settings icon
share icon
ചോദ്യം

സൃഷ്ടി പരിണാമം എന്നീ വിഷയങ്ങളെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?

ഉത്തരം


പരിണാമമാണോ സൃഷ്ടിയാണോ ശരി എന്നതിനെപ്പറ്റി ഒരു വാദപ്രതിവാദം നടത്തുവാൻ ഞങ്ങൾ ഇപ്പോള്‍ ഒരുങ്ങുന്നില്ല. അതു എഴുതപ്പെട്ട വേറെ എത്രയോ സ്ഥലങ്ങള്‍ ഉണ്ട്‌. എന്നാല്‍ എന്തുകൊണ്ടാണ്‌ ഇങ്ങനെ ഒരു വാദപ്രതിവാദം ഇന്നും തുടരുന്നത്‌ എന്നതിനെപ്പറ്റി ബൈബിളിന്റെ ഉത്തരം തരുവാനാണ്‌ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌. റോമർ1:25 ൽ ഇങ്ങനെ വായിക്കുന്നു. ".. ദൈവത്തിന്റെ സത്യം അവര്‍ വ്യാജമായി മാറ്റിക്കളഞ്ഞു; സൃഷ്ടിച്ചവനേക്കാള്‍ സൃഷ്ടിയെ ഭജിച്ച്‌ ആരാധിച്ചു..."

പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്‍മാരിൽ അനേകരും നിരീശ്വരവാദികളോ അജ്ഞാതവാദികളൊ ആണ്‌ എന്നത്‌ പ്രധാനപ്പെട്ട കാര്യമാണ്‌. ദൈവവിശ്വാസികളായ പരിണാമവാദികളും ഉണ്ട്‌ എന്നത്‌ സത്യമാണ്‌. എന്നാല്‍ പരിണാമവാദം വിശ്വസിക്കുന്നവരിൽ ചുരുക്കം ശാസ്ത്രജ്ഞന്‍മാർ വിവരണങ്ങൾ എല്ലാം ശരിയായി പഠിച്ച് പരിണാമം തന്നെയാണ് യഥാർത്ഥം എന്ന് ഉറച്ച് വിശ്വസിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഒരു ദൈവമില്ലാതെ എല്ലാം ഉണ്ടായി വന്നു എന്നാണ്‌ പരിണാമ സിദ്ധാന്തത്തിന്റെ പിന്നണിയിലെ പ്രധാന തത്വം. എല്ലാം പ്രകൃത്ത്യാൽ സൃഷ്ടിക്കപ്പെട്ടു എന്നവർ വിശ്വസിക്കുന്നു.

ദൈവം ഇല്ലാ എന്ന്‌ വിശ്വസിക്കുന്നവര്‍ക്ക്‌ എങ്ങനെ ഈ അഖിലാണ്ഡവും ജീവനും മറ്റും ഉണ്ടായി എന്നതിന്‌ ഒരു ഉത്തരം വേണമല്ലോ. ഡാര്‍വിനു മുമ്പ്‌ ജീവിച്ചിരുന്നവരിൽ ചിലർ പരിണാമത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും, ഡാര്‍വിനാണ്‌ ഈ സിദ്ധാന്തത്തിന്‌ പ്രകൃത്യാ ഉണ്ടാകുന്ന തെരഞ്ഞെടുപ്പ്‌ എന്ന ആശയം ഉള്‍ക്കൊള്ളിച്ച്‌ ഇതിനെ ഉറപ്പിച്ചത്‌. ഒരുകാലത്ത്‌ ഡാര്‍വിൻ ഒരു ദൈവവിശ്വാസി ആയിരുന്നെങ്കിലും തന്റെ ജീവിതത്തിലെ ചില പ്രശ്നങ്ങളാല്‍ ഡാര്‍വിൻ ദൈവവിശ്വാസം കൈവിട്ടു. അങ്ങനെ നിരീശ്വരനായ ഒരാളുടെ കണ്ടുപിടുത്തമാണ്‌ പരിണാമവാദം. പരിണാമവാദം അതില്‍ തന്നെ നിരീശ്വരവാദം ഉള്‍ക്കൊള്ളുന്നതല്ല. എന്നാല്‍ പരിണാമവാദം നിരീശ്വരവാദത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്‌. വേദപുസ്തകം അനുസരിച്ച്‌ പരിണാമവാദം നിലനില്‍ക്കുന്നതിന്റെ കാരണം തന്നെ നിരീശ്വരവാദമാണ്‌.

ദൈവം ഇല്ല എന്ന്‌ മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു എന്ന്‌ വേദപുസ്തകം പറയുന്നു (സങ്കീർത്തനം.14:1; 53:1). സൃഷ്ടിതാവായ ദൈവത്തില്‍ വിശ്വസിക്കാതിരിക്കുവാൻ ആര്‍ക്കും ന്യായമില്ല എന്നും വേദപുസ്തകം പറയുന്നു. "അവന്റെ നിത്യശക്തിയും ദൈവത്വവുമായി അവന്റെ അദൃശ്യ ലക്ഷണങ്ങള്‍ ലോകസൃഷ്ടി മുതൽ അവന്റെ പ്രവര്‍ത്തികളാൽ ബുദ്ധിക്ക്‌ തെളിവായി വെളിപ്പെട്ടു വരുന്നു. അവര്‍ക്ക്‌ പ്രതിവാദമില്ലാതിരിക്കേണ്ടതിനു തന്നെ" (റോമർ.1:20). മൂഡന്‍മാര്‍ക്ക്‌ ബുദ്ധി ഇല്ലെന്ന്‌ അര്‍ത്ഥമില്ല. നിരീശ്വരവാദികളില്‍ പലരും അതീവ ബുദ്ധിശാലികളാണ്‌. എന്നാല്‍ ഒരാൾ തന്റെ അറിവിനേയും ബുദ്ധിയേയും ശരിയായി പ്രയോജനപ്പെടുത്തിയില്ലെങ്കിൽ മൂഡനായിത്തീരും എന്നതിൽ സംശയമില്ല. "യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. ഭോഷന്‍മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു" (സദൃശ്യവാക്യങ്ങൾ.1:7).

