ചോദ്യം
അന്ത്യ നാളുകളുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
ഉത്തരം
അന്ത്യ നാളുകള്‍ അടുക്കുന്നു എന്നതിന് ചില പ്രധാന അടയാളങ്ങള്‍ മത്താ.24:5-8 വരെയുള്ള വാക്യങ്ങളില്‍ കാണുന്നു. "ഞാന്‍ ക്രിസ്തു എന്നു പറഞ്ഞ് അനേകര്‍ എന്റെ പേര്‍ എടുത്തു വന്ന് പലരേയും തെറ്റിക്കും. നിങ്ങള്‍ യുദ്ധങ്ങളേയും യുദ്ധശ്രുതികളേയും കുറിച്ചു കേള്‍ക്കും. ചഞ്ചലപ്പെടാതിരിപ്പീന്‍. സൂക്ഷിച്ചുകൊള്ളുവീന്‍. അതു സംഭവിക്കേണ്ടതു തന്നെ. എന്നാല്‍ അത് അവസാനമല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും. ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇത് ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ". കള്ളക്രിസ്തുക്കള്‍, യുദ്ധങ്ങള്‍, ക്ഷാമവും ഭൂകമ്പവും, പ്രകൃതി വിനാശങ്ങള്‍ എന്നിവയുടെ അധികരിപ്പ് അവസാന നാളുകള്‍ അടുത്തു വരുന്നു എന്നതിന്റെ ലക്ഷണമായി ഇവിടെ പറഞ്ഞിരിക്കുന്നു. ഇത് അവസാനമല്ല, ഈറ്റുനോവിന്റെ ആരംഭമത്രേ എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഓരോ ഭൂമികുലുക്കവും, രാഷ്ട്രീയ കോളിളക്കവും, യിസ്രായേല്‍ നാടിനുമേലുള്ള ഓരോ യുദ്ധവും അന്ത്യ നാളുകള്‍ വളരെ അടുത്തിരിക്കുന്നു എന്നതിന്റെ അടയാളമായി ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്. ഇത്തരം സംഭവങ്ങള്‍ അന്ത്യനാള്‍ അടുത്തെത്തി എന്ന് സൂചിപ്പിക്കുന്നവ ആണെങ്കിലും, അന്ത്യനാളുകള്‍ എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കുവാന്‍ പാടില്ല. അവസാന കാലത്ത് അനേക ദുരുപദേശങ്ങള്‍ ഉടലെടുക്കും എന്ന് അപ്പൊസ്തലനായ പൌലോസ് പറയുന്നു. "എന്നാല്‍ ഭാവികാലത്ത് ചിലര്‍ വ്യാജ ആത്മാക്കളേയും ഭൂതങ്ങളുടെ ഉപദേശങ്ങളേയും ആശ്രയിച്ച് ഭോഷ്ക്കുപറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും എന്ന് ആത്മാവു തെളിവായി പറയുന്നു" (1തിമോ.4:1). അന്ത്യകാലത്തെ "ദുഘട സമയങ്ങള്‍" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മനുഷരില്‍ അനേകര്‍ ചീത്ത സ്വഭാവത്തിന് അടിമകളായി സത്യത്തെ മറുതലിക്കുന്നവരായിത്തീരും എന്നാണ് അതിനു കാരണം പറഞ്ഞിരിക്കുന്നത് (2തിമൊ.3:1-9; 2തെസ്സ.2:3).
അടുത്ത പ്രധാന അടയാളങ്ങളില്‍ ഒന്ന് യെരുശലേമില്‍ യെഹൂദന്‍മാര്‍ അവരുടെ ദേവാലയം പണിയും എന്നതായിരിക്കും. യിസ്രായേലിനെതിരെ ലോകജനത ഒന്നിക്കുന്നതും, ഒരു അഖില ലോക സര്‍ക്കാര്‍ ഉടലെടുക്കുന്നതും അന്ത്യകാലത്തിന്റെ പ്രധാന അടയാളങ്ങളില്‍ ഒന്നാണ്. ഇപ്പോള്‍ നമുക്കു വ്യക്തമായി കാണാവുന്ന അടയാളം യിസ്രായേല്‍ രാഷ്ട്രത്തിന്റെ രൂപീകരണം തന്നെയാണ്. A.D. 70 ല്‍ നിര്‍മൂലമായിപ്പോയ യെഹൂദന്‍മാരുടെ രാഷ്ട്രം 1948 ല്‍ ആണ് ഒരു സ്വതന്ത്രനാടായി പ്രഖ്യാപിക്കപ്പെട്ടത്. ദൈവം അബ്രഹാമിനും അവന്റെ സന്ദതിക്കും കനാന്‍ നാട് "ശാശ്വത അവകാശമായി" വാഗ്ദത്തം ചെയ്തതാണ് (ഉല്‍പ.17:8). യിസ്രായേല്‍ ആത്മീയമായും രാഷ്ട്രീയമായും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് യെഹസ്കേല്‍ പ്രവചിച്ചിട്ടുണ്ട് (യെഹ.37). അന്ത്യകാല പ്രവചനങ്ങളില്‍ യിസ്രയേലിനുള്ള പങ്കു കണക്കിലെടുത്താല്‍ യിസ്രായേല്‍ ഒരു രാഷ്ട്രമായി അവരുടെ സ്വന്ത നാട്ടില്‍ ഇപ്പോള്‍ ആയിരിക്കുന്നത് നാം അന്ത്യകാലത്തിന്റെ വക്കോളം എത്തി എന്നതിന്റെ അടയാളമാണ് (ദാനി.10:14; 11:41: വെളി.11:8).
ഇങ്ങനെ അനേക അടയാളങ്ങള്‍ നമ്മുടെ കണ്ണിനു മുമ്പില്‍ തന്നെ ഉള്ളതുകൊണ്ട് നാം ബുദ്ധിയോടുകൂടെ അന്ത്യകാല സംഭവങ്ങള്‍ മുഴുവന്‍ നിറവേറുവാന്‍ ആകാംഷയോടും പ്രര്‍ത്ഥനയോടും കൂടെ ഇരിക്കേണ്ടതാണ്. എന്നാല്‍ അന്ത്യകാലം വളരെ വേഗത്തിൽ എത്തും എന്ന് പറയത്തക്കവണ്ണം ഏതെങ്കിലും പ്രത്യേകസംഭവത്തെ ആസ്പദമാക്കി ശഠിക്കുവാനും പാടുള്ളതല്ല. എന്നാല്‍ നാം എപ്പോഴും ഒരുക്കമുള്ളവരായി കാണത്തക്കവണ്ണം അനേക അടയാളങ്ങള്‍ ഇപ്പോള്‍ തന്നെ ദൈവം നമുക്കു തന്നിട്ടുണ്ട്.
English
അന്ത്യ നാളുകളുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?