settings icon
share icon
ചോദ്യം

നാം എന്തിനുവേണ്ടിയാണ്‌ ബൈബിള്‍ വായിക്കുന്നത്‌/പഠിക്കുന്നത്‌?

ഉത്തരം


വേദപുസ്തകം ദൈവത്തിന്റെ വചനം ആയതുകൊണ്ട്‌ അത്‌ പതിവായി നാം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌. സത്യവേദപുസ്തകം യധാര്‍ത്ഥമായി ദൈവശ്വാസീയമാണ്‌ എന്ന് നാം വായിക്കുന്നു (2തിമോ.3:16). വേറൊരു രീതിയില്‍ പറഞ്ഞാല്‍ നമ്മോടുള്ള ദൈവത്തിന്റെ വാക്കുകള്‍ ആണ്‌ വേദപുസ്തകതില്‍ കാണുന്നത്‌. പല തത്വചിന്തകന്‍മാരും ഉന്നയിച്ചിട്ടുള്ള അനേക ചോദ്യങ്ങള്‍ക്കു ദൈവം തരുന്ന ഉത്തരങ്ങള്‍ ആണ്‌ ബൈബിളില്‍ കാണുന്നത്‌. മനുഷ ജീവിതത്തിന്റെ ഉദ്ദേശം എന്താണ്‌? നാം എവിടെ നിന്നു വന്നു? മരണാനന്തര ജീവിതമുണ്ടോ? സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഏതാണ്‌? ഈ ലോകത്തില്‍ ഇത്ര തിന്‍മകള്‍ സംഭവിക്കുന്നതു എന്തുകൊണ്ടാണ്‌? നന്‍മ ചെയ്യുവാന്‍ മനുഷന്‌ ബുദ്ധിമുട്ടായിരിക്കുന്നതിന്റെ കാരണം എന്താണ്‌? ഇങ്ങനെയുള്ള പല വിഷമം പിടിച്ച ചോദ്യങ്ങളുടെ ഉത്തരം മാത്രമല്ല അനുദിന ജീവിതത്തിലെ അനേക പ്രായോഗീക പ്രശ്നങ്ങള്‍ക്കും വേദപുസ്തകത്തില്‍ ഉത്തരം ഉണ്ട്‌. ഉദ്ദാഹരണമായി ഒരു വിജയകരമായ കുടുംബ ജീവിതം എങ്ങനെ സാധിതമാക്കാം? എനിക്ക് എപ്രകാരം ഒരുത്തമ സുഹൃത്തായിരിക്കാം?ഒരു ഉത്തമ മാതാവോ പിതാവോ ആയിരിക്കുന്നത്‌ എങ്ങനെയാണ്‌? ജീവിത വിജയം എങ്ങനെ കൈവരിക്കാം? എനിക്ക് എങ്ങനെ മാറ്റം സാധ്യമാകും? ജീവിതത്തിന്റെ മൂല്യം എന്താണ്‌? പിന്തിരിഞ്ഞു നോക്കുബോൾ പശ്ചാത്തപിക്കാതെ എങ്ങനെ ജീവിക്കാം? ജീവിതത്തിലെ ദുഃഖകരവും വിഷമം നിറഞ്ഞതുമായ സാഹചര്യങ്ങളില്‍ എങ്ങനെ ജയജീവിതം സാധിക്കാം? എന്നിങ്ങനെ ദൈന്യം ദിന ജീവിതത്തെ ധന്യമാക്കുവാനുള്ള വഴികളും വേദപുസ്തകത്തില്‍ ഉണ്ട്‌.

