യേശുവിനെ ക്രൂശില്‍ തറച്ചത്‌ ഒരു വെള്ളിയാഴ്ച ആയിരുന്നുവോ?
ചോദ്യം: യേശുവിനെ ക്രൂശില്‍ തറച്ചത്‌ ഒരു വെള്ളിയാഴ്ച ആയിരുന്നുവോ?

ഉത്തരം:
കൃത്യം ഏതു ദിവസമായിരുന്നു യേശുവിനെ ക്രൂശില്‍ തറച്ചത്‌ എന്ന്‌ വേദപുസ്തകം വ്യക്തമായി പറയുന്നില്ല. ഇതിനെപ്പറ്റി രണ്ടു പ്രധാന ചിന്താഗതികള്‍ ഉണ്ട്‌. അത്‌ ബുധനാഴ്ച ആയിരുന്നെന്നും അല്ല, വെള്ളിയാഴ്ച ആയിരുന്നെന്നും മിക്കവരും വിശ്വസിക്കുന്നു. എന്നാല്‍ ഇത്‌ രണ്ടുമല്ല ശരി, യേശു ക്രൂശിയ്ക്കപ്പെട്ടത്‌ ഒരു വ്യാഴാഴ്ച ആയിരുന്നു എന്നു വിശ്വസിക്കുന്നവരും ഉണ്ട്‌.

മത്താ.12:40 ല്‍ യേശു ഇങ്ങനെ പറഞ്ഞു. "യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും". വെള്ളിയാഴ്ച ആയിരുന്നു യേശു ക്രൂശിക്കപ്പെട്ടത്‌ എന്ന്‌ വിശ്വസിക്കുന്നവര്‍ അതിനെ ഇങ്ങനെയാണ്‌ ന്യായീകരിക്കുന്നത്‌. അന്നത്തെ യെഹൂദന്‍മാര്‍ ഒരു ദിവസത്തിന്റെ ഭാഗത്തെ ഒരു ദിവസമായി കണക്കാക്കിയിരുന്നു. യേശു വെള്ളിയാഴ്ച കുറെ നേരവും, ശനി മുഴുവനും, ഞായറാഴ്ചയുടെ ഭാഗവും കല്ലറയില്‍ ആയിരുന്നതു കൊണ്ട്‌, കണക്കനുസരിച്ച്‌ മൂന്നു ദിവസം അവന്‍ കല്ലറയില്‍ ആയിരുന്നു എന്നവര്‍ പറയുന്നു. മര്‍ക്കോ.15:42 ല്‍ അത്‌ "ശബ്ബത്തിന്റെ തലേ നാള്‍" ആയിരുന്നു എന്ന്‌ വായിക്കുന്നത്‌ അവര്‍ തെളിവായി എടുക്കുന്നു. സാധാരണ ആഴ്ചതോറുമുള്ള ശബ്ബത്ത്‌ ശനിയാഴ്ച ആണല്ലോ. അതുകൊണ്ട്‌ ക്രൂശീകരണം നടന്നത്‌ വെള്ളിയാഴ്ച ആയിരുന്നു എന്നവര്‍ തീരുമാനിക്കുന്നു. വെള്ളിയാഴ്ചയായിരുന്നു ക്രൂശീകരണം എന്നതിന്‌ വേറൊരു ന്യായം അവര്‍ പറയുന്നത്‌ മത്താ.16:21, ലൂക്കോ.9:22 എന്നീ വാക്യങ്ങള്‍ അനുസരിച്ച്‌ അവര്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍കും എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട്‌ മൂന്നു ദിവസം മുഴുവന്‍ കല്ലറയില്‍ ആയിരിക്കണം എന്നില്ലല്ലൊ എന്നാണ്‌. എന്നാല്‍ ആ വാക്യങ്ങളുടെ തര്‍ജ്ജമയില്‍ വ്യത്യാസം മറ്റു പരിഭാഷകളില്‍ കാണുന്നുട്‌. മാത്രമല്ല, മര്‍ക്കോ.8:31 ല്‍ "മൂന്നു നാള്‍ കഴിഞ്ഞിട്ട്‌" ഉയിര്‍ത്തെഴുന്നേല്‍കും എന്ന്‌ വ്യക്തമായി പറഞ്ഞിട്ടും ഉണ്ടല്ലൊ.

