settings icon
share icon
ചോദ്യം

ഒരു കാര്യം പാപമണോ എന്ന്‌ തിരിച്ചറിയുവാൻ എങ്ങനെ കഴിയും?

ഉത്തരം


ഈ ചോദ്യത്തില്‍ രണ്ടു കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്‌. ചില കാര്യങ്ങള്‍ പാപമാണെന്ന്‌ ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ മറ്റു ചില കാര്യങ്ങളെപ്പറ്റി ബൈബിളിൽ പരാമര്‍ശം ഇല്ല. പാപത്തിന്റെ പട്ടിക സത്യവേദപുസ്തകത്തില്‍ പലത്‌ കാണാം. ഉദ്ദാഹരണമായി സദൃവാക്യങ്ങൾ. 6:16-19; ഗലാത്യർ 5:19-21; 1കൊരിന്ത്യർ 6:9-10. മോഷണം, കുലപാതകം, വ്യഭിചാരം എന്നിങ്ങനെ ഈ പട്ടികയില്‍ ഉള്ള കാര്യങ്ങൾ ദൈവം വെറുക്കുന്നവ ആണെന്ന്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. ഇങ്ങനെ വ്യക്തമാക്കപ്പെട്ട കാര്യങ്ങളെപ്പറ്റി സംശയിക്കേണ്ട ആവശ്യമില്ലല്ലോ. അവ ദൈവം വെറുക്കുന്നവയാണ്‌; അവ ശിക്ഷാര്‍ഹവുമാണ്‌. എന്നാല്‍ ബൈബിളിൽ പരാമര്‍ശം ഇല്ലാത്ത പല കാര്യങ്ങൾ ഉണ്ട്‌. അങ്ങനെയുള്ളവയെപ്പറ്റി മനസ്സിലാക്കുവാന്‍ വേദപുസ്തക തത്വങ്ങളുടെ അടിസ്ഥാനത്തിൽ നാം തീരുമാനിക്കേണ്ടതാണ്‌.

ഇങ്ങനെ വേദപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടാത്ത ഒരു കാര്യത്തെപ്പറ്റി തീരുമാനിക്കുവാൻ, ഈ കാര്യം തെറ്റാണോ എന്ന്‌ ചോദിക്കുന്നതിനു പകരം ഈ കാര്യം ശരിയാണോ എന്ന്‌ ചോദിക്കുന്നതായിരിക്കും നല്ലത്‌. ഉദ്ദാഹരണമായി ബൈബിള്‍ പറയുന്നത്‌, "സമയം തക്കത്തില്‍ ഉപയോഗിക്കു"വാനാണ്‌ (കൊലൊസ്സ്യർ 4:5). നിത്യതയുടെ വെളിച്ചത്തില്‍ നമ്മുടെ ഈ ഭൂമിയിലെ സമയം തുലോം ചുരുക്കമാണ്‌. മറ്റുള്ളവര്‍ക്ക്‌ ആത്മീയവര്‍ദ്ധന ഉളവാക്കുന്ന കാര്യങ്ങളേ ചെയ്യാവൂ എന്ന്‌ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (എഫെസ്സ്യർ 4:29).

നാം ഏതു കാര്യം ചെയ്യുന്നതിനും മുമ്പ്‌ ദൈവത്തോട്‌, ഇത്‌ നിന്റെ നാമത്തിന്റെ മഹത്വത്തിനുവേണ്ടി ആക്കിത്തീര്‍ക്കേണമേ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാൻ കഴിയുമെങ്കില്‍ മാത്രം ആ കാര്യം ചെയ്യുവാൻ തീരുമാനിക്കുക (1കൊരിന്ത്യർ 10:31). അത്‌ ദൈവത്തിനു പ്രസാദമാകുമോ എന്ന സംശയം മനസ്സില്‍ ഉണ്ടെങ്കിൽ അത്തരം കാര്യങ്ങൾ ചെയ്യുവാന്‍ പാടില്ലാത്തതാണ്‌. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ (റോമർ.14:31). നമ്മുടെ ശരീരവും നമ്മുടെ ആത്മാക്കളും വീണ്ടെടുക്കപ്പെട്ട്‌, നാം ദൈവത്തിന്റെ വകയാണ്‌ എന്നത്‌ ഒരിക്കലും മറക്കുവാൻ പാടില്ലാത്തതാണ്‌. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്ക്‌ വാങ്ങിയിരിക്കയാൽ നിങ്ങൾ നിങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകെയാല്‍ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവീൻ (1കൊരിന്ത്യർ 6:19-20). നാം എന്തു ചെയ്യുമെന്നും എവിടെ പോകുമെന്നും തീരുമാനിക്കുന്നത്‌ ഈ സത്യത്തെ അടിസ്ഥാനപ്പെടുത്തി മാത്രം ആയിരിക്കണം.

മറ്റൊരു കാര്യം, നാം ചെയ്യുന്ന കാര്യങ്ങള്‍ ഒരു പക്ഷെ ദൈവത്തിനു അപ്രിയം അല്ല എന്ന് വന്നാലും അത്‌ മറ്റുള്ളവരെ ഏതു വിധത്തിലെങ്കിലും ബാധിക്കുമോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്‌. "മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരനു ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത്‌ നല്ലത്‌" റോമർ.14:21). "എന്നാല്‍ ശക്തന്‍മാരായ നാം അശക്തന്‍മാരായവരുടെ ബലഹീനതകളെ ചുമക്കയും നമ്മിൽ തന്നെ പ്രസാദിക്കാതിരിക്കയും വേണം" (റോമർ.15:1).

ക്രിസ്തു നമ്മുടെ രക്ഷകനും കര്‍ത്താവും ആണെന്ന കാര്യം ഒരിക്കലും മറക്കുവാൻ പാടില്ല. അവന്റെ ഹിതത്തിന്‌ അനുയോജ്യമല്ലാത്ത യാതൊന്നും നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ലാത്തതാണ്‌. ഏതെങ്കിലും സ്വഭാവങ്ങളോ, നേരമ്പോക്കുകളോ, അഭിലാഷങ്ങളോ കര്‍ത്താവിനു നാം കൊടുക്കേണ്ട സ്ഥാനത്തെ ഒരിക്കലും അപഹരിക്കുവാൻ പാടില്ലാത്തതാണ്‌. "സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്‌; എന്നാല്‍ സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്‌, എങ്കിലും ഞാന്‍ യാതൊന്നിനും അടിമ ആകയില്ല" (1 കൊരിന്ത്യർ 6:12). "വാക്കിനാലൊ ക്രീയയാലോ എന്തു ചെയ്താലും സകലവും കര്‍ത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം ദൈവത്തിനു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പീന്‍" (കൊലോസ്സ്യർ 3:17).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഒരു കാര്യം പാപമണോ എന്ന്‌ തിരിച്ചറിയുവാൻ എങ്ങനെ കഴിയും?
© Copyright Got Questions Ministries