settings icon
share icon
ചോദ്യം

ഞാന്‍ എന്തുകൊണ്ട്‌ ആത്മഹത്യ ചെയ്തുകൂടാ?

ഉത്തരം


ആത്മഹത്യ ചെയ്ത്‌ ജീവിതം അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരേപ്പറ്റി ചിന്തിക്കുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോകുന്നു. ഒരു പക്ഷേ അതു നിങ്ങളാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തെ നിരാശയുടേയും നിരാലംബതയുടേയും വികാരങ്ങള്‍ തകര്‍ക്കുന്നുണ്ടാകും. ഒരിക്കലും എഴുന്നേല്‍കുവാൻ കഴിയാത്ത കുഴിയില്‍ നിങ്ങൾ പെട്ടുപോയെന്നോ ആശാകിരണങ്ങള്‍ എല്ലാം അറ്റുപോയെന്നോ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. നിങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനോ നിങ്ങളെ കരുതുവാനോ ആരുമില്ല എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. ഇനിയും ജീവിച്ചിട്ടു കാര്യമില്ല എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്‌, അല്ലേ.

ചില നിമിഷങ്ങള്‍ എടുത്ത്‌ ദൈവത്തെ വാസ്തവത്തിൽ ദൈവമായിരിക്കുവാൻ ജീവിതത്തില്‍ നിങ്ങൾ അനുവദിക്കുമെങ്കിൽ, ദൈവം എത്രവലിയവനാണെന്ന്‌ കാണിക്കുവാന്‍ താൻ ആഗ്രഹിക്കുന്നു എന്നു പറയുന്നതിൽ എനിക്ക്‌ വലിയ സന്തോഷമുണ്ട്‌. "ദൈവത്താല്‍ അസാദ്ധ്യമായത്‌ ഒന്നുമില്ലല്ലോ" (ലൂക്കോസ്.1:37). കഴിഞ്ഞ കാല ജീവിതാനുഭവങ്ങൾ വരുത്തിയ ആഴമായ മുറിവുകൾ നിങ്ങളെ തിരസ്കരിക്കപ്പെട്ടവരുടെ പട്ടികയില്‍ പെടുത്തിയേക്കാം. അവഅപകര്‍ഷബോധം, കോപം, കൈപ്പ്‌, പകവീട്ടുവാനുള്ള ആഗ്രഹം, ആരോഗ്യപരമല്ലാത്ത ഭീതി എന്നിവ ഉണ്ടാക്കി നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ബന്ധങ്ങളെ ബാധിച്ചു എന്നും വന്നേക്കാം.

നിങ്ങള്‍ എന്തുകൊണ്ട്‌ ഒരിക്കലും ആത്മഹത്യക്ക്‌ മുതിരരുത്‌? സ്നേഹിതാ, നിങ്ങളുടെ ജീവിത പ്രശ്നം എത്ര കഠിനമായിരുന്നാലും നിങ്ങളെ അതില്‍ നിന്ന്‌ വിടുവിച്ച്‌ നിങ്ങളുടെ ഭാവി ശോഭനീയമാക്കി തരുവാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സൃഷ്ടാവായ ദൈവം ജീവിക്കുന്നു എന്ന്‌ മറക്കരുത്‌. അവനാണ്‌ നിന്റെ പ്രത്യാശ. അവന്റെ പേരാണ്‌ യേശുക്രിസ്തു.

