settings icon
share icon
ചോദ്യം

നല്ല മാതാപിതാക്കൾ ആയിരിക്കുന്നതിനെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?

ഉത്തരം


മാതാപിതാക്കളുടെ കര്‍ത്തവ്യം വെല്ലുവിളികൾ നിറഞ്ഞതും കഠിനവും ആയിരുന്നാലും അത്രത്തോളം പ്രതിഫലം നിറഞ്ഞ മറ്റു ചുമതലകള്‍ ചുരുക്കമാണ്‌. നല്ല മാതാപിതാക്കള്‍ ആയിരിക്കുന്നതിനെപ്പറ്റി വേദപുസ്തകത്തില്‍ അനേക കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്‌. മക്കളെ ദൈവവചനം പഠിപ്പിക്കുക എന്നതാണ്‌ ആദ്യമായി ചെയ്യേണ്ടത്‌.

ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്ത്‌ മക്കളുടെ മുമ്പാകെ ഒരു നല്ല മാതൃകാജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ ആവർത്തനം.6:7-9 വരെ പറഞ്ഞിരിക്കുന്നതുപോലെ ദൈവഭക്തി മക്കളെ പഠിപ്പിക്കുന്ന കാര്യത്തിലും നാം അതീവ ജാഗ്രത ഉള്ളവര്‍ ആയിരിക്കേണ്ടതാണ്‌. ആ വേദഭാഗം നമ്മെ പഠിപ്പിക്കുന്നത്‌ മക്കളെ ദൈവവഴിയിൽ നടത്തണമെങ്കിൽ അതിനു തുടര്‍ന്നു നാം ശ്രമിച്ചുകൊണ്ടിരിക്കണം എന്നാണ്‌. വീട്ടിലും, നടക്കുമ്പോഴും, കിടക്കുമ്പോഴും, രാവിലെയും, വൈകിട്ടും എന്നു വേണ്ട, ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും നാം അതിനുവേണ്ടി പാടുപെടേണ്ടതാണ്‌. നമ്മുടെ ഭവനങ്ങളുടെ അടിസ്ഥാനം വേദപുസ്തക സത്യങ്ങള്‍ ആയിരിക്കേണ്ടതാണ്‌. ഈ കല്‍പനകൾ അനുസരിച്ച്‌ നാം കുഞ്ഞുങ്ങള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കേണ്ട സത്യം ദൈവഭക്തി വെറും ഞായറാഴ്ചകളിലേക്കോ അല്ലെങ്കിൽ പ്രാര്‍ത്ഥനയോഗങ്ങളിലേക്കോ മാത്രം ഒതുക്കി നിര്‍ത്താവുന്നത്‌ അല്ല എന്നതാണ്‌.

നാം അവരെ പഠിപ്പിക്കുമ്പോള്‍ അനേക കാര്യങ്ങൾ അവർ മനസ്സിലാക്കുന്നു എന്നത്‌ സത്യമാണെങ്കിലും നിരീക്ഷണത്തില്‍ കൂടെയാണ്‌ നമ്മുടെ മക്കൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നത്‌. അതുകൊണ്ടാണ്‌ നാം ചെയ്യുന്ന സകല കാര്യങ്ങളിലും നാം വളരെ ശ്രദ്ധ ചെലുത്തേണ്ടത്‌ ആവശ്യമായിരിക്കുന്നത്‌. മാതാപിതാക്കള്‍ എന്ന നിലക്ക്‌ ദൈവം ഓരോരുത്തര്‍ക്കും കൊടുത്തിരിക്കുന്ന കടമകൾ അതീവ ശ്രദ്ധയോടെ നാം ജീവിതത്തിൽ പിന്‍പറ്റേണ്ടതാണ്‌. ഭാര്യയും ഭര്‍ത്താവും അന്യോന്യം ബഹുമാനിക്കുവാനും കീഴടങ്ങുവാനും വേദപുസ്തകം പഠിപ്പിക്കുന്നു (എഫെസ്യർ.5:21; 1പത്രോസ്. 3:7). അതേസമയം കുടുംബത്തിന്റെ നാഥനായി ദൈവം പുരുഷനു പ്രത്യേകം ചുമതലകള്‍ കൊടുത്തിട്ടുണ്ട്‌. "എന്നാല്‍ ഏതു പുരുഷന്റേയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന്‍. ക്രിസ്തുവിന്റെ തല ദൈവം എന്ന് നിങ്ങള്‍ അറിയേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു" (1കൊരിന്ത്യർ.11:3). നമുക്കറിയാം ക്രിസ്തു ദൈവത്തെക്കാള്‍ താഴ്ന്നവന്‍ അല്ല എന്ന സത്യം. അതുപോലെ ഭാര്യ ഭര്‍ത്താവിനേക്കാൾ ഒരിക്കലും തരം താഴ്ന്ന ആളല്ല എന്ന സത്യം നാം മറക്കരുത്‌. ക്രിസ്തു തന്നെത്താന്‍ സഭക്ക്‌ ഏല്‍പ്പിച്ചുകൊടുത്ത്‌ സഭയെ സ്നേഹിച്ചതുപോലെ, ഭര്‍ത്താവ്‌ ഭാര്യയെ സ്വന്ത ശരീരത്തെപ്പോലെ സ്നേഹിക്കുവാനാണ്‌ കല്‍പന (എഫെസ്യർ 5:25-29). എങ്കിലും കുടുംബത്തിന്റെ ക്രമസമാധാനത്തിന്റെ ചുമതല ദൈവം ഭര്‍ത്താവിനു കൊടുത്തിരിക്കയാണ്‌.

