ചോദ്യം
വിവാഹത്തിനുവേണ്ടി ഞാൻ എങ്ങനെയാണ് തയ്യാറാകേണ്ടത്?
ഉത്തരം
ജീവിതത്തിലെ മറ്റേതു കാര്യത്തിനുവേണ്ടി വേദപുസ്തക അടിസ്ഥാനത്തില്‍ തയ്യാറാകുന്നതുപോലെ വിവാഹത്തിനു വേണ്ടിയും തയ്യാറകേണ്ടതാണ്. വീണ്ടും ജനിച്ച ദൈവപൈതല്‍ എന്ന നിലക്ക് ജീവിതത്തിലെ പ്രധാന കര്‍ത്തവ്യം ദൈവമായ യഹോവയെ മുഴു ഹൃദയത്തോടും മുഴുമനസ്സോടും മുഴുശക്തിയോടും സ്നേഹിക്കുക എന്നതാണ് (മത്തായി.22:37). ഇത് നിരാകരിക്കാവുന്ന ഒരു കല്‍പന അല്ല. ജീവിതത്തിന്റെ അടിസ്ഥാന തത്വം ഇതായിരിക്കണം. ഇതനുസരിച്ച് നാം ചെയ്യുന്ന ഏതു കാര്യവും ദൈവത്തിനു പ്രസാദമായതും ദൈവവചനത്തിനു അനുസരിച്ചുള്ളതും ആയിരിക്കണം.
ക്രിസ്തുയേശുവില്‍ കൂടെ നമുക്ക് ദൈവത്തോടുള്ള ബന്ധം നമ്മുടെ മറ്റെല്ലാ ബന്ധങ്ങളേയും നിയന്ത്രിക്കേണ്ടതാണ്. ഒരു വിശ്വാസിയുടെ വിവാഹജീവിതം ക്രിസ്തുവും സഭയുമായുള്ള ബന്ധത്തിന് അനുരൂപമായിരിക്കണം എന്ന് വചനം പഠിപ്പിക്കുന്നു (ഏഫെസ്യർ 5:22,23). നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ദൈവവചനത്താല്‍ നിയന്ത്രിതമായിരിക്കണം. ദൈവത്തോടും ദൈവവചനത്തോടും നമുക്കുള്ള അനുസരണം ദൈവഹിതത്തിലുള്ള ഒരു വിവാഹജീവിതം നയിക്കുവാന്‍ നമ്മെ സഹായിക്കുന്നു. എല്ലാ വിശ്വാസികളും അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തെ മഹത്വപ്പെടുത്തുവാൻ കടപ്പെട്ടവരാണ് (1കൊരിന്ത്യർ 10:31).
വിവാഹത്തിനുവേണ്ടി തയ്യാറാകുമ്പോൾ നമ്മെ വിളിച്ച വിളിക്ക് യോഗ്യരായി നടന്ന്, വചനത്തില്‍ കൂടെ ദൈവത്തെ ആഴമായി അറിഞ്ഞ് (2തിമൊത്തിയോസ്.3:16,17), അവനു അനുസരണമുള്ളവരായി ജീവിക്കേണ്ടതാണ്. ദൈവത്തെ അനുസരിച്ച് നടക്കുവാന്‍ ഏതെങ്കിലും എളുപ്പ വഴികൾ ഒന്നുമില്ല. ദിവസം തോറും നാം ചെയ്യേണ്ട ഒരു തീരുമാനം ലോകത്തിനു ഒത്ത വേഷം കെട്ടാതെ ദൈവവചനത്തിനു അനുസരിച്ച് ജീവിക്കുക എന്നതാണ്. അനുദിവസവും അല്ല അനുനിമിഷവും നാം അവനെ അനുസരിച്ചു ജീവിച്ചെങ്കിലെ, വിളിച്ച വിളിക്ക് യോഗ്യരായി ജീവിക്കുവാൻ സാധിക്കയുള്ളൂ. ദൈവം മനുഷ്യരാശിക്ക് കൊടുത്തിട്ടുള്ളതിലേയ്ക്കും വലിയ ദാനമായ ദാമ്പത്യജീവിതത്തിലേയ്ക്ക് നമ്മെ ഒരുക്കുന്നത് ഇതു മാത്രമാണ്.
ആത്മീയമായി പക്വതയുള്ള ഒരു വിശ്വാസി മറ്റെല്ലാവരേക്കാളും വിവാഹജീവിതത്തില്‍ സംതൃപ്തി അടയും എന്നതില്‍ സംശയമില്ല. വിവാഹജീവിതത്തിന് അന്യോന്യമുള്ള സമര്‍പ്പണം, താഴ്മ, സ്നേഹം, ബഹുമാനം എന്നിവയെല്ലാം ആവശ്യമാണ്. ഇങ്ങനെയുള്ള ഗുണങ്ങള്‍ ക്രിസ്തുവിനു തന്നത്താന്‍ സമര്‍പ്പിച്ച ഒരു ദൈവപൈതലിന്റെ കൈമുതലാണ്. വിവാഹത്തിനായി ഒരുങ്ങുമ്പോള്‍ നിങ്ങൾ ഏതു തരത്തിലുള്ള ആളായിത്തീരണം എന്ന് ദൈവം ആഗ്രഹിക്കുന്നുവോ, അത്തരത്തിലുള്ള ആളായിത്തീരുവാന്‍ ദൈവകരങ്ങളില്‍ നിങ്ങളെ സമര്‍പ്പിക്കേണ്ടതാണ് (റോമർ 12:1-2). അങ്ങനെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഒരാളിനെ ദൈവം ആ മംഗള ദിവസത്തേയ്ക്ക് ഒരുക്കും എന്നതിൽ സംശയമില്ല.
English
വിവാഹത്തിനുവേണ്ടി ഞാൻ എങ്ങനെയാണ് തയ്യാറാകേണ്ടത്?