settings icon
share icon
ചോദ്യം

എന്താണ്‌ അന്യഭാഷാ ഭാഷണം? അന്യഭാഷാ ഭാഷണം ഇന്നും നിലവിലുണ്ടോ?

ഉത്തരം


അപ്പൊ. പ്രവ.2:1-4 വരെയുള്ള വാക്യങ്ങളിലാണ്‌ ആദ്യമായി അന്യഭാഷാവരം പ്രബല്യത്തിലായതായി നാം വായിക്കുന്നത്‌. അന്ന്‌ അവിടെ കൂടിയിരുന്ന ആളുകളോട്‌ അവരവരുടെ സ്വന്തഭാഷയില്‍ അപ്പൊസ്തലന്‍മാര്‍ സുവിശേഷം പങ്കു വയ്ക്കുകയാണുണ്ടായത്‌. "അവര്‍ ദൈവത്തിന്റെ അത്ഭുതകാര്യങ്ങള്‍ പ്രസ്താവിക്കുന്നത്‌ നാം നമ്മുടെ സ്വന്തഭാഷകളില്‍ കേള്‍ക്കുന്നു" എന്നാണ്‌ കൂടുയിരുന്നവര്‍ പറഞ്ഞത്‌ (പ്രവ.2:11). അന്യഭാഷാ എന്നതിന്റെ മൂല പദത്തിന്റെ (ഗ്രീക്ക്) അർഥം "ഭാഷ" എന്നാണ്.അതുകൊണ്ട്‌ ഒരാള്‍ തനിക്കറിഞ്ഞുകൂടാത്ത ഭാഷയില്‍ ആ ഭാഷ സംസാരിക്കുന്ന ആളിനോട്‌ സുവിശേഷം പങ്കുവയ്കുവാനുള്ള കൃപയ്ക്കാണ്‌ അന്യഭാഷാവരം എന്നു പറയുന്നത്‌.

1കൊരി.12-14 വരെ അദ്ധ്യായങ്ങളില്‍ അത്ഭുതവരങ്ങളെപ്പറ്റി അപ്പൊസ്തലനായ പൌലോസ്‌ വിവരിക്കുമ്പോള്‍ ഇങ്ങനെയാണ്‌ പറഞ്ഞിരിക്കുന്നത്‌. "സഹോദരന്‍മാരേ, ഞാന്‍ വെളിപ്പാടായിട്ടോ, ജ്ഞാനമായിട്ടോ, പ്രവചനമായിട്ടോ, ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില്‍ നിങ്ങളോടു സംസാരിച്ചുകൊണ്ട്‌ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്ക്‌ എന്തു പ്രയോജനം വരും?" (1കൊരി.14:6). അപ്പൊസ്തലന്റെ അഭിപ്രായത്തിലും പ്രവര്‍ത്തികള്‍ രണ്ടാം അദ്ധ്യായത്തില്‍ നടന്നതിന്റെ അടിസ്ഥാനത്തിലും അന്യഭാഷാവരം പ്രയോജനപ്പെടുന്നത്‌ അതു കേട്ടു മനസ്സിലാക്കുന്ന ആളുകള്‍ക്കു മാത്രമാണ്‌. മറ്റുള്ള ആര്‍ക്കെങ്കിലും അതു പ്രയോജനപ്പെടണമെങ്കില്‍ അത്‌ വ്യാഖ്യാനിക്കപ്പെട്ടിരിക്കണം.

വ്യാഖ്യാന വരം ഉള്ള ആളിന്‌ താന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഭാഷ കേട്ടു മനസ്സിലാക്കി അത്‌ വ്യാഖ്യാനിക്കുവാനുള്ള കഴിവാണുള്ളത്‌. (1കൊരി 12:30 ) തനിക്ക് ആ പറയപ്പെടുന്ന ഭാഷയിൽ പരിജ്ഞാനമില്ലങ്കിൽ പോലും വ്യാഖ്യാന വരം ഉള്ള ആള്‍ അന്യഭാഷാവരമുള്ള ആള്‍ പറഞ്ഞ ദൂത്‌ എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയിലേക്ക്‌ മാറ്റിക്കൊടുക്കുന്നു. "അതുകൊണ്ട്‌ അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ വ്യാഖ്യാനവരത്തിനായി പ്രര്‍ത്ഥിക്കട്ടെ" എന്ന്‌ പൌലോസ്‌ പറയുന്നു (1കൊരി.14:13). വ്യാഖ്യാനിക്കപ്പെടാത്ത അന്യഭാഷാ ഭാഷണത്തെപ്പറ്റി പൌലോസിന്റെ വാക്കുകള്‍ വളരെ കരുത്തുള്ളതാണ്‌. "എങ്കിലും സഭയില്‍ പതിനായിരം വാക്ക്‌ അന്യഭാഷയില്‍ സംസാരിക്കുന്നതിനേക്കാള്‍ അധികം മറ്റുള്ളവരേയും പഠിപ്പിക്കേണ്ടതിന്‌ ബുദ്ധികൊണ്ട്‌ അഞ്ചു വാക്കു പറയുവാന്‍ ഞാന്‍ ഇച്ഛിക്കുന്നു" (1കൊരി.14:19).

