ചോദ്യം
നമ്മുടെ നിത്യമായുള്ള സുരക്ഷിതത്വം പാപം ചെയ്യുവാനുള്ള 'അനുവാദം' ആണോ?
ഉത്തരം
നിത്യമായുള്ള സുരക്ഷിതത്വം എന്ന പഠിപ്പിക്കലിന് എതിരായി ഉന്നയിക്കുന്ന പ്രധാന വാദം രക്ഷിക്കപ്പെട്ട ഒരാള്‍ എങ്ങനെ ജീവിച്ചാലും അവരുടെ രക്ഷ നഷ്ടപ്പെടുകയില്ല എന്ന് ആ ഉപദേശം പഠിപ്പിക്കുന്നു എന്നതാണ്. ഒരു പക്ഷെ ആ പറഞ്ഞത് സാങ്കേതികമായി ശരി ആണ് എന്നു വന്നാലും, പ്രായോഗികമായി അതു ഒരിക്കലും ശരി അല്ല. യഥാര്‍ത്ഥത്തിൽ ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഒരു പാപി വീണ്ടും തുടര്‍ന്ന് മനഃപ്പൂര്‍വമായി ഒരിക്കലും പാപത്തില്‍ ജീവിക്കയില്ല. ഒരുവന്‍ രക്ഷിക്കപ്പെടുവാൻ എന്തു ചെയ്യണമെന്നും രക്ഷിക്കപ്പെട്ട ഒരാൾ അതിനു ശേഷം എങ്ങനെ ജീവിക്കണമെന്നും വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്നും നാം വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതാണ്.
വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നത് ദൈവം തന്റെ കൃപയാൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷ സൌജന്യമായി നല്‍കുന്നു എന്നാണ് (യോഹന്നാൻ 3:16; എഫേസ്യർ.2:8,9; യോഹന്നാൻ.14:6). ഒരുവന്‍ രക്ഷയ്ക്കായി ക്രിസ്തുവിൽ വിശ്വസിച്ച് ആശ്രയിക്കുന്ന ആ മാത്രയില്‍ തന്നെ അവൻ നിത്യ രക്ഷയ്ക്ക് അര്‍ഹനായിത്തീര്‍ന്നു. വിശ്വാസത്താല്‍ പ്രാപിച്ച് പ്രവര്‍ത്തികളാൽ നിലനിര്‍ത്തപ്പെടേണ്ട ഒന്നല്ല രക്ഷ. അപ്പൊസ്തലനായ പൌലൊസ് ഈ വിഷയത്തെപ്പറ്റി ഗലാത്യർ.3:3 ൽ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്; "നിങ്ങള്‍ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവു കൊണ്ട് ആരംഭിച്ചിട്ട് ഇപ്പോള്‍ ജഡം കൊണ്ടോ സമാപിക്കുന്നത്?" നാം വിശ്വാസത്താല്‍ ആണ് രക്ഷിക്കപ്പെട്ടതെങ്കിൽ നമ്മുടെ രക്ഷ നിലനിർത്തപ്പെടേണ്ടതും വിശ്വാസത്താൽ മാത്രമാണ്. രക്ഷ നമുക്ക് നമ്മുടെ പ്രവര്‍ത്തികൾ കൊണ്ട് സമ്പാദിക്കുവാൻ കഴിയുകയില്ലല്ലോ. അതുപോലെ രക്ഷ നിലനിര്‍ത്തുവാനും നമ്മുടെ പ്രവര്‍ത്തികളാൾ അസാദ്ധ്യമാണ്. ദൈവമാണ് നമ്മുടെ രക്ഷ നിലനിര്‍ത്തുന്നത് (യൂദ വാക്യം .24). ദൈവകരങ്ങളാലാണ് നാം ഭദ്രമാക്കപ്പെട്ടിരിക്കുന്നത് (യോഹന്നാൻ.10:28,29). ദൈവസ്നേഹത്തില്‍ നിന്നാണ് നമ്മെ പിരിച്ചെടുക്കുവാൻ കഴിയാത്തത് (റോമർ 8:38-39).
രക്ഷ ഭദ്രമല്ല എന്നു പറയുന്നവര്‍ വാസ്തവത്തിൽ പറയുന്നത്, നമ്മുടെ രക്ഷ നിലനിര്‍ത്തുവാൻ നമ്മുടെ പ്രവര്‍ത്തികളും പ്രയത്നവും ആവശ്യമുണ്ട് എന്നാണ്. കൃപയാലാണ് രക്ഷ എന്നതിന്റെ നേരേ വിപരീതമായ ഉപദേശമാണിത്. വേദപുസ്തകം പഠിപ്പിക്കുന്ന സത്യം നമ്മുടെ സ്വയ നീതികൊണ്ടല്ല ക്രിസ്തുവിന്റെ നീതിയാലാണ് നാം രക്ഷിക്കപ്പെടുന്നത് എന്നാണ് (റോമർ. 4:3-8). നാം ദൈവത്തെ അനുസരിക്കുന്നതു കൊണ്ടും നമ്മുടെ നീതിയുള്ള ജീവിതം കൊണ്ടും നമ്മുടെ രക്ഷ നിലനിര്‍ത്തണം എന്നു പറഞ്ഞാൽ, ക്രിസ്തുവിന്റെ രക്ഷണ്യവേല നമ്മുടെ രക്ഷയ്ക്ക് പര്യാപ്തം അല്ലായിരുന്നു എന്നാണ് വാസ്തവത്തില്‍ നാം പറയുന്നത്. ക്രിസ്തുവിന്റെ മരണം നമ്മുടെ ഭൂതകാല, വര്‍ത്തമാന കാല, ഭാവികാല പാപങ്ങള്‍ക്ക് പരിഹാരമായി പൂര്‍ണ്ണമായി പര്യാപ്തം ആയിരുന്നു എന്ന് അല്‍പം പോലും സംശയം ഇല്ലാതെ വേദപുസ്തകം പഠിപ്പിക്കുന്നു (റോമർ 5:8; 1കൊരിന്ത്യർ 15:3; 2 കൊരിന്ത്യർ.5:21).