വേദപുസ്തകം പരിപൂര്‍ണ്ണമായി വിശ്വസനീയവും അപ്രമാദവും ആയതു കൊണ്ട്‌ നാം വേദപുസ്തകം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാണ്. മറ്റു പല 'വിശുദ്ധ' ഗ്രന്ഥങ്ങളെപ്പോലെ വെറും സാരോപദേശങ്ങള്‍ മാത്രം അടങ്ങിയ പുസ്തകമല്ല ബൈബിള്‍. ബൈബിളിലെ നൂറുകണക്കിന് വിശദമായ പ്രവചനങ്ങളും ചരിത്ര രേഖകളും അതുമായി ബന്ധപ്പെട്ട ശാസ്ത്രീയ രേഖകളും ബൈബിളിന്റെ വിശ്വസനീയതയെ ഉറപ്പാക്കുന്നു. ബൈബിളില്‍ പ്രമാദങ്ങള്‍ ഉണ്ട്‌ എന്നു പറയുന്നവര്‍ വാസ്ഥവത്തില്‍ അവരുടെ കാതുകള്‍ സത്യത്തിന്അടച്ചുപിടിച്ചിരിക്കുകയാണ്‌. ഒരിക്കല്‍ യേശു കര്‍ത്താവ്‌ ഇങ്ങനെ ചോദിച്ചു: "പക്ഷവാതക്കാരനോട്‌ നിന്റെ പാപങ്ങള്‍ ക്ഷമിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ (അത്‌ ആര്‍ക്കും കണ്ടുമനസ്സിലാക്കുവാന്‍ കഴിയുന്നതല്ലല്ലൊ), എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ (അതു കണ്ടു മനസ്സിലാക്കാമല്ലൊ), ഏതാകുന്നു എളുപ്പം" (മര്‍ക്കോ.2:9). അതിനു ശേഷം പാപങ്ങള്‍ ക്ഷമിക്കുവാന്‍ തനിക്ക്‌ അധികാരം ഉണ്ട്‌ എന്ന് കാണിക്കുവാന്‍ പക്ഷവാതക്കാരനോട്‌ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു അവനെ സുഖമാക്കി. അതുപോലെ നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാക്കുവാൻ കഴിയാത്ത കാര്യങ്ങളെയോ , നമുക്ക് പരീക്ഷിച്ചു സത്യമെന്നു ഉറപ്പു പറയാൻ കഴിയുന്ന കാര്യങ്ങളെയോ പറ്റി ചർച്ചചെയ്യുമ്പോൾ ദൈവവചനം സത്യമാണെന്നു ഉറപ്പായി പറയുന്നത് അതിന്റെ ചരിത്രപരവും, ശാസ്ത്രീയവും, പ്രാവചനീകവുമായ കൃത്യതയും കൊണ്ടാണ്.

ദൈവത്തിന്റെ ഗുണാതിശയങ്ങളും മനുഷന്റെ പ്രകൃതിയും ബൈബിള്‍ എഴുതിയ കാലത്തെന്നപോലെ മാറ്റമില്ലാതിരിക്കുന്നതിനാല്‍ നാം ബൈബിള്‍ വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാണ് . അതുകൊണ്ട്‌ ബൈബിള്‍ എഴുതിയ കാലത്തെന്നപോലെ ഇന്നും ബൈബിളിനു പ്രസക്തി ഉണ്ട്‌. മനുഷന്‍ ശാസ്ത്രീയമായി വളരെ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നത്‌ സത്യം തന്നെ. എന്നാല്‍ മനുഷന്റെ പ്രകൃതിക്കോ മനുഷന്റെ ആഗ്രഹങ്ങള്‍ക്കോ ഒരിക്കലും മാറ്റം വന്നിട്ടില്ല. സഭാപ്രസംഗി 1:9 പറയുന്നതുപോലെ മനുഷബന്ധങ്ങളില്‍ "സൂര്യനു കീഴില്‍ പുതുതായി യാതൊന്നും ഇല്ല" എന്നത്‌ മറുക്കാനാവാത്ത സത്യമാണ്‌. നല്ലവനും കൃപാലുവുമായ നമ്മുടെ സൃഷ്ടാവ്‌ തന്റെ വചനത്തില്‍ കൂടെ യധാര്‍ത്ഥ സന്തോഷത്തിനുള്ള വഴിനമ്മോട് പറഞ്ഞിട്ടുണ്ടെങ്കിൽപോലും മനുഷന്‍ അന്നും ഇന്നും സ്നേഹവും സംതൃപ്തിയും തെറ്റായ സ്ഥലങ്ങളില്‍ അന്വേഷിച്ചുകൊണ്ടിരിക്കയാണ്‌. . "മനുഷന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു" (മത്താ.4:4) എന്ന് യേശുകര്‍ത്താവ്‌ പറഞ്ഞപ്പോള്‍, വെളിപ്പെടുത്തപ്പെട്ട ദൈവവചനത്തിന്റെ പ്രാധാന്യം അവന്‍ നമുക്ക്‌ മനസ്സിലാക്കി തരികയായിരുന്നു. ദൈവം ആഗ്രഹിക്കുന്നതുപോലെ നമ്മുടെ ജീവിതം പൂർണ്ണതയിലെത്തണമെങ്കിൽ തന്റെ എഴുതപ്പെട്ട വചനം കേൾക്കുകയും ആദരിക്കുകയും വേണം.

