settings icon
share icon
ചോദ്യം

ഏതൊക്കെയാണ്‌ ഏഴു മാരക പാപങ്ങൾ?

ഉത്തരം


മനുഷന്‍ പാപിയാണ്‌ എന്ന്‌ പഠിപ്പിക്കുവാൻ വേണ്ടി ആദിമ ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന ഒരു പട്ടികയാണ്‌ ഏഴു മാരക പാപങ്ങൾ എന്ന്‌ പറയുന്നത്‌. മാരക പാപങ്ങള്‍ എന്നു പറയുമ്പോൾ പലരും തെറ്റിദ്ധരിക്കുന്നത്‌ ഇവ ക്ഷമിക്കപ്പെടാത്ത പാപങ്ങൾ ആണെന്നാണ്‌. എന്നാൽ ക്ഷമിക്കപ്പെടാത്ത ഒരേ ഒരു പാപം ദൈവപുത്രന്റെ ക്രൂശുമരണത്തിലൂടെ ദൈവം ഒരുക്കിയ വലിയ രക്ഷയെ അവിശ്വാസത്തിൽ ത്യജിക്കുന്നതു മാത്രമാണെന്ന്‌ ബൈബിൾ പറയുന്നു (1യോഹന്നാൻ 5:10).

ഏഴു മാരക പാപങ്ങള്‍ ഉണ്ട്‌ എന്നു പറയുന്നത്‌ വേദാനുസരണമാണോ? അതിനുത്തരം, ആകുന്നു എന്നും, അല്ല എന്നുമാകാം. സദൃവാക്യങ്ങൾ 6:16-19 വരെ വായിക്കുക. "ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്‌ അറപ്പാകുന്നു. ഗര്‍വ്വമുള്ള കണ്ണും, വ്യാജമുള്ള നാവും, കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കൈയ്യും, ദുരുപായം നിരൂപിക്കുന്ന ഹൃദയവും, ദോഷത്തിനു ബദ്ധപ്പെട്ട്‌ ഓടുന്ന കാലും, ഭോഷ്ക്കു പറയുന്ന കള്ള സാക്ഷിയും, സഹോദരന്‍മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ". എന്നാല്‍ ഈ പട്ടികയെ ഏഴു മാരക പാപങ്ങളായി അനേകര്‍ കണക്കാക്കാറില്ല.

ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോപ്പ്‌ മഹാനായ ഗ്രിഗറിയുടെ അഭിപ്രായത്തിൽ ഏഴു മാരക പാപങ്ങള്‍ താഴെപ്പറയുന്നവയാണ്‌. അഹങ്കാരം, അസൂയ, പെരുന്തീനി, കാമ വികാരം, കോപം, അത്യാര്‍ത്തി, അലസത എന്നിവയാണ്‌ അവ. ഇവയൊക്കെ വേദപുസ്തകത്തില്‍ പാപങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇവയെ "ഏഴു മാരക പാപങ്ങള്‍" എന്ന്‌ വേദപുസ്തകം വിളിച്ചിട്ടില്ല. പാപങ്ങളെ പല രീതിയില്‍ വിഭജിക്കാവുന്നതാണ്‌. ഏതു പാപവും ഒരു പട്ടികയില്‍ ചേര്‍ക്കുവാനും കഴിഞ്ഞേക്കും. എന്നാല്‍ ഏതെങ്കിലും ഒരു പാപം മറ്റെല്ലാ പാപങ്ങളേക്കാള്‍ ദൈവ കോപം അര്‍ഹിക്കുന്നതാണ്‌ എന്ന്‌ ചിന്തിക്കുവാൻ കഴിയുകയില്ല. പാപത്തിന്റെ ശമ്പളം മരണമത്രെ (റോമർ 3:23). അത്‌ ഏതു പാപമായാലും അങ്ങനെ തന്നെയാണ്‌. എന്നാല്‍ ദൈവത്തിനു സ്തോത്രം, ക്രിസ്തുവിന്റെ ക്രൂശു മരണത്തില്‍ വിശ്വസിച്ച്‌ ആശ്രയിക്കുന്ന ഏവര്‍ക്കും അവരുടെ ഏതു പാപവും ക്ഷമിക്കപ്പെടും എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (മത്തായി 26:28; പ്രവർത്തികൾ 10:43; എഫെസ്യർ 1:7).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഏതൊക്കെയാണ്‌ ഏഴു മാരക പാപങ്ങൾ?
© Copyright Got Questions Ministries