settings icon
share icon
ചോദ്യം

ക്രിസ്തീയ ഉപവാസം - ബൈബിള്‍ എന്തു പറയുന്നു?

ഉത്തരം


ഉപവസിക്കുവാന്‍ ക്രിസ്തീയ വിശ്വാസിക്ക്‌ വേദപുസ്തകത്തില്‍ കല്‍പന ഇല്ല. ഏതെങ്കിലും വിശ്വാസി ഉപവസിക്കണം എന്ന്‌ ദൈവം പറയുന്നില്ല. അതേസമയം ഉപവാസം പല നിലയില്‍ നല്ലതാണെന്നും പ്രയോജനങ്ങള്‍ ഉള്ളതാണെന്നും വേദപുസ്തകത്തില്‍ കാണുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ്‌ ആദിമ വിശ്വാസികള്‍ ഉപവസിച്ചിരുന്നു എന്ന്‌ നാം വായിക്കുന്നു (അപ്പൊ.13:4;14:23). ഉപവാസവും പ്രര്‍ത്ഥനയും മിക്കവാറും ഒരുമിച്ചു പോകുന്നു (ലൂക്കോ.2:37: 5:33). നമ്മുടെ ശാരീരിക ആവശ്യങ്ങളെക്കാള്‍ ആത്മീയ കാര്യങ്ങള്‍ക്കാണ്‌ നാം മുന്‍ തൂക്കം കൊടുക്കുന്നത്‌ എന്നതിന്റെ അടയാളമാണ്‌ ഉപവാസം. ദൈവവുമായി നമുക്കുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളാ ഉണ്ട്‌ എന്ന്‌ നമ്മെത്തന്നെയും ദൈവത്തേയും അറിയിക്കുവാന്‍ ഉപവാസം ഉപകരിക്കുന്നു. നാം നമ്മുടെ ആവശ്യങ്ങള്‍ക്കായി ദൈവത്തെ മാത്രമാണ്‌ ആശ്രയിച്ചിരിക്കുന്നത്‌ എന്നതിന്റ്‌ അടയാളം കൂടെയാണ്‌ ഉപവാസം.

ഉപവാസത്തില്‍ പ്രധാനമായി നാം ഉപേക്ഷിക്കുന്നത്‌ ആഹാരം ആണ്‌. എന്നാല്‍ വേദപുസ്തകത്തില്‍ മറ്റു വിധത്തിലുള്ള ഉപവാസത്തെപ്പറ്റിയും വായിക്കാവുന്നതാണ്‌. ദൈവത്തിങ്കലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വേണ്ടി നാം താല്‍കാലികമായി മറ്റേതെങ്കിലും ഉപേക്ഷിച്ചാലും അത്‌ ഉപവാസമായി കണക്കാക്കാവുന്നതാണ്‌ (1കൊരി.7:1-5). ആഹാരം ഉപേക്ഷിച്ച്‌ ഉപവസിക്കുന്നത്‌ നമ്മുടെ ശരീരത്തിനെ ഏതെങ്കിലും കാരണത്തിനായി ശിക്ഷിക്കുവാന്‍ വേണ്ടി ആകരുത്‌. പത്ഥ്യാഹാരമായും ഉപവാസത്തെ കണക്കാക്കുവാന്‍ പാടില്ലാത്തതാണ്‌. ശരീരത്തിന്റെ തൂക്കം കുറയ്ക്കുവാനോ അല്ലെങ്കില്‍ ഏതെങ്കിലും രോഗപരിഹാരത്തിനു വേണ്ടിയോ ആഹാരം ഉപേക്ഷിക്കുന്നത്‌ ഉപവാസമല്ല. ആത്മീയ ആവശ്യങ്ങള്‍ക്കായി എന്തെങ്കിലും ചിലവ ഉപേക്ഷിക്കുന്നതാണ്‌ യഥാര്‍ത്ഥ ഉപവാസം. പ്രമേഹ രോഗികള്‍ക്കും മറ്റും ആഹാരം ഉപേക്ഷിച്ച്‌ ഉപവസിക്കുവാന്‍ സാധിക്കയില്ലല്ലൊ. അങ്ങനെയുള്ളവര്‍ അവരുടെ അനുദിന ജീവിതക്രമത്തില്‍ നിന്ന് മറ്റു ചിലത്‌ ഉപേക്ഷിച്ച്‌ അവയ്ക്കുപയോഗിക്കുമായിരുന്ന സമയം ദൈവസാമീപ്യത്തിനായി ഉപയോഗിക്കാവുന്നതാണ്‌. അങ്ങനെ അവര്‍ക്കും ഉപവസത്തോടെ ദൈവത്തെ തേടുവാന്‍ കഴിയും.

ഭൌതീകകാര്യങ്ങളില്‍ നിന്ന്‌ നമ്മുടെ ശ്രദ്ധ മാറ്റി ദൈവസന്നിധിയില്‍ സമയം ചെലവഴിക്കുന്നത്‌ വളരെ അധികം ഫലം ചെയ്യുന്നതാണ്‌. ഉപവസിക്കുന്നത്‌ നമ്മുടെ കാര്യസാധ്യത്തിന്‌ വേണ്ടി ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. ഉപവാസം കൊണ്ട്‌ സാധിക്കേണ്ടത്‌ നമ്മുടെ ജീവിതത്തിന്റെ മാറ്റമാണ്‌; ദൈവത്തെയോ ദൈവഹിതത്തേയോ മാറ്റുവാനുള്ള ഉപാധിയല്ല ഉപവാസം. മറ്റുള്ളവരേക്കാള്‍ ഭക്തിയുള്ള ആളാണ്‌ ഞാന്‍ എന്ന്‌ വെളിപ്പെടുത്തുവാനും ഉപവാസം ഉപയോഗിച്ചുകൂടാ. താഴ്മയോടും സന്തോഷത്തോടും കൂടി വേണം നാം ഉപവസിക്കുവാന്‍ എന്ന്‌ കര്‍ത്താവ്‌ നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. "ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്‌. അവര്‍ ഉപവസിക്കുന്നത്‌ മനുഷര്‍ക്ക്‌ വിളങ്ങേണ്ടതിന്‌ മുഖം വിരൂപമാക്കുന്നു. അവര്‍ക്ക്‌ പ്രതിഫലം കിട്ടിപ്പോയി എന്ന്‌ സത്യമായിട്ട്‌ ഞാന്‍ നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോള്‍ നിന്റെ ഉപവാസം മനുഷര്‍ക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിനു വിളങ്ങേണ്ടതിന്‌ തലയില്‍ എണ്ണ തേച്ച്‌ മുഖം കഴുകുക. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ്‌ നിനക്ക്‌ പ്രതിഫലം നല്‍കും" (മത്താ.6:16-18) എന്ന് നാം വായിക്കുന്നു.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ക്രിസ്തീയ ഉപവാസം - ബൈബിള്‍ എന്തു പറയുന്നു?
© Copyright Got Questions Ministries