settings icon
share icon
ചോദ്യം

എനിക്ക്‌ ഏതു കൃപാവരമാണ്‌ ഉള്ളത്‌ എന്ന് എനിക്ക്‌ എങ്ങനെ മനസ്സിലാക്കാം?

ഉത്തരം


നമ്മുടെ കൃപാവരം ഏതെന്നു കണ്ടുപിടിക്കുവാന്‍ ഉതകുന്ന ഏതെങ്കിലും പരീക്ഷണങ്ങളോ കുറുക്കുവഴികളോ ഇല്ല. താന്‍ ഇഛിക്കുന്നതുപോലെ ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്‌ കൃപാവരങ്ങളെ നമുക്ക്‌ വിഭാഗിച്ചു തരുന്നത്‌ (1കൊരി.12:7-11). തനിക്കു ലഭിക്കപ്പെട്ട കൃപാവരത്തിനനുസൃതമായി മാത്രം ദൈവത്തെ സേവിക്കുവാന്‍ പലരും ശ്രമിക്കുന്നു എന്നതാണ്‌ ഒരു വലിയ പരാജയത്തിനു കാരണം. എന്നാല്‍ കൃപാവരങ്ങളെ ഉപയോഗിക്കേണ്ടത്‌ അങ്ങനെ അല്ല. എല്ലാ കാര്യങ്ങളിലും നാം അവനെ അനുസരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ദൌത്യം നിറവേറ്റുവാന്‍ ഉതകുന്ന രീതിയില്‍ ദൈവം നമുക്ക്‌ ആവശ്യമായ കൃപാവരങ്ങളെ തന്ന് അനുഗ്രഹിക്കും. പല മാര്‍ഗ്ഗങ്ങളില്‍ കൂടെ നമ്മുടെ കൃപാവരങ്ങള്‍ ഏതൊക്കെ ആണെന്ന് നമുക്കു മനസ്സിലാക്കുവാന്‍ കഴിയും. ചോദ്യോത്തര രീതിയില്‍ നമുക്ക്‌ നമ്മുടെ കൃപാവരങ്ങളെപ്പറ്റി ചെറിയ അറിവു ലഭിച്ചു എന്ന് വരാവുന്നതാണ്‌. എന്നാല്‍ അതുകൊണ്ടു മാത്രം തൃപ്തിപ്പെടാവുന്നതല്ല. മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ നമ്മുടെ കൃപാവരങ്ങള്‍ ഏതൊക്കെ എന്നത്‌ നമുക്ക്‌ ഉറപ്പാക്കിത്തരും. നാം കര്‍ത്താവിനെ സേവിക്കുന്നതു കാണുമ്പോള്‍ പലപ്പോഴും നമുക്കു തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ലാത്ത കൃപാവരങ്ങള്‍ നമുക്കുണ്ട്‌ എന്ന കാര്യം മറ്റുള്ളവര്‍ തിരിച്ചറിഞ്ഞു എന്ന് വരാവുന്നതാണ്‌. ഈ കാര്യത്തില്‍ പ്രാര്‍ത്ഥനക്ക്‌ വളരെ പ്രാധാന്യം ഉണ്ട്‌. നമുക്ക്‌ ഇന്ന ഇന്ന കൃപാവരങ്ങള്‍ ഉണ്ട്‌ എന്ന് വ്യക്തമായി അറിയാവുന്ന വ്യക്തി, കൃപാവരങ്ങള്‍ നമുക്കു പകര്‍ന്നു തന്ന പരിശുദ്ധാത്മാവു തന്നെയാണ്‌. നമ്മുടെ കൃപാവരങ്ങള്‍ മേന്‍മയായ വിധത്തില്‍ ദൈവനാമ മഹത്വത്തിനായി ഉപയോഗിക്കുവാന്‍ ഇടയാകേണ്ടതിന്‌ അവ ഏതൊക്കെ എന്ന് നമുക്കു കാണിച്ചു തരുവാന്‍ നാം ദൈവത്തോടു പ്രാര്‍ത്ഥിക്കേണ്ടതാണ്‌.

ദൈവം ചിലരെ ഉപദേഷ്ടാക്കന്‍മാരായി വിളിച്ച്‌ അവര്‍ക്ക്‌ ഉപദേശിക്കുവാനുള്ള വരം കൊടുക്കുന്നു. ചിലരെ ശുശ്രൂഷകന്‍മാരായി വിളിച്ച്‌ അവര്‍ക്ക്‌ ശുശ്രൂഷിക്കുവാനുള്ള വരം കൊടുക്കുന്നു. ഏതെങ്കിലും പ്രത്യേക കൃപാവരം നമുക്കു ലഭിച്ചിട്ടുണ്ട്‌ എന്ന് നമുക്ക്‌ വ്യക്തമായി അറിയാമെങ്കില്‍ തന്നെ, അവ ഉപയോഗിച്ചു മാത്രമേ ദൈവത്തെ സേവിക്കയുള്ളൂ എന്ന് ആരെങ്കിലും ശഠിക്കുന്നത്‌ ശരിയല്ല. ഏത്‌ കൃപാവരമാണ്‌ നമുക്ക്‌ ദൈവം തന്നിട്ടുള്ളത്‌ എന്ന് അറിയുന്നത്‌ നല്ലതല്ലേ? തികച്ചും നല്ലതു തന്നെ. എന്നാല്‍ കൃപാവരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ ദൈവത്തെ സേവിക്കുവാന്‍ ലഭിക്കുന്ന മറ്റ്‌ അവസരങ്ങള്‍ പാഴാക്കുന്നത്‌ ശരിയാണോ? ഒരിക്കലും അല്ല. ദൈവത്താല്‍ ഉപയോഗിക്കപ്പെടെണം എന്ന് ആഗ്രഹിച്ച്‌ സമര്‍പ്പിക്കപ്പെട്ട ഒരു വ്യക്തിക്ക്‌ ദൈവഹിതം നിറവേറ്റുവാന്‍ ആവശ്യമായ കൃപാവരങ്ങള്‍ എല്ലാം ദൈവം കൊടുക്കും എന്നതില്‍ അല്‍പം പോലും സംശയമില്ല.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എനിക്ക്‌ ഏതു കൃപാവരമാണ്‌ ഉള്ളത്‌ എന്ന് എനിക്ക്‌ എങ്ങനെ മനസ്സിലാക്കാം?
© Copyright Got Questions Ministries