settings icon
share icon
ചോദ്യം

പാപത്തിന്റെ നിര്‍വചനം എന്താണ്‌?

ഉത്തരം


അധര്‍മ്മത്തെയാണ്‌ പാപം എന്ന്‌ ബൈബിൾ വിളിച്ചിരിക്കുന്നത്‌ (1യോഹന്നാൻ 3:4). പാപം ദൈവത്തിന്‌ എതിരായുള്ള പ്രവര്‍ത്തനമാണ്‌ (ആവർത്തനം 9:7; യോശുവ 1:18). പാപം ആരംഭിച്ചത്‌ അരുണോദയ പുത്രൻ എന്ന്‌ അറിയപ്പെടുന്ന ലൂസിഫറിൽ നിന്നാണ്‌. അവന്‍ ദൈവത്തിന്റെ ദൂതന്‍മാരിൽ അതി മനോഹരനും ശക്തനും ആയിരുന്നു. അവനു കൊടുക്കപ്പെട്ടിരുന്ന സ്ഥാനത്തില്‍ അവൻ തൃപ്തനാകാതെ, ദൈവസിംഹാസനത്തിനുമേല്‍ ഉയരണം എന്ന്‌ അവൻ ആഗ്രഹിച്ചു. അത്‌ അവന്റെ വീഴ്ചക്ക്‌ കാരണമായിത്തീര്‍ന്നു (യെശയ്യാവ 14:13-15). അങ്ങനെ പാപത്തിന്‌ തുടക്കവുമായി. എതിരാളി എന്ന്‌ അര്‍ത്ഥമുള്ള സാത്താന്‍ എന്ന്‌ അവന്റെ പേരു മാറ്റപ്പെട്ടു. അവന്‍ ഏദെൻ തോട്ടത്തിൽ ചെന്ന്‌ "നിങ്ങള്‍ ദൈവത്തെപ്പോലെ ആകും" എന്നു പറഞ്ഞ്‌ ആദാമിനേയും ഹവ്വയെയും വഞ്ചിച്ച്‌ മനുഷ്യവര്‍ഗ്ഗത്തെ പാപത്തിന്‌ അധീനതയിൽ ആക്കി. ഉല്‍പത്തി 3 ആം അദ്ധ്യായത്തിൽ മനുഷ്യൻ ദൈവകല്‍പന ലംഘിച്ച്‌ പാപത്തിന്‌ അധീനരായതിനെപ്പറ്റി നാം വായിക്കുന്നു. അന്നു മുതല്‍ ഇന്നു വരെ ആദാമിന്റെ സന്തതികളായ നമുക്ക്‌ പാപം തലമുറ തലമുറകളായി അനന്തരാവകാശമായി കൈമാറ്റപ്പെട്ടു വരുന്നു. റോമർ 5:12 പറയുന്നത്‌ ആദാമിൽ കൂടെ പാപം ലോകത്തില്‍ പ്രവേശിക്കയും പാപത്തിന്റെ ഫലമായി മരണം മനുഷ്യന്‌ അവകാശമാകയും ചെയ്തു എന്നാണ്‌. പാപത്തിന്റെ ശമ്പളം മരണമത്രേ (റോമർ 6:23).

ആദാമില്‍ നിന്ന്‌ അനന്തരാവകാശമായി നമുക്കു ലഭിച്ച പാപത്തിന്റെ ഫലമായി മനുഷ്യവര്‍ഗ്ഗം മുഴുവൻ ഇന്ന്‌ പാപപ്രകൃതി ഉള്ളവരായി, പാപത്തോടു പ്രതിപത്തി ഉള്ളവരായിത്തീര്‍ന്നു. ആദാം പാപം ചെയ്തപ്പോള്‍ അവന്റെ പ്രകൃതി മാറ്റപ്പെട്ട്‌ അത്‌ ലംഘന സ്വഭാവം ഉള്ളതായിത്തീര്‍ന്നു. അവന്‌ ആത്മീയമരണവും ധാര്‍മ്മീക അധഃപ്പതനവും സംഭവിച്ചു. അവ തലമുറ തലമുറകളായി മനുഷ്യവര്‍ഗ്ഗത്തിന്‌ കൈമാറ്റപ്പെട്ടു വരുന്നു. നാം പാപികള്‍ ആയിരിക്കുന്നത്‌ നാം പാപം ചെയ്യുന്നതു കൊണ്ടല്ല; മറിച്ച്‌, നാം പാപം ചെയ്യുന്നത്‌ നാം പാപികള്‍ ആയതുകൊണ്ടാണ്‌. ധാര്‍മ്മീക അധഃപ്പതനത്തിനെ അനന്തരാവകാശമായി ലഭിച്ചതിനെ പാപം എന്ന്‌ പറയുന്നു. നമ്മുടെ മാതാപിതാക്കളില്‍ നിന്ന്‌ നമ്മുടെ ശരീര പ്രകൃതി നമുക്കു ലഭിക്കുന്നതുപോലെ തന്നെ ആദാമിൽ നിന്ന്‌ മനുഷ്യവര്‍ഗ്ഗം മുഴുവൻ പാപപ്രകൃതി ഉള്ളവരായിത്തീര്‍ന്നു. ദാവീദ്‌ രാജാവ്‌ ഈ അവസ്ഥയെപ്പറ്റി ഇങ്ങനെ പാടി: "ഇതാ ഞാന്‍ അകൃത്യത്തിൽ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു" (സങ്കീർത്തനം 51:5).