വ്യാഴാഴ്ചയാണ്‌ ക്രിസ്തു മരിച്ചത്‌ എന്നു പറയുന്നവര്‍, വെള്ളിയാണ്‌ മരണം സംഭവിച്ചത്‌ എന്നു പറയുന്നവര്‍ ഉദ്ദരിക്കുന്ന വാക്യങ്ങള്‍ തന്നെ ഉദ്ദരിച്ചിട്ട്‌, ഏകദേശം ഇരുപതോളം സംഭവങ്ങള്‍ മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ സംഭവിച്ചിട്ടുണ്ടെന്നും, അത്രയും സംഭവിക്കണമെങ്കില്‍ വെള്ളി വൈകിട്ടു തുടങ്ങി ഞായര്‍ അതികാലത്തു വരെയുള്ള സമയത്തിനിടയില്‍ അവ അസാദ്ധ്യമാണെന്നും വാദിക്കുന്നു. മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ യെഹൂദരുടെ ശബ്ബത്തു നാളായ ശനിയാഴ്ച മാത്രമാണ്‌ മുഴു ദിവസമായി ശേഷിക്കുന്നത്‌ എന്നു മനസ്സിലാക്കിയാല്‍ വാസ്തവത്ിുല്‍ മരണം വ്യാഴാഴ്ച തന്നെ സംഭവിച്ചിരിക്കണം എന്ന് അവര്‍ പറയുന്നു. ഇടയില്‍ ഒരു ദിവസം കൂടി ഉണ്ടെങ്കിലേ മതിയാകയുള്ളു എന്ന് അവര്‍ വാദിക്കുന്നു. അവര്‍ ഇങ്ങനെ അതിനെ വിശദീകരിക്കുന്നു. തിങ്കളാഴ്ച സായാഹ്നത്തിലിരുന്ന്‌ നിങ്ങളുടെ ഒരു സ്നേഹിതനെ നിങ്ങള്‍ കണ്ടില്ല എന്ന്‌ കരുതുക. അടുത്തു നിങ്ങള്‍ തമ്മില്‍ കാണുന്നത്‌ വ്യാഴന്‍ കാലത്ത്‌ എന്നും കരുതുക. അപ്പോള്‍ "നാം തമ്മില്‍ കണ്ടിട്ട്‌ മൂന്നു ദിവസങ്ങല്‍ ആയല്ലോ" എന്ന്‌ നിങ്ങള്‍ക്ക്‌ പറയാമല്ലോ. വാസ്തവത്തില്‍ മൂന്നു ദിവസങ്ങള്‍ തികയണമെങ്കില്‍ പല മണിക്കൂറുകള്‍ ഇനിയും വേണം. എങ്കിലും നാം അങ്ങനെയാണ്‌ പറയാറുള്ളത്‌. വ്യാഴാഴ്ചയാണ്‌ ക്രിസ്തു മരിച്ചത്‌ എന്നു കരുതുന്നവര്‍ മൂന്നു ദിവസത്തെ കണക്ക്‌ ഇങ്ങനെ ആണ്‌ വിശദീകരിക്കുനനുത്‌.

ബുധാഴ്ചയാണ്‌ ക്രിസ്തു മരിച്ചത്‌ എന്ന്‌ പഠിപ്പിക്കുന്നവര്‍ ആ ആഴ്ചയില്‍ രണ്ടു ശബ്ബത്തുകള്‍ ഉണ്ടായിരുന്നു എന്ന്‌ വാദിക്കുന്നു. മര്‍ക്കോ. 16:1 നോക്കിയാല്‍ സ്ത്രീകള്‍ സുഗന്ധ വര്‍ഗ്ഗം വാങ്ങിയത്‌ ശബ്ബത്തിനു ശേഷം ആയിരുന്നു എന്ന്‌ കാണാവുന്നതാണ്‌. ലൂക്കോ.23:56 നോക്കിയാല്‍ അവര്‍ സുഗന്ധവര്‍ഗ്ഗം ഒരുക്കിയ ശേഷം മടങ്ങിപ്പോയി "ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു" എന്നും വായിക്കുന്നു. ബുധനാഴ്ചയാണ്‌ ക്രിസ്തു മരിച്ചത്‌ എന്ന്‌ വിശ്വസിക്കുന്നവര്‍ പറയുന്നത്‌ മര്‍ക്കോ.16:1 ല്‍ പറയുന്ന ശബ്ബത്ത്‌ പെസഹ പെരുനാള്‍ ആയിരുന്നു എന്നാണ്‌. ലേവ്യ.16:29-31; 23:24-32, 39 എന്നീ ഭാഗങ്ങള്‍ വായിച്ചാല്‍ ആഴ്ച തോറുമുള്ള ശബ്ബത്ത്‌ അല്ലാതെ പെരുന്നാളുകളേയും ശബ്ബത്ത്‌ എന്ന്‌ വിളിച്ചിരുന്നു എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. യോഹ.19:31 ല്‍ ആ ശബ്ബത്തിനെ "വലിയ ശബ്ബത്ത്‌" എന്നു വിശേഷിപ്പിച്ചിരിക്കുന്നത്‌ നോക്കുക. ലൂക്കോ.23:56 ല്‍ കാണുന്ന ശബ്ബത്ത്‌ ആഴ്ചതോറും വരാറുള്ള ശബ്ബത്തയിരുന്നു എന്ന്‌ അവര്‍ പറയുന്നു. അങ്ങനെ ശബ്ബത്തിനു ശേഷം സുഗന്ധവര്‍ഗ്ഗം വാങ്ങുവാന്‍ അവസരം ഉണ്ടാകയും സുഗന്ധവര്‍ഗ്ഗം ഒരുക്കിയ ശേഷം ശബ്ബത്തില്‍ വിശ്രമിക്കയും ചെയ്യുവാന്‍ ഇടയാകണമെങ്കില്‍ ക്രിസ്തു മരിച്ചത്‌ ബുധനാഴ്ച തന്നെ ആയിരിക്കണം എന്ന്‌ അവര്‍ ശഠിക്കുന്നു.

