന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിൽ നിന്ന് ആയിരുന്നു. അവന്‍ അവളെ അവന്റെ ലൈംഗീക സുഖത്തിനു വേണ്ടി ഉപയോഗിച്ചെങ്കിലും, അവന്റെ കടമ നിര്‍വഹിക്കുവാൻ അവൻ തയ്യാറായില്ല. അവന്‍ ചെയ്തത് ദുഷ്ടത ആയിരുന്നതുകൊണ്ട് ദൈവം അവനെയും മരണത്തിനു അടിമയാക്കി എന്ന് നാം വായിക്കുന്നു (ഉല്‍പത്തി 38:10). ഈ വേദഭാഗം ഉദ്ധരിച്ച് ദൈവം ജനന നിയന്ത്രണത്തിന് എതിരാണ് എന്ന് വാദിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഈ വേദഭാഗത്ത് ദൈവം വെറുക്കുന്നത് ജനന നിയന്ത്രണത്തിനു പുറകില്‍ പ്രവര്‍ത്തിച്ച സ്വാർത്ഥതയെയാണ്.
നാം മക്കളെ ലോകം കാണുന്നത് പോലെയല്ല ദൈവം കാണുന്നതുപോലെ കാണേണ്ടതാണ്. ഗർഭനിരോധനം ദൈവം നേരിട്ട് എതിർക്കുന്നില്ലെങ്കിലും, നിരോധനം ഉല്പാദനത്തിന് നേരെ എതിരാണ്. ഏതെങ്കിലും ഗര്‍ഭനിരോധന വഴികൾക്ക് ഉപരിയായി അതിന്റെ പുറകിലെ ഉദ്ദേശ ശുദ്ധിയെയാണ് ദൈവം നോക്കുന്നത്. സ്വാര്‍ത്ഥതാല്‍പര്യങ്ങളെ സംരക്ഷിക്കുവാനാണ് ജനന നിയന്ത്രണ രീതികളെ സ്വീകരിക്കുന്നതെങ്കില്‍ അത് ഒരിക്കലും ശരിയല്ല. സാമ്പത്തീകമായി കൂടുതൽ പക്വതയിൽ എത്തുവാനും ആത്മീകമായി വളരുവാനും അല്പകാലം ഗർഭനിരോധനം ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ അപ്പോഴും അതിന്റെ പിന്നിലെ ഉദ്ദേശം മുഖ്യമാണ്.
മക്കള്‍ ഉണ്ടായിരിക്കുക എന്നത് ഒരു നല്ല കാര്യമായിട്ടാണ് വേദപുസ്തകം ചിത്രീകരിച്ചിരിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് മക്കള്‍ ഉണ്ടാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് ബൈബിള്‍ പറയുന്നു. ഉൽപാദന ശേഷി ഇല്ലാത്തത് ഒരു നല്ല കാര്യമായി വേദപുസ്തകം ചിത്രീകരിക്കുന്നില്ല. വേദപുസ്തക കഥാപാത്രങ്ങള്‍ ആരും മക്കള്‍ വേണ്ട എന്ന് ഒരിക്കലും ചിന്തിച്ചിരുന്നവര്‍ അല്ല. എന്നാൽ ഗർഭനിരോധന മാർഗ്ഗങ്ങൾ അല്പസമയത്തേക്ക് ഉപയോഗിക്കുന്നത് തീർത്തും തെറ്റെന്ന് ബൈബിളിൽ നിന്ന് ന്യായീകരിക്കുവാൻ കഴിയുകയില്ല. ഭാര്യാഭര്‍ത്താക്കന്‍മാര്‍ അവര്‍ക്ക് എത്ര മക്കള്‍ വേണമെന്നും എപ്പോള്‍ ഗര്‍ഭധാരണം തടയുവാന്‍ ഏതു രീതി ഉപയോഗിക്കണമെന്നും ഉള്ള കാര്യങ്ങള്‍ അവർ ഒരുമിച്ച് ദൈവസന്നിധിയില്‍ തീരുമാനിക്കേണ്ട കാര്യങ്ങളാണ്.
English
ജനന നിയന്തണത്തെ പറ്റി ബൈബിൾ എന്താണ് പറയുന്നത്? ഒരു ക്രിസ്തീയ വിശ്വാസി ജനന നിയന്ത്രണം ചെയ്യുന്നത് ശരിയാണോ?