ഇനിയും ചുമത്തപ്പെട്ട പാപത്തെപ്പറ്റി ചിന്തിക്കാം. "ചുമത്തപ്പെടുക" (impute)എന്നത്‌ നീതിന്യായകോടതിയിലും പണം ഇടപാടുകളിലും ഉപയോഗിക്കുന്ന വാക്കാണ്‌. ഒരാളുടെ കണക്കില്‍ നിന്ന്‌ എടുത്ത്‌ മറ്റൊരാളിന്റെ കണക്കിൽ ചേര്‍ക്കുന്നതിനെ ആണ്‌ ഇങ്ങനെ പറയുന്നത്‌. പാപം മനുഷ്യന്റെ അനന്തരാവകാശമായി അവന്‌ ഉണ്ടായിരുന്നെങ്കിലും, മോശെയില്‍ കൂടെ ന്യായപ്രമാണം കൊടുക്കപ്പെട്ടതിനു ശേഷമാണ്‌ മനുഷ്യന്റെ മേൽ പാപം ചുമത്തപ്പെട്ടത്‌ (റോമർ 5:13). പാപം ചുമത്തപ്പെടുന്നതിനു മുമ്പും പാപത്തിന്റെ അവസാന ഫലമായ മരണം മനുഷ്യന്റെ മേൽ വാണിരുന്നു (റോമർ.5:14). ആദാം മുതല്‍ മോശെ വരെയുള്ള ആളുകള്‍ മരണത്തിന്‌ അധീനരായിരുന്നത്‌ അവർ ന്യായപ്രമാണം ലംഘിച്ചതു കൊണ്ടല്ല (അവര്‍ക്ക്‌ ന്യായപ്രമാണം ഇല്ലായിരുന്നുവല്ലോ); മറിച്ച്‌ അനന്തരാവകാശമായി ലഭിച്ച പാപ പ്രകൃതി അവര്‍ക്ക്‌ ഉണ്ടായിരുന്നതുകൊണ്ടത്രേ. മോശെക്കു ശേഷം മനുഷ്യൻ ശിക്ഷിക്കപ്പെടുന്നത്‌ അവന്റെ പാപ പ്രകൃതി കൊണ്ടും ന്യായപ്രമാണ ലംഘനം കൊണ്ടും അത്രേ.

ഈ ചുമത്തപ്പെടല്‍ സിദ്ധാന്തം ദൈവം മനുഷ്യവര്‍ഗ്ഗത്തിന്റെ നന്‍മക്കായി ഉപയോഗിച്ചു. ക്രിസ്തു പാപം ചെയ്തവന്‍ അല്ലായിരുന്നു എങ്കിലും മനുഷ്യ വര്‍ഗ്ഗത്തിന്റെ പാപം അവന്റെ മേല്‍ ചുമത്തി പാപത്തിന്റെ ശിക്ഷ അവന്‍ ക്രൂശില്‍ കൊടുത്തു തീര്‍ത്തു. അവന്‍ സര്‍വ ലോക പാപത്തിന്റേയും പരിഹാരി ആയിത്തീര്‍ന്നു (1യോഹന്നാൻ 2:2). അവന്‌ ആദാമില്‍ നിന്ന്‌ പിന്തുടര്‍ച്ചയായി വന്ന പാപം അനന്തരാവകാശമായി കിട്ടിയിരുന്നില്ല എന്നത്‌ മറക്കരുത്‌. അവന്റെ മേല്‍ പാപം ചുമത്തപ്പെടുക മാത്രമാണ്‌ ചെയ്തത്‌. അവന്‍ ഒരിക്കലും പാപി ആയി തീര്‍ന്നില്ല. മനുഷ്യവര്‍ഗ്ഗത്തിന്റെ പാപം അവന്റെ മേൽ ചുമത്തപ്പെടുക മാത്രമാണ്‌ ചെയ്തത്‌. മനുഷ്യ വര്‍ഗ്ഗം ചെയ്ത പാപത്തിന്റെ കുറ്റവാളി അവൻ ആണെന്ന്‌ കണക്കാക്കപ്പെട്ടു. തിരിച്ച്‌, നമ്മുടെ പാപം അവനു ചുമത്തപ്പെട്ടതുപോലെ തന്നെ ക്രിസതു്വിന്റെ നീതി വിശ്വസിക്കുന്നവര്‍ക്കും കണക്കിടപ്പെട്ടു (2കൊരിന്ത്യർ 5:21).