പാപരഹിതനും ദൈവപുത്രനുമായ യേശുക്രിസ്തു നിങ്ങളേപ്പോലെ എല്ലാവരാലും കൈവിടപ്പെട്ടവനായും താഴ്ത്തപ്പെട്ടവനായും കാണപ്പെട്ടു. പ്രവാചകനായ യെശയ്യാവ്‌ അവനെപ്പറ്റി ഇങ്ങനെയാണ്‌ എഴുതിയിരിക്കുന്നത്‌. "അവനു രൂപഗുണമില്ല, കോമളത്വമില്ല; കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല. അവന്‍ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസന പാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു. അവനെ കാണുന്നവര്‍ മുഖം മറെച്ചു കളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു, നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും, അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്ന്‌ വിചാരിച്ചു. എന്നാല്‍ അവൻ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി. അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. നാമെല്ലാവരും ആടുകളേപ്പോലെ വഴി തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തരും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടേയും അകൃത്യം അവന്റെ മേല്‍ ചുമത്തി" (യെശയ്യാവ്.53:2-6).

സ്നേഹിതാ, കര്‍ത്താവായ യേശുക്രിസ്തു ഇതെല്ലാം സഹിച്ചത്‌ നിങ്ങളുടെ പാപക്ഷമക്കായിട്ടാണ്‌! നിങ്ങള്‍ ചുമക്കുന്ന ഭാരങ്ങൾ എത്ര വലിയതായിരുന്നാലും, നിങ്ങള്‍ അവങ്കലേക്ക്‌ തിരിയുമെങ്കിൽ അവൻ നിങ്ങളുടെ പാപങ്ങളെല്ലാം ക്ഷമിക്കും എന്നതില്‍ സംശയമില്ല. "കഷ്ടകാലത്ത്‌ എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും" (സങ്കീർത്തനം.50:15). നിങ്ങളുടെ കഴിഞ്ഞ കാല പാപങ്ങള്‍ എത്ര വലിയതായിരുന്നാലും അത്‌ ക്ഷമിക്കുവാന്‍ യേശു കര്‍ത്താവിനു കഴിയും. ദൈവത്തിന്റെ പട്ടികയിലെ ചില ശ്രേഷ്ഠ വ്യക്തികൾ അവരുടെ ജീവിതത്തില്‍ കുലപാതകം (മോശെ), വ്യഭിചാരം (ദാവീദ്‌), ശാരിരീകവും മാനസീകവുമായ പീഡനങ്ങള്‍ (പൌലോസ്‌) മുതലായ പാപങ്ങള്‍ ചെയ്തവരായിരുന്നു. എങ്കിലും അവർ ക്രിസ്തുവിൽ പാപക്ഷമയും സമൃദ്ധമായ ജീവിതത്തിനുള്ള വഴിയും കണ്ടെത്തി. "എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ" (സങ്കീർത്തനം.51:2). "ഒരുവന്‍ ക്രിസ്തുവിലായൽ അവൻ പുതിയ സൃഷ്ടിയായിത്തീര്‍ന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ അതു പുതുതായി തീര്‍ന്നിരിക്കുന്നു" (2കൊരിന്ത്യർ.5:17).

നിങ്ങള്‍ ആത്മഹത്യ ചെയ്യേണ്ട ആവശ്യം എന്താണ്‌? നിങ്ങളുടെ തകര്‍ന്നുതരിപ്പണമായ, ആത്മഹത്യകൊണ്ട്‌ ഇല്ലാതാക്കുവാന്‍ നിങ്ങൾ ആഗ്രഹിക്കുന്ന ഈ ജീവിതത്തെ പുതുക്കിപ്പണിയുവാന്‍ ദൈവം തയ്യാറായി നില്‍ക്കുന്നു. യെശയ്യാവ് പ്രവാചകന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. "എളിയവരോടു സദ്വര്‍ത്തമാനം ഘോഷിക്കുവാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ട്‌ യഹോവയായ കര്‍ത്താവിന്റെ ആത്മാവ്‌ എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകര്‍ന്നവരെ മുറിവുകെട്ടുവാനും തടവുകാര്‍ക്ക്‌ വിടുതലും ബദ്ധന്‍മാര്‍ക്ക്‌ സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവര്‍ഷവും നമ്മുടെ കര്‍ത്താവിന്റെ പ്രതികാര ദിവസവും പ്രസിദ്ധമാക്കുവാനും ദുഖിതരെയൊക്കെയും ആശ്വസിപ്പിക്കുവാനും സീയോനിലെ ദുഖിതര്‍ക്ക്‌ വെണ്ണീരിന്നു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ണമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു" (യെശയ്യാവ്.61:1-3).