പരിണാമവാദത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ക്ക്‌ സൃഷ്ടിപ്പും ബുദ്ധിപരമായ രൂപകല്‍പനയും ഒക്കെ വെറും മിത്ഥ്യയാണ്‌. അവര്‍ അതിനെ പുച്ഛിച്ചു തള്ളുന്നു. അവര്‍ പറയുന്നത്‌ പ്രകൃത്യാ ഉള്ളത്‌ മാത്രമേ ശാസ്ത്രീയമാകയുള്ളു എന്നാണ്‌. സൃഷ്ടിപ്പ്‌ പ്രകൃത്യാ ഉണ്ടായതിന്റെ കൂട്ടത്തിൽ ഉള്ളതല്ലല്ലോ. അതുകൊണ്ട്‌ അത്‌ ശാസ്ത്രത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തുവാൻ കഴികയില്ല എന്നാണ്‌ അവർ പറയുന്നത്‌. എന്നാല്‍ അവർ മറക്കുന്ന കാര്യം പരിണാമവും ശാസ്ത്രീയമായി അപഗ്രഥിക്കുവാൻ പറ്റില്ല എന്ന കാര്യമാണ്‌. ആരും പരീക്ഷിച്ചറിഞ്ഞ്‌ പരിണാമത്തിൽ വിശ്വസിച്ചതല്ലല്ലോ. അത്‌ വെറും ഒരു സിദ്ധാന്തം മാത്രമാണല്ലോ. എങ്കിലും പരിണാമം അല്ലാതെ വേറൊറു സാദ്ധ്യത ഉണ്ട്‌ എന്നത്‌ പരിഗണിക്കുവാന്‍ കൂടെ അവര്‍ക്ക്‌ മനസ്സില്ല.

എന്തൊക്കെ ആയാലും ഈ അഖിലാണ്ഡവും അതിലെ ജീവനും എങ്ങനെ ഉണ്ടായി എന്നത്‌ അക്കാലെത്തേക്ക്‌ തിരികെപ്പോയി നിരീക്ഷിച്ച്‌ കണ്ടുപിടിക്കുവാൻ ആര്‍ക്കും കഴികയില്ല. അതുകൊണ്ട്‌ സൃഷ്ടിപ്പു വാദവും പരിണാമ വാദവും വിശ്വാസത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്‌. ആര്‍ക്കും ജീവന്റെ ഉല്‍പത്തിയുടെ സമയത്തേയ്ക്ക്‌ തിരികെപ്പോയി അന്നു എന്താണ്‌ സംഭവിച്ചത്‌ എന്ന് നിരീക്ഷിച്ച്‌ ഒരു തീരുമാനത്തിൽ എത്തുവാൻ ഒരിക്കലും സാധിക്കയില്ല. സൃഷ്ടിപ്പ്‌ ശാസ്ത്രീയമല്ല എന്നു പറഞ്ഞു അതിനെ പുച്ഛിക്കുന്നവർ പരിണാമ വാദത്തേയും അങ്ങനെ തന്നെ പുച്ഛിച്ചു തള്ളേണ്ടതാണ്‌. ശാസ്ത്രീയമായി സൃഷ്ടിപ്പിനെ അംഗീകരിക്കുവാന്‍ മടിക്കുന്നവർ പരിണാമ വാദത്തേയും ശാസ്ത്രീയമല്ല എന്നു പറഞ്ഞ്‌ ഉപേക്ഷിക്കേണ്ടതാണ്‌. എന്നാല്‍ അങ്ങനെ ചെയ്യുവാൻ അവര്‍ക്ക്‌ മനസ്സില്ല.

കാരണം ഒരു സൃഷ്ടി ഉണ്ടെങ്കില്‍ ഒരു സൃഷ്ടാവു ഉണ്ട്‌ എന്ന് സമ്മതിക്കേണ്ടിവരും. സൃഷ്ടാവിനോടു നമുക്കു കടപ്പാട്‌ ഉണ്ട്‌ എന്നും സമ്മതിക്കേണ്ടി വരും. അങ്ങനെ നിരീശ്വരവാദത്തിനു ഒരു താങ്ങു മാത്രമാണ്‌ പരിണാമവാദം. ദൈവമില്ലാതെ എങ്ങനെ ഇതെല്ലാം ഉണ്ടായി എന്നു പറയുവാന്‍ എന്തെങ്കിലും ഒന്ന് അവര്‍ക്ക്‌ വേണമല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ നിരീശ്വരവാദികളുടെ "ഉല്‍പത്തി"യാണ്‌ പരിണാമവാദം. വേദപുസ്തകം അനുസരിച്ച്‌ ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് നമുക്കു വിശ്വസിക്കാം. അല്ലെങ്കില്‍ മൂഡന്‍മാരുടെ ഉല്‍പത്തിപ്രമാണമായ പരിണാമവാദത്തിൽ വിശ്വസിക്കേണ്ടി വരും.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

സൃഷ്ടി പരിണാമം എന്നീ വിഷയങ്ങളെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?
© Copyright Got Questions Ministries