അനേക ദുരുപദേശങ്ങള്‍ നിലവില്‍ ഉള്ളതുകൊണ്ട്‌ നാം ബൈബിള്‍ പഠിക്കേണ്ട ആവശ്യമുണ്ട്‌. നന്‍മയെയും തിന്‍മയെയും തമ്മില്‍ തിരിച്ചറിയുവാനുള്ള മാനദണ്ഡമാണ്‌ സത്യവേദപുസ്തകം. ദൈവം എങ്ങനെയുള്ളവന്‍ ആണെന്ന് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെപ്പറ്റി ശരിയായ അറിവില്ലാത്തവര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയോ ദൈവമല്ലാത്ത ദൈവങ്ങളെ ആരാധിക്കുകയോ ചെയ്യുവാന്‍ ഇടയാകുന്നു. ദൈവമല്ലാത്ത ദൈവങ്ങളെ അനേകര്‍ ആരാധിക്കുന്നതിനു കാരണം അവര്‍ ബൈബിളിനെ വിലമതിക്കാത്തതുകൊണ്ടു മാത്രമാണ്‌. ഒരുവന്‍ സ്വര്‍ഗ്ഗരാജ്യത്തിന്‌ അവകാശി ആകുവാനുള്ള വഴി സല്‍ക്കര്‍മ്മങ്ങളിലൂടെയോ, കര്‍മ്മ കൂദാശകളില്‍ കൂടെയോ, മറ്റേതെങ്കിലും നാം ചെയ്യുന്ന പ്രവര്‍ത്തിയാലോ അല്ല എന്ന് ബൈബിള്‍ വ്യക്തമാക്കിത്തരുന്നു (യോഹ.14:6; എഫ്‌.2:1-10; യെശ.53:6; റോമ.3:10-18;5:8; 6:23; 10:9-13). അങ്ങനെ ദൈവം നമ്മെ എത്രകണ്ട്‌ സ്നേഹിക്കുന്നു എന്ന് വേദപുസ്തകം വെളിപ്പെടുത്തിയിരിക്കുന്നു (റോമ.5:6-8; യോഹ.3:16). ഈ സത്യങ്ങള്‍ നാം മനസ്സിലാക്കുമ്പോള്‍ നാം ദൈവത്തെ സ്നേഹിക്കുവാന്‍ പ്രേരിപ്പിക്കപ്പെടുന്നു (1യോഹ.4:19).

മാത്രമല്ല ദൈവത്തെ സേവിക്കുവാന്‍ വേദപുസ്തകം നമ്മെ പ്രാപ്തിപ്പെടുത്തുന്നു (2തിമോ.3:17; എഫെ.6:17; എബ്രാ.4:12). പാപത്തില്‍ നിന്നും അതിന്റെ പരിണിതഫലങ്ങളില്‍ നിന്നും എങ്ങനെ വിടുതല്‍ പ്രാപിക്കാം എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (2 തിമോ.3:15). ദൈവവചനം അനുദിനം ധ്യാനിക്കുകയും അതിലെ കല്‍പനകളെ അനുസരിക്കയും ചെയ്യുന്നത് ജീവിത വിജയത്തിന് കാരണമാകും. (യോശു.1:8; യാക്കോ.1:25). നമ്മുടെ ജീവിതത്തില്‍ പാപത്തെ കണ്ടറിയുവാനും പാപത്തെ അതിജീവിക്കുവാനും ദൈവവചനം നമ്മെ സഹായിക്കുന്നു (സങ്കീ.119:9, 11). നമ്മുടെ ഗുരുക്കന്‍മാരെക്കാള്‍ നമ്മെ ബുദ്ധിമാന്‍മാരാക്കി മറ്റി വേദപുസ്തകം നമ്മുടെ ജീവിതത്തെ നല്ലപാതയില്‍ തിരിച്ചുവിടുന്നു (സങ്കീ.32:8; 110:99; സദൃ.1:6). നശ്വരമായ കാര്യങ്ങള്‍ക്കായി നമ്മുടെ ജീവിതം പാഴാക്കുവാന്‍ അനുവദിക്കാതെ വേദപുസ്തകം നമ്മെ സൂക്ഷിക്കുന്നു (മത്താ.7:24-27).