ബുധന്‍ സായഹ്നം ആയാല്‍ യെഹൂദരുടെ കണക്കനുസരിച്ച്‌ വ്യഴന്‍ ആണല്ലൊ. വ്യാഴന്‍ പുലര്‍ച്ച മുതല്‍ ഞായര്‍ പുലര്‍ച വരെ മൂന്നു രാവും മൂന്നു പകലും കൃത്യമായി തികയുകയും ചെയ്യുമല്ലോ. എന്നാല്‍ ഈ കണക്കു കൂട്ടലിലും ഒരു ചെറിയ പ്രശ്നം ഉണ്ട്‌. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ദിവസം എമ്മവൂസ്‌ എന്ന സ്ഥലത്തേക്കു പൊയ്ക്കൊണ്ടിരുന്ന ശിഷ്യന്‍മാരുമായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവു സംസാരിക്കുമ്പോള്‍ "ഇതു സംഭവിച്ചിട്ട്‌ ഇത്‌ മൂന്നാം നാള്‍ ആകുന്നു" (ലൂക്കോ.24:21) എന്ന്‌ വായിക്കുന്നു. ബുധനാഴ്ചയാണ്‌ ക്രിസ്തു ക്രൂശിക്കപ്പെട്ടത്‌ എന്നു പഠിപ്പിക്കുന്നവര്‍ക്ക്‌ ഈ വാക്യം വിശദീകരിക്കുവാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്‌.

ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ട സത്യം ഏതു ദിവസം ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നതിന്‌ അത്ര പ്രസക്തി ഇല്ല എന്നതു തന്നെ. ഉണ്ടായിരുന്നെങ്കില്‍ അത്‌ വ്യക്തമായി പറഞ്ഞിരുന്നിരിക്കും. എന്നാല്‍ അവന്‍ വാസ്തവമായി ക്രൂശില്‍ തറക്കപ്പെട്ടു എന്നും, ശാരീരികമായി ഉയിര്‍ത്തെഴുന്നേറ്റു എന്നും, അവന്റെ മരണപുനരുദ്ധാനങ്ങള്‍ മാനവ രാശിയുടെ പാപക്ഷമയ്ക്കു മുഖാന്തിരം ആയി എന്നുമുള്ള സത്യങ്ങള്‍ അല്‍പം പോലും സംശയമില്ലാതെ വേദപുസ്തകം പഠിപ്പിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ നിത്യജീവന്‍ ഉണ്ട്‌ എന്ന സത്യവും യോഹ.3:16, 3:36 എന്നീ വാക്യങ്ങളില്‍ നിന്ന് വ്യക്തമാണ്‌. അവന്‍ മരിച്ചത്‌ ബുധനോ, വ്യാഴമോ, വെള്ളിയോ ആയിരിക്കട്ടെ. ഏതു ദിവസം ആയിരുന്നാലും അവന്റെ മരണപുനരുദ്ധാനത്തിന്റെ പര്സക്തിക്ക്‌ ഒരിക്കലും ഭംഗം സംഭവിക്കുക ഇല്ല.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകയേശുവിനെ ക്രൂശില്‍ തറച്ചത്‌ ഒരു വെള്ളിയാഴ്ച ആയിരുന്നുവോ?