settings icon
share icon
ചോദ്യം

ദൈവവിശ്വാസവും സയന്‍സും തമ്മിൽ പൊരുത്തം ഉണ്ടോ?

ഉത്തരം


നമുക്കു ചുറ്റുപാടുമുള്ള കാര്യങ്ങളെ ഗവേഷണം മൂലം വ്യക്തമായി അറിഞ്ഞു അവയെ നമുക്കു പ്രയോജനപ്പെടുന്ന രീതിയില്‍ വിശദീകരിക്കുന്നതിനെ വിജ്ഞാനം അല്ലെങ്കിൽ സയന്‍സ്‌ എന്ന് പറയുന്നു. നാം അധിവസിക്കുന്ന അഖിലാണ്ഡത്തെ മനസ്സിലാക്കുവാൻ നാം വിജ്ഞാനം പ്രയോജനപ്പെടുത്തുന്നു. ഗവേഷണത്തില്‍ കൂടെ അറിവു നേടുവാനുള്ള തെരച്ചിൽ ആണ്‌ വിജ്ഞാനം. മനുഷ്യന്‌ യുക്തിപരമായി ചിന്തിക്കുവാനും സങ്കല്‍പിക്കുവാനുമുള്ള കഴിവിനെയാണ്‌ വിജ്ഞാനത്തിന്റെ വളര്‍ച്ച വിളിച്ചറിയിക്കുന്നത്‌. ദൈവവിശ്വാസവും വിജ്ഞാനവും രണ്ടു തലത്തിലുള്ള കാര്യങ്ങളാണ്‌. ഏത് തെറ്റ് ഏത് ശരി എന്ന് മനസ്സിലാക്കുന്നിടത്തോളം ദൈവത്തിൽ വിശ്വസിക്കുവാനും, വിജ്ഞാനത്തെ ബഹുമാനിക്കുവാനും ഒരു വ്യക്തിക്ക് സാധിക്കും.

നാം ദൈവത്തില്‍ ആശ്രയിക്കുന്നത്‌ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌. ദൈവപുത്രനില്‍ നാം രക്ഷക്കായും, ദൈവവചനത്തിൽ നാം ബോധനത്തിനായും, ദൈവാത്മാവിനെ നാം നടത്തിപ്പുകാരനായും ആശ്രയിക്കുന്നു. നാം വിശ്വസിക്കുന്ന സൃഷ്ടികര്‍ത്താവായ ദൈവം സര്‍വശക്തനും, സര്‍വജ്ഞാനിയും, സര്‍വവ്യാപിയും, സ്നേഹനിധിയും ആയതുകൊണ്ട്‌ അവന്‍മേലുള്ള നമ്മുടെ വിശ്വാസം അപരിമിതമാണ്‌. എന്നാല്‍ ബുദ്ധിപരമായ കാര്യങ്ങള്‍ക്കു മാത്രമേ സയന്‍സ്‌ ഉപകരിക്കയുള്ളൂ. സയന്‍സ്‌ അനേക നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്‌ എന്നതില്‍ സംശയമില്ല. എന്നാല്‍ സയന്‍സ്‌ ചിലപ്പോൾ തെറ്റിപ്പോകാറും ഉണ്ടല്ലോ. നാം നമ്മുടെ വിശ്വാസം സയന്‍സിൽ അര്‍പ്പിച്ചാൽ പരിമിതികളും, അപൂര്‍ണരും, പാപം നിറഞ്ഞവരും, തെറ്റിപ്പോകുവാന്‍ സാദ്ധ്യതയുള്ള മനുഷ്യരിലും ആണ്‌ നാം വിശ്വസിച്ചിരിക്കുന്നത്‌ എന്ന് മറക്കരുത്‌. സയന്‍സിന്റെ ചരിത്രം പഠിച്ചാൽ ആദ്യകാലങ്ങളിൽ ശരി എന്ന് സയന്‍സ്‌ പറഞ്ഞിരുന്നത്‌ പില്‍ക്കാലത്ത്‌ തിരുത്തി എഴുതിയ അനേക സംഭവങ്ങൾ ഉണ്ടല്ലോ. എന്നാല്‍ ദൈവത്തിന്‌ ഒരിക്കലും ഒരിടത്തിലും തെറ്റു പറ്റിയിട്ടില്ല.