വേദപുസ്തകത്തിലെ അനേകരുടെ ജീവിതാനുഭവങ്ങളില്‍ കൂടെ പാപത്തിന്റെ പരിണിതഫലങ്ങളെപ്പറ്റി നമുക്കു മനസ്സിലാക്കാവുന്നതാണ്‌. പാപത്തിന്റെ തല്‍ക്കാല ഭോഗങ്ങളില്‍ അടങ്ങിയിരിക്കുന്ന, നമ്മെ നശിപ്പിക്കുന്ന ചൂണ്ടല്‍കളെ കണ്ടറിഞ്ഞ്‌ അവയില്‍ അകപ്പെടാതെ വേദപുസ്തകപഠനം നമ്മെ സൂക്ഷിക്കുന്നു. അനുഭവമാണ്‌ ഏറ്റവും വലിയ അദ്ധ്യാപകന്‍ എന്നു പറയാറുണ്ട്‌. എന്നാല്‍ പാപം എന്ന അനുഭവം അതിക്രൂരനായ അദ്ധ്യാപകനാണ്‌. അതുകൊണ്ട്‌ മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് നാം പഠിക്കുന്നതാണ്‌ ഏറ്റവും ഉത്തമം. വ്യത്യസ്ത ജീവിതാനുഭവങ്ങളിൽ വിവിധങ്ങളായ മാതൃകകൾ കാണിച്ച വ്യക്തിത്വങ്ങളെ വചനത്തിൽ നമുക്ക് കാണാം. ഉദ്ദാഹരണമായി ദാവീദിന്റെ ജീവിതം തന്നെ എടുക്കുക. ഗോല്യാത്തിന്റെ മുന്‍പിലെ ദാവീദ്‌ നമ്മെ പഠിപ്പിക്കുന്നത്‌ ജീവിതത്തിലെ ഏതു ഭയാനകമായ സാഹചര്യങ്ങളേയും ദൈവാശ്രയത്താല്‍ നമുക്ക്‌ ജയിക്കാം എന്ന സത്യമാണ്‌ (1ശമു.17). അതേ സമയം ബെത്ത്ശബയുമായുള്ള വ്യഭിചാരം നമ്മെ പഠിപ്പിക്കുന്നത്‌ നൈമിഷികമായ പാപത്തിന്റെ "സുഖം" നമ്മുടെ ജീവിതത്തിൽ ഭയാനകവും,നീണ്ടുനിൽക്കുന്നതുമായ വിനാശങ്ങളെ വരുത്തി വെയ്കും എന്ന സത്യമാണ്‌ (2ശമു.11).

ഭക്ഷണം ചവച്ചരക്കാതെ വെറുതെ വിഴുങ്ങിയിട്ട് അതിൽനിന്നും പോഷകങ്ങളൊന്നും ലഭിക്കാതെ തുപ്പിക്കളയുന്നതുപോലെ, വെറുതെ വായിച്ചുവിടേണ്ട ഒരു പുസ്തകമല്ല ബൈബിൾ പിന്നെയോ പഠിച്ച്‌ ജീവിതത്തില്‍ അഭ്യസിക്കേണ്ട പുസ്തകമാണ്‌. നാം കഴിക്കുന്ന ആഹാരം ദഹിച്ച്‌ നമ്മുടെ ശരീരത്തിന്റെ ഭാഗമായിത്തീരേണ്ടതുപോലെ വേദപുസ്തകപഠനവും നമ്മുടെ ആത്മീയജീവിതത്തെ പുഷ്ടിപ്പെടുത്തേണ്ടതാണ്‌. വേദപുസ്തകം ദൈവത്തിന്റെ വചനമാണ്‌. അതുകൊണ്ട്‌ പ്രകൃതിനിയമങ്ങള്‍ക്ക്‌ അധീനരായി നാം ജീവിക്കേണ്ടതു പോലെ തന്നെ ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന ആത്മീയ നിയമങ്ങള്‍ക്കും നാം കീഴ്പ്പട്ടിരിക്കേണ്ടവരാണ്‌. ഭൂമിയുടെ ആകര്‍ഷണശക്തിയെ വെല്ലുവിളിച്ചുകൊണ്ട്‌ ആര്‍ക്കും ജീവിക്കുവാന്‍ സാധിക്കയില്ലല്ലോ. ആയതുപോലെ ദൈവവചനം നമ്മുടെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു എത്ര ഊന്നി പറഞ്ഞാലും മതിയാവില്ല. വേദപഠനത്തെ സ്വര്‍ണ്ണം ഖനനം ചെയ്യുന്നതിനോടു തരതമ്യപ്പെടുത്താവുന്നതാണ്‌. അധികം പ്രയത്നമെടുക്കാതെ ഓളപ്പരപ്പിൽ പരതിയാൽ അൽപ്പം സ്വർണ തരി മാത്രമേ ലഭിക്കൂ,എന്നാൽ ആഴത്തിൽ കുഴിക്കുവാൻ നാം ശ്രമിച്ചാൽ നമ്മുടെ പ്രയത്നങ്ങൾക്കനുസൃതമായ പ്രതിഫലം ലഭിക്കുവാനിടയാകും.എന്നതുപോലെ ബൈബിള്‍ പഠനവും പ്രയോജനകരമാകുന്നത്‌ അതിലെ ആഴമുള്ള സത്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

നാം എന്തിനുവേണ്ടിയാണ്‌ ബൈബിള്‍ വായിക്കുന്നത്‌/പഠിക്കുന്നത്‌?
© Copyright Got Questions Ministries