ചോദ്യം
ജീവിത ഉദ്ദേശം എങ്ങനെ മനസ്സിലാക്കണം എന്നതിനെ കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ഉത്തരം
നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശം എന്താണെന്ന് ബൈബിളിൽ വളരെ വ്യക്തമാണ്. പഴയനിയമത്തിലും, പുതിയനിയമത്തിലും ഉള്ള ഭക്തന്മാർ ദൈവ ഉദ്ദേശം എന്തെന്ന് തേടി കണ്ട് പിടിച്ചവരാണ്. ഭൂമിയിൽ ജീവിച്ചിരുന്ന മനുഷ്യരിൽ വച്ച് ഏറ്റവും ജ്ഞാനിയായിരുന്ന ശലോമോൻ ഈ ലോകത്തിന് വേണ്ടി മാത്രം ഓടുന്ന ജീവിതം എത്ര നിഷ്ഫലം എന്ന് മനസ്സിലാക്കി. അവൻ സഭാപ്രസംഗി പുസ്തകത്തിൽ അവസാനമായി ഇങ്ങനെ പറയുന്നു, “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.” (സഭാപ്രസംഗി 12: 13-14) നമ്മുടെ ജീവിതം എന്നത് ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും, നമ്മുടെ ജീവിതവും വിചാരങ്ങളും കൊണ്ട് അവനെ ബഹുമാനിക്കുകയും ചെയ്യുന്നതാണെന്ന് ശലോമോൻ പറയുന്നു. നമ്മുടെ ജീവിത ഉദ്ദേശത്തിന്റെ ഭാഗമാണ് ദൈവത്തെ ഭയപ്പെടുകയും അനുസരിക്കുകയും എന്നുള്ളത്.
ജീവിതത്തിന്റെ മറ്റൊരു ഉദ്ദേശമാണ് നാം കാഴ്ച്ചപ്പാട് ഉള്ളവരായിരിക്കുക എന്നുള്ളത്. ദാവീദ് രാജാവ് ഈ ജീവിതത്തെക്കാൾ വരുവാനുള്ള ജീവിതത്തെ കുറിച്ച് കാഴ്ച്ചപാടുള്ള വ്യക്തിയായിരുന്നു. അവൻ പറഞ്ഞു, “ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.” (സങ്കീർത്തനം 17: 15) ഉയിർത്തെഴുന്നേൽപ്പ് നാളിൽ കർത്താവിനോടുള്ള കൂട്ടായ്മയിലും, അവനെപ്പോലെ ആകുന്നതിലുമാണ് ദാവീദ് സംതൃപ്തനാകുന്നത്. (1യോഹന്നാൻ 3: 2)
സങ്കീർത്തനം 73 ൽ ആസാഫ് ദുഷ്ടന്മാരുടെ സന്തുഷ്ടി കണ്ട് അസൂയപ്പെടുന്നു എന്നാൽ അവരുടെ അവസാനം എന്താകും എന്ന് മനസ്സിലാക്കുന്നു. എന്നാൽ അവർ അന്വേഷിച്ചതിന് വിരുദ്ധമായി ആസാഫ് 25ആം വാക്യത്തിൽ പറയുന്നു, “സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.” ആസാഫിന് ജീവിതത്തിൽ മറ്റെല്ലാറ്റിനെക്കാൾ ദൈവവുമായുള്ള ബന്ധമായിരുന്നു മുഖ്യം. ഈ ഒരു ബന്ധം ഇല്ലാതെ ജീവിതത്തിന്റെ യഥാർത്ഥ ഉദ്ദേശം മനസ്സിലാക്കുവാൻ കഴിയുകയില്ല.
ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടെത്തുന്നതിന് മുമ്പുള്ള തന്റെ എല്ലാ നേട്ടങ്ങളും യേശു ക്രിസ്തുവിനെ കുറിച്ചുള്ള തന്റെ അറിവിന്റെ മുമ്പിൽ ചപ്പും ചവറുമാണെന്ന് അപ്പൊസ്തൊലനായ പൗലോസ് പറയുന്നു ഫിലിപ്പ്യർ 3: 9-10 വരെയുള്ള വാക്യങ്ങളിൽ പൗലോസ് പറയുന്നു, “ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.” പൗലോസിന്റെ ഉദ്ദേശം കഷ്ടത വന്നാലും ക്രിസ്തുവിനെ അറിഞ്ഞ് അവനിൽ ഉള്ള വിശ്വാസത്തിൽ നീതീകരിക്കപ്പെട്ട് അവനുമായുള്ള ബന്ധത്തിൽ ജീവിക്കുക എന്നതാണ്. (2 തിമോത്തി 3: 12) കർത്താവിന്റെ നാളിൽ ഉള്ള ഉയിർത്തെഴുന്നേല്പിനായി താൻ നോക്കി പാർത്തിരുന്നു.
ദൈവ ഹിതപ്രകാരം മനുഷ്യനെ കുറിച്ചുള്ള ഉദ്ദേശം: 1)ദൈവത്തെ മഹത്വപ്പെടുത്തി അവനുമായി കൂട്ടായ്മ ആചരിക്കുക. 2) മറ്റുള്ളവരുമായി നല്ല ബന്ധം പുലർത്തുക. 3) ജോലി ചെയ്യുക 4) ഭൂമിയുടെ മേൽ അധിപതിയായിരിക്കുക. എന്നാൽ മനുഷ്യൻ പാപം ചെയ്തതുകൊണ്ട് ദൈവവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടു, മനുഷ്യർക്ക് തമ്മിൽ ശത്രുതയായി, ജോലിയിൽ കഷ്ടപ്പാടായി, പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ അധികാരം നഷ്ടമായി. വിശ്വാസം മൂലം ദൈവവുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെട്ടാൽ മാത്രമേ ജീവിതോദ്ദേശം മനസ്സിലാക്കുവാൻ കഴിയുകയുള്ളു.
കർത്താവിനെ മഹത്വപ്പെടുത്തി അവനിൽ സന്തോഷിക്കുക എന്നുള്ളതാണ് മനുഷ്യരെ കുറിച്ചുള്ള ദൈവ ഉദ്ദേശം. ദൈവത്തെ ഭയപ്പെടുകയും അനുസരിക്കുകയും, നമ്മുടെ ഭവനമാകുന്ന സ്വർഗ്ഗത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് അവനെ കൂടുതൽ അറിയുകയും ചെയ്യുന്നത് വഴി നാം കർത്താവിനെ മഹത്വപ്പെടുത്തുന്നു. സത്യവും, നിലനിൽക്കുന്നതുമായ സന്തോഷം - ദൈവം ആഗ്രഹിക്കുന്ന നിറഞ്ഞജീവിതം അനുഭവിക്കുന്നതിനായി ദൈവഹിതപ്രകാരം നടക്കണം.
English
ജീവിത ഉദ്ദേശം എങ്ങനെ മനസ്സിലാക്കണം എന്നതിനെ കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?