നിങ്ങള്‍ യേശുവിങ്കൽ വരുമെങ്കിൽ അവൻ നിങ്ങളുടെ നഷ്ടപ്പെട്ട സന്തോഷവും ജീവിത ഉദ്ദേശവും നിങ്ങള്‍ക്ക്‌ തിരികെ തന്ന് നിങ്ങളിൽ ഒരു നല്ല പ്രവര്‍ത്തി ആരംഭിക്കും. "നിന്റെ രക്ഷയുടെ സന്തോഷം എനിക്ക്‌ തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ". "കര്‍ത്താവേ എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍ എന്റെ നാവു നിന്റെ സ്തുതിയെ വര്‍ണ്ണിക്കും. ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില്‍ ഞാൻ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തില്‍ നിനക്കു പ്രസാദമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സ്‌; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ നീ നിരസിക്കയില്ല" (സങ്കീർത്തനം.51:12,15-17).

യേശുകര്‍ത്താവിനെ നിങ്ങളുടെ രക്ഷകനും ഇടയനുമായി നിങ്ങൾ സ്വീകരിക്കുമോ? നിങ്ങളുടെ ചിന്തകളേയും നിങ്ങളുടെ നടപ്പിനേയും പടിപടിയായി തന്റെ വചനമായ ബൈബിളില്‍ കൂടെ അവൻ നയിക്കും. "ഞാന്‍ നിന്നെ ഉപദേശിച്ച്‌ നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചു തരും"(സ്ങ്കീർത്തനം.32:8). "നിന്റെ കാലത്ത്‌ സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാ ഭക്തി അവരുടെ നിക്ഷേപം ആയിരിക്കും" (യെശയ്യാവ്.33:6). ക്രിസ്തുവിലായാല്‍ നിങ്ങള്‍ക്ക്‌ പോരാട്ടം ഉണ്ടായിരിക്കാമെങ്കിലും, നിങ്ങള്‍ക്ക്‌ ഒരു പ്രത്യാശ ഉണ്ട്‌. അവന്‍ നിങ്ങള്‍ക്ക്‌ "സഹോദരനേക്കാളും പറ്റുള്ള സ്നേഹിതന്‍" ആയിരിക്കും (സദൃശ്യവാക്യം.18:24). നിങ്ങളുടെ തീരുമാനങ്ങളുടെ നിമിഷങ്ങളില്‍ കര്‍ത്താവിന്റെ കൃപനിങ്ങളോടിരിക്കട്ടെ.

നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ വാക്കുകള്‍ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് പറയുക. "ദൈവമേ, എന്റെ ജീവിതത്തില്‍ എനിക്ക്‌ നിന്നെ ആവശ്യമുണ്ട്‌. ഞാന്‍ ചെയ്തതെല്ലാം എന്നോട്‌ ക്ഷമിക്കേണമേ. ഞാന്‍ എന്റെ വിശ്വാസം ക്രിസ്തുവിൽ അര്‍പ്പിക്കുന്നു. അവൻ എന്റെ രക്ഷകൻ എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെകഴുകേണമേ. സുഖപ്പെടുത്തേണമേ. എനിക്ക്‌ സന്തോഷം തിരികെ തരേണമേ. എന്നോടുള്ള നിന്റെ സ്നേഹത്തിനു നന്ദി. ക്രിസ്തു എനിക്കായി മരിച്ചതിന്‌ സ്തോത്രം.ആമേന്‍".

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഞാന്‍ എന്തുകൊണ്ട്‌ ആത്മഹത്യ ചെയ്തുകൂടാ?
© Copyright Got Questions Ministries