അന്യഭാഷ ഈ കാലത്തേക്കുള്ളതാണോ? 1കൊരി.13:8 ല്‍ അന്യഭാഷ നിന്നുപോകുന്നതിനെപ്പറ്റി പരാമര്‍ശമുണ്ട്‌. എന്നാല്‍ അത്‌ പൂര്‍ണ്ണമായതു വരുന്നതിനുമായി ബന്ധപ്പെടുത്തിയാണ്‌ പറഞ്ഞിരിക്കുന്നത്‌ (1കൊരി.13:10). "നിന്നു പോകും" "നീങ്ങിപ്പോകും" എന്ന്‌ രണ്ടു വ്യത്യാസമായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട്‌ പൂര്‍ണമായതു വരുന്നതിനു മുമ്പ്‌ അന്യഭാഷ നിന്നുപോകും എന്നു പറയുന്നവരുണ്ട്‌. ഒരു പക്ഷെ അങ്ങനെ പറയാമെങ്കിലും ഈ വാക്യങ്ങളില്‍ അത്‌ അത്ര വ്യക്തമല്ല. മറ്റു ചിലര്‍ യെശ.28:11; യോവേ.2:28,29 എന്നീ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്യഭാഷ വരുവാനുള്ള ദൈവകോപത്തിന്റെ അടയാളമായി കൊടുക്കപ്പെട്ടതായി പറയുന്നു. 1കൊരി.14:22 ല്‍ അന്യഭാഷയെ "അവിശ്വാസികള്‍ക്ക്‌ അടയാള" മായി ചിത്രീകരിച്ചിരിക്കുന്നു. ഈ വ്യാഖ്യാന ഗതി അനുസരിച്ച്‌ യെഹൂദന്‍മാര്‍ യേശുവിനെ അവരുടെ മശിഹയായി സ്വീകരിക്കാതിരുന്നതിന്‌ വരുവാനിരിക്കുന്ന ന്യായവിധിയുടെ അടയാളമായിട്ടാണ്‌ അന്യഭാഷാവരം കൊടുക്കപ്പെട്ടത്‌. അതുകൊണ്ട്‌ A.D 70 ല്‍ യെരുശലേം നഗരം ഇടിക്കപ്പെട്ട്‌ യിസ്രായേല്‍ജനം ന്യായം വിധിക്കപ്പെട്ടു കഴിഞ്ഞതോടെ അന്യഭാഷയുടെ ഉദ്ദേശം നിറവേറിക്കഴിഞ്ഞു എന്നാണവര്‍ പറയുന്നത്‌. ഇങ്ങനെയുള്ള ന്യായങ്ങള്‍ കൊണ്ട്‌ അന്യഭാഷാ വരം നിന്നുപോയി എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. എന്നാല്‍ അന്യഭാഷാവരം നിന്നുപോയി എന്ന് വേദപുസ്തകം പറയുന്നില്ല.

അതേ സമയം ഇന്ന് അന്യഭാഷാവരം നിലവിലുണ്ടെങ്കില്‍ വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ അത്‌ പ്രയോജനപ്പെടുത്തുവാന്‍ പാടുള്ളു എന്നത്‌ വിസ്മരിക്കരുത്‌. അത്‌ വാസ്തവത്തിലുള്ള ഒരു സംസാരഭാഷ ആയിരിക്കണം, (1കൊരി.14:10). വേറൊരു ഭാഷയിലുള്ള ആളിനോട്‌ ദൈവത്തിന്റെ സന്ദേശം അറിയിക്കുന്നതിനു വേണ്ടിയായിരിക്കണം അത്‌ ഉപയോഗിക്കേണ്ടത്‌ (പ്രവ.2:6-12). അപ്പൊസ്തലനായ പൌലോസ്‌ 1കൊരി.14 ല്‍ പറഞ്ഞിരിക്കുന്ന മറ്റു വ്യവസ്തകള്‍ക്കും കീഴ്പ്പെട്ടായിരിക്കണം അത്‌ ഉപയോഗിക്കേണ്ടത്‌. ഉദ്ദാഹരണമായി 1കൊരി14:27,28 പറഞ്ഞിരിക്കുന്നത് അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ ;അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരുവൻ വ്യാഖ്യാനിക്കുകയും ചെയ്യട്ടെ.വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ. ദൈവം കലക്കത്തിന്റെ ദൈവമല്ല എന്നും സകലവും ഉചിതമാണ് ക്രമമായും നടക്കട്ടെ എന്നുമാണ് 2കൊരി 14:33ൽ പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നത്.

