settings icon
share icon
ചോദ്യം

പുകവലിയെപ്പറ്റി ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌? പുകവലി പാപമാണോ?

ഉത്തരം


പുകവലിയെപ്പറ്റി വേദപുസ്തകത്തില്‍ പരാമര്‍ശം ഇല്ല. എന്നാല്‍ പുകവലിയെ ബാധിക്കുന്ന മറ്റു പ്രമാണങ്ങള്‍ വേദപുസ്തകത്തിൽ ഉണ്ട്‌. ആദ്യമായി നമ്മുടെ ശരീരങ്ങളെ എന്തിനെങ്കിലും അടിമപ്പെടുത്തുവാൻ പാടില്ല എന്ന്‌ വേദപുസ്തകം പഠിപ്പിക്കുന്നു. "സകലത്തിന്നും എനിക്ക്‌ കര്‍ത്തവ്യം ഉണ്ട്‌. എന്നാല്‍ സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്ക്‌ കര്‍തവ്യം ഉണ്ട്‌. എങ്കിലും ഞാന്‍ യാതൊന്നിനും അടിമ ആകയില്ല" (1 കൊരിന്ത്യർ 6:12). പുകവലി അത്‌ ഉപയോഗിക്കുന്നവരെ അടിമപ്പെടുത്തും എന്ന്‌ പറയേണ്ടതില്ലല്ലോ. അതേ അദ്ധ്യായം തുടര്‍ന്ന്‌ വായിച്ചു താഴെ പറയുന്നത്‌ ശ്രദ്ധിക്കുക. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാണ്‌ നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്ക്‌ വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്കള്‍ക്കുള്ളവർ അല്ല എന്നും 'അറിയുന്നില്ലയോ. ആകെയാല്‍ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവീന്‍" (1 കൊരിന്ത്യർ.6:19-20). പുകവലി ആരോഗ്യത്തിനു ഹാനികരം ആണെന്ന സത്യം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. അത്‌ ഹൃദയത്തേയും കരളിനേയും ബാധിക്കും എന്ന്‌ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്‌. ദൈവത്തിന്റെ മന്ദിരമായ നമ്മുടെ ശരീരത്തെ നശിപ്പിക്കുന്നവരെ ദൈവം നശിപ്പിക്കും എന്ന്‌ വേദപുസ്തകം പറയുന്നു (1കൊരിന്ത്യർ 3:17).

പുകവലി പ്രയോജനമുള്ളതാണെന്ന്‌ പറയുവാൻ കഴിയുമോ (1കൊരിന്ത്യർ 6:12) പുകവലി മൂലം ഞാന്‍ എന്റെ ശരീരത്തെ ദൈവത്തിന്റെ മഹത്വത്തിനായി ഉപയോഗിക്കുകയാണെന്ന്‌ പറയുവാന്‍ കഴിയുമോ(1കൊരിന്ത്യർ 6:20) ഞാന്‍ പുകവലിച്ചാൽ ദൈവനാമം മഹത്വപ്പെടും എന്ന് ആത്മാര്‍ത്ഥമായി പറയുവാൻ കഴിയുമോ (1കൊരിന്ത്യർ 10:31) മേല്‍പ്പറഞ്ഞ മൂന്നു ചോദ്യങ്ങള്‍ക്കും "ഇല്ല" എന്നുള്ള ഉത്തരമല്ലാതെ മറ്റൊന്ന് ലഭിക്കുകയില്ലല്ലോ. അതുകൊണ്ട്‌ പുകവലി പാപമാണെന്നും ഒരു ക്രിസ്തു ശിഷ്യന്‍ ഒരിക്കലും പുകവലിക്ക്‌ അടിമ ആകുവാന്‍ പാടില്ല എന്നും ഞങ്ങൾ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.

ചിലര്‍ ഇതിനെതിരായി ഉന്നയിക്കുന്ന വാദം, അനേക ക്രിസ്തുവിശ്വാസികള്‍ കാപ്പി മുതലായ ആഹാര പദാര്‍ത്ഥങ്ങള്‍ക്ക്‌ അടിമകൾ ആണല്ലോ എന്നതാണ്‌. ഒരു പക്ഷെ അവര്‍ പറയുന്നതു പോലെ കാലത്ത്‌ ഒരു കട്ടന്‍ കാപ്പി കുടിക്കാതെ അനേകര്‍ക്ക്‌ ജീവിക്കുവാൻ പ്രയാസമായിരിക്കാം. എന്നാല്‍ അതുകൊണ്ട്‌ പുകവലി ശരി എന്ന് വരികയില്ലല്ലോ. ഞങ്ങള്‍ വിശ്വസിക്കുന്നത്‌ അമിത ആഹാരത്തിനോ അല്ലെങ്കിൽ ആരോഗ്യത്തിന്‌ ഹാനികരമായ യാതൊന്നിനുമോ ഒരു വിശ്വാസി ഒരിക്കലും അടിമ ആകുവാന്‍ പാടില്ല എന്നാണ്‌. ചിലപ്പോള്‍ ഒരു പാപത്തെ മറെച്ച്‌ പിടിച്ച്‌ മറ്റൊന്നിനെ പഴി ചാരുന്ന കപടഭക്തി ചിലര്‍ക്കുണ്ടെന്ന് നമുക്കറിയാം. അത്‌ എങ്ങനെ ആയാലും പുകവലി ദൈവത്തിനു ഒരിക്കലും മഹത്വം കൊണ്ടുവരികയില്ലല്ലോ.

പുകവലിക്കുന്നത്‌ പാപം ആണെന്നതിൽ സംശയം ഒന്നുമില്ല. ഒരു ദൈവപൈതല്‍ ഒരിക്കലും ഈ സ്വഭാവത്തിന്‌ അടിമ ആയിത്തീരുകയില്ല എന്നതിൽ സംശയം അല്‍പം പോലുമില്ല. ആരെങ്കിലും രഹസ്യമായോ പരസ്യമായോ ഈ പാപത്തിന്‌ അടിമ ആണെങ്കിൽ ഏറ്റു പറഞ്ഞ്‌ ഉപേക്ഷിച്ച്‌ ക്ഷമ പ്രാപിക്കേണ്ടതാണ്‌ (1യോഹന്നാൻ 1:9; സദൃവാക്യങ്ങൾ 28:13).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

പുകവലിയെപ്പറ്റി ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌? പുകവലി പാപമാണോ?
© Copyright Got Questions Ministries