ചോദ്യം
സൗഖ്യം ലഭിക്കുന്നതിനെ പറ്റി ബൈബിൾ എന്താണ് പറയുന്നത്? പ്രായശ്ചിത്തം ചെയ്താൽ സൗഖ്യം ലഭിക്കുമോ?
ഉത്തരം
1 പത്രോസ് 2: 24 ൽ ഉദ്ധരിച്ചിരിക്കുന്ന യെശയ്യാവ് 53: 5 ആണ് സൗഖ്യത്തെ കുറിച്ചു പറയുന്ന പ്രധാന വാക്യം. എന്നാൽ ഈ വാക്യം പലപ്പോഴും തെറ്റ് ധരിക്കപ്പെടുകയും ദുർവിനയോഗം ചെയ്യപ്പെടുകയും ചെയ്യുന്നു. “എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.” സൗഖ്യം എന്ന് ഉദ്ദേശിക്കുന്നത് ശാരീരികമോ, ആത്മീകമോ ആകാം. എന്നാൽ യെശയാവ് 53, 1 പത്രോസ് 2 എന്നീ അദ്ധ്യായങ്ങളുടെ പശ്ചാത്തലം നാം പഠിക്കുമ്പോൾ മനസ്സിലാകുന്നത് ഇത് ആത്മീയ സൗഖ്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. “ നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.” (1 പത്രോസ് 2: 24) പാപത്തെ കുറിച്ചും നീതിയെകുറിച്ചുമാണ് ഈ വാക്യം പറയുന്നത് അല്ലതെ രോഗങ്ങളെ കുറിച്ചല്ല. ഈ രണ്ട് വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സൗഖ്യം നമ്മുടെ ശാരീരിക സൗഖ്യത്തെ കുറിച്ചല്ല, പാപക്ഷമയും രക്ഷയെയും കുറിച്ചാണ്.
ശാരീരിക സൗഖ്യവും ആത്മീക സൗഖ്യവും കോർത്തിണക്കി വചനം പറയുന്നില്ല. ചിലപ്പോൾ ചിലർ തങ്ങളുടെ വിശ്വാസം ക്രിസ്തുവിൽ അർപ്പിക്കുമ്പോൾ അവർക്ക് ശാരീരിക സൗഖ്യം ലഭിക്കുന്നു. എന്നാൽ എപ്പോഴും ഇത് സംഭവിക്കാറില്ല. സൗഖ്യമാക്കുന്നത് ചിലപ്പോൾ ദൈവ ഹിതമായിരിക്കും ചിലപ്പോൾ അല്ലായിരിക്കാം. അപ്പൊസ്തൊലനായ യോഹന്നാൻ ഇതിന് ശരിയായ വീക്ഷണം നൽകുന്നുണ്ട്. “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.” (1 യോഹന്നാൻ 5: 14-15) ദൈവം ഇന്നും അത്ഭുതങ്ങൾ ചെയ്യും, ആളുകളെ സൗഖ്യമാക്കും, രോഗങ്ങൾ, വേദനകൾ, മരണം ഇതെല്ലാം ഇന്നും ലോകത്തിൽ നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളാണ്. ദൈവത്തിന്റെ വരവ് താമസിക്കുന്നു എങ്കിൽ ഈ ലോകത്തിൽ ഉള്ളവരെല്ലാം മരിക്കും, അതിൽ അധികം ആളുകളും (ക്രിസ്ത്യാനികൾ ഉൾപടെ) ശാരീരിക രോഗങ്ങൾ, മറ്റ് പ്രശ്നങ്ങൾ മൂലമായിരിക്കും മരിക്കുന്നത്. ശാരീരിക സൗഖ്യം എപ്പോഴും ഒരു ദൈവ ഹിതമായിരിക്കയില്ല.
നമ്മുടെ പൂർണ്ണമായ ശാരീരിക വിടുതൽ സ്വർഗ്ഗത്തിൽ നമുക്കായി കാത്തിരിക്കുന്നു. സ്വർഗ്ഗത്തിൽ നമുക്ക് രോഗമില്ല, വേദനയില്ല, കഷ്ടതയില്ല, മരണമില്ല (വെളിപ്പാട് 21) നമ്മുടെ ശാരീരിക സ്ഥിതികളെ ഓർത്ത് നാം അധികം വ്യാകുലപ്പെടാതെ ആത്മീയ കാര്യങ്ങൾക്ക് മനസ്സ് വയ്ക്കുക. (റോമർ 12: 1-2) ഇങ്ങനെയുള്ളവർക്ക് ഒരു ശാരീരിക കഷ്ടതയും ഇല്ലാത്ത സ്വർഗ്ഗത്തിലേക്ക് തങ്ങളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കുവാൻ കഴിയും. വെളിപ്പാട് 21: 4ൽ നമ്മൾ യഥാർത്ഥമായി കാത്തിരിക്കേണ്ട വിടുതലിനെ കുറിച്ച് ഇങ്ങനെ പറയുന്നു, “അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു.”
English
സൗഖ്യം ലഭിക്കുന്നതിനെ പറ്റി ബൈബിൾ എന്താണ് പറയുന്നത്? പ്രായശ്ചിത്തം ചെയ്താൽ സൗഖ്യം ലഭിക്കുമോ?