settings icon
share icon
ചോദ്യം

നമ്മുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും സ്വർഗ്ഗത്തിൽ വച്ച്‌ കാണുവാൻ കഴിയുമോ?

ഉത്തരം


പലരും പറയുന്നത്‌ അവർ സ്വര്‍ഗ്ഗത്തിലെത്തിയാൽ ആദ്യം ചെയ്യുന്നത്‌ അവരുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും കണ്ടുപിടിക്കും എന്നാണ്‌. നിത്യതയില്‍ നമ്മുടെ സ്നേഹിതരേയും കുടുബ അംഗങ്ങളേയും കാണുവാനും അറിയുവാനും ഒക്കെ സാധിക്കുമെങ്കിലും, സ്വർഗ്ഗത്തിലെ പ്രധാന വിഷയം അത്‌ ആയിരിക്കുകയില്ല. ദൈവത്തിന്റെ ആളത്വത്തിലും സ്വര്‍ഗ്ഗത്തിന്റെ അത്ഭുതത്തിലും വിസ്മയപ്പെട്ട്‌ ദൈവത്തെ ആരാധിക്കുന്നതിൽ നാം വ്യാപൃതരായിരിക്കും. സ്നേഹിതരും കുടുംബ അംഗങ്ങളുമായുള്ള നമ്മുടെ കൂടിക്കാഴ്ചയില്‍ നമ്മുടെ പ്രധാന വിഷയം അവരിൽ കൂടി നാം അനുഭവിച്ച ദൈവ കൃപയെപ്പറ്റിയും ദൈവസ്നേഹത്തെപ്പറ്റിയും ആയിരിക്കും. ഭൂമിയില്‍ നാം ആയിരിക്കുമ്പോള്‍ പരിചയമുള്ളവരുമൊത്ത്‌ നാം സ്വര്‍ഗ്ഗത്തിൽ എത്തിയ ശേഷം ദൈവസന്നിധിയിൽ അവനെ സ്തുതിക്കുന്നത്‌ നമ്മെ ആഹ്ലാദഭരിതരാക്കും.

നമുക്ക്‌ ഭൂമിയിൽ പരിചയം ഉള്ളവരെ സ്വര്‍ഗ്ഗത്തിൽ ചെല്ലുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കുമോ എന്ന വിഷയത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു എന്ന്‌ നോക്കാം. തന്റെ കൈക്കുഞ്ഞു മരിച്ചപ്പോല്‍ ദാവീദു പറഞ്ഞത്‌ ശ്രദ്ധിക്കുക: "ഞാന്‍ അവന്റെ അടുക്കലേക്ക്‌ പോകുമെന്നല്ലാതെ അവൻ എങ്കലേക്ക്‌ തിരിച്ചു വരികയില്ലല്ലോ" (2ശമുവേൽ 12:23). മരിച്ചു പോയ കുഞ്ഞ്‌ ഒരു കൈക്കുഞ്ഞായിരിന്നിട്ടുപോലും അവനെ സ്വര്‍ഗ്ഗത്തിൽ ചെല്ലുമ്പോൾ തിരിച്ചറിയുവാൻ കഴിയും എന്ന്‌ ദാവീദ്‌ വിശ്വസിച്ചു. ലൂക്കോസ് 16:19-31 വരെയുള്ള വാക്യങ്ങള്‍ അനുസരിച്ച്‌ അബ്രഹാം, ലാസര്‍, ധനവാൻ എന്നിവരെ അവരുടെ മരണശേഷവും വ്യക്തമായി തിരിച്ചറിയുവാന്‍ കഴിഞ്ഞു. മറുരൂപ മലയുടെ മുകളില്‍ പ്രത്യക്ഷരായ മോശെയേയും ഏലിയാവിനേയും ശിഷ്യന്‍മാർ തിരിച്ചറിഞ്ഞല്ലോ (മത്തായി 17:3-4). ഈ ഉദ്ദാഹരണങ്ങളിൽ നിന്ന്‌ മരണശേഷവും ആളുകളെ തിരിച്ചറിയുവാന്‍ കഴിയും എന്ന്‌ സത്യവേദപുസ്തകത്തിൽ നിന്ന്‌ മനസ്സിലാക്കാം.

നാം നമ്മുടെ കര്‍ത്താവിനെ കാണുമ്പോൾ അവൻ ഇരിക്കുന്നതുപോലെ നാമും ആയിത്തീരും എന്ന്‌ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (1 യോഹന്നാൻ 3:2). നമ്മുടെ ഭൌമീക ശരീരം ആദ്യത്തെ ആദാമിന്റെ ശരീരപ്രകൃതിയോട്‌ ഒത്തിരിക്കുന്നതുപോലെ മരണശേഷം നമ്മുടെ ശരീരപ്രകൃതി രണ്ടാം ആദാമായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീര പ്രകൃതിപോലെ ആകും (1 കൊരിന്ത്യർ 15:47). "നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗ്ഗീയന്റെ പ്രതിമ ധരിക്കും. ഈ ദ്രവത്വമുള്ളത്‌ അദ്രവത്വത്തേയും ഈ മര്‍ത്യമായത്‌ അമര്‍ത്യത്തേയും ധരിക്കേണം" (1കൊരിന്ത്യർ 15:49, 53). ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ അനേകർ കണ്ടു മനസ്സിലാക്കി എന്ന് നാം വായിക്കുന്നു (യോഹന്നാൻ 20:16, 20; 21:12; 1കൊരിന്ത്യർ 15:4-7). തേജസ്കരിക്കപ്പെട്ട തന്റെ ശരീരത്തില്‍ നമ്മുടെ കര്‍ത്താവിനെ കണ്ടു മനസ്സിലാക്കുവാന്‍ കഴിഞ്ഞെങ്കിൽ നമ്മേയും നമ്മുടെ തേജസ്കരിക്കപ്പെട്ട ശരീരത്തിൽ മനസ്സിലാക്കുവാൻ കഴിയണം. നമ്മുടെ സ്നേഹിതരേയും ബന്ധുമിത്രാദികളേയും അവരുടെ തേജസ്കരിക്കപ്പെട്ട ശരീരത്തില്‍ കണ്ടു മനസ്സിലാക്കുവാൻ കഴിയുന്നത്‌ വളരെ അത്ഭുത വിഷയമായിരിക്കും. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെ സൃഷ്ടാവിനെ അവന്റെ സകല മഹത്വത്തിലും കണ്ട്‌ അവന്റെ മുമ്പില്‍ അവനെ നമ്മുടെ ബന്ധുമിത്രാദികളോടൊത്ത്‌ നിത്യമായി ആരാധിക്കുവാൻ കഴിയും എന്നതാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

നമ്മുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും സ്വർഗ്ഗത്തിൽ വച്ച്‌ കാണുവാൻ കഴിയുമോ?
© Copyright Got Questions Ministries