settings icon
share icon
ചോദ്യം

എന്താണ്‌ ആത്മീയ വളര്‍ച്ച?

ഉത്തരം


ക്രിസ്തുവിന്റെ രൂപത്തോട്‌ അനുരൂപമാകുന്നതിനെയാണ്‌ ആത്മീയ വളര്‍ച്ച എന്ന്‌ പറയുന്നത്‌. നാം നമ്മുടെ വിശ്വാസം ക്രിസ്തുവില്‍ സമര്‍പ്പിച്ചു കഴിയുമ്പോള്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നമ്മില്‍ വരികയും നമ്മെ ക്രിസ്തുവിന്റെ സ്വഭാവത്തോട്‌ അനുരൂപമാക്കുന്ന പ്രവര്‍ത്തി നമ്മില്‍ ആരംഭിക്കയും ചെയ്യുന്നു. തന്റെ ദിവ്യസ്വഭാവത്തോട്‌ അനുരൂപമാകുവാന്‍ ആവശ്യമായതെല്ലാം തന്റെ ദിവ്യശക്തി പ്രദാനം ചെയ്തിട്ടുണ്ട്‌ എന്ന്‌ 2പത്രോ.1:3-8 വരെയുള്ള വാക്യങ്ങളില്‍ നാം വായിക്കുന്നു. അവനെപ്പറ്റിയുള്ള അറിവാണ്‌ നമുക്ക്‌ ഇത്‌ ലഭ്യമാകുന്നതിന്റെ മുഖാന്തരം എന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. അവനെപ്പറ്റിയുള്ള അറിവു നമുക്കു ലഭിക്കുന്നത്‌ തിരുവചനത്തില്‍ കൂടെയാണ്‌. തിരുവചനം നമ്മെ ആത്മീയമായി ശക്തിപ്പെടുത്തുകയും നമ്മെ വളര്‍ത്തുകയും ചെയ്യുന്നു.

ഗലാ.5:19-23 വരെയുള്ള വാക്യങ്ങളില്‍ രണ്ടു പട്ടികകള്‍ നാം കാണുന്നു. ജഡത്തിന്റെ പ്രവര്‍ത്തിയെക്കുറിച്ച്‌ വാ.19-21 വരെ വായിക്കുന്നു. രക്ഷക്കായി ക്രിസ്തുവിനെ നാം സമീപിക്കുന്നതിനു മുമ്പുള്ള നമ്മുടെ അവസ്ഥയാണത്‌. ജഡത്തിന്റെ പ്രവര്‍ത്തിയെ കണ്ടറിഞ്ഞ്‌ ഏറ്റുപറഞ്ഞ്‌ ഉപേക്ഷിച്ച്‌ പാപക്ഷമ പ്രാപിക്കേണ്ടതാണ്‌. ദിവ്യ ശക്തിയാല്‍ അവയ്ക്കുമേല്‍ ജയം പ്രാപിക്കേണ്ടതുമാണ്‌. ആത്മീയമായി നാം വളരുന്തോറും ജഡത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ നിന്ന്‌ അന്യമാകയും ആത്മാവിന്റെ ഫലം നമ്മില്‍ അധികമാകയും ചെയ്യുന്നു. 22-23 എന്നീ വാക്യങ്ങളില്‍ ആത്മാവിന്റെ ഫലത്തെപ്പറ്റി വായിക്കുന്നു. ഒരുവന്‍ ആത്മീയമായി വളരുന്തോറും ആത്മാവിന്റെ ഫലം അവനില്‍ കൂടുതല്‍ കൂടുതല്‍ പ്രത്യക്ഷമാകുന്നു.

നാം രക്ഷിക്കപ്പെടുമ്പോള്‍ മുതല്‍ ആത്മീയ വളര്‍ച്ച ആരംഭിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ എന്നെന്നേയ്ക്കുമായി നമ്മില്‍ വസിക്കുവാന്‍ വരുന്നു (യോഹ.14:16-17). നാം ക്രിസ്തുവില്‍ പുതിയ സൃഷ്ടികളാക്കപ്പെടുന്നു (2കൊരി.5:17). നമ്മുടെ പഴയ പ്രകൃതി മാറ്റപ്പെട്ട്‌ ഒരു പുതിയ പ്രകൃതി നമുക്ക്‌ ലഭിക്കുന്നു(റോമ. 6-7). ആത്മീയവളര്‍ച്ച ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരനുഭവമാണ്‌. ദിവസംതോറും വചനം വായിച്ചറിഞ്ഞ്‌ ആത്മാവിനാല്‍ നടത്തപ്പെടുന്നവര്‍ ദൈവം ആഗ്രഹിക്കുന്നതുപോലെ ആത്മീയ വളര്‍ച്ച ഉള്ളവരായി കാണപ്പെടും (2തിമോ.3:16-17; ഗലാ.5:16-26). ആത്മീയ വളര്‍ച്ച നാം ആഗ്രഹിക്കുമ്പോള്‍, എവിടെയൊക്കെയാണ്‌ നാം വളരുവാന്‍ ആവശ്യമുള്ളതെന്ന്‌ ദൈവത്തോടു ചോദിച്ച്‌ മനസ്സിലാക്കി അങ്ങനെയുള്ള സ്ഥലങ്ങളില്‍ വളരുവാന്‍ നാം ശ്രമിക്കേണ്ടതാണ്‌. നമ്മുടെ വിശ്വാസവും അറിവും വര്‍ദ്ധിപ്പിക്കുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടതാണ്‌. നാം ആത്മീയമായി വളര്‍ച്ച പ്രാപിക്കണം എന്ന്‌ ദൈവം ആഗ്രഹിച്ച്‌ അതിനു ആവശ്യമുള്ളതെല്ലാം തന്റെ വചനത്തില്‍ അവന്‍ നല്‍കിയിട്ടുണ്ട്‌. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ദിവസം തോറും വചനപാരായണത്താലും അനുസരണത്തിനാലും പാപത്തിന്‍മേല്‍ ജയം പ്രാപിച്ച്‌ ക്രമേണ ദൈവപുത്രന്റെ സ്വഭാവത്തോട്‌ അനുരൂപമാകുവാന്‍ കര്‍ത്താവു നമുക്ക്‌ കൃപ തരട്ടെ.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്താണ്‌ ആത്മീയ വളര്‍ച്ച?
© Copyright Got Questions Ministries