സ്നേഹിക്കുന്ന ഭര്‍ത്താവിന്റെ അധികാരത്തിനു കീഴടങ്ങുവാൻ ഭാര്യക്ക്‌ പ്രയാസമില്ല (എഫെസ്യർ 5:24; കൊലൊസ്സ്യർ 3:18). ഭാര്യയുടെ പ്രധാന ദൌത്യം പരിജ്ഞാനത്തോടും വിശുദ്ധിയോടും കൂടെ നടന്ന്‌ ഭര്‍ത്താവിനെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്ത്‌ കുടുംബത്തെ നയിക്കുക എന്നതാണ്‌ (തീത്തൊസ്.2:4-5). കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന്‌ ദൈവത്തിന്റെ പ്രത്യേക കൃപ സ്ത്രീകള്‍ക്കാണുള്ളത്‌.

പഠിപ്പിക്കയും ശിക്ഷയില്‍ വളര്‍ത്തുകയും ചെയ്യുക എന്നത്‌ മാതാപിതാക്കളുടെ കര്‍ത്തവ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്‌. സദൃശ്യ വാക്യങ്ങൾ13:24 ഇങ്ങനെ പറയുന്നു. "വടി ഉപയോഗിക്കാത്തവന്‍ തന്റെ മകനെ പകെക്കുന്നു. അവനെ സ്നേഹിക്കുന്നവനോ, ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു". ശിക്ഷണമില്ലാതെ വളര്‍ത്തപ്പെടുന്ന കുഞ്ഞുങ്ങൾ വളരുമ്പോൾ തങ്ങള്‍ക്കു തന്നെ അയോഗ്യരായും വേണ്ടാത്തവരായും തോന്നാറുണ്ട്‌. ശിക്ഷിക്കപ്പെടാതെ വളരുന്ന കുഞ്ഞുങ്ങള്‍ ഭാവിയിൽ ലക്ഷ്യബോധമില്ലാത്തവരും ആത്മനിയന്ത്രണം ഇല്ലാത്തവരും അയിത്തീര്‍ന്ന്‌, അധികാരികളേയും ദൈവത്തേയും മറുതലിക്കുന്നവര്‍ ആയിത്തീരാറുണ്ട്‌. "പ്രത്യാശുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന്‍ ഭാവിക്കരുത്‌" (സദൃശ്യ വാക്യങ്ങൾ19:18). ശിക്ഷ ഒരിക്കലും താളം തെറ്റി ആകുവാന്‍ പടില്ല. ശിക്ഷ എപ്പോഴും സ്നേഹത്തോടു കൂടി മാത്രമേ പാടുള്ളൂ. അല്ലെങ്കില്‍ മക്കള്‍ പ്രതികാര ബുദ്ധിയുള്ളവരും, നിരാശരും, മറുതലിക്കുന്നവരും ആയിത്തീരുവാന്‍ ഇടയുണ്ട്‌ (കൊലൊസ്സ്യർ 3:21). ശിക്ഷിക്കപ്പെടുമ്പോള്‍ അത്‌ വേദന ഉളവാക്കും എന്ന്‌ ദൈവത്തിനറിയാം (എബ്രായർ 12:11). എന്നാല്‍ ശിക്ഷയോടൊത്ത്‌ സ്നേഹത്തോടുകൂടിയ പഠിപ്പിക്കൽ കുഞ്ഞിനു വളരെ പ്രയോജനം ചെയ്യും. "പിതാക്കന്‍മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവീന്‍" (എഫെസ്യർ.6:4).

ചെറുപ്പത്തില്‍ തന്നെ മക്കളെ സഭയിലും ശുശ്രൂഷ ചെയ്യുവാനും പഠിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. വേദപുസ്തകം വിശ്വസിക്കയും പഠിപ്പിക്കയും ചെയ്യുന്ന ഒരു സഭയില്‍ നിങ്ങൾ പതിവായി പോകുന്നതും (എബ്രായർ.10:25) വേദപുസ്തകം പഠിക്കുന്നതും കാണുമ്പോള്‍ കുഞ്ഞുങ്ങളും വേദപുസ്തകം പഠിക്കുവാന്‍ ആഗ്രഹമുള്ളവരായിത്തീരും. കുഞ്ഞുങ്ങള്‍ക്ക്‌ ലോകത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്‌. "ബാലന്‍ നടക്കേണ്ട വഴി അവനെ പഠിപ്പിക്ക; അവന്‍ വൃദ്ധനായാലും അത്‌ വിട്ടുമാറുകയില്ല" (സദൃശ്യ വാക്യങ്ങൾ22:6). നല്ല മാതാപിതാക്കള്‍ ആയിരിക്ക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, നിങ്ങൾ ചെയ്യുന്നതുപോലെ ദൈവത്തെ സ്നേഹിക്കയും ആരാധിക്കയും ചെയ്യുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

നല്ല മാതാപിതാക്കൾ ആയിരിക്കുന്നതിനെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?
© Copyright Got Questions Ministries