വേറൊരു ഭാഷയിലുള്ള ആളിനോട്‌ സുവിശേഷം അറിയിക്കുവാനുള്ള ഉദ്ദേശത്തോടുകൂടി വേണമെങ്കില്‍ ഒരാള്‍ക്ക്‌ താന്‍ പഠിക്കാത്ത ഒരു ഭാഷ സംസാരിക്കുവാനുള്ള കഴിവു കൊടുക്കുവാന്‍ ദൈവം സര്‍വശക്തനാണ്‌. കൃപാ വരങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതില്‍ പരിശുദ്ധാത്മാവ്‌ സര്‍വാധികാരിയാണല്ലോ (1കൊരി.12:11). മിഷനറിമാര്‍ അവര്‍ ചെല്ലുന്ന സ്ഥലത്തെ ഭാഷ പഠിക്കുവാന്‍ ആവശ്യമില്ലാതെ ഉടനടി അവിടെയുള്ള ആളുകളോട്‌ സുവിശേഷ സന്ദേശം പങ്കു വയ്ക്കുവാന്‍ സാധിച്ചിരുന്നെങ്കിലുള്ള അവസ്ഥ ഒന്നൂഹിച്ചു നോക്കുക. അവരുടെ വേല എത്ര അധികം കണ്ട്‌ ഫലപ്രദമായിരുന്നിരിക്കും എന്നതില്‍ സംശയമില്ലല്ലോ. എന്നാല്‍ ദൈവം അങ്ങനെയല്ലല്ലോ ഇന്നു പ്രവര്‍ത്തിക്കുന്നത്‌. ആദ്യനൂറ്റാണ്ടില്‍ സംഭവിച്ചതു പോലെ ഇന്ന് സംഭവിക്കുന്നില്ലല്ലോ. ഇന്ന് അന്യഭാഷവരപ്രാപ്തിയുണ്ട്‌ എന്നഭിമാനിക്കുന്നവരില്‍ അധിക പങ്കും ആളുകള്‍ പുതിയ നിയമ വ്യവസ്തകളെ മാനിക്കാതെയാണല്ലോ അതു ഉപയോഗിക്കുന്നത്‌. ഈ വക കാര്യങ്ങള്‍ കൊണ്ട്‌ തീര്‍ച്ചപ്പെടുത്തുവാന്‍ കഴിയുന്ന ഒരു കാര്യം അന്യഭാഷാവരം നിന്നുപോയി എന്നു തന്നെയാണ്‌. അതല്ലെങ്കില്‍ തുലോം ചുരുക്കമായി മാത്രം കാണുന്ന ഒരു വരമാണത്‌ എന്നു തന്നെയാണ്‌ തീരുമാനിക്കേണ്ടത്‌.

അന്യഭാഷയെ സ്വയ ആത്മീക അഭിവൃത്തിക്കായുള്ള "പ്രര്‍ത്ഥന ഭാഷ" ആയി കാണുന്നവര്‍ 1കൊരി.14:4, 28 എന്നീ വാക്യങ്ങളുടെ അടിസ്ഥാത്തിലാണ്‌ അങ്ങനെ മനസ്സിലാക്കുന്നത്‌. എന്നാല്‍ 1കൊരി.14 ല്‍ പൌലോസ്‌ ആവര്‍ത്തിച്ചു പറയുന്ന സത്യം അന്യഭാഷ സഭയില്‍ വ്യാഖ്യാനിക്കപ്പെട്ടെങ്കിലേ മതിയാവൂ എന്നാണ്‌ (വാക്യ.5-12). അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിനെപ്പറ്റി പുതിയ നിയമത്തില്‍ വ്യക്തമായ ഒരു പരാമര്‍ശവുമില്ല. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ഉദ്ദേശത്തെപ്പറ്റിയും പുതിയനിയമത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്ന ആളിനെപ്പറ്റിയും പരാമര്‍ശം ഇല്ല. മാത്രമല്ല അത്‌ സ്വയം ആത്മീക വര്‍ദ്ധനക്കാണെങ്കില്‍ ആ വരം ഇല്ലാത്തവര്‍ക്ക്‌ സ്വയം ആത്മീക വര്‍ദ്ധന വരുത്തുവാനുള്ള അവസരം ഇല്ലെന്നു വരുമോ? 1കൊരി.12:29,30 ല്‍ നിന്ന് എല്ലാവരും അന്യഭാഷ സംസാരിക്കുന്നില്ല എന്നത്‌ വളരെ വ്യക്തമാണല്ലോ.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്താണ്‌ അന്യഭാഷാ ഭാഷണം? അന്യഭാഷാ ഭാഷണം ഇന്നും നിലവിലുണ്ടോ?
© Copyright Got Questions Ministries