ഇതിനര്‍ത്ഥം ഒരു ക്രിസ്തീയ വിശ്വാസി എങ്ങനെ ജീവിച്ചാലും സ്വര്‍ഗ്ഗത്തിൽ എത്തും എന്നാണോ? വാസ്തവത്തില്‍ ഇത് ഒരു സാങ്കല്‍പീക ചോദ്യമാണ്. കാരണം ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്നത്, ഒരു യഥാര്‍ത്ഥ വിശ്വാസി തനിക്ക് ഇഷ്ടം പോലെ ഒരിക്കലും ജീവിക്കയില്ല എന്നു തന്നെയാണ്. "ഒരുവന്‍ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി" ആയി എന്ന് 2കൊരിന്ത്യർ 5:17 പറയുന്നു. അവൻ ജഡത്തിന്റെ ക്രീയകളിൽ നിന്ന് വിടുവിക്കപ്പെട്ട് ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നവനാണ് എന്ന് ഗലാത്യർ .5:19-23 പറയുന്നു. ഒരു ദൈവപൈതല്‍ തുടര്‍ന്ന് ഒരിക്കലും പാപത്തിൽ ജീവിക്കയില്ല എന്ന് 1യോഹന്നാൻ 3:6-9 വളരെ വ്യക്തമായി പഠിപ്പിക്കുന്നു. കൃപ പാപത്തെ പെരുക്കുന്നു എന്ന് ആരോപിച്ചപ്പോള്‍ പൌലൊസ് പറഞ്ഞ മറുപടി ഇങ്ങനെയാണ്. "ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരിക്കലും അരുത്. പാപ സംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നത് എങ്ങനെ?" (റോമർ 6:1-2).
രക്ഷയുടെ ഭദ്രത എന്നത് പാപം ചെയ്യുവാനുള്ള "ലൈസന്‍സ്" അല്ല. മറിച്ച്, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവസ്നേഹം നിശ്ചയമാണ് എന്നതിന്റെ അടിസ്ഥാനത്തിലുള്ള ഭദ്രതയാണ് അത്. ദൈവത്തിന്റെ മഹത്തായ രക്ഷ എന്ന ദാനത്തെപ്പറ്റി നാം പൂര്‍ണ്ണമായി അറിയുകയും മനസ്സിലാക്കുകയും ചെയ്താൽ പാപം ചെയ്യുവാൻ പ്രേരിപ്പിക്കുന്നതിനു പകരം പാപത്തെ വിട്ടോടുവാന്‍ അത് നമ്മെ പ്രേരിപ്പിക്കും. പാപത്തിന്റെ പരിഹാരമായി ക്രിസ്തു എത്ര വലിയ വിലയാണ് കൊടുക്കേണ്ടി വന്നത് എന്ന് മനസ്സിലാക്കിയ ഒരു വ്യക്തിക്ക് പാപത്തില്‍ തുടര്‍ന്നു ജീവിക്കുവാൻ എങ്ങനെ സാധിക്കും? (റോമർ 6:15-23) വിശ്വസിക്കുന്ന ഒരാള്‍ക്കായി ദൈവം നൽകുന്ന നിബന്ധന ഇല്ലാത്ത, ഉറപ്പാക്കപ്പെട്ട സ്നേഹത്തെപ്പറ്റി ഗ്രഹിച്ച ഒരാള്‍ക്ക്, ആ സ്നേഹത്തെ മറുതലിച്ച് എങ്ങനെ പാപത്തിൽ ജീവിക്കുവാൻ കഴിയും? അങ്ങനെ ആരെങ്കിലും തുടര്‍ന്നു പാപത്തിൽ ജീവിച്ചാൽ, യധാര്‍ത്ഥത്തിൽ ക്രിസ്തുവിൽ കൂടെയുള്ള ദൈവസ്നേഹം എന്തെന്ന് അയാൾ മനസ്സിലാക്കിയിട്ടില്ല എന്നു തന്നെയാണ് അതിന്റെ അര്‍ത്ഥം. "അവനില്‍ വസിക്കുന്നവൻ പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവന്‍ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടും ഇല്ല" (1യോഹന്നാൻ.3:6).
English
നമ്മുടെ നിത്യമായുള്ള സുരക്ഷിതത്വം പാപം ചെയ്യുവാനുള്ള 'അനുവാദം' ആണോ?