മൂന്നാമത്‌ നാം ഓരോരുത്തരും നമ്മുടെ ദിവസേനയുള്ള ജീവിതത്തിൽ ചെയ്യുന്ന പാപങ്ങൾ ഉണ്ട്‌. നാമെല്ലാവരും പാപപ്രകൃതി ഉള്ളവര്‍ ആയതു കൊണ്ട്‌ നാമൊക്കെ ജീവിതത്തിൽ വ്യാജഭാവം പോലെ ചെറിയ പാപങ്ങളും കൊലപാതകം പോലെ വലിയ പാപവും ചെയ്യുന്നവരായിരിക്കുന്നു. ക്രിസ്തുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടില്ലാത്തവർ തങ്ങള്‍ക്ക്‌ അനന്തരാവകാശമായി കിട്ടിയ പാപത്തിനും, ന്യായപ്രമാണ ലംഘനത്താല്‍ ചുമത്തപ്പെട്ട പാപത്തിനും, അവരവരുടെ അനുദിന ജീവിതത്തിലെ പാപത്തിനും ശിക്ഷ അനുഭവിക്കേണ്ടി വരും. എന്നാല്‍ ക്രിസ്തുവിനെ വിശ്വസിച്ച്‌ ആശ്രയിക്കുന്നവരുടെ നരക ശിക്ഷ മാറ്റപ്പെട്ടെന്നു മാത്രമല്ല, അവര്‍ പാപത്തെ ജയിക്കുവാനുള്ള ബലം ഉള്ളവരായും തീരുന്നു. ഇന്ന്‌ വിശ്വാസിയുടെ ജീവിതത്തില്‍ ദൈവാത്മാവ്‌ വസിച്ച്‌ പാപത്തെക്കുറിച്ച്‌ ഉണര്‍ത്തി പാപത്തെ ജയിക്കുവാനുള്ള ശക്തി പ്രദാനം ചെയ്യുന്നതുകൊണ്ട്‌ ഒരു വിശ്വാസി അനുദിന ജീവിതത്തിൽ പാപത്തിന്‍മേൽ ജയം വരിക്കുവാൻ കഴിവുള്ളവനായിത്തീര്‍ന്നിരിക്കുന്നു (റോമർ 8:9-11). നമ്മുടെ അനുദിന ജീവിതത്തിലെ പാപങ്ങള്‍ നാം ഏറ്റുപറഞ്ഞു ഉപേക്ഷിക്കുമ്പോൾ വീണ്ടും ദൈവം നമ്മെ തന്റെ കൂട്ടായ്മയിലേക്ക്‌ ചേര്‍ക്കുന്നു. "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോട്‌ പാപങ്ങളെ ക്ഷമിച്ച്‌ സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം നീതിമാനും വിശ്വസ്ഥനും ആകുന്നു " (1യോഹന്നാൻ 1:9).

നാമെല്ലാവരും മൂന്നുവിധ ശിക്ഷാവിധികള്‍ക്കാണ്‌ പാത്രരായിരിക്കുന്നത്‌. പാപത്തിനു നീതിയായി ലഭിക്കേണ്ട കൂലി മരണം അത്രേ (റോമർ 6:23). അത്‌ വെറും ശാരീരിക മരണം അല്ല, നിത്യമരണം ആണ്‌ (വെളിപ്പാട് 20:11-15). ദൈവത്തില്‍ നിന്ന് എന്നെന്നേക്കുമായി മാറ്റപ്പെട്ട അവസ്ഥയാണത്‌. എന്നാൽ ക്രിസ്തുവിന്റെ ക്രൂശുമരണത്തോടു കൂടി അവനിൽ വിശ്വസിക്കുന്നവരുടെ ശിക്ഷാവിധി എന്നെന്നേക്കുമായി മാറ്റപ്പെട്ട്‌ "അവനില്‍ നമുക്ക്‌ അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനം എന്ന വീണ്ടെടുപ്പ്‌ ഉണ്ട്‌. അത്‌ അവൻ നമുക്ക്‌ ധാരാളമായി കാണിച്ച കൃപാധന പ്രകാരം ... നല്‍കിയിരിക്കുന്നു" (എഫെസ്യർ 1:7-8). നാം അവനോടുകൂടി നിത്യനിത്യമായി വാഴുവാന്‍ ഇത്‌ നമ്മെ പ്രാപ്തരാക്കും.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

പാപത്തിന്റെ നിര്‍വചനം എന്താണ്‌?
© Copyright Got Questions Ministries