settings icon
share icon
ചോദ്യം

ആത്മാവിന്റെ അത്ഭുതവരങ്ങള്‍ ഈ കാലത്തേയ്ക്കു വേണ്ടിയുള്ളതാണോ?

ഉത്തരം


ദൈവം ഇന്നും അത്ഭുതം ചെയ്യുമോ എന്നതല്ല ഈ ചോദ്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്നത്‌ ആദ്യം മനസ്സിലാക്കണം. ദൈവം ഇന്നു ഒരു അത്ഭുതവും ചെയ്യുന്നില്ല, ആരോടും സംസാരിക്കുന്നില്ല, ആരേയും അത്ഭുതകരമായി സൗഖ്യമാക്കുന്നില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത്‌ വാസ്തവത്തില്‍ വചനവിരുദ്ധവും വിഡ്ഡിത്തവും ആയിരിക്കും എന്നതില്‍ അല്‍പം പോലും സംശയമില്ല. എന്നാല്‍ 1 കൊരി.12-14 അദ്ധ്യായങ്ങളില്‍ വിവരിച്ചിരിക്കുന്ന അത്ഭുത കൃപാവരങ്ങള്‍ ഇന്നും പ്രാബല്യത്തില്‍ ഉണ്ടോ എന്നതാണ്‌ നമ്മുടെ പ്രശ്നം. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്‌ ഇന്ന് ആര്‍ക്കെങ്കിലും ഒരു അത്ഭുതവരം കൊടുക്കുവാന്‍ കഴിയുമോ എന്നതും അല്ല നമ്മുടെ പ്രശ്നം എന്നും മറക്കരുത്‌. നമ്മുടെ ചോദ്യം, അന്ന് ഉണ്ടായിരുന്നതുപോലെ അത്ഭുതവരങ്ങള്‍ ദൈവാത്മാവ്‌ ഇന്നും പ്രാവര്‍ത്തീകം ആക്കുന്നുണ്ടോ എന്നതാണ്‌. മാത്രമല്ല ദൈവാത്മാവ്‌ തന്റെ ഹിതാനുസരണമാണ്‌ ഈ കൃപാവരങ്ങളെ പ്രാവര്‍ത്തീകം ആക്കുന്നത്‌ എന്ന കാര്യവും ഈ തരുണത്തില്‍ മറക്കുന്നില്ല (1 കൊരി.12:7-11).

അപ്പൊസ്തല പ്രവര്‍ത്തികളിലും ലേഖനങ്ങളിലും അപ്പൊസ്തലന്‍മാരും അവരുടെ സഹകാരികളും വളരെ അത്ഭുതങ്ങള്‍ ചെയ്തിരുന്നതായി നാം വായിക്കുന്നു. അതിന്റെ കാരണം പൌലൊസ്‌ പറയുന്നത്‌ ശ്രദ്ധിക്കുക: "അപ്പൊസ്തലന്റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണസഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീരയ പ്രവര്‍ത്തികളാലും നിങ്ങളുടെ ഇടയില്‍ വെളിപ്പെട്ടുവല്ലോ" (2കൊരി.12:12). എല്ലാ വിശ്വാസികള്‍്ക്കും അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവര്‍ത്തികളും ചെയ്യുവാന്‍ കഴിയുമായിരുന്നെങ്കില്‍, അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവര്‍ത്തികളും അപ്പൊസ്തലന്‍മാരുടെ പ്രത്യേകതയായി എടുത്തു പറയുക ഇല്ലായിരുന്നല്ലോ. അപ്പൊ.പ്ര.2:22 ല്‍ യേശുവിനെപ്പറ്റി ഇങ്ങനെ വായിക്കുന്നു. "ദൈവം അവനെക്കൊണ്ട്‌ നിങ്ങളുടെ നടുവില്‍ ചെയ്യിച്ച ശക്തികളും, അത്ഭുതങ്ങളും, അടയാളങ്ങളും കൊണ്ട്‌ ദൈവം നിങ്ങള്‍ക്ക്‌ കാണിച്ചു തന്ന പുരുഷനായി... " എന്ന്. അതു പോലെ തന്നെയായിരുന്നു അപ്പൊസ്തലന്‍മാരും തങ്ങളുടെ വീര്യപ്രവര്‍ത്തികള്‍ കൊണ്ട്‌ ദൈവത്താല്‍ അയയ്ക്കപ്പെട്ടവര്‍ എന്ന് ചൂണ്ടി കാട്ടപ്പെടുക ആയിരുന്നു. സുവിശേഷത്തിനു ദൈവം സാക്ഷി നിന്നത്‌ " പൗലോസിന്റെയും, ബർന്നബാസിന്റെയും കയ്യാല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാന്‍ വരം നല്‍കി"യിരുന്നു എന്ന് പ്രവ.14:3 ല്‍ വായിക്കുന്നു.

