settings icon
share icon
ചോദ്യം

എന്താണ്‌ പുതിയ ആകാശവും പുതിയ ഭൂമിയും?

ഉത്തരം


സ്വര്‍ഗ്ഗം എങ്ങനെ ആയിരിക്കും എന്നതിനെപ്പറ്റി പല ആളുകള്‍ക്കും പല തെറ്റിദ്ധാരണകൾ ഉണ്ട്‌. വെളിപ്പാട് 21-22 എന്നീ അദ്ധ്യായങ്ങളിൽ പുതിയ ആകാശത്തെപ്പറ്റിയും പുതിയ ഭൂമിയെപ്പറ്റിയും വളരെ വ്യക്തമായി കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്ത്യകാല സംഭവങ്ങള്‍ക്കു ശേഷം നാം ഇപ്പോൾ വസിക്കുന്ന ഈ ഭൂമിയും ആകാശവും ചുട്ടെരിക്കപ്പെടും (2പത്രൊസ് 3:10). അതിനു ശേഷം ദൈവം ഒരു പുതിയ ഭൂമിയും പുതിയ ആകാശവും സൃഷ്ടിക്കും. ആ പുതിയ ഭൂമിയിലായിരിക്കും രക്ഷിക്കപ്പെട്ടവര്‍ തങ്ങളുടെ നിത്യത ചെലവഴിക്കുന്നത്‌. നാം ഇപ്പോള്‍ "സ്വര്‍ഗ്ഗം" എന്ന് വിശേഷിപ്പിക്കുന്നത്‌ ഇനിയും ദൈവം സൃഷ്ടിക്കുവാനിരിക്കുന്ന ആ പുതിയ ഭൂമിയെ ആണ്‌. അവിടെ ആയിരിക്കും നാം നമ്മുടെ നിത്യത ചെലവഴിക്കുന്നത്‌. ആ പുതിയ ഭൂമിയിലാണ്‌ പുതിയ യെരുശലേം സ്ഥാപിക്കപ്പെടുന്നത്‌. അവിടെ ആയിരിക്കും തങ്ക തെരുവീധികളും പളുങ്കു കൊണ്ടുള്ള ഗോപുരങ്ങളും ഉണ്ടായിരിക്കുന്നത്‌.

നാം ഇപ്പോള്‍ "സ്വര്‍ഗ്ഗം" എന്ന് വിളിക്കുന്ന ആ പുതിയ ഭൂമിയില്‍ തേജസ്കരിക്കപ്പെട്ട ശരീരത്തോടുകൂടി നാം വസിക്കും (1കൊരിന്ത്യർ 15:35-58). സ്വര്‍ഗ്ഗം "മേഘങ്ങളില്‍" എവിടെയോ എന്ന ചിന്താഗതി വേദപുസ്തക അടിസ്ഥാനത്തില്‍ ശരിയല്ല. നാം "ആകാശത്ത് നീന്തിത്തുടിക്കുന്ന ആത്മാക്കൾ" ആയിരിക്കും എന്നതും വേദപുസ്തക അടിസ്ഥാനത്തില്‍ ശരിയല്ല. നാം നോക്കിപ്പാര്‍ക്കുന്ന ആ സ്വഗ്ഗം പാപവും ശാപവും ഇല്ലാത്ത, കണ്ണുനീരും കഷ്ടപ്പാടും ഇല്ലാത്ത, രോഗവും മരണവും ഇല്ലാത്ത പുതിയ ഭൂമിയൂം പുതിയ ആകാശവും ആണ്‌. അത്‌ നാം ഇന്ന് വസിക്കുന്ന ഭൂമിയെപ്പോലെ തന്നെ ആയിരിക്കും. എന്നാൽ അത്‌ പാപവും ശാപവും ഇല്ലാത്ത ഒരു ലോകം ആയിരിക്കും.

എന്താണ്‌ ഈ പുതിയ ആകാശം? വേദപുസ്തകത്തില്‍ ആകാശം എന്ന വാക്ക്‌ മേഘങ്ങളേയും, ശൂന്യാകാശത്തേയും, ദൈവസിംഹാസനത്തേയും കുറിക്കുന്നതാണ്‌ എന്നത്‌ മറക്കരുത്. അതുകൊണ്ട്‌ വെളിപ്പാട് 21:1 ല്‍ പറഞ്ഞിരിക്കുന്ന പുതിയ ആകാശം ഇവ എല്ലാം ഉള്‍പ്പെടുന്നവയാണ് എന്നു വേണം കരുതുവാന്‍. ചുരുക്കിപ്പറഞ്ഞാൽ ദൈവം ഈ അഖിലാണ്ഡത്തെ മുഴുവനും പുതുതായി സൃഷ്ടിക്കുവാൻ പോകുന്നു എന്നര്‍ത്ഥം. സകലത്തിനും ഒരു പുതിയ ആരംഭം കുറിക്കുവാന്‍ ദൈവം തീരുമാനിച്ചിരിക്കുന്നു എന്ന് നമുക്ക്‌ മനസ്സിലാക്കാം. അന്ന് ദൈവം നമ്മോടു കൂടെ പുതിയ യെരൂശേമില്‍ എപ്പോഴും വസിക്കും (വെളിപ്പാട് 21:3). നമുക്ക്‌ അന്ന് ദൈവസിംഹാസനം ഇരിക്കുന്ന സ്വര്‍ഗ്ഗത്തിലേക്ക്‌ പ്രവേശനം ഉണ്ടായിരിക്കുമോ എന്നത്‌ കാത്തിരുന്നു കാണേണ്ടതാണ്‌. അതു വരെ സ്വർഗ്ഗത്തെ പറിയുള്ള നമ്മുടെ അറിവിനെ രൂപപ്പെടുത്തി എടുക്കുവാനായി ദൈവത്തിന്റെ വചനത്തിന് കീഴ്പ്പെട്ടിരിക്കാം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്താണ്‌ പുതിയ ആകാശവും പുതിയ ഭൂമിയും?
© Copyright Got Questions Ministries