സത്യത്തെ ആര്‍ക്കും ഒരിക്കലും ഭയപ്പെടേണ്ട കാര്യമില്ല. അതുകൊണ്ട്‌ ശരിയായ വിജ്ഞാനത്തെ ഒരു ദൈവവിശ്വാസിക്ക്‌ ഭയമില്ല. ദൈവത്തിന്റെ സൃഷ്ടിയായ ഈ പ്രപഞ്ചത്തെ വിജ്ഞാന രീതിയില്‍ അറിയുംതോറും ദൈവസൃഷ്ടിയുടെ അത്ഭുതം വര്‍ദ്ധിക്കുകയാണ്‌. നമ്മുടെ ജ്ഞാനം വളരുന്നത്‌ അജ്ഞതയേയും, തെറ്റിദ്ധാരണകളേയും, രോഗങ്ങളേയും നേരിടുവാന്‍ നമ്മെ സഹായിക്കുന്നു. എന്നാല്‍ വിജ്ഞാനം ദൈവത്തിന്റെ സ്ഥാനം കാംഷിക്കുമ്പോള്‍ പ്രശ്നങ്ങൾ ആരംഭിക്കുന്നു. ചില ശാസ്ത്രജ്ഞന്‍മാർ ദൈവത്തിനു പകരം സയന്‍സിൽ വിശ്വസിച്ച്‌ അതു മാത്രമാണ്‌ ശരി എന്ന് തെളിയിക്കുവാൻ ന്യായങ്ങൾ തേടി കണ്ടുപിടിക്കുന്നു. അങ്ങനെ അനേകരെ വഴി തെറ്റിക്കുന്നു.

ദൈവവിശ്വാസികള്‍ അല്ലാത്ത സത്യസന്ധത ഉള്ള അനേക ശാസ്ത്രജ്ഞന്മാർ സമ്മതിക്കുന്നത്‌ അഖിലാണ്ഡത്തെപ്പറ്റിയുള്ള അവരുടെ അറിവ്‌ പരിമിതമാണെന്നും ചിലകാര്യങ്ങൾ അവ്യക്തമായി ഇന്നും തുടരുന്നു എന്നുമാണ്‌. അവര്‍ സമ്മതിക്കുന്ന വേറൊരു കാര്യം ബൈബിളോ ബൈബിൾ സത്യങ്ങളൊ മാത്രമല്ല ലോകോല്‍പത്തിയെപ്പറ്റി അവർ വിശ്വസിക്കുന്ന കാര്യങ്ങളും ശരിയോ തെറ്റോ ആണെന്ന് തെളിയിക്കുവാന്‍ സയന്‍സിനു കഴിവില്ല എന്നാണ്‌. ഇന്ന് നാം ആയിരിക്കുന്ന ലോകത്തെ അപഗ്രധിക്കുവാനും അതിനെ മനസ്സിലാക്കുവാനുമുള്ള കഴിവല്ലാതെ മറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി പറയുവാന്‍ സയന്‍സിനു കഴിവില്ല.

"ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു" എന്ന് നാം വായിക്കുന്നു (സങ്കീർത്തനം.19:1). ശാസ്ത്രം വളരുന്തോറും ഈ അഖിലാണ്ഡത്തിന്റെ പുറകിലെ മര്‍മ്മത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കയാണ്‌. ഡി.എൻ.എ, ഫിസിക്സ്, കെമസ്റ്റ്രി എന്നീ വിഷയങ്ങളുടെ അറിവെല്ലാം വചനസത്യങ്ങളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. ഒരു ക്രിസ്ത്യാനി സത്യം അന്വേഷിക്കുന്ന വിജ്ഞാനം കൈകൊള്ളുകയും, ദൈവത്തെക്കാൾ ഉപരി ലൗകീക കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വിജ്ഞാനത്തെ തള്ളികളയുകയും വേണം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ദൈവവിശ്വാസവും സയന്‍സും തമ്മിൽ പൊരുത്തം ഉണ്ടോ?
© Copyright Got Questions Ministries