1കൊരി.12-14 വരെയുള്ള അദ്ധ്യായങ്ങള്‍ ആത്മാവിന്റെ വരങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്ന അദ്ധ്യായങ്ങള്‍ ആണ്‌. 12 ആം അദ്ധ്യായം വായിച്ചാല്‍ സാധാരണ വിശ്വാസികള്‍്‌ക്കും അന്ന്‌ അത്ഭുതവരങ്ങള്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കാം (വാക്യ. 8-10; 28-30). എന്നാല്‍ ഇത്‌ എത്രത്തോളം സാധാരണസംഭവമായി കാണപ്പെട്ടു എന്ന്‌ നമുക്ക്‌ അറിഞ്ഞുകൂടാ. മുകളില്‍ വായിച്ച പ്രകാരം അത്ഭുതങ്ങളും അടയാളങ്ങളും അപ്പൊസ്തലന്‍മാര്‍ക്ക്‌ പ്രത്യേകമായി കൊടുക്കപ്പെട്ടിരുന്ന വരങ്ങള്‍ ആയിരുന്നെങ്കില്‍, സാധാരണ വിശ്വാസികളും അപ്രകാരം ചെയ്യുന്നത്‌ അത്ര പതിവല്ലായിരുന്നു എന്നു വേണം കരുതുവാന്‍. മാത്രമല്ല അപ്പൊസ്തലന്‍മാരുടേയും അവരുടെ സഹകാരികളുടേയും പേരുകളില്‍ അല്ലാതെ സാധാരണ വിശ്വാസികളുടെ പേരുകളില്‍ അത്ഭുതങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല എന്നത്‌ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്‌.

വേറൊരു കാര്യം ശ്രദ്ധയില്‍ ഇരിക്കേണ്ടത്‌ ആദിമസഭക്ക്‌ നമുക്ക്‌ ഇന്നുള്ളതു പോലെ എഴുതപ്പെട്ട വേദപുസ്തകം ഇല്ലായിരുന്നു എന്ന കാര്യമാണ്‌ (2തിമോ.3:16-17). അതുകൊണ്ട്‌ അന്ന്‌ അവര്‍ക്ക്‌ ദൈവഹിതം തിരിച്ചറിയേണ്ടതിന്‌ വിശേഷിച്ച വരങ്ങളായിരുന്ന പ്രവചനവരം, ജ്ഞാനവരം എന്നിവ അനിവാര്യമായിരുന്നു. ദൈവത്തില്‍ നിന്ന്‌ പുതിയ വെളിപ്പാടുകള്‍ പ്രവചന വരം മൂലം അവര്‍ക്ക്‌ ലഭിക്കേണ്ട ആവശ്യം അന്ന്‌ ഉണ്ടായിരുന്നു. ഇന്ന്‌ പൂര്‍ണ്ണമായി എഴുതപ്പെട്ട ദൈവവചനം നമുക്ക്‌ ഉള്ളതു കൊണ്ട്‌ അന്ന്‌ അവര്‍ക്ക്‌ ഉണ്ടായിരുന്നതു പോലെ പുതിയ "വെളിപ്പാടുകള്‍" ലഭിക്കേണ്ട ആവശ്യം ഇന്ന് നമുക്ക്‌ ഇല്ല. അതു കൊണ്ട്‌ അന്നു അവര്‍ക്ക്‌ ഉണ്ടായിരുന്ന ചില പ്രത്യേക വരങ്ങളുടെ ആവശ്യം ഇന്ന്‌ നമുക്ക്‌ ഇല്ല എന്നത്‌ മറക്കരുത്‌.

ദൈവം ഇന്നും അത്ഭുതമായി പലരേയും സൗഖ്യമാക്കുന്നു. ദൈവം ഇന്നും നമ്മോട്‌ പല രീതികളില്‍ സംസാരിക്കുന്നു. ചിലപ്പോള്‍ അശരീരി ശബ്ദമായിരിക്കാം അല്ലെങ്കില്‍ നമ്മുടെ ഉള്‍മനുഷനോട്‌ നേരിട്ട്‌ ഇടപെട്ടതായിരിക്കാം. ദൈവം ഇന്നും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്നവനാണ്‌. ചിലപ്പോള്‍ അത്‌ ഒരു ദൈവ പൈതലില്‍ കൂടെ ആയിരിക്കാം നടന്നത്‌. എന്നാല്‍ ഇവയൊന്നും ദൈവാത്മാവിന്റെ അത്ഭുത കൃപാവരങ്ങളുടെ കൂട്ടത്തില്‍ പെടുന്നവ അല്ല. അന്ന് ദൈവാത്മാവിന്റെ അത്ഭുത കൃപാവരങ്ങള്‍ കൊടുക്കപ്പെട്ടിരുന്നതിന്റെ കാരണം സുവിശേഷം ദൈവത്തില്‍ നിന്നുള്ള സന്ദേശം ആണെന്നും അപ്പൊസ്തലന്‍മാര്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടവര്‍ ആണെന്നും തെളിയിയ്ക്കുവാന്‍ വേണ്ടി ആയിരുന്നു. പുതിയ നിയമ കാലത്ത്‌ കാണപ്പെട്ടിരുന്ന അത്ഭുത കൃപാവരങ്ങള്‍ നിന്നു പോയി എന്ന് വേദപുസ്തകം പറയുന്നില്ല. എന്നാല്‍ അന്നുണ്ടായിരുന്നതു പോലെ അത്ഭുതങ്ങളും അടയാളങ്ങളും ഇന്ന് എന്തുകൊണ്ട്‌ കാണപ്പെടുന്നില്ല എന്നതിന്‌ മതിയായ കാരണം പുതിയ നിയമം തരുന്നുണ്ട്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ആത്മാവിന്റെ അത്ഭുതവരങ്ങള്‍ ഈ കാലത്തേയ്ക്കു വേണ്ടിയുള്ളതാണോ?
© Copyright Got Questions Ministries